ദില്ലി: ലണ്ടനില്‍ അടുത്ത മാസം നടക്കുന്ന ലോക അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു ഒന്‍പതു മലയാളികളടക്കം 24 പേരടങ്ങുന്ന ഇന്ത്യന്‍ ടീമിനെ അത്‍ലറ്റിക് ഫെഡറേഷന്‍ ആണ് പ്രഖ്യാപിച്ചത്.

പുരുഷന്‍മാരുടെ 400 മീറ്ററില്‍ വൈ.മുഹമ്മദ് അനസ്, 20 കിലോമീറ്റര്‍ നടത്തത്തില്‍ കെ.ടി.ഇര്‍ഫാന്‍, മാരത്തണില്‍ ടി. ഗോപി എന്നിവരാണു വ്യക്തിഗത ഇനങ്ങളില്‍ മത്സരിക്കുന്ന മലയാളികള്‍. പുരുഷന്‍മാരുടെ 4–400 മീറ്റര്‍ റിലേയില്‍ അനസിനു പുറമേ അമോജ് ജേക്കബ്, സച്ചിന്‍ റോബി, കുഞ്ഞുമുഹമ്മദ് എന്നിവരും ഇടംപിടിച്ചു.

ജിസ്ന മാത്യു, അനില്‍ഡ തോമസ്, ആര്‍.അനു എന്നിവരാണു വനിതാ റിലേ ടീമിലെ മലയാളികള്‍. എന്നാല്‍ ഏഷ്യന്‍ അത്‍ലറ്റിക് മീറ്റില്‍ സ്വണം നേടിയ പി.യു.ചിത്ര ടീമില്‍ ഇല്ല. മലയാളിയായ ടോണി ഡാനിയേല്‍ ആണ് ടീം മാനേജര്‍.പി. ടി. ഉഷ, അഞ്ജു ബോബി ജോര്‍ജ്ജ്, രാധാകൃഷ്ണന്‍ നായര്‍ എന്നിവരെ ടീമിനൊപ്പമുള്ള പരിശീലക സംഘത്തില്‍ ഉള്‍പ്പെടുത്തി. ലണ്ടനില്‍ ഓഗസ്റ്റ് നാലുമുതല്‍ 13 വരെയാണു ലോക അത്‍ലറ്റിക് ചാംപ്യന്‍ഷിപ്.