ദില്ലി: ഹിന്ദുത്വത്തെ കുറിച്ച് സംസാരിക്കാൻ അവകാശമുള്ളത് ബ്രാഹ്മണർക്ക് മാത്രമാണെന്ന കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് സി.പി ജോഷിയുടെ  വിവാദ പ്രസ്താവനക്കെതിരെ രൂക്ഷവിമർശനവുമായി രാഹുല്‍ഗാന്ധി. തന്റെ ട്വിറ്ററിലൂടെയാണ് രാഹുല്‍ വിമർശനം ഉന്നയിച്ചത്. ജോഷിയുടെ പ്രസ്താവന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നയങ്ങള്‍ക്ക് എതിരാണെന്നും തന്റെ പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്നും രാഹുൽ വ്യക്തമാക്കി.

രാജ്യത്തെ ഒരു ജാതിക്കും മതത്തിനുമെതിരെ ആകരുത് തങ്ങളുടെ പ്രസ്താവനകളെന്ന് നേതാക്കന്മാർ ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. താൻ എന്താണ് പറഞ്ഞതെന്ന ബോധ്യം ജോഷിക്ക് ഉണ്ടാകണമെന്നും അദ്ദേഹം മാപ്പു പറയണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ഇന്നലെയാണ് ​ഗുജറാത്തിലെ ബിജെപി എം എൽ എ ഹര്‍ഷ് സാങ്‍വി ജോഷിയുടെ പ്രസംഗത്തിന്റെ വീഡിയോ പുറത്തുവിട്ടത്. അബ്രാഹ്മണർ ആയ നരേന്ദ്രമോദിയ്ക്കും ഉമാഭാരതിയ്ക്കും ഹിന്ദുത്വത്തെക്കുറിച്ച് സംസാരിക്കാൻ കഴിയില്ലെന്നായിരുന്നു ജോഷിയുടെ പ്രസ്താവന. നിയമസഭാ തെരഞ്ഞെടുപ്പിലെ രാജസ്ഥാൻ നാഥ്ദ്വാരാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാർഥിയും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമാണ് സി.പി.ജോഷി. 

രാജ്യത്ത് പണ്ഡിറ്റുകള്‍ക്കും ബ്രാഹ്മണര്‍ക്കും മാത്രമാണ്  മതത്തെ കുറിച്ച് അറിയാവുന്നത്. ലോധ് സമുദായത്തിൽപ്പെട്ട ഉമാഭാരതി ഹിന്ദുമതത്തെക്കുറിച്ച് സംസാരിക്കുന്നത് തീർ‌ത്തും വിചിത്രമായ കാര്യമാണ്. മറ്റെതോ മതത്തിൽപ്പെട്ട നരേന്ദ്രമോദിജിയും ഹിന്ദുക്കളെയും ഹിന്ദുത്വത്തെയും കുറിച്ച് സംസാരിക്കുന്നു-;ജോഷി പ്രസം​ഗത്തിൽ പറഞ്ഞു.

രാമക്ഷേത്ര വിഷയം സംഘപരിവാര്‍ ഉയര്‍ത്തുമ്പോൾ ബാബ്‍റി മസ്ജിദ് തുറന്നു കൊടുത്തത് മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയാണെന്നും രാജ്യത്ത് രാമക്ഷേത്രം അയോധ്യയില്‍ ഉയരണമെങ്കിൽ കോണ്‍ഗ്രസ് പ്രധാനമന്ത്രി അധികാരത്തിൽ വരണമെന്നും അദ്ദേഹം പറഞ്ഞു. തുടർന്നാണ് ഉമാഭാരതിയെയും നരേന്ദ്രമോദിയെയും ജാതി പറഞ്ഞ് അദ്ദേഹം അധിഷേപിച്ചത്.  ഇതിന് പിന്നാലെയാണ് മാപ്പ് ആവശ്യപ്പെട്ട് രാഹുൽ രം​ഗത്തെത്തിയത്. രാഹുലിന്റെ നിർദ്ദേശത്തെ തുടർന്ന് ജോഷി മാപ്പു പറയുകയും ചെയ്തു. തന്‍റെ പ്രസ്താവനയെ ബി.ജെ.പി ദുര്‍വ്യാഖാനം ചെയ്തുവെന്ന വാദത്തോടെ ജോഷി ക്ഷമാപണം നടത്തുകയായിരുന്നു.