ഹൈദരാബാദ്: തെലങ്കാന രാഷ്ട്ര സമിതി നേതാവും മന്ത്രിയുമായ കെ ടി രാമ റാവു നയിച്ച റാലിക്കിടയിൽ ഹൈഡ്രജൻ ബലൂൺ പൊട്ടിത്തെറിച്ച് അപകടം. ഒരു കുട്ടിയും വൃദ്ധനുമുൾപ്പെടെ ആറ് പേർക്കാണ് പൊള്ളലേറ്റത്. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റാലിയിൽ പങ്കെടുക്കുന്നതിനായി മന്ത്രി എത്താൻ നിമിഷങ്ങൾ‌ ബാക്കി നിൽക്കെയാണ് അപകടം സംഭവിച്ചത്.

ഉപ്പാൾ മെട്രോ റെയിൽ സ്റ്റേഷന് സമീപത്ത് വച്ചായിരുന്നു അപകം. രാമ റാവു നയിക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കാൻ നൂറകണക്കിന് ആളുകളാണ് സ്ഥലത്ത് ഒത്തുകൂടിയത്. നൂറോളം പിങ്ക് നിറത്തിലുള്ള ഹീലിയം നിറച്ച ബലൂണുകളും പാർട്ടി കൊടികളും ഉയർത്തിയായിരുന്നു പ്രവർത്തകർ നേതാവിനെ വരവേറ്റത്. വൈകുന്നേരം നാലു മണിയോടുകൂടി അണികളിൽ ഒരാൾ ബലൂണുകൾ കാറ്റിൽ പറത്താൻ തുടങ്ങി. തൊട്ടടുത്ത നിമിഷം ബലൂണുകൾ വലിയ ശബ്ദത്തോടെ പൊട്ടി ആളുകളുടെ മേൽ വീഴുകയായിരുന്നു.

അപകടത്തിൽ സാരമായി പരിക്കേറ്റവരെ ശിവ സായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉപ്പാൾ‌, രാമാന്തപൂർ, മെടിപ്പള്ളി എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് പരിക്കേറ്റത്. ഇവരിൽ നാല് പേരെ തിരിച്ചറിഞ്ഞു. പാർട്ടി പ്രവർത്തകനായ രഘുപതി റെഡ്ഡിയാണ് ബലൂണുകൾ കാറ്റിൽ പറത്തിയത്. ഇയാൾക്കെതിരെ സംഭവത്തിൽ പരിക്കേറ്റ വിനയ് (19) പൊലീസിൽ പരാതി നൽകി. 

രഘുപതിക്കെതിരെ വിനയിയുടെ പരാതിയിൽ ഐപിസി 188, 337 വകുപ്പ് പ്രകാരം കേസെടുത്തതായി പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ മാസം കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി പങ്കെടുത്ത റാലിക്കിയിൽ സമാനമായി ബലൂണുകൾ പൊട്ടിത്തെറിച്ച് അപകടമുണ്ടായിരുന്നു. 

കെ.ടി.ആർ എന്നറിയപ്പെടുന്ന കാൽവകുണ്ട്ല തരാകാ രാമ റാവു തെലങ്കാന മുഖ്യമന്ത്രിയും തെലങ്കാന രാഷ്ട്ര സമിതി സ്ഥാപകനുമായ ചന്ദ്രശേഖർ റാവുവിന്റെ മകനാണ്. തെലുങ്കാന മന്ത്രി സഭയിലെ ഐടി വകുപ്പ് മന്ത്രിയാണ് കെടിആർ.