ഒമാൻ തീരത്ത് യുഎസ് സൈന്യം നടത്തിയ ആക്രമണത്തിൽ ചരക്ക് കപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യൻ ജീവനക്കാർ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം യുഎസ് ഏറ്റെടുത്തപ്പോൾ, സംഭവത്തിന്റെ ഭയപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
യുഎസ് ഇറാൻ യുദ്ധം മറ്റൊരു തലത്തിലേക്ക് കടക്കുകയാണ്. നാലാം മാസത്തിലേക്ക് കടന്ന യുദ്ധത്തിൽ രാജ്യങ്ങളുടെ ചരക്ക് കപ്പലുകൾ ആക്രമിക്കുന്നത് പതിവായിരിക്കുന്നു. യുഎസ് സൈന്യം അക്രമിച്ച ചരക്ക് കപ്പലിലെ മൂന്ന് ഇന്ത്യൻ ജീവനക്കാരാണ് കൊല്ലപ്പെട്ടത്. അക്രമണത്തിന് പിന്നാലെ ഇന്ത്യൻ ചരക്ക് കപ്പൽ തങ്ങളാണ് ആക്രമിച്ചതെന്ന സമ്മതിച്ച് യുഎസ് മുന്നോട്ട് വന്നു. ഒമാന്‍റെ തീരത്ത് വച്ച് എം ടി സെറ്റെബെല്ലോ എന്ന ടാങ്കറിന് നേരെയുണ്ടായ യുഎസ് ആക്രണത്തിൽ ഡെക്ക് കേഡറ്റായ ആദിത്യ ശർമ, എൻജിൻ ഫിറ്റർ ശിവാനന്ദ് ചൌരസ്യ, ചീഫ് എൻജിനീയർ പട്നാല സുരേഷ് എന്നിവരടക്കം മൂന്ന് പേർ മരിച്ചെന്ന് എഫ്‌എസ്‌യുഐ തിരിച്ചറിഞ്ഞു. സംഭവത്തിന്‍റെ ഭയപ്പെടുത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
'ഉയരുന്ന തീ, നിലവിളികൾ'
എം ടി സെറ്റെബെല്ലോയുടെ ഡെക്കിന്‍റെ ഒരു ഭാഗത്ത് നിന്നും തീ ഉയരുന്നത് വീഡിയോയിൽ കാണാം. ജീവനക്കാരുടെ നിലവിളികളും കേൾക്കാം. 'വേഗം താഴേക്ക് വരൂ. തീ ഇതാ ഇവിടെ' എന്ന് നിലവിളിക്കുന്നത് കേൾക്കാം. നേരത്തെ വാണിജ്യ കപ്പലിന് നേരെയുണ്ടായ യുഎസ് ആക്രമണത്തെ തുടർന്ന് ദില്ലിയിലെ യുഎസ് എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ജേസൺ മീക്‌സിനെ ഇന്ത്യ വിളിച്ചുവരുത്തിയതിന് ഒരു ദിവസത്തിന് ശേഷമാണ് ഈ ആക്രമണമെന്നതും ശ്രദ്ധേയം. കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യൻ ജീവനക്കാരിൽ 21 പേരെ രക്ഷപ്പെടുത്തി.
ചരക്ക് കപ്പലുകൾ അക്രമിച്ച് യുഎസ്
നേരത്തെ ഇറാൻ സൻമാർ ഹെറാൾഡ് എന്ന ഇന്ത്യൻ കപ്പൽ അക്രമിച്ചിരുന്നു. അതേസമയം യുഎസ് മറ്റൊരു ഇന്ത്യൻ ചരക്ക് കപ്പലിനെതിരെ ഇന്നലെയും വെടിവച്ചെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതിനിടെ എം ടി സെറ്റെബെല്ലോ എന്ന കപ്പലിലെ ജീവനക്കാരായ കൊല്ലപ്പെട്ട ഇന്ത്യൻ പൗരന്മാരുടെ മൃതദേഹം കണ്ടെത്തിയെന്ന് കേന്ദ്ര തുറമുഖ-ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ സ്ഥിരീകരിച്ചു. ദാരുണമായ സംഭവമെന്നാണ് മന്ത്രി സംഭവത്തേക്കുറിച്ച് പ്രതികരിച്ചത്. കൊല്ലപ്പെട്ട ഇന്ത്യൻ പൗരന്മാരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണെന്ന് കേന്ദ്രമന്ത്രി വിശദമാക്കി. ഒമാനിലെ ഇന്ത്യൻ എംബസിയും വിദേശകാര്യ മന്ത്രാലയവും സംയുക്തമായാണ് ഇതിനായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
സുരക്ഷ ഉറപ്പാക്കണം
അന്താരാഷ്ട്ര കപ്പൽ ചാലുകളിൽ ഇന്ത്യൻ നാവികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആവശ്യമായ നയതന്ത്ര ഇടപെടലുകൾ ശക്തമാക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. ആക്രമണത്തെ ഇന്ത്യ അപലപിക്കുകയും പ്രാദേശിക സംഘർഷങ്ങൾ ഉടൻ കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പലാവു പതാക വഹിച്ച കപ്പലിൽ 28 ജീവനക്കാരുണ്ടായിരുന്നുവെന്നും അവരിൽ 24 പേർ ഇന്ത്യക്കാരാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ഒമാനി തുറമുഖമായ സോഹാറിൽ നിന്ന് ഏകദേശം 20 നോട്ടിക്കൽ മൈൽ വടക്ക് കിഴക്കായി സഞ്ചരിക്കുമ്പോഴാണ് ആക്രമണമുണ്ടായെന്ന സന്ദേശം ലഭിച്ചത്.

