Asianet News MalayalamAsianet News Malayalam

1938 ല്‍ കെപിസിസി അധ്യക്ഷയായി സ്വാതന്ത്ര്യ സമര പോരാട്ടം നയിച്ച ചുനങ്ങാട്ട് കുഞ്ഞിക്കാവമ്മ

ഇരുപത്തൊന്നാം നൂറ്റാണ്ടിലും പുരുഷാധിപത്യം നടമാടുന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെ നാട്ടില്‍ 1938 ല്‍ ഒരു സ്ത്രീ കെപിസിസി  അധ്യക്ഷയായത് അത്ഭുതചരിത്രം.  പിന്നീട് ആദ്യമായി ഒരു വനിതാ  ഡിസിസി അധ്യക്ഷ വരാന്‍ പോലും അര നൂറ്റാണ്ട് കൂടി വേണ്ടിവന്നു. 

First Published Aug 19, 2022, 10:14 AM IST | Last Updated Aug 19, 2022, 11:50 AM IST

ഇരുപത്തൊന്നാം നൂറ്റാണ്ടിലും പുരുഷാധിപത്യം നടമാടുന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെ നാട്ടില്‍ 1938 ല്‍ ഒരു സ്ത്രീ കെപിസിസി അധ്യക്ഷയായത് അത്ഭുതചരിത്രം. പിന്നീട് ആദ്യമായി ഒരു വനിതാ ഡിസിസി അധ്യക്ഷ വരാന്‍ പോലും അര നൂറ്റാണ്ട് കൂടി വേണ്ടിവന്നു.

ആ അത്ഭുത ചരിത്ര നായികയാണ് ചുനങ്ങാട്ട് കുഞ്ഞിക്കാവമ്മ. 1938 ലായിരുന്നു അന്ന് സര്‍വ്വാധികാരി എന്ന് വിളിക്കപ്പെട്ടിരുന്ന കെപിസിസി അധ്യക്ഷയായി 43 വയസുകാരി തിരഞ്ഞെടുക്കപ്പെട്ടത്. സെക്രട്ടറി ആയത് സാക്ഷാല്‍ ഇഎംഎസ് നമ്പൂതിരിപ്പാടും . കോണ്‍ഗ്രസ്സിനുള്ളിലെ വലത്-ഇടത് പോരാട്ടത്തില്‍ ഇടതുപക്ഷം ജയിച്ച 
തെരഞ്ഞെടുപ്പായിരുന്നു അത്.

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് ചുനങ്ങാട്ട് അമ്മുണ്ണി അമ്മയുടെയും ധര്‍മ്മോത്ത് പണിക്കരുടെയും മകളായി ജനനം. എട്ടാം ക്ലാസ് വരെ പഠിച്ച കുഞ്ഞിക്കാവ് ഉടന്‍ വിവാഹിതയായി. മതിലകത്ത് വെള്ളിത്തോട്ടിയില്‍ മാധവ മേനോന്‍ എന്ന പുരോഗമനവിശ്വാസിയായിരുന്നു വരന്‍. ഉല്പതിഷ്ണുവും ദേശീയവാദിയും ഗാന്ധിഭക്തനുമായിരുന്നു മേനോന്‍. കുഞ്ഞിക്കാവിനു വായിക്കാന്‍ ധാരാളം പുസ്തകങ്ങള്‍ എത്തിച്ചുകൊടുക്കുകയും പൊതുപ്രവര്‍ത്തനത്തിലിറങ്ങാന്‍ പ്രേരിപ്പിക്കുകയും ചെയ്തു അദ്ദേഹം. ദേശീയസമരത്തിലേക്ക് ധീരയായി പ്രവേശിച്ച കുഞ്ഞിക്കാവ് ഗാന്ധിജിയുടെ സന്ദര്‍ശനവേളയില്‍ ആഭരണങ്ങളെല്ലാം അദ്ദേഹത്തിന് സംഭാവനയായി നല്‍കി. ഖാദി വസ്ത്രധാരിയായി.

1921 ല്‍ ഒറ്റപ്പാലത്ത് നടന്ന കെപിസിസിയുടെ പ്രഥമ അഖില കേരള രാഷ്ട്രീയ സമ്മേളനത്തിന്റെ സംഘാടകരില്‍ പ്രമുഖയായി കുഞ്ഞിക്കാവമ്മ. ദേശീയപ്രസ്ഥാനത്തിലേക്ക് കടന്നുവന്ന ആദ്യവനിതകളായ എവി കുട്ടിമാളുവമ്മ, ഗ്രേസി ആരോണ്‍ എന്നിവര്‍ക്കൊപ്പം കുഞ്ഞിക്കാവമ്മയും സമരങ്ങളില്‍ പങ്കെടുത്തു. വിദേശ
വസ്ത്ര ബഹിഷ്‌കരണ സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. കണ്ണുര്‍ ജയിലില്‍ അവര്‍ കഴിഞ്ഞത് 3 വര്ഷം. പരമ്പരാഗത നായര്‍ തറവാടുകളില്‍ കേട്ടുകേള്‍വിയില്ലാത്ത വിപ്ലവമായിരുന്നു അത്. യാഥസ്ഥിതികര്‍ ഞെട്ടി. ജയില്‍ മോചിതയായ ശേഷവും കുഞ്ഞിക്കാവമ്മ സജീവമായി പ്രക്ഷോഭരംഗത്ത് തുടര്‍ന്ന്. വീണ്ടും അറസ്റ്റിലായി വെല്ലൂര്‍ ജയില്‍ അടയ്ക്കപ്പെട്ടു. ഒപ്പം രണ്ടുമാസം പ്രായമായ കുഞ്ഞുമായി കുട്ടിമാളുവമ്മയും ഗ്രേസിയും മറ്റും.

ഇന്ത്യക്ക് സ്വതന്ത്ര്യം ലഭിച്ചതിന് ശേഷം സജിവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്ന കുഞ്ഞിക്കാവമ്മ ഹരിജന്‍ ക്ഷേമപ്രവര്‍ത്തനത്തിലും ഖാദി പ്രചാരണത്തിലും ഏര്‍പ്പെട്ടു. ചുനങ്ങാട്ട്  സ്മാരക സ്‌കൂളിന്റെ സ്ഥാപകയായ അവര്‍ വിനോബാ ഭാവെയുടെ ഭൂദാനപ്രസ്ഥാനത്തിനു 8 ഏക്കര്‍ ഭൂമി സംഭാവന ചെയ്തു. താമ്രപത്രം സ്വീകരിച്ചെങ്കിലും
സ്വാതന്ത്ര്യസമരസേവനത്തിനു പ്രതിഫലമായി വയനാട്ടില്‍ സൗജന്യ ഭൂമി എന്ന വാഗ്ദാനം അവര്‍ നിരസിച്ചു. 1974 ല്‍ എണ്‍പതാം വയസ്സിലായിരുന്നു നിര്യാണം.