ശിശു ക്ഷേമവകുപ്പിന്റെ സാരഥിയായ മന്ത്രിയുടെ നിര്‍ദേശങ്ങളെ മറികടന്ന്, സിപിഎം ജില്ലാകമ്മിറ്റിയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി, ഒരു ബിജെപി പ്രവര്‍ത്തകനെ ഇത്ര നാള്‍ സംരക്ഷിക്കാന്‍ പോലീസിനെ പ്രേരിപ്പിക്കുന്നതെന്താണ്? വാളയാറിലടക്കം സമാനമായ കേസുകളില്‍ പൊലീസ് പ്രതികളെ സഹായിക്കുന്ന നിലപാട് എടുത്തത് എന്തു കൊണ്ടാണ്?പപ്പന്‍ മാഷ് അറസ്റ്റ് ചെയ്യപ്പെട്ടതോടെ തല്‍ക്കാലം കാര്യങ്ങള്‍ അടങ്ങി. കോവിഡ് കാലത്തു അപ്രതീക്ഷിതമായി പ്രതിപക്ഷത്തിന് വീണു കിട്ടിയ അവസരത്തില്‍നിന്നും അധികം പരിക്കേല്‍ക്കാതെ രക്ഷപ്പെടാന്‍ ഈ അറസ്റ്റ് ഭരണകൂടത്തിന് സഹായകമാകും. അങ്ങനെ എല്ലാം ഒരു വിധം ശുഭം.

പ്രതിസ്ഥാനത്തു വരുന്നവരുടെ പാര്‍ട്ടി ബന്ധം അനുസരിച്ചു ആരോപണ പ്രത്യാരോപണങ്ങളുടെ മൂര്‍ച്ച കൂടുകയും കുറയുകയും ചെയ്യും. കേരള സമൂഹം ഇതുവരെ അസ്വീകാര്യരെന്ന് മാറ്റി നിര്‍ത്തിയ ബിജെപി നേതാവ് പ്രതിസ്ഥാനത്തു വന്നത് കൊണ്ട് ഇത്തവണ വിമര്‍ശകരുടെ പക്ഷം ശക്തമാണ്. 

എന്നാല്‍ അമിതമായി പ്രതിയുടെ പാര്‍ട്ടി ബന്ധത്തിലേക്ക് മനഃപൂര്‍വം ശ്രദ്ധ തിരിച്ചു വിടുന്നവരോട് വിയോജിപ്പാണ്. കാരണം കേരളത്തിലെ ആദ്യത്തെ ബാല ലൈംഗിക പീഡനമല്ല പാലത്തായിയിലേത്. ആദ്യമായി ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ അകപ്പെടുന്ന കേസും അല്ല. കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ പാര്‍ട്ടി സുഹൃത്തുക്കള്‍ ഒത്താശ ചെയ്യുന്ന ആദ്യത്തെ കേസുമല്ല. അതുകൊണ്ട് ബിജെപി സംഘ പരിവാര്‍ വിരോധം ഇറക്കി വെക്കേണ്ട ഒരു ഇടമായി ഈ കേസിനെ കണ്ടാല്‍ അറിഞ്ഞോ അറിയാതെയോ നമ്മള്‍ വെളുപ്പിച്ചെടുക്കുന്നത് പോലീസിനെയാണ്. ഈ കേസിനു അത്തരം ഒരു രാഷ്ട്രീയ, വംശീയ തലം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന പപ്പന്‍ മാഷ് ഫാന്‍സ് അസോസിയേഷന് അങ്ങിനെ ഒരു വടി കൊടുക്കരുത്.

ഒരു കൊച്ചു കുഞ്ഞിനെ മാനസികമായി പീഡിപ്പിച്ചും പ്രതിയെ രക്ഷിക്കാന്‍ ഒരു മാസത്തോളം ശ്രമിക്കുകയും ചെയ്ത പാനൂരിലെ പൊലീസിന്റെ കാര്യം മാത്രമല്ല പറയുന്നത്. വാളയാര്‍ അടക്കം കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനങ്ങളില്‍ നമ്മുടെ പൊലീസ് സ്വീകരിച്ച് കണ്ടിട്ടുള്ള സമാനമായ പക്ഷപാതം കൂടിയാണ്.
ശിശു ക്ഷേമവകുപ്പിന്റെ സാരഥിയായ മന്ത്രിയുടെ നിര്‍ദേശങ്ങളെ മറികടന്ന്, സിപിഎം ജില്ലാകമ്മിറ്റിയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി, ഒരു ബിജെപി പ്രവര്‍ത്തകനെ ഇത്ര നാള്‍ സംരക്ഷിക്കാന്‍ പോലീസിനെ പ്രേരിപ്പിക്കുന്നതെന്താണ്? വാളയാറിലടക്കം സമാനമായ കേസുകളില്‍ പൊലീസ് പ്രതികളെ സഹായിക്കുന്ന നിലപാട് എടുത്തത് എന്തു കൊണ്ടാണ്?കോവിഡ് കാലത്തു സംഭവിച്ച ഒരു വീഴ്ചയായി മാത്രം പാലത്തായി സംഭവത്തിലെ പോലീസ് നടപടിക്രമങ്ങളെ ലഘൂകരിച്ചു കൂടാ. വാളയാര്‍ കേസിലെ പോലീസ് അലംഭാവം ഓര്‍ത്തുനോക്കൂ. ഒരു പെണ്‍കുഞ്ഞിന്റെ ക്രൂരമായ കൊലപാതകം ആത്മഹത്യയാക്കാന്‍ പൊലീസ് കാണിച്ച ശുഷ്‌കാന്തി ഓര്‍മ്മയില്ലേ. എല്ലാം കൂടി നഷ്ടപ്പെടുത്തിയത് മറ്റൊരു കുഞ്ഞിന്റെ ജീവന്‍ കൂടെയായിരുന്നു. അക്ഷന്തവ്യമായ അപരാധം.

വിവാദമായ തിയേറ്റര്‍ പീഡന കേസിലും പോലീസിന്റെ ഒത്തുകളി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

അധികമൊന്നും ചര്‍ച്ച ചെയ്യപ്പെടാത്ത കേസുകള്‍ വേറെയുമുണ്ട്.

ഏകദേശം രണ്ടര വര്‍ഷം മുന്‍പ് പാലക്കാട് മുതലമടയില്‍ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ സമാനമായ അനാസ്ഥ പോലീസ് കാണിച്ചതിനെ തുടര്‍ന്ന് ആദിവാസി ക്ഷേമസമിതി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടക്കത്തില്‍, പെണ്‍കുട്ടി കുടുംബത്തോടൊപ്പം സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയില്ല എന്ന മുടന്തന്‍ ന്യായം കൊണ്ട് പരാതി എടുക്കാതിരുന്നവര്‍ പിന്നീട് സമ്മര്‍ദ്ദം ശക്തമായപ്പോള്‍ കേസെടുക്കാന്‍ തയ്യാറായി. എന്നാല്‍ അതിനു പ്രതികാരമെന്നോണം നാട്ടുകാരുടെ മുന്നില്‍ വെച്ച് കുട്ടിയെ മാനസികമായി തളര്‍ത്തുന്ന രീതിയിലും അവഹേളിക്കുന്ന രീതിയിലും ചോദ്യങ്ങള്‍ ചോദിച്ചതായി പരാതി ഉയര്‍ന്നിരുന്നു. ആദ്യം വനിതാ പോലീസ് ഇല്ലാതെയും പിന്നെ ആക്ഷേപം ഉയര്‍ന്നപ്പോള്‍ വനിതാപോലീസിനെ കൂടെ നിര്‍ത്തി പുരുഷ പോലീസ് തന്നെ പരുഷമായ ചോദ്യങ്ങള്‍ കൊണ്ട് കുട്ടിയെ മുറിവേല്പിക്കുകയും ചെയ്തതായും ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു.

അടൂരില്‍, മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെയും സഹോദരനെയും പീഡിപ്പിച്ച കേസിലും ആറുമാസമായിട്ടും പ്രാഥമികാന്വേഷണം പോലും നടത്താതിരുന്ന പോലീസിന്റെ കെടുകാര്യസ്ഥതയെ കുറിച്ചു പരാതികള്‍ ഉണ്ടായിരുന്നു.ചില കേസുകള്‍ എടുത്തു പറഞ്ഞത് പാലത്തായി സംഭവം ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നു ചൂണ്ടി കാണിക്കാന്‍ ആണ്. പാലത്തായിയില്‍ പോക്‌സോ നിയമങ്ങള്‍ ലംഘിച്ച്, മന്ത്രിയെയും ഭരണ കക്ഷിയെയും വകവെക്കാതെ പ്രതിക്കൊപ്പം നില്‍ക്കുക ആയിരുന്നു പൊലീസ്. കുട്ടിയെ അവര്‍ മാനസികമായി പീഡിപ്പിക്കുകയായിരുന്നെന്ന് പരാതിപ്പെടുന്നത് രക്ഷിതാവ് തന്നെയാണ്. അവളെ ഇപ്പോള്‍ കൗണ്‍സിലിംഗിന് കൊണ്ടു പോവാന്‍ നോക്കുകയാണവര്‍.

സോഷ്യല്‍ മീഡിയ ജാഗ്രത ഉണ്ടാകാത്ത പീഡന കേസുകളിലും തക്കതായ നടപടികള്‍ ഉണ്ടാകേണ്ടതുണ്ട്. പിണറായി മന്ത്രിസഭാ അധികാരത്തില്‍ വന്ന ഉടനെ കേട്ട, ഏറെ കയ്യടി നേടിയ മുഖ്യമന്ത്രിയുടെ ഒരു വാചകമുണ്ട്. ഓരോ ഫയലുകളും ഓരോ ജീവിതമാണെന്ന്. ആ വാക്കുകളിലെ കരുതല്‍ സത്യമാണെങ്കില്‍, ഈ കുട്ടികള്‍ക്കും അവരുടെ വീട്ടുകാര്‍ക്കുമെല്ലാം നീതി കിട്ടണം.

പോലീസ് സ്റ്റേഷനുകളില്‍ പൊടിപിടിക്കുന്ന ആ കേസ് ഫയലുകള്‍ക്ക് പറയാനുള്ളത് സെക്രട്ടറിയറ്റിലെ ചുവപ്പു നാടയില്‍ കുരുങ്ങിയ ജീവിതങ്ങള്‍ക്കു പറയാനുള്ളതിലും ഉള്ളുലയ്ക്കുന്ന അനുഭവങ്ങള്‍ ആണ്. ജീവിതകാലം മുഴുവന്‍ വേട്ടയാടുന്ന അരക്ഷിതത്വത്തിന്റെ, അപകര്‍ഷതയുടെ, അവഹേളനത്തിന്റെ ഓര്‍മ്മകള്‍ ആണ്. തന്റേതല്ലാത്ത തെറ്റുകള്‍ക്ക് ജിവിതം മുഴുവന്‍ കുറ്റപ്പെടുത്തലുകളുടെ ചാട്ടവാറടികള്‍ക്കു സ്വയം വിധേയരാക്കുന്നവരാണ് ഇത്തരം കേസുകളില്‍, ഒരു കുറ്റവും ചെയ്യാതെ വലിച്ചിഴക്കപ്പെടുന്ന കുട്ടികള്‍.

അപഹരിക്കപ്പെടുന്ന അവരുടെ നിഷ്‌കളങ്കതയ്ക്ക് മറുപടി പറയേണ്ടതുണ്ട്. കവര്‍ന്നെടുക്കപ്പെടുന്ന ജീവിതങ്ങള്‍ക്കും. വാളയാര്‍ വിഷയത്തില്‍ പ്രതിപക്ഷ വിമര്‍ശനം രൂക്ഷമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പോക്സോ കേസുകളില്‍ സത്വര നടപടികള്‍ സ്വീകരിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നാണ് അറിവ്. എന്നിട്ടും പാലത്തായിയില്‍ ആ കുഞ്ഞു കടന്നു പോയ പീഡനപര്‍വത്തിന്റെ ഒരു കാണ്ഡം രചിച്ചത് നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്ന പോലീസായിരുന്നു.വിമര്‍ശനങ്ങളില്‍ തകര്‍ന്നേക്കാവുന്ന പോലീസിന്റെ ആത്മവീര്യത്തെ കുറിച്ചല്ല നമുക്ക് ഉത്കണ്ഠയുണ്ടാകേണ്ടത്. പോലീസ് ആത്മവീര്യം കവരുന്ന ഈ കുരുന്നു ബാല്യങ്ങളെ കുറിച്ചാണ്. ബാല ലൈംഗിക പീഡനങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ അനാവശ്യമായ കാലതാമസം വരുത്തുന്നവരെ, പ്രതിക്ക് രക്ഷപെടാന്‍ അവസരമൊരുക്കുന്നവര്‍ക്കെതിരെ, പ്രതിയില്‍ നിന്ന് പണം പറ്റി കേസുകള്‍ ഒതുക്കുന്നവര്‍ക്കെതിരെ, അശ്ളീല ചുവയോടെയുള്ള ചോദ്യങ്ങള്‍ കൊണ്ട് ഈ കുഞ്ഞുങ്ങളെ മുറിപ്പെടുത്തുന്നവര്‍ക്കെതിരെ-പൊലീസുകാര്‍ക്ക് എതിരെ- ഉടന്‍ നടപടിയുണ്ടാകണം.

സാമൂഹിക മാധ്യമങ്ങളില്‍ മുറവിളി ഉയരുമ്പോള്‍ മാത്രം പ്രതിയെ പിടിക്കുന്ന പോലീസിന്റെ ആ പ്രത്യേക കഴിവാണ്, സത്യത്തില്‍ അല്പമെങ്കിലും ബാക്കിയുള്ള സേനയുടെ ആത്മവീര്യത്തെ തകര്‍ക്കുന്ന യഥാര്‍ത്ഥ വില്ലന്‍ എന്ന് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി തിരിച്ചറിയണം. ലോക്ക് ഡൌണ്‍ കാലത്ത് വീട്ടകങ്ങളിലെ ചൂഷണത്തിന് വിധേയരാകുന്ന സ്ത്രീകളോടും കുഞ്ഞുങ്ങളോടും വരെ കരുതലിന്റെ ഭാഷയില്‍ സംസാരിക്കുന്ന മുഖ്യമന്ത്രി അടിയന്തിരമായി ആ ഭാഷ തന്റെ കീഴില്‍ ഉള്ള പോലീസിനെ കൂടെ പഠിപ്പിക്കേണ്ടതുണ്ട്.

2017 - 18 വര്‍ഷത്തില്‍ മാത്രം 2600 -ല്‍ പരം കുട്ടികള്‍ ആണ് കേരളത്തില്‍ ലൈംഗിക പീഡനത്തിനിരയായത്. നേരിയ ഏറ്റക്കുറച്ചിലുകളോടെ ഓരോ വര്‍ഷവും പുറത്തു വരുന്നത് സമാനമായ കണക്കുകള്‍ ആണ്.കുട്ടികളെ പീഡിപ്പിക്കുന്നവര്‍ മാത്രമല്ല അവരെ സഹായിക്കുന്നവരും തുല്യകുറ്റക്കാര്‍ ആണെന്നും അവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും അധികാരത്തില്‍ വന്ന ഉടനെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. അങ്ങിനെയെങ്കില്‍ പീഡിക്കപ്പെട്ട കുട്ടികളെ പിന്നെയും പിന്നെയും കുത്തിനോവിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണം. ജനശ്രദ്ധ ഇല്ലായിരുന്നെങ്കില്‍ പ്രതിയെ രക്ഷിച്ചെടുക്കുമായിരുന്നവര്‍ക്കെതിരെ താക്കീതിന്റെ സ്വരം ഉയരണം.

ഓര്‍ക്കണം, കുഴിമാടങ്ങളില്‍ അടയ്ക്കപ്പെടാന്‍ വിസമ്മതിക്കുന്ന ആത്മാക്കളെ പോലെയാണ് പീഡിതരുടെ ഓര്‍മ്മകള്‍. നീതി കിട്ടി എന്ന് ഉറപ്പ് വരുന്ന വരെ അവര്‍ക്കു അതില്‍ നിന്ന് മുക്തിയുണ്ടാകില്ല. ആ നീതി നിഷേധിക്കപെടുന്നവരുടെ നാടിനെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് വാഴ്ത്തിക്കൂടാ....ജര്‍മന്‍ തിയോളേജിസ്റ്റ് ആയിരുന്ന ഡയാട്രിക് ബോന്‍ഹോഫര്‍ പറഞ്ഞ ഒരു വാചകമുണ്ട്. 'സമൂഹത്തിന്റെ ധാര്‍മ്മികതയുടെ പരീക്ഷണം അത് അവരുടെ കുട്ടികളോട് ചെയ്യുന്നതാണ്' എന്ന്.

എല്ലാ കരുതലുകള്‍ക്കും മീതെ അതിനെയെല്ലാം റദ്ദ് ചെയ്യുന്ന തരത്തില്‍ ആ കുഞ്ഞുങ്ങളുടെ നിസ്സഹായ നിലവിളികള്‍ ഉയരരുത്.