Asianet News MalayalamAsianet News Malayalam

'പൊലീസിന് നാണക്കേട് ഉണ്ടാക്കരുത്', പാനൂർ പീഡനക്കേസിൽ അന്വേഷണ സംഘത്തിനെതിരെ ആഞ്ഞടിച്ച് മന്ത്രി

കൊറോണവൈറസ് ബാധയെക്കുറിച്ചുള്ള ചോദ്യോത്തരങ്ങൾക്കായി ആരോഗ്യമന്ത്രി നടത്തിയ തത്സമയ ഫേസ്ബുക്ക് സംവാദത്തിലാണ് നിരവധിപ്പേർ ഈ കേസിനെക്കുറിച്ച് ചോദിച്ചത്. അതിനുള്ള മറുപടിയായാണ് കെ കെ ശൈലജ ഡിജിപിയെ വിളിച്ചതായി വ്യക്തമാക്കിയത്. 
minister kk shailaja lashes our against police for not arresting panoor rape case accused teached
Author
Kannur, First Published Apr 14, 2020, 10:39 PM IST


പ്രതിയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കുകയാണെന്ന് ഡിജിപിയെ വിളിച്ച് അറിയിച്ചതായി മന്ത്രി കെ കെ ശൈലജ പറഞ്ഞു. രണ്ടു ദിവസത്തിനകം അറസ്റ്റ് ചെയ്യാമെന്ന് പറഞ്ഞ് തലശ്ശേരി ഡിവൈഎസ്‍പി ഉരുണ്ട് കളിക്കുകയാണ്. സ്കൂളിൽ വച്ച് കുട്ടിയെ പീഡിപ്പിച്ച അധ്യാപകനെതിരെ നടപടി ഉണ്ടായില്ലെങ്കിൽ പൊലീസിനെതിരെ കർശന നടപടി എടുക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റ് വൈകുന്നതിനെ കുറിച്ച് റിപ്പോർട്ട് നൽകിയത് ഏഷ്യാനെറ്റ് ന്യൂസാണ്.

ഈ വിവരമറിഞ്ഞ ഉടൻ അന്വേഷണോദ്യോഗസ്ഥരെ വിളിച്ച് കാര്യമന്വേഷിച്ചിരുന്നുവെന്ന് സ്ഥലം എംഎൽഎ കൂടിയായ മന്ത്രി പറഞ്ഞു. ''ഈ വിവരം കിട്ടിയപ്പോൾ തന്നെ തലശ്ശേരി ഡിവൈഎസ്‍പിയെ ഞാൻ വിളിച്ചതാണ്. അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത്, കുറ്റവാളി ആരായാലും വെറുതെ വിടില്ല. കുട്ടിയുടെ മാതാപിതാക്കൾ എന്‍റെ മുന്നിലുണ്ട്. കൃത്യമായ കേസുകളും വകുപ്പുകളും ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്യുമെന്നുമാണ്. ഞാനും അതേ കാര്യം തന്നെയാണ് ആവശ്യപ്പെട്ടത്. ഒരു ചെറിയ മോളെ, അത് ഇപ്പോഴും മനസ്സിൽ നിന്ന് പോകുന്നില്ല, ആ കുട്ടി അനുഭവിച്ച കാര്യം. ആ കുഞ്ഞിനെ ഉപദ്രവിച്ചയാളെ അടിയന്തരമായി അറസ്റ്റ് ചെയ്യണം. ഉടൻ അറസ്റ്റുണ്ടാകുമെന്ന് എനിക്ക് ഉറപ്പ് നൽകിയതാണ്'', മന്ത്രി പറയുന്നു.

എന്നാൽ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ തിരക്കേറിയപ്പോൾ ഇവിടെ മാത്രമേ ശ്രദ്ധ കേന്ദ്രീകരിക്കാൻ തനിക്ക് സമയമുണ്ടായുള്ളൂ എന്നും, അത് ജനങ്ങൾക്കെല്ലാം അറിയുന്നതാണല്ലോ എന്നും മന്ത്രി പറയുന്നു.  ''നമുക്ക് ആളുകളുടെ ജീവൻ രക്ഷിക്കുക പ്രധാനമല്ലേ, അതിനാൽ ആ തിരക്കിൽ ഞാൻ പെട്ടുപോയി. ഞാൻ കരുതിയത് ഇയാളെ അറസ്റ്റ് ചെയ്തുവെന്നാണ്. എന്നാൽ പിന്നീട് വാർത്തയായപ്പോഴാണ് ഞാനീ വിവരമറിയുന്നത്. അപ്പോൾ പൊലീസിനെ വിളിച്ചപ്പോൾ അവ‍ പറയുന്നത് ഇയാൾ ഒളിവിൽ പോയി എന്നാണ്. ഒരു കാരണവശാലും ഇതൊന്നും അനുവദിക്കാനാകില്ല'', എന്ന് മന്ത്രി. 

രണ്ട് ദിവസം മുമ്പ് താൻ ഡിജിപിയെ വിളിച്ച് കർശന നിർദ്ദേശം നൽകിയതായി മന്ത്രി പറയുന്നു. ഡിജിപി ആദ്യം പറഞ്ഞത് രണ്ട് ദിവസത്തിനകം ഇയാളെ അറസ്റ്റ് ചെയ്യുമെന്നാണ്. ഇന്ന് മന്ത്രി വീണ്ടും വിളിച്ചപ്പോഴും രണ്ട് ദിവസത്തിനകം എന്ന് തന്നെയാണ് മറുപടി കിട്ടിയത്. ''രണ്ട് ദിവസം, രണ്ട് ദിവസം എന്ന ഒരു മറുപടി ഇനി കേൾക്കേണ്ടെന്ന് കർശനമായി ഞാൻ പറഞ്ഞിട്ടുണ്ട്. ലോക്ക് ഡൗൺ കാലമാണ്. പ്രതി ഇവിടെ എവിടെയോ ഉണ്ടല്ലോ. പൊലീസ് കൊവിഡ് പ്രതിരോധത്തിൽ മുഴുകിയിരിക്കുക എന്നത് ഒരു ന്യായമല്ല. അയാളെ അറസ്റ്റ് ചെയ്യാതിരിക്കുന്നത് ഈ പൊലീസ് സേനയെത്തന്നെ മാനക്കേടുണ്ടാക്കുന്നതാണ്'', എന്ന് മന്ത്രി.

എന്താണ് പാനൂരിൽ പുറത്തുവന്ന പീഡനക്കേസ്?

നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ സ്‌കൂളില്‍ വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. സ്‌കൂളിലെ ശുചിമുറിയില്‍ വച്ചാണ് അധ്യാപകന്‍ കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ കുട്ടിയുടെ അധ്യാപകന്‍ കുനിയില്‍ പത്മരാജനെതിരെ പൊലീസ് പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. കുട്ടി പീഡനത്തിന് ഇരയായതായി മെഡിക്കൽ പരിശോധനയിൽ തെളിഞ്ഞിട്ടുമുണ്ട്. പരാതി നൽകി ഒരു മാസമായിട്ടും ഇയാളെ പിടികൂടാൻ പൊലീസിനായിട്ടില്ല. ദിവസങ്ങളായി ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. 

ബിജെപിയുടെ തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി അധ്യക്ഷനാണ് ഇയാള്‍. സ്‌കൂളില്‍ ശുചിമുറിയില്‍ കൊണ്ടു പോയാണ് പീഡിപ്പിച്ചതെന്നാണ് വിദ്യാര്‍ത്ഥിനി മൊഴി നല്‍കിയിരിക്കുന്നത്. അവധി ദിനമായ ശനിയാഴ്ച സ്‌കൂളില്‍ എന്‍എസ്എസ് ക്ലാസുണ്ടെന്ന് പറഞ്ഞാണ് അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ സ്‌കൂളിലേക്ക് വിളിപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്തത്.

ഇത് ശരിവയ്ക്കുന്ന മൊഴികൾ ഏഷ്യാനെറ്റ് ന്യൂസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സഹപാഠിയായ മറ്റൊരു കുട്ടി, പല ദിവസങ്ങളിലും പീഡനത്തിന് ഇരയായ കുട്ടി ശുചിമുറിയിൽ നിന്ന് കരഞ്ഞ‌ുകൊണ്ട് ഇറങ്ങി വരുന്നത് കണ്ടിരുന്നുവെന്നും സഹപാഠി വെളിപ്പെടുത്തി. 

കെ കെ ശൈലജയുടെ പ്രതികരണം കാണാം:
(ഇത് ഏഷ്യാനെറ്റ് ന്യൂസിന്‍റെ വീഡിയോ അല്ല, മറ്റൊരു പേജിൽ ഫേസ്ബുക്ക് ലൈവിൽ മന്ത്രി സംസാരിക്കവെ പറഞ്ഞതാണ്. 
Disclaimer: This is not a video owned or copyrighted by Asianet News, this was went live through yet another facebook page)


Follow Us:
Download App:
  • android
  • ios