കൊച്ചി: സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ ലൈഗിംക അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പ്രതികളില്‍ 80 ശതമാനം പേര്‍ക്കും ശിക്ഷ ലഭിക്കാത്തത് നിരാശജനകമാണെന്നും ബെഹ്‌റ പറഞ്ഞു. കുട്ടികള്‍ക്ക് നേരെയുള്ള ലൈഗിംകാതിക്രമങ്ങള്‍ തടയുന്ന പോക്‌സോ നിയമപ്രകാരം 2015ല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 1,583 കേസുകള്‍. 2016ല്‍ കേസുകളുടെ എണ്ണം 2,122 ആയി ഉയര്‍ന്നു. 

ഒരു വര്‍ഷത്തിനിടെ കൂടിയത് 539 കേസുകള്‍. എന്നാല്‍ ഈ കേസുകളിലെ പ്രതികളില്‍ 20 ശതമാനം പേര്‍ക്ക് മാത്രമാണ് ശിക്ഷ ലഭിച്ചത്. സാധാരണ കുറ്റവാളികളില്‍ 75 ശതമാനം പ്രതികള്‍ക്കും ശിക്ഷ ലഭിക്കുന്ന സ്ഥാനത്താണ് പോക്‌സോ കേസുകളിലെ ദുരവസ്ഥ. നിയമസംവിധാനങ്ങളിലെ അപര്യാപ്തതയാണ് പ്രതികള്‍ രക്ഷപ്പെടുന്നതിന് കാരണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

കുട്ടികള്‍ക്കെതിരായ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് പൊലീസിന് പരിശീലനം ലഭിക്കാത്തതും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. സ്ത്രീ സൗഹൃദ സ്റ്റേഷനുകള്‍ പോലെ ശിശു സൗഹൃദ പൊലീസ് സ്റ്റേഷനുകളും നിലവില്‍ വരണമെന്ന് ബെഹ്‌റ പറഞ്ഞു. സുപ്രീംകോടതി ശിശു നീതി സമിതി കൊച്ചിയില്‍ സംഘടിപ്പിച്ച മൂന്നാമത് ദക്ഷിണ മേഖല വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഡിജിപി.