കേരളത്തിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിരിക്കുന്നു. മികച്ച സൗകര്യങ്ങളും പഠനാന്തരീക്ഷവും തന്നെയാണ് അതിന് കാരണം. എന്നാല്‍, എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലേയും അവസ്ഥ ഇതാണോ? അല്ല, ഇന്ത്യയിലെ പല ഉള്‍നാടന്‍ ഗ്രാമങ്ങളിലേയും വിദ്യാലയങ്ങളുടെ അവസ്ഥ വളരെ മോശമാണ്. നിലത്തിരുന്ന് പഠിക്കേണ്ടി വരുന്ന കുട്ടികളുണ്ട്, ഒരുപാട് ദൂരം നടന്ന് സ്കൂളിലെത്തേണ്ട കുട്ടികളുണ്ട്. അങ്ങനെ... അങ്ങനെ... 

ഒരു സ്കൂളില്‍ പ്രാഥമികമായും വേണ്ടത്, ബെഞ്ച്, ഡെസ്ക്, ബ്ലാക്ക് ബോര്‍ഡ് എന്നിവയെല്ലാമാണ്. എന്നാല്‍, ഇതൊന്നുമില്ലാത്ത നൂറുകണക്കിന് സ്കൂളുകള്‍ ഇന്ത്യയിലുണ്ട്. ഡെസ്കില്ലാത്ത കുഞ്ഞുങ്ങള്‍ക്ക് വച്ചെഴുതാന്‍ വെറും 10 രൂപ മാത്രമുള്ളൊരു ഡെസ്ക് തയ്യാറാക്കി നല്‍കിയിരിക്കുകയാണ് മഹാരാഷ്ട്രയിലെ വിവിധ സ്കൂളുകളില്‍. 

ആരംഭ്, മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഒ ആണ്. ശോഭാ മൂര്‍ത്തിയാണ് ഇത് തുടങ്ങിയത്. 22 വര്‍ഷങ്ങളായി വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിച്ചു വരികയാണ് ആരംഭ്. തെരുവോരങ്ങളിലും ഉള്‍നാടുകളിലുമാണ് ആരംഭിന്‍റെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും നടക്കുന്നത്. അങ്ങനെയാണ് വച്ചെഴുതാന്‍ ഡെസ്കില്ലാത്ത കുഞ്ഞുങ്ങള്‍ക്കായി ആരംഭ് ഈ പത്തുരൂപാ ഡെസ്ക് നിര്‍മ്മിക്കുന്നത്. 

മിക്കവാറും ഈ കുഞ്ഞുങ്ങളെല്ലാം നിലത്തിരുന്ന് പുസ്തകം നിലത്തുവെച്ചാണ് എഴുതുന്നത്. മണിക്കൂറുകള്‍ നീണ്ട ഈ കുനിഞ്ഞുള്ള ഇരിപ്പ് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുമുണ്ടാക്കും. പക്ഷെ, പല സ്കൂളുകളിലും കുട്ടികള്‍ക്ക് ബെഞ്ചോ ഡെസ്കോ നല്‍കാനുള്ള ഫണ്ടില്ല എന്നതാണ് വാസ്തവം. അങ്ങനെയാണ് സ്കൂളിന് ചെലവ് വരാത്ത രീതിയില്‍ കുറഞ്ഞ വിലയ്ക്ക് ഇങ്ങനെയൊരു സാധ്യത കണ്ടെത്തുന്നത്. അതായത്, ഡെസ്കിന്‍റെ രൂപത്തിലേക്ക് മാറ്റാന്‍ കഴിയുന്ന ബാഗ്. കാര്‍ഡ്ബോര്‍ഡുപയോഗിച്ചാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. ഹെല്‍പ് ഡെസ്ക് എന്നാണ് ഇതിനെ വിളിക്കുന്നത്. 10-12 രൂപ വരെയാണ് വിലയെങ്കിലും ചിലയിടങ്ങളില്‍ സൗജന്യമായും ഇവയെത്തിക്കുന്നു. 50 സെന്‍റിമീറ്റര്‍ ഉയരത്തില്‍ വച്ചെഴുതാമെന്നത് കുഞ്ഞുങ്ങളുടെ ഇരിപ്പ് ആയാസരഹിതമാക്കി. 

ഈ ഹെല്‍പ് ഡെസ്ക് ഭാരം കുറഞ്ഞതാണ്. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് എളുപ്പത്തില്‍ എടുത്ത് മാറ്റാവുന്നതും. അത് ബാഗോ, ബ്രീഫ്കേസോ ആക്കി ഉപയോഗിക്കാം. സ്കൂളിലോ വീട്ടിലോ എത്തിക്കഴിഞ്ഞ് ഡെസ്കായും ഉപയോഗിക്കാം. വെസ്റ്റേണ്‍ മഹാരാഷ്ട്രയില്‍ മാത്രമായി രണ്ടായിരത്തോളം കുഞ്ഞുങ്ങളാണ് ഈ ഹെല്‍പ് ഡെസ്ക് ഉപയോഗിക്കുന്നത്. മറ്റു പല സ്കൂളുകളും ഹെല്‍പ് ഡെസ്ക് വേണമെന്ന ആവശ്യവുമായി ആരംഭിനെ സമീപിക്കുന്നുണ്ടെന്ന് ശോഭ പറയുന്നു. 

വരുംകാലങ്ങളില്‍ കുറച്ച് കൂടി നല്ല വസ്തുക്കളുപയോഗിച്ച് ഹെല്‍പ് ഡെസ്കുകളുടെ പ്രവര്‍ത്തനം നടത്താനാണ് ആരംഭ് ഉദ്ദേശിക്കുന്നത്. അവയെ വാട്ടര്‍ പ്രൂഫ് ബാഗുകളാക്കി മാറ്റാനും ആരംഭ് ഉദ്ദേശിക്കുന്നു. മാത്രമല്ല അവ നിര്‍മ്മിക്കാനായി ജോലിയില്ലാത്ത യുവാക്കളെ തെരഞ്ഞെടുക്കണമെന്നാണ് ആരംഭ് കരുതുന്നത്. അതിലൂടെ തൊഴിലില്ലായ്മയില്‍ നിന്നും യുവാക്കളെ സഹായിക്കാനാകുമെന്നും ശോഭ കരുതുന്നു. 14 ലക്ഷം രൂപയെങ്കിലും മൊത്തത്തില്‍ ഇതിന് ചെലവ് വരും. ആറ് ലക്ഷം രൂപയാണ് നിലവില്‍ ആരംഭ് സംഘടിപ്പിച്ചിരിക്കുന്നത്.

എത്രയും പെട്ടെന്ന് ഫണ്ട് ശരിയാവുകയും കൂടുതല്‍ കുഞ്ഞുങ്ങളിലേക്ക് ഹെല്‍പ് ഡെസ്ക് എത്തുകയും ചെയ്യുമെന്നാണ് ആരംഭ് കരുതുന്നത്.