കരിപ്പൂരിലെ വിമാനാപകടത്തിൽ നടുക്കം കേരള ജനതയെ വിട്ടുമാറിയിട്ടില്ല. ആ അപകടം, ഒറ്റയടിക്ക് വീണ്ടും മനസ്സിലുണർത്തുന്നത് മംഗലാപുരം അടക്കം മറ്റു പലയിടങ്ങളിലും ലാൻഡിങ്ങിനിടെ നടന്നിട്ടുള്ള സമാനമായ അപകടങ്ങളുടെ ഓർമ്മകളാണ്. അക്കൂട്ടത്തിൽ ഒന്നാണ്, 1992 നവംബർ 14 -ന് വിയറ്റ്‌നാമിൽ നടന്ന വിമാനാപകടം. അന്ന് വിമാനത്തിലുണ്ടായിരുന്ന 30 പേരിൽ ജീവനോടെ രക്ഷപ്പട്ടത് ആകെ ഒരു യുവതി മാത്രമായിരുന്നു. അവരുടെ പേര് ആനെറ്റ് ഹെഫ്‌കെൻസ് എന്നായിരുന്നു.

ആനെറ്റ് ഹെഫ്‌കെൻസ് എന്നത് ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ ഒരു യുവതിയുടെ പേരാണ്. അതോ ലോകത്തിലെ  ഏറ്റവും ദുർഭാഗ്യവതിയായ യുവതിയുടേതോ? അറിയില്ല. എന്തായാലും, ആനെറ്റിന്റെ ജീവിതകഥ കേട്ടാൽ ഒരുപക്ഷേ, ജീവിതത്തോടുള്ള നമ്മുടെ സമീപനം തന്നെ നമ്മൾ ചെറുതായൊന്നു മാറ്റിപ്പിടിച്ചു എന്നുവരാം. ഒരു ദിവസം. ഒരൊറ്റ ദിവസം കൊണ്ടാണ് ആനെറ്റിന്റെ ജീവിതം തന്നെ മാറിമറിഞ്ഞത്. ആ ദുരന്തവും അത് നല്‍കിയ വേദനയും അതിജീവനവും അറിയണമെങ്കില്‍ ആനെറ്റ് എഴുതിയ  'Turbulence: A True Story of Survival'എന്ന പുസ്തകം വായിക്കണം. വിയറ്റ്നാമിലെ കൊടുങ്കാട്ടിനുളിൽ താൻ അതിജീവിച്ച ആ 192  മണിക്കൂറുകളെപ്പറ്റിയാണ് ആനെറ്റ് എഴുതിയിരിക്കുന്നത്. 

നവംബർ 14, 1992...

അതായിരുന്നു ആ നിർണ്ണായകമായ ദിവസം. ഏറെ സന്തോഷവതിയായിരുന്നു ആനെറ്റ് അന്ന്.  മാഡ്രിഡിലെ അറിയപ്പെടുന്ന ഒരു ഇന്റർനാഷണൽ ബോണ്ട് ട്രേഡർ ആയിരുന്നു ആനെറ്റ്. ING ബാങ്കിന്റെ പുതിയ രണ്ടു ശാഖകൾ തുറക്കാനായി വിയറ്റ്നാമിലെ ഹോചിമിൻ സിറ്റിയിൽ തങ്ങുന്ന ബാങ്കറായ തന്റെ കാമുകൻ പാസ്യേ എന്ന് വിളിപ്പേരുള്ള വാൻ ഡെർ പാസിനോടൊപ്പം ഒരു വെക്കേഷൻ ചെലവിടാൻ എത്തിയതായിരുന്നു ആനെറ്റ്.  അപ്രതീക്ഷിതമായാണ് പാസ്യേ ആനെറ്റിനെയും കൊണ്ട് തെക്കൻ ചൈനാ കടൽത്തീരത്തുള്ള നാ ട്രാങ്ങ്  റിസോർട്ടിലേക്ക് ഒരു റൊമാന്റിക് ട്രിപ്പിന് പുറപ്പെടുന്നത്.   

അവർ വിയറ്റ്നാമിലെ ഹോനായ് വിമാനത്താവളത്തിൽ നിന്നും നാ ട്രാങ്ങിലേക്കുള്ള വിയറ്റ്നാം എയർലൈൻസ് ഫ്‌ളൈറ്റ് 474 -ൽ ബോർഡ് ചെയ്തു. ഇരുപത്തിനാല് യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. രണ്ടു പൈലറ്റുമാരും, മൂന്ന് ഫ്‌ളൈറ്റ് അറ്റൻഡന്റുമാരും ഒരു എഞ്ചിനീയറും അടങ്ങുന്നതായിരുന്നു കാബിൻക്രൂ. 

എന്നാൽ നാ ട്രാങ്ങിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ആ സോവിയറ്റ് യാക്കോലെവ് 40 വിമാനം, കടുത്ത ആകാശച്ചുഴിയിൽ പെട്ട് ആടിയുലഞ്ഞു. ആ ടർബുലൻസിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി ലാൻഡിങ്ങിനിടെ വിമാനത്തിന്റെ കാപ്റ്റൻ പെട്ടെന്ന് അൾട്ടിട്യൂഡ്  ഡ്രോപ്പ് ചെയ്തു. എന്നാൽ നിർഭാഗ്യവശാൽ, നാവിഗേഷൻ സംവിധാനങ്ങളിൽ ഉണ്ടായ തകരാറുകാരണം പൈലറ്റിന്റെ കണക്കുകൂട്ടലുകൾ പിഴച്ചു. മലഞ്ചെരിവിലെ വന്മരങ്ങളിൽ ഒന്നിന്റെ ശിഖരങ്ങളിൽ തട്ടി വിമാനം കഷ്ണങ്ങളായി ചിതറിപ്പോയി.

നാ ട്രാങ്ങിൽ നിന്നും പത്തൊമ്പത് മൈൽ അകലെയായിരുന്നു വിമാനം തകർന്നുവീണ കാട്. ചെങ്കുത്തായ ആ മലഞ്ചെരിവിൽ നിന്നും ജനവാസമുള്ള ഏറ്റവും അടുത്ത ഗ്രാമത്തിലേക്ക് പത്തുമൈൽ ദൂരമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, വിമാനവുമായുള്ള റേഡിയോ ബന്ധങ്ങൾ അറ്റ്, വിമാനം തകർന്നുവീണു എന്ന് ബോധ്യപ്പെട്ട്, നാ ട്രാങ്ങ് വിമാനത്താവളത്തിൽ നിന്നും രക്ഷാദൗത്യം തുടങ്ങി, വിമാനം തകർന്നുവീണ മലഞ്ചെരുവിൽ എത്തിപ്പെട്ടപ്പോഴേക്കും എട്ടുദിവസങ്ങൾ പിന്നിട്ടിരുന്നു. 

ആനെറ്റ് ഇരുന്നത് വിമാനത്തിലെ ഏറ്റവും അസുരക്ഷിതം എന്ന് പറയപ്പെട്ടിരുന്ന സീറ്റിലായിരുന്നു. ചിറകിനോട് ചേർന്നുള്ള സീറ്റ്. അവൾ സീറ്റുബെൽറ്റ് ധരിച്ചിരുന്നു. ആ വിമാനം തകർന്നുവീണപ്പോൾ എല്ലാവരും തന്നെ സീറ്റ് ബെൽറ്റിട്ടിരുന്നു. സീറ്റ് ബെൽറ്റിന് 3000  പൗണ്ടിന്റെ ആഘാതം താങ്ങാനുള്ള കഴിവുണ്ടെന്നാണ് സങ്കൽപം. സീറ്റ്ബെൽറ്റ് മുറുക്കെ കെട്ടി സീറ്റിൽ ഇരുന്നാൽ വിമാനം തകർന്നു വീഴുമ്പോഴുള്ള ആഘാതത്തിൽ നിന്നും ജീവനോടെ രക്ഷപ്പെടാനാകും എന്നാണ് പറയപ്പെടുന്നത്. ആനെറ്റ് മാത്രം രക്ഷപ്പെട്ടു, ബാക്കി എല്ലാവരും കൊല്ലപ്പെട്ടു. നിലത്ത് തട്ടിയപാടെ വിമാനം മൂന്നു കഷ്ണങ്ങളായി ചിതറിയിരുന്നു. കോക്ക്പിറ്റ്, ചിറകോട് കൂടി ഒരു നടുക്കഷ്ണം, പിന്നെ വാലറ്റം.

തകർന്നുവീണപാടെ നഷ്ടപ്പെട്ട ബോധം ആനെറ്റിന് തിരിച്ചുകിട്ടുന്നത് മണിക്കൂറുകൾക്കു ശേഷമായിരുന്നു. കണ്ണുതുറക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ചെവിയിൽ കാട്ടുചീവിടിന്റെ മൂളക്കം. വിമാനം നെടുകെ പിളർന്നുണ്ടായ വിടവിലൂടെ ആനെറ്റ് പുറത്തെ കൊടുങ്കാട് കണ്ടു. ഒരു സീറ്റിനടിയിൽ പെട്ടുപോയിരുന്നു അവൾ, സീറ്റിനു മുകളിൽ വീണുകിടന്നയാൾ മരിച്ചിരുന്നു. ആ മൃതദേഹത്തിന്റെ ഭാരം കാരണം അവൾക്ക് എഴുന്നേൽക്കാനാവുന്നുണ്ടായിരുന്നില്ല. സകലബലവും സംഭരിച്ച് ആനെറ്റ് ഒന്ന് തള്ളിനോക്കി. അനക്കമില്ല. സീറ്റിനടിയിൽ കുടുങ്ങിപ്പോയ കാലുകൾ വലിച്ചെടുത്തപ്പോൾ, തകർന്ന സീറ്റിന്റെ കൂർത്ത അറ്റത്ത് തട്ടി രണ്ടുകാലും മുറിഞ്ഞ് ചോര ചീറ്റി. തൊട്ടപ്പുറത്ത് കിടക്കുന്ന പാസ്യേയെ ആനെറ്റ് കണ്ടു. അയാൾ ഇരുന്ന സീറ്റ് പിന്നോട്ട്  മറിഞ്ഞുപോയിരുന്നു. അയാളുടെ ചുണ്ടത്ത് ഒരു പുഞ്ചിരിയുണ്ടായിരുന്നു. അവളെ അയാളിലേക്ക് വലിച്ചടുപ്പിച്ച അതേ മധുരമന്ദസ്മിതം. മരിച്ചുകഴിഞ്ഞിരുന്നു അയാൾ. വാരിയെല്ലുകൾ ഒടിഞ്ഞ് ശ്വാസകോശത്തിലേക്ക് തുളച്ചുകയറിയാണ് പാസ്യേ മരിച്ചത്. 

 

 

ഒരുവിധം ഇഴഞ്ഞിഴഞ്ഞ് പുറത്തിറങ്ങി അവൾ. ചുറ്റും നോക്കി. കൊടുങ്കാട്. ചൂളം കുത്തുന്ന കാറ്റ്, നല്ല തണുപ്പ്. സഹിക്കാനാവാത്ത വേദന. ഏതൊക്കെയോ എല്ലുകൾ ഒടിഞ്ഞിട്ടുണ്ട്. ഏതേതെന്ന് നിശ്ചയമില്ല. അസഹ്യമായ വേദന ദേഹത്തിന്റെ ഓരോ ഇഞ്ചിൽ നിന്നും. അനങ്ങാൻ വയ്യ. ഒരു മരത്തിൽ ചാരിയിരുന്നു കൊണ്ട് ആനെറ്റ്  തന്റെ ശരീരം പരിശോധിച്ചു. ഉടുത്തിരുന്ന റാപ്പ് എറൗണ്ട് പാവാട ഉരിഞ്ഞു പോയിരിക്കുന്നു. ഇടത്തേ കാൽമുട്ടിൽ വലിയൊരു മുറിവ്. വലത്തെ കാൽപാദം ചോരയിൽ കുളിച്ചിരിക്കുന്നു. വലത്തേക്കാലിന്റെ എല്ലൊടിഞ്ഞ്, മുറിഞ്ഞ മാംസത്തിന്റെ അടരുകൾക്കിടയിലൂടെ, പുറത്തേക്ക് തെറിച്ചു നിൽക്കുന്നത് കണ്ടപ്പോൾ അവളുടെ കണ്ണിൽ ഇരുട്ടുകേറി. ബയോളജിക്ലാസ്സുകളിൽ പഠിച്ച ഏതോ പാഠപുസ്തകത്തിലെ ഒരു വർണ്ണചിത്രം അവൾക്ക് അപ്പോൾ ഓർമ്മവന്നു.

എഴുന്നേറ്റു നിൽക്കുമ്പോൾ ഇടുപ്പിന് അസഹ്യമായ വേദന. ഇരിക്കുമ്പോൾ നെഞ്ചിൻകൂട് പൊളിയുന്ന വേദന. ശ്വാസഗതി നേർത്തുനേർത്തു വരുന്നു. "ഞാനിതെവിടെയാണ് ദൈവമേ..! മരിച്ചുപോകുമോ ഞാൻ?" അവളോർത്തു.

ഒരിക്കൽ കൂടി ചുറ്റും കണ്ണോടിച്ചു ആനെറ്റ്. ഇരിക്കുന്നത് ഒരു കുന്നിൻ ചെരിവിലാണ്. ചുറ്റും കാടോട് കാടു തന്നെ. കാതോർക്കും തോറും ചെവിട് തകർക്കുന്നു അതിന്റെ മർമ്മരം. കുറച്ച് താഴെയായി കുറച്ചുപേർ വീണുകിടക്കുന്നത് കണ്ടു. അവൾ കിടക്കുന്നതിന് പത്തടി മുകളിലായി ഒരു വിയറ്റ്നാമീസ് പെൺകുട്ടി മുളചീന്തുന്ന സ്വരത്തിൽ വാവിട്ടു  നിലവിളിക്കുന്നുണ്ട്. കുറച്ചപ്പുറത്ത് ഒന്നുരണ്ടു പേർ  വീണുകിടക്കുന്നുണ്ട്. അവർ മരിച്ചിട്ടുണ്ടാവണം, അനക്കമൊന്നുമില്ല. ഒന്ന് തിരിഞ്ഞു നോക്കിയപ്പോഴാണ് ആനെറ്റിന് താനിരിക്കുന്നത് ഒരു വിയറ്റ്നാമീസ് ചെറുപ്പക്കാരന്റെ തൊട്ടടുത്താണ് എന്ന് മനസ്സിലായത്. അയാൾ അവളെ ആശ്വസിപ്പിച്ചു, "വിഷമിക്കേണ്ട... അവർ നമ്മളെ തേടി വരുന്നുണ്ടാവും ഇപ്പോൾ... "

അവൾ നോക്കിയിരിക്കെ അവർ ഒന്നൊന്നായി മരിച്ചു. ആദ്യം നിലച്ചത് വിയറ്റ്നാമീസ് പെൺകുട്ടിയുടെ  നിലവിളിയായിരുന്നു. പിന്നെ തൊട്ടടുത്തിരുന്നയാൾ ജീവൻ വെടിഞ്ഞു. അയാളുടെ മുഖത്തും പാസ്യേയുടെ മുഖത്തുള്ള അതേ പുഞ്ചിരി വിടർന്നുകണ്ടു. അപ്പോൾ അവൾക്ക് വീണ്ടും പാസ്യേയെ ഓർമ്മവന്നു. അവൾ വാവിട്ടു കരഞ്ഞു. കുറേനേരം നിലവിളിച്ച ശേഷം അവൾ തന്നോടുതന്നെ പറഞ്ഞു, "അരുത്... ഇപ്പോൾ പാസ്യേയെപ്പറ്റി ആലോചിക്കരുത്... അരുത്... " കണ്ണുകൾ ഇറക്കിപ്പൂട്ടി, അവൾ തന്റെ തന്റെ ജീവിതത്തിലെ പ്രിയപ്പെട്ടവരുടെ മുഖങ്ങൾ മനസ്സിലോർത്തു. അമ്മയുടെ, അമ്മൂമ്മയുടെ ഒക്കെ മുഖങ്ങൾ.

മരങ്ങൾക്കിടയിലൂടെ അവൾ ആകാശം കണ്ടു. ജീവിതത്തിൽ അന്നാദ്യമായി ആകാശത്ത് ഒരു വിമാനം കാണാത്തതിൽ അവൾക്ക് സങ്കടം തോന്നി. ഇനി ആ വഴി കടന്നുപോകുന്ന വിമാനമോ ഹെലികോപ്റ്ററോ ഒക്കെ തങ്ങളെ കാണുമെന്ന് അവള്‍ പ്രതീക്ഷിച്ചു. ആകാശം നിറച്ച് മേഘങ്ങൾ മാത്രം. ഇല്ല, മേഘങ്ങൾക്കുള്ളിൽ മഴയുള്ള ലക്ഷണമില്ല. ഇത് മഴക്കാലമോ അതോ വേനലോ? പാസ്യേയോടൊപ്പം ഇറങ്ങിപ്പുറപ്പെട്ടതാണ്. അപ്പോൾ ഒന്നും ഓർക്കേണ്ട കാര്യമില്ല. എല്ലാം പാസ്യേ നോക്കിക്കൊള്ളും. ആ കയ്യിൽ തൂങ്ങി ഇറങ്ങിപ്പോന്നാൽ മാത്രം മതി. അങ്ങനെ എത്ര നാടുകളിൽ എത്ര കാടും മേടും കടൽത്തീരങ്ങളും കേറിയിറങ്ങി നടന്നിരിക്കുന്നു അവൾ. പാസ്യേ ആയിരുന്നു അവളുടെ ഭൂപടം. അയാൾ തന്നെയായിരുന്നു അവളുടെ വടക്കുനോക്കിയന്ത്രവും. വല്ലാത്തൊരു സുരക്ഷിതത്വം അവൾ അനുഭവിച്ചിരുന്നു പാസ്യേയ്ക്കൊപ്പം ഉള്ളപ്പോൾ. "അരുത്.. പാസ്യേയെപ്പറ്റി ഇപ്പോൾ ഓർക്കരുത്..." അവൾ വീണ്ടും കണ്ണീർ തുടച്ചു.

എട്ടു ദിവസങ്ങൾ... എട്ടുനീണ്ട ദിവസങ്ങളാണ് ആനെറ്റ് ആ കാട്ടിനുള്ളിൽ വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കും, മരിച്ചവർക്കുമിടയിൽ  കഴിച്ചുകൂട്ടിയത്. ഇടയ്ക്കു പെയ്തിറങ്ങിയ മഴ അവൾക്ക് ദാഹമടക്കാൻ വെള്ളം നൽകി. അതുമാത്രമായിരുന്നു അവൾ ആ എട്ടുദിവസങ്ങളിൽ ആകെ ഇറക്കിയത്.

തന്നെ രക്ഷിക്കാൻ ആരെങ്കിലും വരുമെന്നുള്ള പ്രതീക്ഷയിൽ അവൾ ദിവസങ്ങൾ തള്ളിനീക്കി. ഒടുവിൽ ഒരു ദിവസം കാട്ടുപൊന്തകൾക്കിടയിൽ നിന്നും കാലടിയൊച്ചകൾ കേട്ടുതുടങ്ങി. അവ അടുത്തടുത്തുവന്നു. ഒടുവിൽ ആ വിയറ്റ്നാമീസ് സംഘം അവളുടെ കണ്മുന്നിലെത്തി. കൂട്ടത്തിലൊരാൾ അവൾക്കുനേരെ ഒരു കടലാസ്സ് നീട്ടി. അത് ആ വിമാനത്തിന്റെ പാക്സ് ലിസ്റ്റായിരുന്നു. സ്വന്തം പേര് ചൂണ്ടിക്കാണിക്കാൻ അയാൾ അവകാശപ്പെട്ടു. അവൾ വിറയാർന്ന കൈവിരലുകളാൽ തന്റെ പേര് അയാൾക്ക് കാണിച്ചുകൊടുത്തു. അയാൾ അവൾക്ക് ഒരു ഗ്ലാസ് പച്ചവെള്ളം കുടിക്കാൻ നൽകി. അതായിരുന്നു തന്റെ മുപ്പത്തൊന്നു വർഷത്തെ ജീവിതത്തിനിടയിൽ അവൾ കുടിച്ചിറക്കിയ ഏറ്റവും സ്വാദിഷ്ടമായ പാനീയം.

അവർ ആനെറ്റിനെ ഒരു കാൻവാസിൽ കിടത്തി. രണ്ടറ്റവും ഒരു കമ്പിൽ ബന്ധിച്ചു. എന്നിട്ട് അതിന്റെ ഓരോ ഏറ്റവും ഓരോ തോളിലേറ്റി രണ്ടുപേർ അവളെ എടുത്തുയർത്തി. നടക്കുന്നതൊന്നും തന്നെ വിശ്വസിക്കാനാവുന്നുണ്ടായിരുന്നില്ല അവൾക്ക്. എട്ടുദിവസത്തെ നരകയാതനയ്ക്ക് ശേഷം താൻ രക്ഷപ്പെട്ടു എന്ന സത്യത്തെ ഉള്ളിലേക്കെടുക്കാൻ അവൾക്ക്  സാധിക്കുന്നുണ്ടായിരുന്നില്ല. പോകുംവഴി, തനിക്ക് പത്തടി മുകളിൽ കിടന്ന് നിലവിളിച്ചിരുന്ന, ആ പെൺകുട്ടിയുടെ മൃതദേഹം അവൾ കണ്ടു.

പെട്ടെന്ന് അവൾക്ക് വീണ്ടും  പാസ്യേയെ ഓർമ്മവന്നു. "അയ്യോ... ഒരാൾ കൂടിയുണ്ട്...  പാസ്യേ... അവനെ രക്ഷിക്കണം... " പെട്ടെന്ന്  പാസ്യേ മരിച്ചതാണല്ലോ എന്ന കാര്യവും അവൾക്ക് ഓർമ്മവന്നു. തന്റെ കാമുകനെ അവിടെ ഒറ്റയ്ക്കിട്ടു പോകുന്നതോർത്തപ്പോൾ അവൾക്ക് കരച്ചിൽ വന്നു. അവൾ ഏങ്ങിയേങ്ങിക്കരഞ്ഞു. അവിടെ ആ കൊടുങ്കാട്ടിൽ, മലഞ്ചെരുവിൽ, തകർന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ അവളുടെ  പാസ്യേ ഒറ്റയ്ക്കാണ്. ഓർത്തപ്പോൾ അവളുടെ തൊണ്ടവരണ്ടുണങ്ങി. ഒരു കവിൾ വെള്ളം കൂടി ചോദിച്ചു വാങ്ങി കുടിച്ചിറക്കി ആനെറ്റ്.

പുസ്‍തകമെഴുതുന്നു

ഹോചിമിനിലെ മാസങ്ങൾ നീണ്ട ആശുപത്രിവാസത്തിനു ശേഷം,  ആനെറ്റ് ഹോളണ്ടിലേക്ക് മടങ്ങിപ്പോയി. കുടുംബത്തോടൊപ്പം വർഷങ്ങൾ ചെലവിട്ടു. അവളുടെ ജീവിതത്തിലെ വെളിച്ചം  പാസ്യേയുടെ മരണത്തോടെ കെട്ടുപോയിരുന്നു. അവളുടെ ശരീരത്തിന്റെ ഒരു ഭാഗം തന്നെ ഇല്ലാതായ പോലെ അവൾക്ക് തോന്നി. ആ വേർപാടിന്റെ സങ്കടം ഒന്നടങ്ങാൻ ഏറെ നാളെടുത്തു.

 

 

 

ഭീകരമായ ആ വിമാനാപകടം സമ്മാനിച്ച ശാരീരികവും മാനസികവുമായ ക്ഷതങ്ങളിൽ നിന്നും മുക്തി നേടുന്നതിനിടെ ആനെറ്റ് വിയറ്റ്നാമിലെ കൊടുങ്കാട്ടിനുളിൽ താൻ അതിജീവിച്ച ആ 192  മണിക്കൂറുകളെപ്പറ്റി 'Turbulence: A True Story of Survival' എന്ന പേരിൽ ഒരു പുസ്തകമെഴുതി. അതെഴുതുമ്പോൾ തന്റെ ജീവിതം മാറ്റിമറിച്ച ആ അനുഭവങ്ങളിലൂടെ ആനെറ്റ് വീണ്ടും നെഞ്ചിടിപ്പോടെ കടന്നുപോയി. അധികം താമസിയാതെ ഒരു ദിവസം, ആനെറ്റ് വീണ്ടും ഒരിക്കൽ കൂടി നാ ട്രാങ്ങിലേക്ക് വന്നു. അന്ന് തന്നെ രക്ഷിച്ച വിയറ്റ്നാമീസ് ചെറുപ്പക്കാരെ നേരിൽ കണ്ട് നന്ദി പറഞ്ഞു.  തന്റെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിക്കപ്പെട്ട ആ ദുരന്തനാളിന്റെ ഓർമ്മയ്ക്കായി അവൾ അവരോടൊപ്പം ഒരിക്കൽ കൂടി ആ മലകയറി. അത് അവർക്കൊരു തീർത്ഥയാത്രയായിരുന്നു. തന്റെ പ്രാണപ്രിയനായ പാസ്യേയുടെ ഓർമകളിലേക്കുള്ള ഒരു പിന്മടക്കം! 

(courtesy:'Turbulence: A True Story of Survival')