ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ പെണ്‍കുട്ടി പിന്നീട് വിപ്ലവനായികയായ കഥ. പൊലീസിന്റെ കൊടുംക്രൂരതകള്‍ക്ക് വിധേയമായ അവര്‍ പിന്നീട് വലിയ തൊഴിലാളി നേതാവായി മാറി.  

1940. പന്ത്രണ്ടാമത് സമ്മര്‍ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാന്‍ ഹെല്‍സിങ്കി ഒരുങ്ങിക്കഴിഞ്ഞു. ഏതുനിമിഷവും യുദ്ധത്തെ അഭിമുഖീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ യൂറോപ്പിലും പൂര്‍ത്തിയായി. ഈ സമയത്താണ് ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍ നാഗേന്ദ്രനാഥ് സെന്‍, കൊളോണിയല്‍ അഡ്മിനിസ്‌ട്രേഷന്‍ നെറ്റ്വര്‍ക്കിലൂടെ ആ വാര്‍ത്ത അറിഞ്ഞത്. തന്റെ 15 വയസ്സുള്ള മകള്‍ ഇളയെ ഒളിമ്പിക് സംഘത്തിലേക്ക് തെരഞ്ഞെടുത്തു. അവള്‍ ബ്രിട്ടീഷ് ഇന്ത്യയെ പ്രതിനിധീകരിക്കും.

നാഗേന്ദ്രനാഥ് സെന്നിനെ സംബന്ധിച്ചിടത്തോളം ഈ വാര്‍ത്ത അത്ര ആശ്ചര്യകരമായിരുന്നില്ല. കാരണം അദ്ദേഹം അത് പ്രതീക്ഷിച്ചിരുന്നതാണ്. അദ്ദേഹത്തിന്റെ ആറു മക്കളില്‍ ഏറ്റവും മൂത്ത ആളായ ഇളയുടെ ട്രാക്കിലെ വിജയങ്ങള്‍ അയാളുടെ സ്വകാര്യ അഹങ്കാരങ്ങള്‍ ആയിരുന്നു. 1937 മുതല്‍ ബംഗാളി, ഇംഗ്ലീഷ് ഭാഷകളിലെ കായിക പേജുകളില്‍ ഇളയുടെ വാര്‍ത്ത നിറഞ്ഞു നിന്നിരുന്നു. അതിലൊന്നു പോലും വിട്ടു പോകാതെ സെന്‍ വെട്ടി സൂക്ഷിക്കുമായിരുന്നു . 

1930 -കളിലെ തിളങ്ങുന്ന കായികതാരം ആയിരുന്ന ആ കൗമാരക്കാരിക്ക് പക്ഷേ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. കാരണം രണ്ടാം ലോകമഹായുദ്ധത്തെ തുടര്‍ന്ന് ആ വര്‍ഷം ഒളിമ്പിക്‌സ് നടത്തിയില്ല.

1925 ഒക്ടോബര്‍ 18 -നാണ് ഇള ജനിച്ചത്. കൊല്‍ക്കത്തയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1944-ല്‍ ബംഗാളി സാഹിത്യത്തില്‍ ബഹുമതികളോടെ ബി.എ പാസായി. 13 വര്‍ഷങ്ങള്‍ക്ക് ശേഷം 1958-ല്‍ കല്‍ക്കട്ട സര്‍വകലാശാലയില്‍ നിന്ന് ബംഗ്ലാ സാഹിത്യത്തിലും സംസ്‌കാരത്തിലും ബിരുദാനന്തര ബിരുദം നേടി. ബിരുദം പൂര്‍ത്തിയാക്കി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബിരുദാനന്തര ബിരുദം നേടിയത്. എന്തിനാണ് ഇത്രയും സമയം എടുത്തത്? അതിലൊരു കഥയുണ്ട്. 

1944-ല്‍, രാമചന്ദ്രപൂരിലെ ഒരു ജമീന്ദാര്‍ കുടുംബത്തിലെ അംഗമായിരുന്ന രാമേന്ദ്ര നാഥ് മിത്രയെ അവര്‍ വിവാഹം കഴിച്ചു. ജമീന്ദാര്‍ കുടുംബത്തിലെ അംഗമായിരുന്നെങ്കിലും അദേഹം മാള്‍ഡയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സംഘാടകനായിരുന്നു. 

വിവാഹശേഷം, രാമചന്ദ്രപൂരിലേക്ക് താമസം മാറിയപ്പോള്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരാന്‍ രാമേന്ദ്ര മിത്ര അവളെ പ്രോത്സാഹിപ്പിച്ചു. അങ്ങനെ 18-ാം വയസ്സില്‍ അവള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സി.പി.ഐ.) അംഗമായി. 1940-കളുടെ തുടക്കത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ സജീവമായി. കല്‍ക്കത്തയിലും ബീഹാറിലും കിഴക്കന്‍ ബംഗാളിലെ ചില ഭാഗങ്ങളിലും കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍, അവര്‍ പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം നവഖലിയിലേക്ക് പോയി. അവിടെ മഹാത്മാഗാന്ധിക്കും മറ്റ് ഹിന്ദു-മുസ്ലിം നേതാക്കള്‍ക്കുമൊപ്പം ദുരിതബാധിത പ്രദേശങ്ങളില്‍ വിപുലമായി പര്യടനം നടത്തി. ദുരിതബാധിതരായ ജനങ്ങളുടെ ഇടയില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. ആദ്യമായാണ് യാഥാസ്ഥിതിക ഹിന്ദു കുടുംബത്തിന്റെ പരിമിതികള്‍ മറികടന്ന് അവള്‍ ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നത്.

1947-ലെ ബംഗാള്‍ വിഭജനത്തിനു ശേഷം, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിച്ചമര്‍ത്തല്‍ കാരണം ഇള മിത്ര ഉള്‍പ്പെടെയുള്ള നേതാക്കളോട് ഒളിവില്‍ പോകാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. ഇത് 1948-ല്‍ ആയിരുന്നു - ഇള അപ്പോള്‍ ഗര്‍ഭിണിയായിരുന്നു. അങ്ങനെ അവള്‍ കുഞ്ഞിനെ പ്രസവിക്കാന്‍ കൊല്‍ക്കത്തയിലേക്ക് പോയി.

പ്രസവശേഷം മകനെ അമ്മായിയമ്മയുടെ സംരക്ഷണത്തില്‍ ആക്കിയ അവര്‍ വീണ്ടും പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങി. ഭര്‍ത്താവിനൊപ്പം കര്‍ഷകപ്രസ്ഥാനത്തിന് നേതൃത്വം നല്‍കുന്നതിനായി അവര്‍ രഹസ്യമായി നാച്ചോളിലേക്ക് (ഇപ്പോള്‍പ്പോലും എത്തിപ്പെടാനാവാത്ത പ്രദേശമാണ്) മടങ്ങിയെത്തി. ഒളിവില്‍ കഴിയുന്ന കമ്മ്യൂണിസ്റ്റുകാരുടെയും കിഷന്‍ സമിതി നേതാക്കളുടെയും സഹായത്തോടെ പ്രാദേശിക കര്‍ഷക നേതാക്കള്‍ കൃഷിക്കായി നിലമൊരുക്കാന്‍ അക്ഷീണം പ്രയത്‌നിച്ചു. ഈ കാലഘട്ടത്തില്‍ ആ പ്രദേശത്ത് തേഭാഗ പ്രസ്ഥാനം ശക്തി പ്രാപിച്ചത്. ഇള മിത്രയുടെ ജ്വലിക്കുന്ന നേതൃത്വം പ്രസ്ഥാനത്തിന് കൂടുതല്‍ കരുത്തായി.

കര്‍ഷകര്‍ക്കായി കര്‍ഷകരുടെ ശബ്ദമായി അവര്‍ നിലകൊണ്ടു . ഇള വ്യാപകമായി ഗ്രാമങ്ങളില്‍ പര്യടനം നടത്തി, കര്‍ഷകത്തൊഴിലാളികള്‍, സാധാരണ കര്‍ഷകര്‍, ചെറുകിട കര്‍ഷകര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി, ഗ്രാമങ്ങളുടെ വിദൂര കോണുകളില്‍ നടന്ന കര്‍ഷക യോഗങ്ങളില്‍ പോലും പരസ്യമായി സംസാരിച്ചു, അപ്പോഴെല്ലാം പോലീസിനെയും ഭരണകൂടത്തെ അവര്‍ വിമര്‍ശിച്ചു. അങ്ങനെ അവള്‍ കര്‍ഷകര്‍ക്കിടയില്‍ 'റാണി മാ' എന്ന പദവി നേടി.

പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടു തുടങ്ങി. കര്‍ഷകര്‍ മുതലാളിമാരുടെ ചൂഷണങ്ങളില്‍ നിന്നും മുക്തരായി തുടങ്ങി. പക്ഷേ ഇത് അധികാരസ്ഥാനങ്ങള്‍ കയ്യാളി ഇരുന്നവരെ ചൊടിപ്പിച്ചു. ഇതിന്റെ ഫലമായി ഏകദേശം 2000 സൈനികര്‍ നാച്ചോളില്‍ എത്തി 12 ഗ്രാമങ്ങള്‍ക്ക് തീയിട്ടു, എണ്ണമറ്റ വീടുകള്‍ കൊള്ളയടിക്കുകയും നിരവധി ഗ്രാമീണരെ കൊല്ലുകയും ചെയ്തു. സായുധ പോലീസ് സൈന്യത്തെ പിന്തുണച്ചു. ആവശ്യമുള്ള നേതാക്കളെ തേടി അവര്‍ വീടുതോറും കയറിയിറങ്ങി പരിശോധിച്ചു.

അതോടെ പോരാട്ടം ആരംഭിച്ചു -ഒരു വശത്ത് ആയിരക്കണക്കിന് സന്താള്‍, ഹിന്ദു, മുസ്ലീം കര്‍ഷകര്‍, തെഭാഗയുടെ പ്രതിരോധ സേന മറുവശത്ത്, ആധുനിക വെടിയുണ്ടകളുമായി സായുധരായ സൈന്യവും പോലീസും. ഒടുവില്‍ നിയമ നിര്‍വ്വഹണ ഏജന്‍സികളുടെ കൈകളിലെ മനുഷ്യത്വരഹിതമായ അടിച്ചമര്‍ത്തലില്‍ നിന്ന് രക്ഷപ്പെടാന്‍ ഗ്രാമവാസികള്‍ രാജ്യം വിടാന്‍ നിര്‍ബന്ധിതരായി.

കര്‍ഷക സഖാക്കള്‍ തങ്ങളുടെ റാണി മായോട് അവിടെ നിന്നും സുരക്ഷിതമായി അതിര്‍ത്തി കടക്കണം എന്ന് അപേക്ഷിച്ചു. പക്ഷേ ഇള അതിനു തയ്യാറായില്ല . എല്ലാ സഖാക്കളും സുരക്ഷിതരാകുന്നതുവരെ ഇള നീങ്ങാന്‍ വിസമ്മതിച്ചു. തല്‍ഫലമായി, അവളും നൂറുകണക്കിന് സഖാക്കളും അറസ്റ്റിലായി. തുടര്‍ന്ന് നാച്ചോള്‍ പോലീസ് സ്റ്റേഷനില്‍ മനുഷ്യത്വരഹിതമായ പീഡനം ആരംഭിച്ചു. അന്നത്തെ പോരാട്ടത്തിന് നേതൃത്വം നല്‍കിയതും നിരവധി പോലീസുകാരെ കൊലപ്പെടുത്തിയതും ഇള മിത്രയാണെന്ന് സമ്മതിക്കാന്‍ കര്‍ഷകരോട് പോലീസ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. എന്നാല്‍ പോലീസ് എത്ര ക്രൂരമായി മര്‍ദ്ദിച്ചിട്ടും കര്‍ഷകര്‍ അതിന് തയ്യാറായില്ല.

പിന്നീട് നടന്നത് സങ്കല്‍പ്പിക്കാന്‍ ആകുന്നതിലും അപ്പുറമായ ക്രൂര പീഡനങ്ങള്‍ ആയിരുന്നു. പൊലീസ് ഇളയെ തല്ലിച്ചതച്ചു. ലൈംഗികാവയവത്തില്‍ മുട്ടകള്‍ കടത്തി പീഡിപ്പിച്ചു. അവര്‍ ബോധരഹിതയായി. അതിനു പിന്നാലെ അവരുടെ കാല്‍മുട്ടുകള്‍ തല്ലിച്ചതച്ചു. പിന്നാലെ പൊലീസുകാരുടെ കൂട്ടം അവരെ ക്രൂരമായി ബലാല്‍'ംഗം ചെയ്തു. ശിപായിമാരെയും ഒരു എഎസ്ഐയെയും നേരിട്ട് കൊലപ്പെടുത്തിയതിന് ഇള മിത്രയ്ക്കെതിരെ കേസെടുത്തു. ഭൂവുടമകള്‍ക്കും ജോതേദാര്‍മാര്‍ക്കും ജമീന്ദാര്‍മാര്‍ക്കും എതിരെ കര്‍ഷകരെ സംഘടിപ്പിച്ചതിനും തേഭാഗ പ്രസ്ഥാനത്തിന്റെ മറവില്‍ ബലപ്രയോഗത്തിലൂടെ വിളവ് കൊള്ളയടിച്ചതിനും ഇള പ്രധാന നേതാവായിരുന്നുവെന്ന് കുറ്റപത്രം റിപ്പോര്‍ട്ട് ചെയ്തു. അങ്ങനെ അവര്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചു.

രാജ്ഷാഹി ജയിലില്‍ അവളുടെ നില വഷളായതിനെത്തുടര്‍ന്ന്, അവളെ ധാക്ക സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി, തുടര്‍ന്ന് 1953-ല്‍ മരണത്തിന്റെ വക്കിലെത്തിയ അവളെ ധാക്ക മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അവിടെ എല്ലാ ദിവസവും നൂറുകണക്കിന് വിദ്യാര്‍ത്ഥികളും ഉന്നതരും രാഷ്ട്രീയ നേതാക്കളും അവളെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഈസ്റ്റ് ബംഗാള്‍ നിയമസഭയും മൗലാന ഭാസാനിയും മറ്റ് ചില നേതാക്കളും ആശങ്കകള്‍ പ്രകടിപ്പിക്കുകയും അവരെ വിട്ടയക്കാന്‍ സംസ്ഥാനത്തോട് ആവശ്യപ്പെടുകയും ചെയ്തു. ഒടുവില്‍ 1954 ജൂണ്‍ പകുതിയോടെ ഇളമിത്രയെ പരോളില്‍ മോചിപ്പിക്കുകയും ചികിത്സയ്ക്കായി കല്‍ക്കത്തയിലേക്ക് പോകാന്‍ അനുവദിക്കുകയും ചെയ്തു.

4-5 വര്‍ഷത്തിനുള്ളില്‍ അവള്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തി, ക്രമേണ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ചേരുകയും 1957 -ല്‍ പ്രൈവറ്റ് കോഴ്‌സ് ചെയ്ത് ബംഗ്ലാ ഭാഷയില്‍ എം.എ പൂര്‍ത്തിയാക്കുകയും ചെയ്തു. തുടര്‍ന്ന് അവള്‍ കല്‍ക്കട്ട സിറ്റി കോളേജില്‍ ബംഗ്ലാ പ്രൊഫസറായി ചേര്‍ന്നു. അവര്‍ ക്രമേണ പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തില്‍ ഇടപെട്ട് തുടങ്ങി. 1967-78 മുതല്‍ നാല് തവണ പശ്ചിമ ബംഗാള്‍ അസംബ്ലി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

ഇള സുഖം പ്രാപിച്ചുവെന്ന് പാകിസ്ഥാന്‍ സര്‍ക്കാര്‍ അറിഞ്ഞു. കൊലപാതകക്കേസിലെ പ്രതിയായതിനാല്‍ അവളെ പാകിസ്ഥാനിലേക്ക് തിരിച്ചയക്കണമെന്ന് പാക് സര്‍ക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. എന്നാല്‍ ആ ഭരണത്തിന്‍ കീഴില്‍ അവളെ കാത്തിരിക്കുന്ന വിധി എന്താണെന്ന് അറിഞ്ഞുകൊണ്ട് അവളുടെ അഭ്യുദയകാംക്ഷികള്‍ ഈ നീക്കത്തെ എതിര്‍ത്തു. ഇള മിത്രയ്ക്ക് കിഴക്കന്‍ പാകിസ്ഥാനിലേക്ക് മടങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും, ജീവിതത്തിലുടനീളം, തന്റെ രണ്ടാമത്തെ ജന്മനാടായ കിഴക്കന്‍ ബംഗാളിലെ ജനങ്ങളെ അവള്‍ ഒരിക്കലും മറന്നില്ല. കിഴക്കന്‍ ബംഗാളിലെ രാഷ്ട്രീയ സാമൂഹിക വികസനം അവര്‍ നിരന്തരം നിരീക്ഷിച്ചു. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടിയുള്ള ത്യാഗോജ്ജ്വലമായ പോരാട്ടം ആയിരുന്നു അവരുടെ ജീവിതം . ഒടുവില്‍ കൊല്‍ക്കത്തയില്‍ വച്ച് 2002 ല്‍ തന്റെ 76 -ാം വയസ്സില്‍ അവര്‍ അന്തരിച്ചു.