ഓസ്ട്രിയയിൽ ജർമൻ അതിർത്തിക്കടുത്തുള്ള ഒരു ഗ്രാമമാണ് 'ഫക്കിങ്'. ജർമൻ ഭാഷ സംസാരിക്കുന്ന ഓസ്ട്രിയ, ജർമനി ഇവിടങ്ങളിൽ ഒന്നും തന്നെ ഈ ഗ്രാമത്തിന്റെ പേര് ഒരു പ്രയാസവും ഇന്നാട്ടുകാർക്കുണ്ടാക്കുന്നില്ല. എന്നാൽ, ഈ പേരിന്റെ ഇംഗ്ലീഷ് ഭാഷയിലെ അർത്ഥം കാരണം, ഇവിടേക്ക് വരുന്ന ഇംഗ്ലീഷ് അറിയാവുന്ന സന്ദർശകർ ഗ്രാമത്തിലെ പേരെഴുതിവെച്ചിരിക്കുന്ന ബോർഡുകളുടെ ഫോട്ടോ എടുത്ത് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച്, അതിനെ ട്രോളി, പതിയെ ഈ ഗ്രാമത്തെ (കു)പ്രസിദ്ധമാക്കിയിരിക്കുകയാണ്. 

ആകെ നൂറുപേരാണ് ഈ ഗ്രാമത്തിൽ താമസമുള്ളത് എങ്കിലും അവരുടെ ആവശ്യം അനുസരിച്ച്, ഗ്രാമത്തിന്റെ പേര് ഇനി മുതൽ 'ഫഗ്ഗിങ്' എന്ന് മാറ്റുമെന്ന് ഈ ഗ്രാമം ഉൾപ്പെടുന്ന ടാർസ്ഡോർഫ് പട്ടണത്തിന്റെ മേയറായ ആൻഡ്രിയ ഹോൾസ്‌നർ പറഞ്ഞു. ഈ പേരിന്റെ കുപ്രസിദ്ധി കേട്ടെത്തുന്ന വിനോദസഞ്ചാരികൾ ഗ്രാമത്തിന്റെ അതിർത്തി വരെ വന്ന്, ഗ്രാമ കവാടത്തിലെ പേര് വഹിക്കുന്ന ബോർഡിന് തൊട്ടടുത്ത് നിന്ന്, ഓരോ കോപ്രായങ്ങൾ കാണിച്ച് ഫോട്ടോ എടുത്ത് സ്ഥലം വിടും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ എന്നും, ഗ്രാമത്തിന്റെ പേര് മാറ്റണം എന്ന ഗ്രാമീണരുടെ ദീർഘകാലത്തെ ആവശ്യം ഇനിയും പരിഗണിക്കാതെ നിവൃത്തിയില്ല എന്നുമാണ്, മേയറുടെ പക്ഷം.

1825 -ൽ അച്ചടിച്ച ഒരു മാപ്പിൽ പോലും ഈ ഗ്രാമത്തിന്റെ പേര് 'ഫക്കിങ്' എന്നുതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. പതിനൊന്നാം നൂറ്റാണ്ടു മുതൽക്കുതന്നെ ഈ ഓസ്ട്രിയൻ ഗ്രാമത്തിന്റെ പേര് ഇങ്ങനെ തന്നെ ആയിരുന്നു എന്നാണ് ചരിത്രകാരന്മാരും പറയുന്നത്.