Asianet News MalayalamAsianet News Malayalam

ചത്ത എലിയുടെ പേസ്റ്റ് മുതൽ ക്രിസ്റ്റൽ മെത്ത് വരെ, അന്ന് രോ​ഗശമനത്തിന് മനുഷ്യർ കണ്ടെത്തിയ വിചിത്രമാർ​ഗങ്ങൾ...

പതിനേഴാം നൂറ്റാണ്ടിലെ ചികിത്സാരീതികൾ ഇന്ന് വിചിത്രമായി തോന്നുമെങ്കിലും, സർ കെനെൽ ഡിഗ്‌ബിയുടെ 'പൗഡർ ഓഫ് സിമ്പതി' വളരെ പ്രചാരമുള്ള അത്തരമൊരു മരുന്നായിരുന്നു. 

Bizarre Medical Treatments from history
Author
Thiruvananthapuram, First Published May 8, 2021, 11:37 AM IST

വൈദ്യശാസ്ത്രത്തിന്റെ ആദ്യനാളുകൾ മുതൽ മനുഷ്യന്റെ വേദനയുടെയും, രോഗങ്ങളുടെയും കാഠിന്യം കുറക്കാൻ ഡോക്ടർമാരും, ഗവേഷകരും നിരവധി മാർഗങ്ങൾ പരീക്ഷിക്കുന്നു. അതിൽ സങ്കടകരമായ കാര്യം, തുടക്കത്തിൽ ധാരാളം തെറ്റുകൾ, അറിവില്ലാത്ത തീരുമാനങ്ങൾ, ക്രൂരമായ തെരഞ്ഞെടുപ്പുകൾ എന്നിവ നടന്നിട്ടുണ്ട് എന്നതാണ്. ഇത് ചില അവസരങ്ങളിൽ നല്ലതിനേക്കാൾ കൂടുതൽ ദോഷമാണ് ഉണ്ടാക്കിയത്. വൈദ്യശാസ്ത്രത്തിലെ ഏറ്റവും ക്രൂരമായ സംഭവങ്ങൾ പോലും പഠിക്കാനുള്ള ഒരു പാഠമായിത്തീർന്നു. ഇന്നത്തെ നമ്മുടെ ആധുനിക വൈദ്യശാസ്ത്രത്തിന് അത് വഴിയൊരുക്കി. പണ്ട് കാലത്തെ വിചിത്രമായ ചില ചികിത്സാരീതികൾ ഡേവിഡ് ഹാവിലാന്റ് എഴുതിയ 'Why You Should Store Your Farts in a Jar' എന്ന പുസ്തകത്തിൽ വിശദീകരിച്ചിരിക്കുന്നു. അവയിൽ ചിലതാണ് താഴെ.  

ചത്ത എലിയുടെ പേസ്റ്റ്

ചത്ത എലിയെ വായിൽ വയ്ക്കാൻ ആർക്കെങ്കിലും ധൈര്യം വരുമോ? എന്നാൽ, പുരാതന ഈജിപ്തുകാർ അങ്ങനെ ചെയ്തിരുന്നു. പല്ലുവേദന കുറയുമെന്ന പ്രതീക്ഷയോടെയാണ് ഈ സാഹസം അവർ ചെയ്തിരുന്നത്. ചില സന്ദർഭങ്ങളിൽ, എലിയെ മറ്റ് ചേരുവകളുമായി കലർത്തി അരച്ച് വേദനയുള്ളിടത്ത് പുരട്ടുമായിരുന്നു. അതേസമയം ഈജിപ്തുകാർ മാത്രമല്ല ഇത് ചെയ്തിരുന്നത്. പണ്ട് ഇംഗ്ലണ്ടിൽ, അരിമ്പാറ പോകാൻ എലിയെ പകുതിക്ക് വെച്ച് മുറിച്ച് അരിമ്പാറയിൽ വയ്ക്കുമായിരുന്നു. കൂടാതെ, അവർ എലികളെ വറുത്തോ ചുട്ടോ കഴിക്കുകയും ചെയ്തിരുന്നു. ചുമ, മീസിൽസ്, വസൂരി, കിടക്ക നനയ്ക്കൽ എന്നിവയ്ക്കും മരുന്നായി എലികളെ ഉപയോഗിച്ചിരുന്നു.

ആടുകളുടെ കരൾ രോഗനിർണയം

രക്തപരിശോധനകളോ എക്സറേകളോ ഇല്ലാത്ത കാലത്ത് എങ്ങനെയാണ് രോഗനിർണയം നടത്തിയിരുന്നത്? മെസപ്പൊട്ടോമിയയിൽ  രോഗനിർണയം നടത്തിയിരുന്നത് രോഗിയെ പരിശോധിച്ചല്ല, മറിച്ച് ബലിയർപ്പിച്ച ആടുകളുടെ കരൾ പരിശോധിച്ചാണ്. അക്കാലത്ത് കരൾ മനുഷ്യ രക്തത്തിന്റെ ഉറവിടമാണെന്ന് കരുതപ്പെട്ടിരുന്നു. അതിനാൽ ജീവന്റെ ഉറവിടമായി അതിനെ അവർ കണ്ടു.  

ഹെമിഗ്ലോസെക്ടമി

വിക്കലിന് ഏറ്റവും മികച്ച ചികിത്സ എന്താണ്? പതിനെട്ടാം നൂറ്റാണ്ടിലും പത്തൊൻപതാം നൂറ്റാണ്ടിലുമുള്ള ഡോക്ടർമാർ പലപ്പോഴും വിക്കുള്ളവരുടെ നാവ് പകുതിക്ക് വച്ച് മുറിച്ചുമാറ്റി. ഹെമിഗ്ലോസെക്ടമി എന്നത് ഇന്നും ഉപയോഗിക്കുന്ന ഒരു ചികിത്സാരീതിയാണ്. പക്ഷേ, ഓറൽ ക്യാൻസറിനുള്ള ചികിത്സയായിട്ടാണ് ഇത് ഇന്ന് ഉപയോഗിക്കുന്നത്. അന്ന് അനസ്തേഷ്യ പോലുമില്ലാതെയാണ് ഇത് ചെയ്തിരുന്നത്. അതിന്റെ ഗുരുതരമായ ഒരു പ്രശ്നം മാത്രമായിരുന്നു വേദന. ചികിത്സ ഫലപ്രദമായില്ല, ചില രോഗികൾ രക്തം വാർന്നു മരിക്കുക പോലുമുണ്ടായി.    

മുതലവിസർജ്ജ്യം

പുരാതന ഈജിപ്തിൽ, ഗർഭനിരോധന മാർ​ഗം മുതലയുടെ വിസർജ്ജ്യം ആയിരുന്നു. ഉണങ്ങിയ വിസർജ്ജ്യം യോനിയിൽ തേക്കും. ഇത് ശരീര താപനിലയിലെത്തുമ്പോൾ മൃദുവായി തീരുമെന്നും, അദൃശ്യമായ ഒരു തടസം സൃഷ്ടിക്കുമെന്നും അവർ കരുതി. മരത്തിന്റെ കറ, നാരങ്ങ, പരുത്തി, കമ്പിളി, കടൽ സ്പോഞ്ചുകൾ, ആനപ്പിണ്ഡം എന്നിവയായിരുന്നു മറ്റ് ഗർഭനിരോധന മാർഗ്ഗങ്ങൾ.

ക്ലൈസ്റ്റേഴ്സ്

പണ്ടുകാലത്തെ എനിമയുടെ പേരാണ് ക്ലൈസ്റ്റേഴ്സ്. പതിനേഴാം നൂറ്റാണ്ട് മുതൽ പത്തൊൻപതാം നൂറ്റാണ്ട് വരെ അവ പ്രത്യേകിച്ചും പരിഷ്കാരത്തിന്റെ ഭാഗമായിരുന്നു. സമ്പന്നരായ ആളുകൾ മലബന്ധം, അതുപോലെ മറ്റ് പല പ്രശ്നങ്ങൾക്കും ഇത് ഉപയോഗിച്ചിരുന്നു. എന്നാൽ, അതുകൊണ്ട് കാര്യമായ ഗുണങ്ങൾ ഉണ്ടായിരുന്നില്ല. ക്ലസ്റ്ററിൽ ഉപ്പ്, ബേക്കിംഗ് സോഡ, സോപ്പ് എന്നിവ കലർത്തിയ ചെറുചൂടുവെള്ളം അടങ്ങിയിരിക്കും. ചില ഡോക്ടർമാർ കോഫി, തവിട്, ഔഷധസസ്യങ്ങൾ, തേൻ എന്നിവയും മിശ്രിതത്തിൽ ചേർക്കുമായിരുന്നു. പ്രഭുക്കന്മാർ ഒരു ദിവസം നിരവധി സുഗന്ധമുള്ള എനിമകൾ ഉപയോഗിച്ചു. സിംഹാസനത്തിലിരുന്ന കാലത്ത് ഫ്രാൻസിലെ ലൂയി പതിനാറാമൻ രണ്ടായിരത്തിലധികം എനിമകളെടുത്തു എന്നാണ് പറയപ്പെടുന്നത്.

പൗഡർ ഓഫ് സിമ്പതി

പതിനേഴാം നൂറ്റാണ്ടിലെ ചികിത്സാരീതികൾ ഇന്ന് വിചിത്രമായി തോന്നുമെങ്കിലും, സർ കെനെൽ ഡിഗ്‌ബിയുടെ 'പൗഡർ ഓഫ് സിമ്പതി' വളരെ പ്രചാരമുള്ള അത്തരമൊരു മരുന്നായിരുന്നു. പരിക്കിനുള്ള ചികിത്സയായിട്ടാണ് ഈ പൊടി ഉപയോഗിച്ചിരുന്നത്. മണ്ണിരകൾ, പന്നിയുടെ തലച്ചോറ്, തുരുമ്പ്, മമ്മിഫൈഡ് ചെയ്ത ശവങ്ങളുടെ ഭാഗങ്ങൾ എന്നിവകൊണ്ടാണ് ഇത് നിർമ്മിച്ചിരുന്നത്. എന്നാൽ, അതിലും വിചിത്രമായ കാര്യം, പൊടി തേക്കുന്നത് മുറിവിലല്ല, മറിച്ച് അതിന് കാരണമായ ആയുധത്തിലാണ്. ആ പൊടി ആയുധത്തിൽ തേക്കുന്നതിലൂടെ മുറിവ് സ്വയം സുഖപ്പെടുമെന്ന് അവർ കരുതി.  

ആർസെനിക്

അറിയപ്പെടുന്ന ഒരു വിഷമാണ് ആർസെനിക്. പക്ഷേ, നൂറ്റാണ്ടുകളോളം ഇത് ഒരു മരുന്നായി ഉപയോഗിച്ചിരുന്നു. പരമ്പരാഗത ചൈനീസ് വൈദ്യത്തിൽ, പൈ ഷുവാങ് എന്നാണ് ആർസെനിക് അറിയപ്പെട്ടിരുന്നത്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം മുതൽ 1950 വരെ മലേറിയ, സിഫിലിസ് പോലുള്ള അസുഖങ്ങൾക്കുള്ള മരുന്നുകളിൽ ആർസെനിക് ഒരു പ്രധാന ഘടകമായിരുന്നു. ആർസെനിക് അടങ്ങിയ മറ്റൊരു മരുന്ന് സന്ധിവാതത്തിനും പ്രമേഹത്തിനുമായി ഉപയോഗിച്ചിരുന്നു. കൂടാതെ, വിക്ടോറിയൻ സ്ത്രീകളും ആർസെനിക് ഒരു സൗന്ദര്യവർദ്ധക വസ്തുവായി ഉപയോഗിച്ചിരുന്നു.  

ക്രിസ്റ്റൽ മെത്ത്  

ഹിറ്റ്‌ലർ എന്നും രോഗങ്ങളെ വല്ലാതെ ഭയപ്പെട്ടിരുന്ന ഒരാളായിരുന്നു. ഡോക്ടർമാർ രോഗങ്ങളിൽ നിന്ന് രക്ഷനേടാൻ അയാളുടെ ശരീരത്തിൽ എന്നും വിറ്റാമിനുകൾ കുത്തിവക്കുമായിരുന്നു. അക്കൂട്ടത്തിൽ മെത്താംഫെറ്റാമൈൻ അഥവാ ക്രിസ്റ്റൽ മെത്തും ഉപയോഗിച്ചിരുന്നു. നിരീക്ഷകനായ ആൽബർട്ട് സ്പിയർ അഭിപ്രായപ്പെട്ടതുപോലെ, ഈ കുത്തിവയ്പ്പുകൾ ഹിറ്റ്‌ലറെ 'ജാഗ്രതയോടെയും, ഊർജ്ജസ്വലതയോടെയും, സന്തോഷത്തോടെയും ഇരിക്കാൻ സഹായിച്ചു.' വേണമെങ്കിൽ രാത്രി മുഴുവനും പ്രയാസമില്ലാതെ ഉറക്കമൊഴിക്കാനും അയാൾക്ക് കഴിഞ്ഞു.  രണ്ടാം ലോക മഹായുദ്ധത്തിന്റെ ആദ്യഘട്ടങ്ങളിൽ ഹിറ്റ്ലർ പ്രകടിപ്പിച്ച നിർബന്ധ ബുദ്ധിക്ക് ഒരു കാരണം ഈ ക്രിസ്റ്റൽ മെത്ത് ആസക്തിയാണ്  എന്ന് ആൽബർട്ട് സ്പിയർ കണക്കാക്കുന്നു. ഏറ്റവും ഭീകരമായ സാഹചര്യങ്ങളിൽപ്പോലും ഹിറ്റ്ലർ സൈനികരെ പിൻവാങ്ങാൻ സമ്മതിച്ചിരുന്നില്ല.  

മൂത്രരോഗനിർണയം

മധ്യകാല യൂറോപ്പിൽ, ഡോക്ടർമാർ പലപ്പോഴും രോഗനിർണയം നടത്തിയിരുന്നത് യുറോസ്കോപ്പിയുടെ അടിസ്ഥാനത്തിലാണ്. യുറോസ്കോപ്പി എന്നാൽ രോഗിയുടെ മൂത്രം പരിശോധിച്ച് രോഗം കണ്ടുപിടിക്കുക എന്നതാണ്. മൂത്രത്തിന്റെ ഗന്ധം, നിറം, രുചി എന്നിവയുടെ അടിസ്ഥാനത്തിലാണ് ഡോക്ടർമാർ രോഗനിർണയം നടത്തുന്നത്. ഇതിനായി മൂത്രത്തിന്റെ സാമ്പിളുകൾ ഡോക്ടർമാർ മണത്തും, രുചിച്ചും നോക്കുന്നു.  

(ചിത്രം പ്രതീകാത്മകം)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios