Asianet News MalayalamAsianet News Malayalam

Separated during partition : വിഭജനവേളയിൽ വേർപിരിഞ്ഞു, 74 വർഷങ്ങൾക്കുശേഷം കണ്ടുമുട്ടി സഹോദരങ്ങൾ

സഹോദരനെ കാണാൻ ഇടനാഴി അവസരമൊരുക്കിയതായി ഹബീബ് പറഞ്ഞു. 1947 -ൽ പരസ്പരം വേർപിരിഞ്ഞ നിരവധി കുടുംബങ്ങളെയും സുഹൃത്തുക്കളെയും വീണ്ടും ഒന്നിപ്പിക്കുന്നതിനുള്ള ഒരു മാർഗമായി മാറിയ 'പഞ്ചാബി പർച്ചാർ'എന്ന എൻ‌ജി‌ഒയാണ് ഈ ഒന്നുചേരല്‍ സംഘടിപ്പിച്ചത്.

brothers separated during partition reunite after 74 years
Author
India, First Published Jan 14, 2022, 12:22 PM IST

വിഭജന(Partition) വേളയിൽ വേർപിരിഞ്ഞ(Separated) രണ്ട് സഹോദരങ്ങൾ(Brothers) നീണ്ട 74 വർഷങ്ങൾക്ക് ശേഷം പരസ്പരം കണ്ടുമുട്ടി. അതിന് വേദിയായത് കർതാർപൂർ സാഹിബ് ഇടനാഴി(Kartarpur Sahib Corridor). ചൊവ്വാഴ്ചയാണ് തികച്ചും വൈകാരികമായ ഈ കൂടിച്ചേരലുണ്ടായത്. മുഹമ്മദ് സിദ്ദിഖും സഹോദരൻ ഹബീബും പരസ്പരം ഊഷ്മളമായി ആലിംഗനം ചെയ്തു, ഇരുവരും പൊട്ടിക്കരഞ്ഞു. സഹോദരങ്ങളുടെ ഈ വൈകാരികമായ ഒത്തുചേരലിന്റെ ദൃശ്യങ്ങൾ കാണിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

'74 വർഷത്തിന് ശേഷം, പഞ്ചാബിന്റെ അതിർത്തിക്കപ്പുറത്തുള്ള രണ്ട് സഹോദരങ്ങളെ കർതാർപൂർ വീണ്ടും ഒന്നിപ്പിച്ചു. വിഭജന സമയത്താണ് അവർ വേർപിരിഞ്ഞത്' എന്ന് ഫിഡാറ്റോ എന്ന ഹാൻഡിൽ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയുടെ അടിക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫൈസലാബാദിന്റെ പ്രാന്തപ്രദേശത്തുള്ള ബോഗ്രയിലാണ് സിദ്ദിഖ് (80) താമസിക്കുന്നത്. ഇന്ത്യയിലെ പഞ്ചാബിലാണ് അദ്ദേഹത്തിന്‍റെ സഹോദരൻ ഹബീബ് കഴിയുന്നത്. 

ദി എക്സ്പ്രസ് ട്രിബ്യൂൺ എഴുതുന്നത് പ്രകാരം, വിഭജന സമയത്തോടടുപ്പിച്ച് തന്റെ മാതാവ് ഏതാനും മാസങ്ങൾ മാത്രം പ്രായമുള്ള ഇളയ സഹോദരൻ ഹബീബിനൊപ്പം ഇന്ത്യയിലെ പഞ്ചാബിലുള്ള മാതാപിതാക്കളെ കാണാൻ പോയിരുന്നുവെന്ന് സിദ്ദിഖ് പറഞ്ഞു. എന്നാല്‍, വിഭജനശേഷം മാതാവോ സഹോദരനോ തിരികെ എത്തുകയുണ്ടായില്ല. ഒരുപാട് കാലം സിദ്ദിഖ് കാത്തിരുന്നു. പക്ഷേ, ഒരിക്കലും അവർ തിരികെ എത്തിയില്ല. ഇപ്പോള്‍, 74 വര്‍ഷത്തിനുശേഷം അദ്ദേഹത്തിന് അന്ന് അകന്നുപോയ തന്‍റെ സഹോദരനെയെങ്കിലും കാണാന്‍ സാധിച്ചിരിക്കുകയാണ്. 

സഹോദരനെ കാണാൻ ഇടനാഴി അവസരമൊരുക്കിയതായി ഹബീബ് പറഞ്ഞു. 1947 -ൽ പരസ്പരം വേർപിരിഞ്ഞ നിരവധി കുടുംബങ്ങളെയും സുഹൃത്തുക്കളെയും വീണ്ടും ഒന്നിപ്പിക്കുന്നതിനുള്ള ഒരു മാർഗമായി മാറിയ 'പഞ്ചാബി പർച്ചാർ'എന്ന എൻ‌ജി‌ഒയാണ് ഈ ഒന്നുചേരല്‍ സംഘടിപ്പിച്ചത്. കഴിഞ്ഞ വർഷം നവംബറിൽ, വിഭജനത്തിന് ശേഷം ആദ്യമായി രണ്ട് സുഹൃത്തുക്കൾ വീണ്ടും ഒന്നിച്ചിരുന്നു. 

അന്ന് ഇന്ത്യയില്‍ നിന്നുള്ള സര്‍ദാര്‍ ഗോപാല്‍ സിങ്ങും പാകിസ്ഥാനില്‍ നിന്നുമുള്ള മുഹമ്മദ് ബഷീറും തമ്മിലാണ് തികച്ചും യാദൃച്ഛികമായി കണ്ടുമുട്ടിയത്. 1947 -ലെ ഇന്ത്യാ വിഭജനത്തിലാണ് ഇരുവര്‍ക്കും തമ്മിൽ പിരിയേണ്ടി വന്നത്. ഒട്ടും പ്രതീക്ഷിക്കാതെ തമ്മിൽ കണ്ടപ്പോൾ രണ്ടുപേരും വികാരഭരിതരായി ആലിം​ഗനം ചെയ്‍തു. ഇരുവരുടെയും കണ്ണുകൾ നിറഞ്ഞു. 94 -കാരനായ സിങ്ങും 91 -കാരനായ ബഷീറും ബാല്യകാല സുഹൃത്തുക്കളായിരുന്നു. പക്ഷേ, ഇരുവര്‍ക്കും തമ്മില്‍ അന്ന് വേര്‍പിരിയേണ്ടി വന്നു. ഏഴ് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ അവരിരുവരും ആ ഓർമ്മകളെല്ലാം അയവിറക്കി. കർത്താർപുർ സാഹിബ് ഗുരുദ്വാര സന്ദർശിക്കുന്നതിനിടെയാണ് ഇരുവരും തമ്മിൽ വീണ്ടും കണ്ടുമുട്ടിയത്. 

Follow Us:
Download App:
  • android
  • ios