Asianet News MalayalamAsianet News Malayalam

എങ്ങനെയാണൊരു മഹാമാരി സമൂഹ്യ രാഷ്ട്രീയ അധികാര മത്സരങ്ങള്‍ക്ക് ആക്കം കൂട്ടിയത്?

കാര്യങ്ങള്‍ കൈവിട്ടുപോകുന്നു എന്നു കണ്ട ഗവണ്‍മെന്‍റ് ദുരിതനിവാരണത്തിനായി ഒരു പ്രത്യേക പ്ലേഗ് കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റിയുടെ ചെയര്‍മാനായി ഡബ്ല്യു. സി റാന്‍ഡ് (Walter Charles Rand) എന്ന കാര്യപ്രാപ്തിയുള്ള കര്‍ക്കശക്കാരനായ ഐസിഎസ് ഉദ്യോഗസ്ഥനെ കൊണ്ടുവന്നു. 

bubonic plague 19 th century dr. jolly k john writes
Author
Thiruvananthapuram, First Published May 1, 2020, 4:23 PM IST

റാന്‍ഡിന്‍റെ വാക്കുകള്‍ തന്നെ കടമെടുത്തു പറഞ്ഞാല്‍ ''ഒരുപക്ഷേ, ഒരു മഹാമാരിയെ തുടച്ചുനീക്കാന്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ കൈക്കൊണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും കടുത്ത നടപടികളിലേക്ക്'' അദ്ദേഹം നീങ്ങി. പൂനെ നഗരത്തില്‍ പ്ലേഗിനെ അതിന്‍റെ മരണതാണ്ഡവം ആടിത്തീര്‍ക്കുവാന്‍ അനുവദിക്കില്ല എന്നും മഹാമാരിയെ നഗരത്തില്‍ നിന്നും തുടച്ചുനീക്കുമെന്നും റാന്‍ഡ് ഉറപ്പിച്ചു. 

bubonic plague 19 th century dr. jolly k john writes

 

മഹാമാരിയുടെ വ്യാപനങ്ങള്‍ പലപ്പോഴും അപ്രതീക്ഷിതമായ രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്ക് വഴി തെളിക്കുന്നു. അവ ദൂരവ്യാപകമായ മാറ്റങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. മഹാമാരിയെ തടഞ്ഞു നിര്‍ത്താനുള്ള ശ്രമത്തിനിടയില്‍, അല്ലെങ്കില്‍ ഈ ശ്രമത്തിന്‍റെ മറവില്‍, ഭരണകൂടങ്ങള്‍ അസാധാരണമായ അധികാരങ്ങള്‍ സ്വായത്തമാക്കുകയും അവയുടെ പ്രയോഗങ്ങളിലൂടെ ജനങ്ങളുടെ മേലുള്ള അധീശത്വം ഉറപ്പിക്കുകയും ചെയ്യുന്നു. ഈ അധികാരപ്രയോഗവും അതിനോടുള്ള ചെറുത്തുനില്‍പ്പും പലപ്പോഴും സ്ഫോടനാത്മകമായ രാഷ്ട്രീയാന്തരീക്ഷം സൃഷ്ടിക്കുന്നു. ഇത്തരമൊരു സാഹചര്യമാണ് പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അന്ത്യത്തില്‍ പൂനെ നഗരത്തിലുണ്ടായത്. 

ബ്യൂബോണിക് പ്ലേഗ് (bubonic plague) എന്ന മഹാമാരി അതിന്‍റെ മൂന്നാമത്തെ ലോകവ്യാപനത്തില്‍ മുംബൈ നഗരത്തെ പൂര്‍ണമായും കീഴ്പെടുത്തി. ഈ മാരകവ്യാധി പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാന ദശകത്തില്‍ കപ്പല്‍പ്പാതകള്‍ വഴി ചൈനയില്‍ നിന്നു മുംബൈയില്‍ എത്തിയെന്ന് കരുതപ്പെടുന്നു. 1896 സപ്തംബറില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട രോഗം കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ മുംബൈ നഗരം മുഴുവന്‍ വ്യാപിക്കുകയും മറ്റു നഗരങ്ങളിലേക്കും സംക്രമിക്കുകയും ചെയ്തു. അതീവഗുരുതരമായിരുന്നു രോഗവ്യാപനത്തിന്‍റെ അനന്തരഫലങ്ങള്‍. എട്ടുലക്ഷം മാത്രം ജനസംഖ്യ ഉണ്ടായിരുന്ന മുംബൈ നഗരത്തില്‍ പ്രതിവാരം രണ്ടായിരത്തിനടുത്ത് ആളുകള്‍ മരിച്ചുവീണു. നഗരജീവിതം അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിച്ചു. 

പ്ലേഗ്  മുംബൈയില്‍ നിന്ന് പൂനെയിലേക്ക് പടരാന്‍ അധികം സമയമെടുത്തില്ല. 1896 ഒക്ടോബര്‍ രണ്ടിന് മുംബൈയില്‍ നിന്ന് പൂനെയിലേക്ക് ട്രെയിന്‍മാര്‍ഗം എത്തിയ രണ്ട് യാത്രക്കാര്‍ പ്ലേഗ് ബാധിതരാണെന്ന് കണ്ടെത്തപ്പെട്ടു. 1897 ജനുവരി അവസാനത്തോടെ നഗരത്തിന്‍റെ നാനാഭാഗങ്ങളില്‍ രോഗബാധ സ്ഥിരീകരിക്കപ്പെട്ടു. ചെറിയ സമയം കൊണ്ട് മാരകവ്യാധി അതിന്‍റെ വേരുകള്‍ നഗരത്തില്‍ ആഴത്തില്‍ പടര്‍ത്തി. 

ബ്രിട്ടീഷ് ഗവണ്‍മെന്‍റ് തുടക്കത്തില്‍ എടുത്ത നടപടികള്‍ക്കൊന്നും പ്ലേഗിന്‍റെ ഭീതിജനകമായ പടര്‍ച്ചയെ തടുത്തുനിര്‍ത്താനായില്ല. ജനങ്ങള്‍ പരിഭ്രാന്തരാവുകയും നഗരം വിട്ട് ഓടിപ്പോകാന്‍ തുടങ്ങുകയും ചെയ്തു. ഗുജറാത്തികളും മാര്‍വാഡികളുമായ കച്ചവടക്കാര്‍ ഒഴിഞ്ഞുപോയതോടെ ഭൂരിപക്ഷം കടകമ്പോളങ്ങളും അടഞ്ഞുകിടന്നു. രൂക്ഷമായ തൊഴിലാളിക്ഷാമം സ്വകാര്യസംരംഭങ്ങളെയും ഗവണ്‍മെന്‍റിന്‍റെ പ്രവര്‍ത്തനങ്ങളെയും ബാധിച്ചു. 

കാര്യങ്ങള്‍ കൈവിട്ടുപോകുന്നു എന്നു കണ്ട ഗവണ്‍മെന്‍റ് ദുരിതനിവാരണത്തിനായി ഒരു പ്രത്യേക പ്ലേഗ് കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റിയുടെ ചെയര്‍മാനായി ഡബ്ല്യു. സി റാന്‍ഡ് (Walter Charles Rand) എന്ന കാര്യപ്രാപ്തിയുള്ള കര്‍ക്കശക്കാരനായ ഐസിഎസ് ഉദ്യോഗസ്ഥനെ കൊണ്ടുവന്നു. 

ബോംബെ പ്രസിഡന്‍സിയിലെ ബ്രിട്ടീഷ് ഗവര്‍ണര്‍ ലോര്‍ഡ് സാന്‍ഡ്ഹഴ്സ്റ്റ് പ്ലേഗ് കമ്മിറ്റിക്ക് അടിയന്തിരസാഹചര്യങ്ങളിലെ അസാധാരണ അധികാരങ്ങള്‍ നല്‍കിക്കൊണ്ട് ഉത്തരവിറക്കി. ഡബ്ബ്യു സി റാന്‍ഡിന് വൈദ്യശാസ്ത്ര പിന്തുണ നല്‍കുവാന്‍ സര്‍ജന്‍ ക്യാപ്റ്റന്‍ WWO ബവറിഡ്ജിനെ പ്ലേഗ് കമ്മിറ്റിയില്‍ നിയോഗിച്ചു. കമ്മിറ്റി അതിന്‍റെ നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ആരംഭിച്ചു. സര്‍ജന്‍ ക്യാപ്റ്റന്‍ ബവറിഡ്ജിനെ ഹോംകോംഗ് നഗരത്തില്‍ പ്ലേഗിനെ വരുതിയില്‍ വരുത്തുന്നതില്‍ ഭാഗഭാക്കായതിന്‍റെ അനുഭവസമ്പത്തുണ്ടായിരുന്നു. 

പ്ലേഗ് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി പൂനെ നഗരത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പ്ലേഗ് കമ്മിറ്റി തീരുമാനിച്ചു. പക്ഷേ, ബ്രിട്ടീഷ് ഇന്ത്യയുടെ മറ്റു പ്രദേശങ്ങളില്‍ നിന്നു വ്യത്യസ്തമായി, പൂനെയില്‍ ഈ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന് സായുധസേനയെ വിന്യസിക്കുവാന്‍ തീരുമാനിച്ചു. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു അസാധാരണമായ തീരുമാനം പൂനെയുടെ കാര്യത്തിലുണ്ടായത് എന്നതിന്‍റെ സൂചനകള്‍ ബോംബെ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കുന്നതിനുവേണ്ടി റാന്‍ഡ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ നിന്ന് നമുക്ക് ലഭിക്കുന്നു. ഈ അസാധാരണമായ തീരുമാനം റാന്‍ഡിനെ ഇന്ത്യാചരിത്രത്തിന്‍റെ ഭാഗമാക്കിയെങ്കിലും അദ്ദേഹത്തിന്‍റെ ദാരുണമായ അന്ത്യത്തിനും അത് കാരണമായി. 

പ്ലേഗ് ബാധ പോലുള്ള ഒരു പൊതുജനാരോഗ്യ അടിയന്തിരാവസ്ഥ നേരിടാന്‍ പൂനെയില്‍ സൈനികരുടെ സേവനം പ്രയോജനപ്പെടുത്തിയതിന്‍റെ പ്രധാന കാരണം ബ്രിട്ടീഷ് ഗവണ്‍മെന്‍റിന് ഹോംകോംഗില്‍ ഉണ്ടായ സമാനമായ മുന്‍ അനുഭവമാണ്. 1894 -ല്‍ ഹോംകോംഗില്‍ പൊട്ടിപ്പുറപ്പെട്ട പ്ലേഗ് ബാധ സായുധ സേനയെ ഉപയോഗിച്ച് കര്‍ശന നടപടികളിലൂടെ നിയന്ത്രണവിധേയമാക്കിയിരുന്നു. മറ്റൊരു സുപ്രധാന കാരണം പൂനെ നഗരത്തില്‍ നിലനിന്നിരുന്ന രാഷ്ട്രീയ സാഹചര്യമാണ്. ലോകമാന്യതിലകിന്‍റെ നേതൃത്വത്തില്‍ ദേശീയവാദികള്‍ സ്വരാജിനുവേണ്ടി സമരപാതയിലായിരുന്നു. നഗരത്തിലെ ജനങ്ങളുടെ സമ്പൂര്‍ണ പിന്തുണയില്ലാതെ പ്ലേഗിനെ നിയന്ത്രിക്കുക സാധ്യമായിരുന്നില്ല. പക്ഷേ, ജനങ്ങളില്‍ വലിയൊരു വിഭാഗം ഗവണ്‍മെന്‍റിന്‍റെ ഭരണപരമായ നടപടികളെയോ രോഗനിര്‍മ്മാര്‍ജ്ജനത്തിനുള്ള ശാസ്ത്രീയ സമീപനങ്ങളെയോ പിന്തുണച്ചില്ല. ഗവണ്‍മെന്‍റ് എന്ത് നടപടി എടുത്താലും നഗരത്തിലെ ഏറ്റവും പ്രബല സമുദായമായ ബ്രാഹ്മണരിലെ ഒരു വിഭാഗം അതിനെ ശക്തമായി എതിര്‍ക്കും എന്ന് റാന്‍ഡ് വിലയിരുത്തി. അത്തരം സാഹചര്യത്തില്‍ മുനിസിപ്പല്‍ അധികൃതര്‍ വഴിയോ അധികൃതര്‍ വഴിയോ ആരോഗ്യ വകുപ്പ് വഴിയോ എടുക്കുന്ന പ്ലേഗ് നിര്‍മ്മാര്‍ജ്ജന നടപടികള്‍ ഫലവത്താകില്ലെന്നും ആയുധമേന്തിയ സൈനികരിലൂടെ മാത്രമെ പ്ലേഗിനെതിരെയുള്ള കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ കഴിയൂ എന്നും ഉള്ള നിലപാട് റാന്‍ഡ് എടുത്തു. ഐസിഎസ് ഉദ്യോഗസ്ഥനായ റാന്‍ഡിന് ഒരു രാഷ്ട്രീയ സമന്വയം രൂപപ്പെടുത്തിയെടുക്കുന്നതിനുള്ള ക്ഷമയോ സന്നദ്ധതയോ ഉണ്ടായിരുന്നില്ല. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്‍റെ ഉരുക്കു ചട്ടക്കൂടിനകത്തു പ്രവര്‍ത്തിച്ച റാന്‍ഡിന് ഒരു രാഷ്ട്രീയ സമന്വയത്തിന്‍റെ ആവശ്യകതയും ഒരുപക്ഷെ ബോധ്യപ്പെട്ടിരുന്നില്ല. 

1897 ഫെബ്രുവരി നാലിന് ബ്രിട്ടീഷ് ഇന്ത്യന്‍ ഗവണ്‍മെന്‍റ്  'ദി എപിഡെമിക് ഡിസീസസ് ആക്ട്' പ്രാബല്യത്തില്‍ വരുത്തി. മഹാമാരികള്‍ പൊട്ടിപ്പുറപ്പെടുമ്പോള്‍ ഗവണ്‍മെന്‍റിന് വ്യക്തികളുടെ സ്വാതന്ത്ര്യവും സ്വകാര്യതയും സ്വത്തിന്‍മേലുള്ള അവകാശവും അവഗണിച്ചുകൊണ്ട് രോഗനിര്‍മ്മാര്‍ജ്ജനം എന്ന ലക്ഷ്യത്തിനുവേണ്ടി കടുത്ത നടപടികള്‍ സ്വീകരിക്കുന്നതിന് അധികാരം നല്‍കുന്നതാണ് ഈ നിയമം. നിയമത്തിലെ കര്‍ശനവും നിയന്ത്രണമില്ലാത്തതുമായ വ്യവസ്ഥകള്‍ ദേശീയ സ്വാതന്ത്ര്യപോരാളികളെ ജയിലിലടയ്ക്കാന്‍ വേണ്ടി ദുരുപയോഗം ചെയ്യുമെന്ന് ദേശീയവാദികള്‍ ഭയന്നു. 21-ാം നൂറ്റാണ്ടിന്‍റെ മൂന്നാമത്തെ ദശകത്തിലും ഇതേ നിയമത്തിന്‍റെ വ്യവസ്ഥകളെയാണ് അല്‍പം ചില മാറ്റങ്ങളോടെ സര്‍ക്കാരുകള്‍ ഉപയോഗിക്കുന്നത്. 

1897 ഫെബ്രുവരിയില്‍ തന്നെ റാന്‍ഡ് ചെയര്‍മാനായ പ്ലേഗ് കമ്മിറ്റിക്ക് പൂനെ നഗരത്തിന്‍റെയും കന്‍റോണ്‍മെന്‍റിന്‍റെയും നഗരപ്രാന്തപ്രദേശങ്ങളുടെയും പ്ലേഗ് നിര്‍മ്മാര്‍ജ്ജനത്തിന്‍റെ സമ്പൂര്‍ണ ചുമതല ഗവണ്‍മെന്‍റ് ഏല്‍പ്പിച്ചു. പ്ലേഗ് കമ്മിറ്റി ഉടന്‍ തന്നെ എപിഡെമിക് ഡിസീസസ് ആക്ട് 1897 അനുസരിച്ചുള്ള ചട്ടങ്ങള്‍ രൂപീകരിച്ച് നടപ്പാക്കുവാന്‍ തുടങ്ങി. റാങ്ക് അനുസരിച്ച് അസിസ്റ്റന്‍റ് കളക്ടര്‍ മാത്രമായിരുന്ന റാന്‍ഡ് ഫലത്തില്‍ ചുരുങ്ങിയ കാലത്തേക്കെങ്കിലും പൂനെ നഗരത്തിന്‍റെയും പ്രാന്തപ്രദേശങ്ങളുടെയും പരമാധികാരിയായി മാറി. 

റാന്‍ഡിന്‍റെ വാക്കുകള്‍ തന്നെ കടമെടുത്തു പറഞ്ഞാല്‍ ''ഒരുപക്ഷേ, ഒരു മഹാമാരിയെ തുടച്ചുനീക്കാന്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ കൈക്കൊണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും കടുത്ത നടപടികളിലേക്ക്'' അദ്ദേഹം നീങ്ങി. പൂനെ നഗരത്തില്‍ പ്ലേഗിനെ അതിന്‍റെ മരണതാണ്ഡവം ആടിത്തീര്‍ക്കുവാന്‍ അനുവദിക്കില്ല എന്നും മഹാമാരിയെ നഗരത്തില്‍ നിന്നും തുടച്ചുനീക്കുമെന്നും റാന്‍ഡ് ഉറപ്പിച്ചു. 

നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്ലേഗ് ചികിത്സയ്ക്ക് വേണ്ടി പ്രത്യേക ആശുപത്രികള്‍ തുറന്നു. യൂറോപ്യന്‍മാര്‍ക്കും ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കും പാഴ്സികള്‍ക്കും പ്രത്യേക ആശുപത്രികളും പൊതുവായ ഒരു പ്ലേഗ് ആശുപത്രിയുമാണ് തുറന്നത്. പ്ലേഗ് സ്ഥിരീകരിച്ചതും സംശയിക്കപ്പെടുന്നതുമായ എല്ലാവരെയും ഈ ആശുപത്രികളിലേക്ക് മാറ്റണമെന്നത് നിര്‍ബന്ധമാക്കി. പ്ലേഗ് രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരെയും നിരീക്ഷണത്തിനായി സെഗ്രഗേഷന്‍ ക്യാമ്പുകളിലേക്ക് അയച്ചു. പ്ലേഗ് ബാധിച്ചു മരിച്ചവരുടെ വീടുകളിലെ എല്ലാവരും ഇത്തരം ക്യാമ്പുകളിലേക്ക് മാറണമെന്നത് നിര്‍ബന്ധമായിരുന്നു. 

വീടുവീടാന്തരം പരിശോധന നടത്തി രോഗികളെ കണ്ടുപിടിച്ച് ആശുപത്രികളിലേക്ക് മാറ്റുന്നതിനൊപ്പം അവര്‍ സ്പര്‍ശിച്ച സാധനങ്ങളെല്ലാം നശിപ്പിക്കുകയും ഭവനങ്ങളില്‍ അണുനശീകരണം നടത്തുകയും ചെയ്തു. ഇതോടൊപ്പം നഗരത്തിലെ തെരുവുകളിലും പൊതു ഇടങ്ങളിലും ശുചീകരണവും അണുനശീകരണവും ആരംഭിച്ചു. ഈ നടപടികള്‍ കര്‍ശനമായി നടപ്പാക്കുന്നതിന് പൂനെ നഗരത്തിലും പരിസരങ്ങളിലും വിന്യസിച്ചിരുന്ന ബ്രിട്ടീഷ് പട്ടാളത്തിന്‍റെ വിവിധ വിഭാഗങ്ങളില്‍ നിന്ന് സ്വയം സന്നദ്ധരായി മുന്നോട്ടു വന്നവരുടെ ഒരു പ്രത്യേക സേനാദളം രൂപീകരിച്ചു. 

ബ്രിട്ടീഷുകാരും തദ്ദേശീയരുമായി 893 ഓഫീസര്‍മാരും സൈനികരും ഈ പ്ലേഗ് നിവാരണസേനയില്‍ പ്രവര്‍ത്തിക്കുവാന്‍ മുന്നോട്ടുവന്നു. ഡര്‍ഹാം ലൈറ്റ് ഇന്‍ഫന്‍ട്രിയുടെ (Durham Light Infantry) മേജര്‍ പാഗറ്റിനെ കമാന്‍ഡറായി നിയമിച്ചു. റാന്‍ഡിന്‍റെ മേല്‍നോട്ടത്തിലായിരുന്നു സേനയുടെ പ്രവര്‍ത്തനം.

പക്ഷേ, കാര്യങ്ങള്‍ മുന്നോട്ടു നീങ്ങിയപ്പോള്‍ പട്ടാളസഹായത്തോടെയുള്ള പ്ലേഗ് നിവാരണ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ ഇടയില്‍ രോഗത്തേക്കാള്‍ കൂടുതല്‍ കൂടുതല്‍ ഭീതി പടര്‍ത്തി. ജനങ്ങളുടെ ജാതീയവും മതപരവുമായ ആചാരങ്ങളും ശീലങ്ങളും കണക്കിലെടുക്കാതെയുള്ള നടപടികള്‍ ശക്തമായ എതിര്‍പ്പിനു കാരണമായി. ഗവണ്‍മെന്‍റ് ആശുപത്രികളിലേക്കും സെഗ്രഗേഷന്‍ ക്യാമ്പുകളിലേക്കും പോകാന്‍ ആളുകള്‍ക്കുള്ള മടിയും പേടിയും ബലപ്രയോഗത്തിലൂടെ പരിഹരിക്കാനുള്ള സര്‍ക്കാരിന്‍റെ ശ്രമം എതിര്‍പ്പിനെ കൂടുതല്‍ രൂക്ഷമാക്കി. 

റാന്‍ഡിന്‍റെ പട്ടാളക്കാരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും രോഗം സംശയിക്കുന്നവരെ സ്ത്രീപുരുഷഭേദമന്യേ വിവസ്ത്രരാക്കി പരിശോധിച്ചു. അവരുടെ അടിവയറ്റിലും കക്ഷങ്ങളിലും ബ്യൂബോണിക് പ്ലേഗിന്‍റെ ലക്ഷണങ്ങള്‍ നോക്കി. രോഗമുള്ളവരെ ബലമായി ആശുപത്രികളിലേക്ക് നീക്കി. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ബന്ധുക്കളെയും മറ്റ് ആളുകളെയും ബലമായി ക്വാറന്‍റൈനിലാക്കി. 

രോഗികളുടെ വസ്ത്രങ്ങളും അവര്‍ സ്പര്‍ശിച്ച വസ്തുക്കളും ചിലപ്പോള്‍ വീടുകള്‍ പോലും തീയിട്ടു നശിപ്പിച്ചു. പലപ്പോഴും രോഗമില്ലാത്തവരെ വെറും സംശയത്തിന്‍റെ പേരില്‍ ആശുപത്രികളിലേക്കും ക്യാമ്പുകളിലേക്കും മാറ്റി.  അവിടെ അവര്‍ രോഗം ബാധിച്ചു മരിച്ചു. 

ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ നടപടികള്‍ക്കെതിരെ ജനരോഷം ആളിക്കത്തി. ലോകമാന്യതിലക് തന്‍റെ പത്രങ്ങളായ 'കേസരി'യെയും 'മറാഠ'യെയും പൊതുജനരോഷത്തിന്‍റെ തീനാവുകളാക്കി മാറ്റി. റാന്‍ഡിനെ വൈദേശിക ഭീകര ഭരണത്തിന്‍റെ പ്രത്യക്ഷമുഖമായി ജനങ്ങള്‍ കാണുവാന്‍ തുടങ്ങി. 

പട്ടാളക്കാര്‍ ഗൃഹപരിശോധനക്കിടയില്‍ പൂജാമുറികളില്‍ പ്രവേശിക്കുന്നുവെന്നും വിഗ്രഹങ്ങള്‍ തകര്‍ക്കുന്നു എന്നുമുള്ള വാര്‍ത്തകള്‍ നഗരത്തില്‍ പ്രചരിച്ചു. ബ്രിട്ടീഷ് പട്ടാളക്കാര്‍ രണ്ട് സ്ത്രീകളെ മാനഭംഗപ്പെടുത്തി എന്നും അവരിലൊരാള്‍ ആത്മഹത്യ ചെയ്തു എന്നുമുള്ള വാര്‍ത്ത കൂടി പ്രചരിച്ചതോടെ സ്ഥിതിഗതികള്‍ അതീവസ്ഫോടനാത്മകയായി. (സ്ത്രീകളുടെ മാന്യതയെ ലംഘിക്കുന്ന തരത്തില്‍ പട്ടാളക്കാര്‍ പെരുമാറിയതായി തനിക്കു യാതൊരുവിധ പരാതികളും ലഭിച്ചിട്ടില്ല എന്ന് റാന്‍ഡ് തന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.) നഗരവാസികളായ ദാമോദര്‍ ഹരി, വാസുദേവ ഹരി, ബാലകൃഷ്ണ ഹരി എന്നീ പേരുകളുള്ള ചപ്പേക്കര്‍ സഹോദരന്മാര്‍ എല്ലാ അതിക്രമങ്ങള്‍ക്കും ഉത്തരവാദി എന്ന നിലയില്‍ റാന്‍ഡിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. 

ചിത്പാവന്‍ (കൊങ്കണസ്ഥ) ബ്രാഹ്മണസമുദായത്തില്‍ പെട്ടവരായിരുന്നു ചപേക്കര്‍ സഹോദരന്മാര്‍. ബ്രിട്ടീഷുകാര്‍ക്ക് മുമ്പ് പൂനെ കേന്ദ്രമാക്കി മറാഠാ സാമ്രാജ്യത്തെ അടക്കിവാണിരുന്ന പേഷ്വാമാരും അവരുടെ ഭരണസംവിധാനത്തിന്‍റെ താക്കോല്‍ സ്ഥാനങ്ങള്‍ വഹിച്ചിരുന്നവരും ചിത്പാവന്‍ ബ്രാഹ്മണരായിരുന്നു. ബ്രിട്ടീഷ് അധിനിവേശത്തോടെ ചിത്പാവന്‍ ബ്രാഹ്മണരുടെ രാഷ്ട്രീയാധികാരം നഷ്ടമാവുകയും അവര്‍ക്ക് സാമൂഹ്യമായും സാമ്പത്തികമായും ക്ഷീണാവസ്ഥ ഉണ്ടാവുകയും ചെയ്തു. പക്ഷേ, ചിത്പാവന്‍ ബ്രാഹ്മണരില്‍ ഒരു വിഭാഗം ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുകയും നവീന പുരോഗമന ആശയങ്ങളിലും ശാസ്ത്രസാങ്കേതിക മുന്നേറ്റങ്ങളില്‍ ആകൃഷ്ടരാകുകയും ചെയ്തു. ബാലഗംഗാധരതിലകിന്‍റെയും ഗോപാലകൃഷ്ണ ഗോഖലയുടെയും നേതൃത്വത്തില്‍ സാമ്രാജ്യത്വത്തിനെതിരെ ദേശീയപ്രസ്ഥാനം പടുത്തുയര്‍ത്തുന്നതിനു മുന്നോട്ടുവന്നു. പക്ഷേ, പേഷ്വാഭരണത്തിന്‍റെ അസ്തമയത്തില്‍ മനംനൊന്തു വിലപിക്കുകയും നഷ്ടമായ സാമൂഹ്യ രാഷ്ട്രീയ നേതൃത്വം അപ്പടി പുനസ്ഥാപിക്കണമെന്നാഗ്രഹിക്കുകയും ചെയ്ത പ്രതിലോമകാരികളും സക്രിയമായിരുന്നു. ഇത്തരക്കാര്‍ പൂനെയിലും മഹാരാഷ്ട്രയിലെ മറ്റുനഗരങ്ങളിലും ചെറുസംഘടനകളുണ്ടാക്കി സാമൂഹ്യരാഷ്ട്രീയ മണ്ഡലങ്ങളില്‍ സജീവമായി ഇടപെട്ടു പ്രവര്‍ത്തിച്ചുവന്നു. ചപേക്കര്‍ ക്ലബ്ബ് എന്നറിയപ്പെട്ട സംഘത്തിലെ നേതാക്കന്മാരും സജീവപ്രവര്‍ത്തകരും ആയിരുന്നു ചപേക്കര്‍ സഹോദരന്മാര്‍. 

പൂനെയുടെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളില്‍ യാഥാസ്ഥിതികതയുടെയും നവീനാശയങ്ങളുടെയും സംഘര്‍ഷം പലതലങ്ങളിലുമായി നടന്നിരുന്ന കാലമായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അന്ത്യദശകങ്ങള്‍. ലോകമാന്യതിലകായിരുന്നു രാഷ്ട്രീയമണ്ഡലത്തിലെ മുഖ്യചാലകന്‍. പലപ്പോഴും യാഥാസ്ഥിതിക വിഭാഗങ്ങളെ പ്രീതിപ്പെടുത്തുന്ന നിലപാടെടുത്ത അദ്ദേഹം പക്ഷേ പഴയകലത്തേക്കുള്ള തിരിച്ചുപോക്ക് അസാധ്യമാണെന്ന് തിരിച്ചറിഞ്ഞു. പൊതുജനരാഷ്ട്രീയം പൌരാവകാശം, ജനാധിപത്യം തുടങ്ങിയ നവീനാശയങ്ങളിലാണ് ഭാരതത്തിന്‍റെ ഭാവി എന്നദ്ദേഹം നിസ്സംശയം വിശ്വസിച്ചു. പക്ഷേ, ഈ ഭാവിയിലേക്കെത്തുവാന്‍ ആദ്യമായി വൈദേശികാധിപത്യത്തില്‍ നിന്ന് മോചനം നേടേണ്ടതുണ്ട്. അതിനുവേണ്ടിയുള്ള സമരത്തില്‍ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പിക്കുവാന്‍ അദ്ദേഹം ഹൈന്ദവ ആശയങ്ങളേയും ഹിന്ദുബിംബങ്ങളെയും പ്രയോജനപ്പെടുത്തി. 

സമാന്തരമായി ശക്തമായ മറ്റൊരു മുന്നേറ്റവും പൂനെയിലെ മതസാമൂഹ്യമണ്ഡലങ്ങളില്‍ ഇതേസമയം നടക്കുന്നുണ്ടായിരുന്നു. പിന്നോക്ക സമുദായത്തില്‍ ജനിച്ച 'മാഹാത്മാ' ജ്യോതിബാ ഫൂലെയും അദ്ദേഹത്തിന്‍റെ പത്നി സാവിത്രി ബായി ഫൂലെയും സാമൂഹ്യ പരിഷ്കരണത്തിന്‍റെ പുതിയൊരു പാത തെളിയിച്ചെടുത്തു. ജാതിവിരുദ്ധ സമരം, തൊട്ടുകൂടായ്മക്കെതിരെയുള്ള സമരം, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, വിധവകളുടെ വിവാഹം, യുക്തിചിന്തയുടെ പ്രോത്സാഹനം തുടങ്ങി ജ്യോതിബാ-സാവിത്രിബായി ഫൂലെമാരുടെ പ്രവര്‍ത്തനങ്ങള്‍ അനവധിയാണ്. സാമൂഹ്യവിപ്ലവത്തിന് തിരി കൊളുത്തിയ ഈ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഇടയില്‍ പ്രത്യാശയുടെ കിരണങ്ങള്‍ വീഴ്ത്തിയപ്പോള്‍ സവര്‍ണ യാഥാസ്ഥിതികരുടെ ഇടയില്‍ ആശങ്കയും അസ്വസ്ഥതയും സൃഷ്ടിച്ചു. ഇത്തരം സാമൂഹ്യപരിഷ്കരണ ശ്രമങ്ങള്‍ക്ക് ബ്രിട്ടീഷ് ഭരണത്തിലെ ചിലര്‍ നല്‍കിയ പിന്തുണ സനാതനധര്‍മ്മത്തിനെതിരെയുള്ള ആക്രമണമായി സാഥാസ്ഥിതികര്‍ വ്യാഖ്യാനിച്ചു. 

ഈ സാമൂഹ്യ രാഷ്ട്രീയ പിരിമുറുക്കങ്ങള്‍ക്ക് ആക്കം കൂട്ടിയ ഒന്നായിരുന്നു ഇമ്പീരിയല്‍ ലജിസ്ലേറ്റീവ് കൌണ്‍സില്‍. 1891 -ല്‍ പാസാക്കിയ സമ്മതി വയസ്സിന്‍റെ നിയമം (Age of consent bill). ഈ നിയമമനുസരിച്ച് ഒരു പെണ്‍കുട്ടിക്ക് ലൈംഗികബന്ധത്തിന് സമ്മതം നല്‍കുവാന്‍ കഴിയുന്ന കുറഞ്ഞ പ്രായം പത്തില്‍ നിന്ന് 12 ആയി ഉയര്‍ത്തി. ശൈശവവിവാഹങ്ങളെ എതിര്‍ത്തിരുന്ന സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍  ഈ നിയമത്തെ പിന്തുണച്ചു യാഥാസ്ഥിതികര്‍ ഇതിനെ ഹിന്ദു ആചാരങ്ങളുടെ മേലുള്ള സര്‍ക്കാരിന്‍റെ കടന്നുകയറ്റമായിക്കണ്ട് ശക്തമായി എതിര്‍ത്തു. തിലക് യാഥാസ്ഥിതിക പക്ഷത്തുനിന്നുകൊണ്ട് തന്‍റെ പത്രങ്ങളായ കേസരിയിലൂടെയും മറാഠയിലൂടെയും ഈ നിയമത്തിനെതിരെ പൊതുജനവികാരം ഉണര്‍ത്താന്‍ പരിശ്രമിച്ചു. 

സ്ഫോടനാത്മകമായ ഈ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് പ്ലേഗിന്‍റെ ആഗമനം. ദേശീയവാദി രാഷ്ട്രീയ വിഭാഗങ്ങളെ അവഗണിച്ചുകൊണ്ട് രോഗനിവാരണത്തിനുള്ള ഏകപക്ഷീയമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോയി. പ്ലേഗ് നിയന്ത്രണത്തിന് സര്‍ക്കാര്‍ ജനങ്ങളുടെ ഇടയില്‍ കര്‍ക്കശനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും അവ നടപ്പാക്കുന്നതിന് പട്ടാളത്തെ ഇറക്കിയതും ജനവിരുദ്ധ നടപടികളായി ദേശീയവാദികള്‍ കണ്ടു. തിലക് 'മറാഠാ'യില്‍ ഇങ്ങനെ എഴുതി. ''പ്ലേഗ് രോഗം, ഈ നഗരത്തെ ഭരിക്കുന്ന അതിന്‍റെ മനുഷ്യരൂപത്തെക്കാള്‍ നമ്മോട് കരുണയുള്ളതാണ്. മാന്യന്മാരെ സ്വച്ഛമായി ശ്വാസോച്ഛ്വോസം പോലും ചെയ്യാന്‍ അനുവദിക്കാത്ത തരത്തിലുള്ള സര്‍വാധിപത്യമാണ് പ്ലേഗ് കമ്മിറ്റിയും അതിന്‍റെ അധികാരികളും നടത്തുന്നത്.'' ബ്രിട്ടീഷ് രാജ്ഞിക്കയച്ച നിവേദനത്തില്‍ തിലക് ഇപ്രകാരം പ്രസ്താവിച്ചു, ''....ഈ ചുമതല നിര്‍വഹിക്കാനുള്ള ഉത്തരവാദിത്വം റാന്‍ഡിനെപ്പോലെ ഇരുണ്ട കാഴ്ചപ്പാടുള്ള അധികാര പ്രമത്തതയുള്ള ഒരു ഓഫീസറെ ഏല്‍പ്പിക്കരുതായിരുന്നു.''

ഇന്ത്യയിലെമ്പാടും മനുഷ്യജീവന്‍ പ്ലേഗിന്‍റെ ഭീഷണിയില്‍ ഭയന്നു നിന്നപ്പോഴും സാമ്രാജ്യത്വ ഭരണകൂടം അതിന്‍റെ ആഘോഷങ്ങളും ആഡംബരങ്ങളുമായി മുന്‍പോട്ടുപോയി. വിക്ടോറിയാ രാജ്ഞിയുടെ വാഴ്ചയുടെ വജ്രജൂബിലി ആഘോഷങ്ങള്‍ 1897 ജൂണ്‍ 22 -ന് പൂനെയില്‍ നടത്തുവാന്‍ ബ്രിട്ടീഷ് ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 

ഇപ്പോള്‍ പൂനെ യൂനിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലറുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടം അന്ന് ബ്രിട്ടീഷ് ഭരണത്തിന്‍റെ കേന്ദ്രമായ ഗവ. ഹൌസ് ആയിരുന്നു. കോട്ട-കൊട്ടാരം ശൈലിയിലുള്ള ഈ കെട്ടിടത്തിലാണ് ആഘോഷ പരിപാടികള്‍ നടന്നത്. ഈ ആഘോഷങ്ങളില്‍ പങ്കെടുക്കുമ്പോള്‍ റാന്‍ഡിനെ വധിക്കുവാന്‍ ചാപേക്കര്‍ സഹോദരന്മാര്‍ പദ്ധതിയിട്ടു. മൂത്ത സഹോദരന്മാരായ ദാമോദര്‍ ഹരിയും ബാലകൃഷ്ണ ഹരിയും ഗവണ്‍മെന്‍റ് ഹൌസിലേക്ക് പോകുന്ന ഗണേശ് ഖിന്‍ഡ് റോഡില്‍ (ഇപ്പോഴത്തെ യൂണിവേഴ്സിറ്റി റോഡ്) തോക്കുകളും വാളുകളുമായി കാത്തുനിന്നു. 

സന്ധ്യാസമയത്ത് റാന്‍ഡിനെ വഹിച്ചുകൊണ്ടുള്ള കുതിരവണ്ടി പുറത്തേക്ക് വന്നപ്പോള്‍ ദാമോദര്‍ ഹരി, റാന്‍ഡിനു നേരെ വെടിയുതിര്‍ത്തു. ഈ സമയം ബാലകൃഷ്ണ ഹരി തൊട്ടുപിന്നാലെയുള്ള വണ്ടിയിലുണ്ടായിരുന്ന റാന്‍ഡിന്‍റെ മിലിട്ടറി എസ്കോര്‍ട്ടായ ലഫ്റ്റനന്‍റ് അയേര്‍ഴ്സ്റ്റിനെ തല്‍സമയം വെടിവെച്ചുകൊന്നു. വേടിയേറ്റ റാന്‍ഡിനെ പൂനെയിലെ ഡേവിഡ് സസ്സൂണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പത്തു നാളുകള്‍ക്കകം മരിച്ചു. 

ദാമോദര്‍ ഹരി ഉടന്‍ അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും ബാലകൃഷ്ണ ഹരി രക്ഷപ്പെട്ടു. ദാമോദര്‍ ഹരി പൊലീസിനോട് പറഞ്ഞത് പ്ലേഗ് സമയത്ത് പൂജാമുറികളുടെ വിശുദ്ധി കളങ്കപ്പെടുത്തുകയും വിഗ്രഹങ്ങള്‍ ഉയക്കുകയും ചെയ്ത യൂറോപ്യന്‍ പട്ടാളക്കാരുടെ പ്രവൃത്തികള്‍ക്ക് റാന്‍ഡ് ഉത്തരവാദിയാണ് എന്നാണ്. 

ബാലകൃഷ്ണഹരിയെ 1899 ഫെബ്രുവരി ഒമ്പതിന് പൊലീസ് അറസ്റ്റ് ചെയ്തു. ബാലകൃഷ്ണയെ ഒറ്റിക്കൊടുത്ത ദ്രാവിഡ് സഹോദരന്മാരെ ചപേക്കര്‍ സഹോദരന്മാരില്‍ ഇളയവനായ വസുദേവ് ഹരിയും കൂട്ടാളികളും കൂടി വെടിവെച്ചുകൊന്നു. പൊലീസ് ചീഫ് കോണ്‍സ്റ്റബിളിനെ വെടിവെച്ചു വീഴ്ത്താനുള്ള ശ്രമത്തിനിടയില്‍ അവര്‍ പിടിപ്പിക്കപ്പെട്ടു. ചപേക്കര്‍ സഹോദരന്മാരെ മൂന്നുപേരെയും 1899 -ല്‍ തൂക്കിലേറ്റി. 

റാന്‍ഡ് വധത്തിനുശേഷം ബ്രിട്ടീഷ് ഗവണ്‍മെന്‍റ് ദേശീയവാദികളെ വേട്ടയാടി. ബാലഗംഗാധര തിലക് ഉള്‍പ്പടെ പല നേതാക്കളെയും രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ ചെയ്തു. തിലകിനെ 18 മാസത്തെ കഠിനതടവിനു ശിക്ഷിച്ചു. തിലക് ദേശീയ രാഷ്ട്രീയത്തിലെ സമുന്നത നേതാവായി ഉയര്‍ന്നു. 

ചപേക്കര്‍ സഹോദരന്മാര്‍ തീവ്രവാദ ദേശീയതയുടെ ആരാധനാബിംബങ്ങളായി മാറി. ദാമോദര്‍ സവര്‍ക്കറപ്പോലുള്ളവര്‍ അവരില്‍ നിന്ന് ആവേശമുള്‍ക്കൊണ്ടു. രാജ്യമെമ്പാടും വിപ്ലവയുവജനസംഘങ്ങള്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെ ഉയര്‍ന്നുവരാനും റാന്‍ഡ് വധം കാരണമായി. 

റാന്‍ഡ് വധത്തിനു പശ്ചാത്തലമായി നിന്ന ബ്രിട്ടീഷ് ഭരണസംവിധാനത്തിന്‍റെ പൂനെയിലെ കേന്ദ്രസ്ഥാനമായിരുന്ന ഗവണ്‍മെന്‍റ് ഹൌസ് ഇന്ന് പൂനെ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനമാണ്. 2014 -ല്‍ മഹാരാഷ്ട്ര ഗവണ്‍മെന്‍റ് ഈ യൂണിവേഴ്സിറ്റിയെ സാവിത്രിബായി ഫൂലെയുടെ പേരില്‍ പുനര്‍നാമകരണം ചെയ്തു. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും സാമൂഹ്യപരിവര്‍ത്തനത്തിനും വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ച ആ മഹതി ത്യാഗനിര്‍ഭരമായ മനുഷ്യസ്നേഹത്തിന്‍റെ മൂര്‍ത്തരൂപമാണെന്ന് പ്ലേഗ് തെളിയിച്ചു. 

പ്ലേഗ് പൂനെ നഗരത്തെ കീഴടക്കിയപ്പോള്‍ സാവിത്രിബായിയും അവരുടെ വളര്‍ത്തുമകന്‍ ഡോ. യശ്വന്തറാവുവും തങ്ങളുടെ സേവനം രോഗബാധിതര്‍ക്ക് സമര്‍പ്പിച്ചു. രോഗബാധിതരായ എല്ലാവരെയും ജാതിഭേദമില്ലാതെ ചികിത്സിക്കുന്ന ഒരു ക്ലിനിക്ക് തുറക്കുവാന്‍ സാവിത്രിബായി മകനോട് ആവശ്യപ്പെട്ടു. ഡോ. യശ്വന്തറാവു തന്‍റെ ക്ലിനിക് നഗരത്തിന്‍റെ പ്രാന്തപ്രദേശത്ത് ഹഡപ്സര്‍ എന്ന സ്ഥലത്ത് ആരംഭിച്ചു. പ്ലേഗ് ബാധിച്ച് അവശനായ 10 വയസ്സുള്ള ഒരു ദളിത് ബാലനെ സാവിത്രിബായി സ്വന്തം കൈകളിലെടുത്ത് ഈ ക്ലിനിക്കിലേക്ക് കൊണ്ടുവന്നു. കുട്ടിയുടെ രോഗം ഭേദമായെങ്കിലും സാവിത്രിബായിയിലേക്ക് പടര്‍ന്ന പ്ലേഗ് അവരെ കീഴ്പ്പെടുത്തി. ആ മഹതി 1897 മാര്‍ച്ച് 10 -ന് മരണത്തിന് കീഴടങ്ങി. 

1905 -ല്‍ അഹമ്മദ് നഗറില്‍ പ്ലേഗ് പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അവിടെ സേവനത്തിനുപോയ ഡോ. യശ്വന്തറാവു ഫൂലെയും പ്ലേഗ് ബാധിതനായി മരിച്ചു. 

മഹാമാരികള്‍ മനുഷ്യന്‍റെ കൃത്രിമവ്യത്യസ്ഥതകളെ അംഗീകരിക്കുന്നില്ല. ദേശീയ അതിര്‍ത്തികളെയോ മതരാഷ്ട്രീയ ചേരിതിരിവുകളെയോ അവ മാനിക്കുന്നില്ല. ജാതിമതഭേദമില്ലാതെ, കക്ഷിരാഷ്ട്രീയവ്യത്യാസമില്ലാതെ രോഗം എല്ലാവരെയും അക്രമിക്കുന്നു. സമ്പന്നനും ദരിദ്രനും പണ്ഡിതനും പാമരനും സ്വദേശിയും വിദേശിയും ഒരുപോലെ രോഗത്തിന് ഇരകളാകുന്നു. കൃത്രിമ വ്യത്യാസങ്ങള്‍ മറന്ന് ഒരുമയോടെയും ശാസ്ത്രീയബോധത്തോടെയും സമൂഹം ഒറ്റക്കെട്ടായി പോരാടുമ്പോള്‍ രോഗം ചെറുക്കപ്പെടുന്നു. 

പക്ഷേ, പത്തൊമ്പതാം നൂറ്റാണ്ടിനു തിരശ്ശീല വീണുകൊണ്ടിരുന്ന സന്ദര്‍ഭത്തില്‍ പൂനെയിലുണ്ടായ പ്ലേഗ് ആക്രമണം സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മില്‍ നടന്ന സമൂഹ്യ രാഷ്ട്രീയ അധികാര മത്സരങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ് ചെയ്തത്. പക്ഷേ, അപ്പോഴും ചിലര്‍ സ്വപ്രയത്നം മുഴുവന്‍ രോഗബാധിതര്‍ക്ക് വേണ്ടി മാറ്റിവയ്ക്കുവാനും സ്വന്തം ജീവന്‍ തന്നെ ത്യജിക്കുവാനും തയ്യാറായി മുന്നോട്ടുവന്നു. 

(ലേഖകന്‍ പൂനെ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഭൌതികശാസ്ത്രത്തില്‍ പിഎച്ച്ഡി എടുത്തു. ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമിയുടെ പിന്തുണയോടെ ഭാരതത്തിലെ കലനശാസ്ത്രത്തിന്‍റെ ആരംഭത്തെ കുറിച്ച് പോസ്റ്റ് ഡോക്ടറല്‍ ഗവേഷണം നടത്തി. ശാസ്ത്രചരിത്രത്തില്‍ ഗവേഷണം തുടരുന്നു.)
 

Follow Us:
Download App:
  • android
  • ios