Asianet News MalayalamAsianet News Malayalam

13 -ാം വയസിൽ പെൺകുട്ടികളെ പഠിപ്പിക്കാനിറങ്ങിയ സ്ത്രീ, സ്വാതന്ത്ര്യത്തിനും അവകാശത്തിനും പോരാടിയ ഫെമിനിസ്റ്റ്

1921 -ൽ ചന്ദ്രപ്രഭ നിസ്സഹകരണ പ്രസ്ഥാനത്തിൽ ചേർന്നു. അസമിലെ സ്ത്രീകളെ അണിനിരത്തുന്നതിനായി പ്രവർത്തിച്ചു. 1926 -ൽ അവർ ആരംഭിച്ച അസംപ്രദേശ് മഹിള സമിതി സ്ഥാപിക്കുന്നതിന് ഇത് വഴിയൊരുക്കി.

Chandraprabha Saikiani social activist life
Author
Assam, First Published Mar 28, 2021, 3:33 PM IST

വർഷം 1925 ആണ്, സ്ത്രീകളെ പഠിപ്പിക്കുന്നതിന്റെ പ്രാധാന്യം ചർച്ച ചെയ്യുന്നതിനായി അസം സാഹിത്യസഭ ആസാമിലെ നാഗോൺ ജില്ലയിൽ ഒരു സെഷൻ നടത്തുന്നു. കോൺഫറൻസിൽ പങ്കെടുക്കുന്നത് പുരുഷന്മാരും സ്ത്രീകളുമാണ്. പക്ഷേ, അവരെ മുളയിൽ നിന്ന് നിർമ്മിച്ച പലക കൊണ്ട് വേർതിരിച്ചിരിക്കുന്നു. അതിന് പിന്നിലാണ് സ്ത്രീകൾ ഇരിക്കുന്നത്. വലിയ വിരോധാഭാസം തന്നെ അല്ലേ? പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള അന്തരം ഇല്ലാതെയാക്കാനും തുല്യത ചര്‍ച്ച ചെയ്യാനും വിളിച്ച യോഗത്തിലാണ് ഇത്തരം ഒരു വേര്‍തിരിവ്. എന്നാല്‍, സമ്മേളനത്തിൽ പങ്കെടുത്ത ഒരു സ്ത്രീ ഇത് ശ്രദ്ധിച്ചു. അവൾ മൈക്കിനടുത്തെത്തി, സ്ത്രീകളോട് ആ തടസ്സം നീക്കി പുരുഷന്മാർക്കൊപ്പം തന്നെ ഇരിക്കാൻ പറയുന്നു. ആ മുളകൊണ്ടുള്ള തടസം തകര്‍ന്നടിയുകയും സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ഇരിക്കുകയും അന്തരം ഇല്ലാതെയാവുകയും ചെയ്യുന്നു. 

മൈക്കെടുത്ത് സ്ത്രീകളോട് പുരുഷന്മാര്‍ക്ക് തുല്യമായി ഇരിക്കാന്‍ പറഞ്ഞ ആ സ്ത്രീയാണ് ചന്ദ്രപ്രഭ സൈകിയാനി. സാമൂഹിക പ്രവര്‍ത്തകയായിരുന്ന ചന്ദ്രപ്രഭ തന്‍റെ ജീവിതം മുഴുവനും പ്രവര്‍ത്തിച്ചത് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവര്‍ക്കര്‍ഹമായ അവകാശങ്ങള്‍ക്ക് വേണ്ടിയാണ്. അതിനേക്കാള്‍ പ്രക്ഷുബ്ധമായിരുന്നു അവരുടെ ജീവിതവും. അത് തന്നെയാണ് അവര്‍ക്ക് കരുത്തായതും. 

1901 -ൽ ആസാമിലെ കമ്രൂപ് ജില്ലയിലെ ഡെയ്‌സിംഗരിയിലാണ് ചന്ദ്രപ്രഭ ജനിച്ചത്. അവളുടെ പിതാവ് റിതാരം മസുംദാർ ഗ്രാമത്തലവനായിരുന്നു. അദ്ദേഹത്തിനും ഭാര്യ ഗംഗാപ്രിയയ്ക്കും ഉണ്ടായിരുന്ന 11 മക്കളിൽ ഏഴാമത്തെയായിരുന്നു അവൾ. വിദ്യാഭ്യാസത്തിൽ ഉറച്ച വിശ്വാസമുള്ള റിതാരം തന്റെ പെൺമക്കളെ ജോലിചെയ്യാനും കഠിനമായി പഠിക്കാനും പ്രേരിപ്പിച്ചു. സഹോദരി രാജനിപ്രഭയ്‌ക്കൊപ്പം, അരയ്ക്കൊപ്പം ആഴത്തില്‍ വരുന്ന ചെളിവെള്ളത്തിലൂടെ എല്ലാ ദിവസവും അടുത്തുള്ള ആൺകുട്ടികളുടെ സ്‌കൂളിൽ പഠിക്കാന്‍ പോകുമായിരുന്നു അവളും. കാരണം സമീപത്ത് പെൺകുട്ടികളുടെ സ്‌കൂൾ ഇല്ലായിരുന്നു.

അകായ ഗ്രാമത്തിൽ ഒരു ഗേൾസ് സ്‍കൂൾ സ്ഥാപിക്കുന്നതിനായി നിരവധി പെൺകുട്ടികളെ തന്റെ ചിറകിനടിയിൽ കൊണ്ടുവന്നപ്പോൾ അവൾക്ക് പ്രായം വെറും 13 വയസ് മാത്രമായിരുന്നു. പെൺകുട്ടികൾ ഒരു ഷെഡ്ഡിലിരുന്നാണ് പഠിച്ചത്. സ്‍കൂളിൽ നിന്ന് താൻ നേടിയ അറിവ് ചന്ദ്രപ്രഭ അവര്‍ക്ക് പകര്‍ന്നു നൽകും. സ്‌കൂൾ സബ് ഇൻസ്‌പെക്ടറായ നീൽകന്ത ബറുവ എന്നയാൾ ചന്ദ്രപ്രഭയെ കണ്ടു. അവളുടെ സമർപ്പണത്താൽ പ്രചോദിതയായ അദ്ദേഹം അവർക്കും രജനിപ്രഭയ്ക്കും നാഗോൺ മിഷൻ സ്കൂളിൽ പഠിക്കാൻ സ്കോളർഷിപ്പ് നൽകി. രജനിപ്രഭ പിന്നീട് അസമിലെ ആദ്യത്തെ വനിതാ ഡോക്ടറായി.

ഹിന്ദു-ക്രിസ്ത്യൻ വിദ്യാർത്ഥികളും തമ്മിൽ  മിഷൻ സ്കൂളിൽ വ്യക്തമായ വേർതിരിവ് ഉണ്ടെന്ന് ചന്ദ്രപ്രഭ കണ്ടെത്തി. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാത്ത പക്ഷം പെൺകുട്ടികൾക്ക് ഹോസ്റ്റലുകളിൽ തുടരാൻ അനുവാദമുണ്ടായിരുന്നില്ല. അതിനാൽ ഹോസ്റ്റലിൽ ഹിന്ദു വിദ്യാർത്ഥികളെ ഉൾപ്പെടുത്താൻ അവളുടെ നിരന്തരമായ ശ്രമങ്ങൾ ആരംഭിച്ചു. അവളുടെ ശ്രമങ്ങൾ വിജയിച്ചതായി തെളിഞ്ഞു, ക്രിസ്ത്യാനിറ്റിലേക്ക് പരിവർത്തനം ചെയ്യാൻ നിർബന്ധിക്കാതെ പെൺകുട്ടികളെ ഹോസ്റ്റലിൽ താമസിക്കാന്‍ അധികൃതര്‍ അനുവദിച്ചു.

പതിനേഴാം വയസ്സിൽ, കറുപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യാൻ അവർ ചുമതലയേറ്റു. അക്കാലത്ത്, പൊതുസമ്മേളനത്തിൽ സംസാരിക്കുന്ന ഒരു സ്ത്രീ, ശക്തമായ അഭിപ്രായം പ്രകടിപ്പിക്കുന്ന സ്ത്രീ ഇവരൊക്കെ വളരെ കുറവായിരുന്നു. അവരുടെ അഭിപ്രായത്തെ സമൂഹം വെറുക്കുകയും അവഗണിക്കുകയും ചെയ്തിരുന്നു. ജാതിവ്യവസ്ഥയും അവളെ വല്ലാതെ വേദനിപ്പിച്ചു. അങ്ങനെ, ജാതി, ലിംഗഭേദം, മതം എന്നിവ നോക്കാതെ എല്ലാവർക്കുമായി പുരാതന ഹജോ ഹയാഗ്രിവ മാധവ് ക്ഷേത്രത്തിന്റെ വാതിലുകൾ തുറന്നു നല്‍കുന്നതിനു വേണ്ടി അവൾ പ്രവർത്തിച്ചു.

Chandraprabha Saikiani social activist life

1921 -ൽ ചന്ദ്രപ്രഭ നിസ്സഹകരണ പ്രസ്ഥാനത്തിൽ ചേർന്നു. അസമിലെ സ്ത്രീകളെ അണിനിരത്തുന്നതിനായി പ്രവർത്തിച്ചു. 1926 -ൽ അവർ ആരംഭിച്ച അസംപ്രദേശ് മഹിള സമിതി സ്ഥാപിക്കുന്നതിന് ഇത് വഴിയൊരുക്കി. ഏതാണ്ട് നൂറു വർഷങ്ങൾ പിന്നിട്ടിട്ടും പ്രവർത്തിക്കുന്ന ഈ സംഘടന സ്ത്രീകളുടെ വിദ്യാഭ്യാസം, ബാലവിവാഹം തടയൽ, തൊഴിൽ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന്റെ ചുമതല ഏറ്റെടുത്തു. സ്ത്രീകൾക്കായി, കൈത്തറി, കരകൗശല വസ്തുക്കൾ എന്നിവയ്ക്ക് പ്രാധാന്യം നൽകി ഈ സംഘടന. ഇത് അസമിലെ ആദ്യത്തെ സംഘടിത വനിതാ പ്രസ്ഥാനം കൂടിയായിരുന്നു, ഇന്നും ചന്ദ്രപ്രഭ മുന്നോട്ടുവച്ച ആശയങ്ങൾ അത് പിന്തുടരുന്നു. ഏഴ് വർഷത്തോളം മഹിളാ സമിതിയുടെ മാസികയായ അഭിജാത്രിയുടെ പത്രാധിപരും ഒപ്പം എഴുത്തുകാരിയും ആയിരുന്നു അവർ. പിത്രിഭിത (പിതൃ ഭവനം) (1937), സിപാഹി ബിദ്രോഹത് (ശിപായി ലഹള), ദില്ലിർ സിംഹാസൻ (ദില്ലിയിലെ സിംഹാസനം) തുടങ്ങി നിരവധി പുസ്തകങ്ങൾ അവരുടേതായി പ്രസിദ്ധീകരിക്കപ്പെട്ടു.

അവിവാഹിതയായ അമ്മ

ചന്ദ്രപ്രഭ പുരോഗമന ചിന്തകള്‍ ഉള്ള ഒരു സ്ത്രീ ആയിരുന്നെങ്കിലും വീട്ടുകാര്‍ അങ്ങനെ ആയിരുന്നില്ല. അതിനാല്‍ തന്നെ അവളേക്കാള്‍ വളരെ പ്രായം കൂടിയ ഒരാളുമായി അവരവളുടെ വിവാഹം നിശ്ചയിച്ചു. എന്നാല്‍, അവളതിനെ എതിര്‍ത്തു. ആ ദിവസങ്ങളില്‍ തേജ്പൂർ ഗേൾസ് എം‌ഇ സ്കൂളിന്റെ പ്രധാനാധ്യാപികയായി നിയമിതയായ അവർ തേജ്‍പൂരിലായിരുന്നു. കവിയും എഴുത്തുകാരനുമായ ദണ്ഡിനാഥ് കലിതയെ ആ സമയത്ത് അവള്‍ കണ്ടുമുട്ടി. അവൾ അവനോടൊപ്പം ജീവിക്കാന്‍ തീരുമാനിച്ചു, കുഞ്ഞിനെ ഗർഭം ധരിച്ചു. പക്ഷേ, ചന്ദ്രപ്രഭയെ പോലെ അത്ര പുരോഗമനചിന്തകളൊന്നും ദണ്ഡീനാഥിനില്ലായിരുന്നു. സമൂഹത്തിനെ എതിര്‍ക്കാതെ അതിന്‍റെ നിയമങ്ങളില്‍ ജീവിക്കാനാണ് അയാള്‍ ഇഷ്ടപ്പെട്ടത്. അവൾ ജാതിയിലും വ്യത്യസ്‍ത ആയിരുന്നതിനാല്‍, ദണ്ഡിനാഥ് പോയി മാതാപിതാക്കള്‍ തെരഞ്ഞെടുത്ത ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചു, ചന്ദ്രപ്രഭയേക്കാള്‍ ഇളയവളും ദണ്ഡിനാഥിന്‍റെ അതേ ജാതിയില്‍ പെട്ടവളും ആയിരുന്നു പെൺകുട്ടി. 

ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ, അവിവാഹിതരായ അമ്മമാരെയും അവരുടെ മക്കളെയും ശക്തമായി അവഹേളിക്കുന്ന ഒരു സമൂഹത്തിനിടയിൽ ചന്ദ്രപ്രഭ സ്വയം ഒറ്റപ്പെട്ടു. ഇത് ഭയപ്പെടുത്തുന്നതാണെങ്കിലും, അവൾ ഒരിക്കലും അത് കാണിക്കാൻ അനുവദിച്ചില്ല, മാത്രമല്ല ജീവിതകാലം മുഴുവൻ മകനെ ഒറ്റയ്ക്ക് വളർത്തി. അവൾ എല്ലായ്പ്പോഴും വിശ്വസിച്ചിരുന്ന ആശയങ്ങൾ അവൾ അവനിലേക്കും പകർന്നു. മകന്‍ അസമിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിൽ ശ്രദ്ധേയനായ വ്യക്തിയായി. അദ്ദേഹം ഒരു കോൺഗ്രസ് നിയമസഭാംഗമായിരുന്നു. എന്നാൽ തൊഴിലാളിവർഗത്തിന്റെ അന്യായമായ ചൂഷണത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ച് പലപ്പോഴും സർക്കാരിനെ കുടുക്കുമായിരുന്നു അദ്ദേഹം.

തേജ്‍പൂരിൽ ഒമിയോ കുമാർ ദാസ്, ജ്യോതിപ്രസാദ് അഗർവല്ല, ലഖിദാർ ശർമ തുടങ്ങിയ സാമൂഹ്യ പ്രവർത്തകരുമായി സംവദിക്കാനും പ്രവർത്തിക്കാനും ചന്ദ്രപ്രഭ പോകുമായിരുന്നു. നിസ്സഹകരണത്തിലും നിസ്സഹകരണ പ്രസ്ഥാനങ്ങളിലുമുള്ള അവളുടെ ഇടപെടൽ അവളെ രണ്ടുതവണ ജയിലിലടക്കാന്‍ കാരണമായി. ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം, 1957 -ൽ ഒരു തെരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യത്തെ അസമീസ് വനിതയായി അവര്‍. 

ക്യാൻസറുമായുള്ള യുദ്ധത്തിനുശേഷം 1972 മാർച്ച് 13 -ന് 71-ാം ജന്മദിനത്തിൽ അവർ അന്തരിച്ചു. മരണശേഷം ഇന്ത്യാ ഗവൺമെന്റ് അവർക്ക് പത്മശ്രീ നൽകി ആദരിച്ചു. 2002 -ൽ ഒരു തപാൽ സ്റ്റാമ്പിലും അവളെ അനുസ്മരിച്ചു, ഗുവാഹത്തിയിലെ ഗേൾസ് പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ട് അവളുടെ ബഹുമാനാർത്ഥം പുനർനാമകരണം ചെയ്യപ്പെട്ടു. പക്ഷേ, ഇതെല്ലാം വൈകിയാണുണ്ടായത്. എങ്കിലും, ആധുനിക ഫെമിനിസ്റ്റ് പ്രസ്ഥാനത്തെ രൂപപ്പെടുത്തുന്നതിലും തുല്യതയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിലും ശക്തമായി ഇടപെട്ട സ്ത്രീയാണ് അവര്‍ എന്നതില്‍ സംശയമില്ല.

Follow Us:
Download App:
  • android
  • ios