2018-ലെ സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 10,000 കോടി രൂപ ചെലവുള്ള  ഗഗൻയാൻ പദ്ധതി പ്രഖ്യാപിച്ചപ്പോൾ തന്നെ പലരും നെറ്റി ചുളിച്ചു. 2022-ൽ ഇന്ത്യ ബഹിരാകാശത്തേക്ക് ആളെ അയക്കും എന്നാണ് അന്ന് മോദി പ്രഖ്യാപിച്ചത്. പിന്നീട് ഒരു വർഷത്തിലധികമായി അതേപ്പറ്റി  യാതൊന്നും കേൾക്കാതെയായപ്പോൾ അതേപ്പറ്റി പലവിധത്തിലുള്ള സംശയങ്ങളും ഉയർന്നുവന്നു. എന്നാൽ ഗഗൻയാനെ സംബന്ധിച്ച അത്തരത്തിലുള്ള അഭ്യൂഹങ്ങൾക്കെല്ലാം വിരാമമിട്ടുകൊണ്ട്, ഭാരതീയ വ്യോമ സേന ഒരു ട്വീറ്റ് വഴി ഏറെ നിർണ്ണായകമായ ഒരു വിവരം ഇന്ന് പുറത്തുവിട്ടിരിക്കുകയാണ്.

പ്രസ്തുത ബഹിരാകാശദൗത്യത്തിനായി ഭാരതീയ വ്യോമസേനയിൽ നിന്നാണ് പൈലറ്റുകളെ IAF പൈലറ്റുമാരെ തെരഞ്ഞെടുത്തത് റഷ്യയിൽ പരിശീലനത്തിനയക്കുന്നതാണ് പദ്ധതിയുടെ ആദ്യഘട്ടം.  റഷ്യ പരിശീലനത്തിൽ സഹായിക്കും എന്ന വിവരം രണ്ടു ദിവസം മുമ്പ് മോദിയും പുടിനും ഒത്തുള്ള ഒരു സംയുക്ത പത്ര സമ്മേളനത്തിലാണ് വെളിപ്പെടുത്തിയത്. ആ ട്രെയിനിങ്ങിന് ആളെ തെരഞ്ഞെടുക്കുന്നതിന്റെ  പ്രാഥമികഘട്ടമെന്നോണം ഒരു ബാച്ച് പൈലറ്റുമാരുടെ വിശദമായ മെഡിക്കൽ ചെക്കപ്പ് പൂർത്തിയാക്കിയതിന് ചിത്രങ്ങളാണ് ഇന്ന് വ്യോമസേനയുടെ ട്വിറ്റര് ഹാൻഡിൽ വഴി റിലീസ് ചെയ്തത്. 

 

2019  മെയിൽ ഇന്ത്യൻ വ്യോമസേനയും ഐഎസ്ആർഒയും തമ്മിലുണ്ടാക്കിയ ധാരണാ പത്രപ്രകാരമാണ് ഇത്രയും പൈലറ്റുമാരെ ഷോർട്ട്ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏറോസ്പേസ് മെഡിസിനിൽ ആണ് ആസ്ട്രണട്ട് ട്രെയിനിംഗിന്റെ ആദ്യഘട്ടം പൂർത്തീകരിച്ചത്. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട പൈലറ്റുമാരെ സങ്കീർണ്ണമായ ശാരീരിക ക്ഷമതാ പരീക്ഷകൾക്കും, ലാബ് ടെസ്റ്റുകൾക്കും, റേഡിയോളജിക്കൽ പരിശോധനകൾക്കും, ക്ലിനിക്കൽ റെസ്റ്റുകൾക്കും, വിശദമായ മനഃശാസ്ത്ര പരിശോധനകൾക്കും വിധേയരാക്കുകയുണ്ടായി. ഇപ്പോൾ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നവരിൽ മെഡിക്കൽ ക്ലിയർ ചെയ്യുന്നവരെ വിശദമായ പരീക്ഷണങ്ങൾക്കും പരിശീലനങ്ങൾക്കും വിധേയരാക്കി അവരിൽ നിന്നും മൂന്നുപേരെയാണ് ഏഴുദിവസത്തെ ബഹിരാകാശയാത്രയ്ക്ക് സ്‌പേസിലേക്ക് വിടുക. 300-400 കിലോമീറ്റർ അകലെ ലോവർ ഓർബിറ്റിലായിരിക്കും കറക്കം.  

ഈ ബഹിരാകാശ സഞ്ചാരികളെ വിടുന്നതിനു മുമ്പ് രണ്ട് ആളില്ലാ യാത്രകൾ ഐഎസ്ആർഒ നടത്തും. അത് വിജയകരമായി പൂർത്തിയാക്കിയാൽ മാത്രമേ ആളെയും കൊണ്ട് പറന്നുയരൂ. എല്ലാ മിഷനും ഐഎസ്ആർഒ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത GSLV Mk III ആയിരിക്കും ഗഗൻയാൻ  ലോഞ്ചിങ് വെഹിക്കിൾ. ഈ പദ്ധതിക്കുവേണ്ട പേ ലോഡ് ശേഷിയുള്ള ത്രീ സ്റ്റേജ് ഹെവി ലിഫ്റ്റ് ലോഞ്ച് വെഹിക്കിൾ ആണ്  GSLV Mk III.ബെംഗളൂരുവിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏറോസ്പേസ് മെഡിസിന്റെ സഹകരണത്തോടെ സ്ഥാപിച്ചിരിക്കുന്ന ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്ററിൽ നിന്നായിരിക്കും   ഈ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളുടെയും മേൽനോട്ടവും നിയന്ത്രണവും.