Asianet News MalayalamAsianet News Malayalam

ഹര്‍ത്താലില്ലാത്ത കേരളം? ചില ഹര്‍ത്താല്‍ കാര്യങ്ങള്‍...

എന്തായാലും, അന്നുവരെ വന്ന  ഹർത്താലും ബന്ദും നിയമവിരുദ്ധമാക്കിക്കൊണ്ടുള്ള  വിധികൾക്കൊന്നും ചെലുത്താൻ പറ്റാതിരുന്ന ഒരു സ്വാധീനം, ഒരു നേതാവിനെ പേരെടുത്തു പറഞ്ഞുകൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഒരൊറ്റ വിധിയ്ക്ക് കേരള രാഷ്ട്രീയത്തിൽ  ചെലുത്താനായി. 

Hartal and bandh
Author
Thiruvananthapuram, First Published Jul 28, 2019, 5:19 PM IST

'ഒരു പേരിലെന്തിരിക്കുന്നു' എന്ന് ആദ്യമായി ചോദിച്ചത് ഷേക്സ്പിയർ ആണെങ്കിലും, അതേ ചോദ്യം 22 വർഷം മുമ്പ്  ഇന്നേദിവസം  കേരളത്തിലെ രാഷ്ട്രീയക്കാരും ചോദിക്കുകയുണ്ടായി. കേരള രാഷ്ട്രീയ ചരിത്രത്തിൽ ഒരു വഴിത്തിരിവാകേണ്ടിയിരുന്ന കേസായിരുന്നു 1994 -ൽ കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്‌സ് Vs  സ്റ്റേറ്റ് ഓഫ് കേരള കേസിൽ ഹൈക്കോടതി പുറപ്പെടുവിച്ച, പ്രതിഷേധത്തിന്റെ സൂചകമായി കേരളത്തിൽ രാഷ്ട്രീയ ഭേദമെന്യേ എടുത്തുപയോഗിച്ചു കൊണ്ടിരുന്ന 'ബന്ദ്' നിരോധിച്ചുകൊണ്ടുള്ള വിധി. സ്വാതന്ത്ര്യ സമരകാലത്തെ തന്റെ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളെ വിശേഷിപ്പിക്കാൻ വേണ്ടി ഗാന്ധിജിയാണ് ഗുജറാത്തി ഭാഷയിലെ ഹഡ്ത്താൽ എന്ന വാക്ക് ആദ്യമായി പ്രയോഗിക്കുന്നത്. അതാണ് പിന്നീട് 'ബന്ദാ'യി മാറിയത്.  

Hartal and bandh

ഹൈക്കോടതി വിധി പ്രകാരം 'ബന്ദ്' നിരോധിക്കപ്പെട്ട ശേഷം കേരളത്തിൽ ബന്ദ് നടന്നില്ലേ എന്നുചോദിച്ചാൽ നടന്നു. അന്നുവരെ ബന്ദ് എന്ന് പേരിട്ടുവിളിച്ചതിനെ വിധിവന്നതിന്റെ അടുത്തദിവസം തൊട്ട് രാഷ്ട്രീയ പാർട്ടികൾ ഗാന്ധിമാർഗ്ഗത്തിൽ  'ഹർത്താൽ' എന്ന് പേരിട്ടു വിളിച്ചു തുടങ്ങി. 'പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ'. പേരിൽ മാത്രമാണ് മാറ്റമുണ്ടായത്. വാഹനങ്ങൾ തടയലും, കടകൾ അടപ്പിക്കലും, കെഎസ്ആർടിസി ബസ്സിന്‌ കല്ലെറിയലും ഒക്കെ  നിർബാധം തുടർന്നുപോന്നു. 

അതിനു ശേഷമാണ് 2004 -ൽ 'ജോർജ് കുര്യൻ Vs സ്റ്റേറ്റ് ഓഫ് കേരള' എന്ന കേസിൽ ജസ്റ്റിസ് ജെ ബി കോശി അടുത്ത നിർണ്ണായകമായ വിധി പുറപ്പെടുവിക്കുന്നത്. നിങ്ങൾ സമരമുറയെ വിളിക്കുന്നത്  ബന്ദെന്നോ ഹർത്താലെന്നോ എന്തുവേണമെങ്കിലും ആവട്ടെ, ജനങ്ങളുടെ  ദൈനംദിന ജീവിതത്തിന് എന്തെങ്കിലും അലോസരം അതുകൊണ്ടുണ്ടാവാൻ പാടില്ല എന്ന് ജസ്റ്റിസ് കോശി തന്റെ വിധിന്യായത്തിൽ പറഞ്ഞു. "ഒരു പേരിലെന്തിരിക്കുന്നു, പനിനീർപ്പൂവെന്നു നിങ്ങൾ വിളിക്കുന്ന ആ പുഷ്പത്തെ മറ്റേതുപേരിട്ടു വിളിച്ചാലും അതിന്റെ നറുമണം അതേപടി നിലനിൽക്കും" എന്ന ഷേക്സ്പിയറിന്റെ സുപ്രസിദ്ധമായ ആ കാവ്യശകലം വരെ ഉദ്ധരിച്ചാണ് അദ്ദേഹം 'പേര് മാറ്റിക്കൊണ്ടുള്ള' ഹർത്താൽ അതിക്രമത്തെ വിമർശിച്ചത്. അതിക്രമങ്ങൾ തടയാനുള്ള സംവിധാനമൊരുക്കാൻ സ്റ്റേറ്റിന് കഴിയില്ലെങ്കിൽ കേന്ദ്രസേനയെ വിന്യസിക്കണം എന്നും ജസ്റ്റിസ് ജെ ബി കോശി തന്റെ വിധിയിൽ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു.

Hartal and bandh 

സുവ്യക്തമായ ആ വിധിന്യായത്തിനു പോലും പക്ഷേ, ഹർത്താലുകളെയോ അവയുടെ ജനജീവിതം സ്തംഭിപ്പിക്കാനുള്ള ശേഷിയെയോ ഒട്ടും ക്ഷയിപ്പിക്കാനായില്ല. അതിന്റെ പ്രത്യക്ഷമായ ഉദാഹരണമായിരുന്നു, 2004  -ൽ എൽഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താലിനിടെ നടന്ന കല്ലേറിൽ ചന്ദ്രബോസ് എന്ന ഡ്രൈവർക്ക് തന്റെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട സംഭവം.  നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം ഫയൽ ചെയ്ത കേസ് അന്തിമവിധിയിലെത്തിയത് 14  വർഷങ്ങൾ  നീണ്ട  നിയമ പോരാട്ടത്തിനൊടുവിലാണ്. കോടതിയിൽ ചെലവിടേണ്ടി വന്നേക്കാവുന്ന സമയവും പണവും ഓർക്കുമ്പോൾ ഹർത്താലനുബന്ധ ആക്രമണങ്ങളിൽ വ്യക്തിപരമായ നാശനഷ്ടങ്ങൾ വന്നുപെട്ടവർ പോലും കോടതി കേറിയിറങ്ങാൻ മെനക്കെട്ടില്ല. ഇതുതന്നെയാണ് ഹർത്താലിൽ അക്രമങ്ങൾ ആവർത്തിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് ധൈര്യമേകുന്നതും.

ഹർത്താലുകൾക്കെതിരെ അതിനു ശേഷവും കോടതിസമക്ഷം കേസുകൾ വന്നു. അത്തരത്തിൽ ഒരു കേസായിരുന്നു 2015 -ലെ 'ഖാലിദ് മുണ്ടപ്പിള്ളി Vs സ്റ്റേറ്റ് ഓഫ് കേരള'  കേസ്. അതിന്റെ വിധി പക്ഷേ ഹർത്താൽ അനുകൂലികൾക്ക് ഗുണകരമായി.  'ഹർത്താലിന് ആഹ്വാനം ചെയ്യുന്നത് കുറ്റകരമായി കണക്കാക്കാനാകില്ല' എന്ന് കോടതി വിധിച്ചു. 

2006  മുതൽ 2012  വരെ നടത്തിയ ഒരു പഠനം ഏതാണ്ട് ഒരു വർഷത്തോളം സമയം കേരള സംസ്ഥാനത്തിലെ ജനങ്ങളുടെ സാമാന്യജീവിതം വിവിധ പാർട്ടികളുടെ ഹർത്താലുകൾ നിശ്ചലമാക്കിയതായി കണ്ടെത്തി. നമ്മുടെ നികുതിപ്പണത്തിൽ നിന്നും ഈ ഹർത്താലുകളുടെ പേരിൽ ഓരോ ദിവസവും പൊടിഞ്ഞുകൊണ്ടിരുന്നത് 200  കോടി വീതമായിരുന്നു.   2018  ആയിരുന്നു ഹർത്താലുകളുടെ ചരിത്രത്തിലെ ഏറ്റവും തിരക്കുള്ള വർഷം. 98  ഹർത്താലുകളാണ് അക്കൊല്ലം കേരളം കണ്ടത്. 

ഈ ഹർത്താലുകൾക്കെതിരെ 2010  മുതൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന 'സേ നോ റ്റു ഹർത്താൽ' എന്ന സംഘടനയും, കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്‌സും നൽകിയ പൊതുതാത്പര്യഹർജികളുടെയും വെളിച്ചത്തിൽ, ജനുവരി 3 -ന് ശബരിമല കർമ്മസമിതി ആഹ്വാനം ചെയ്ത ഹർത്താലിന് ശേഷം, ഹൈക്കോടതിയുടെ  ജസ്റ്റിസ് ഋഷികേശ് റോയ്, എ കെ ജയശങ്കരൻ നമ്പ്യാർ എന്നിവർ ചേർന്ന് പുറപ്പെടുവിച്ച വിധിപ്രകാരം,  ഏഴുദിവസം മുന്നേ അറിയിപ്പുകൊടുക്കാതെ ഹർത്താൽ പ്രഖ്യാപിക്കുന്നതിൽ നിന്നും രാഷ്ട്രീയ പാർട്ടികളെ വിലക്കി. ഈ ഏഴുദിവസം പൊതുജനങ്ങൾക്ക് പ്രസ്തുത ഹർത്താലിനെ ചോദ്യം ചെയ്ത കോടതിയെ സമീപിക്കാനുള്ള സാവകാശമായും കോടതി അനുവദിച്ചു.  
 
ഫെബ്രുവരി 17 -ന് നടന്ന കാസർക്കോട്ടെ പെരിയ ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ച്, യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഡീൻ കുര്യാക്കോസ് ആഹ്വാനം ചെയ്ത മിന്നൽ ഹർത്താൽ അടുത്ത ദിവസത്തെ ജനജീവിതം പൂർണ്ണമായും സ്തംഭിപ്പിച്ചു. പലരും ഇങ്ങനെ ഒരു ഹർത്താൽ ഉണ്ടെന്നുള്ള വിവരം പോലും അറിയാതെ പൊതുനിരത്തിൽ ചെന്ന് കുടുങ്ങിയ അവസ്ഥയിലായി.  ഇതിനെതിരെ സ്വമേധയാ കേസെടുത്ത ഹൈക്കോടതി,  ഹർത്താൽ ദിവസം പാറശ്ശാല മുതൽ മഞ്ചേശ്വരം വരെ രജിസ്റ്റർ ചെയ്യപ്പെട്ട എല്ലാ ഹർത്താൽ അനുബന്ധ ക്രിമിനൽ കേസുകളിലും ഡീൻ കുര്യാക്കോസിനെ ഒന്നാം പ്രതിയാക്കാൻ പൊലീസിന് നിർദ്ദേശം നൽകി. അടുത്തദിവസം ഡീനിനു മേൽ ചാർത്തപ്പെട്ടത് 193  ക്രിമിനൽ കേസുകളാണ്. ഹർത്താലിൽ സംഭവിച്ച നാശനഷ്ടങ്ങളെപ്പറ്റി പഠിക്കാൻ ഒരു കമ്മീഷൻ നിയോഗിക്കപ്പെട്ടിട്ടുണ്ട്. കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. 

എന്തായാലും, അന്നുവരെ വന്ന  ഹർത്താലും ബന്ദും നിയമവിരുദ്ധമാക്കിക്കൊണ്ടുള്ള  വിധികൾക്കൊന്നും ചെലുത്താൻ പറ്റാതിരുന്ന ഒരു സ്വാധീനം, ഒരു നേതാവിനെ പേരെടുത്തു പറഞ്ഞുകൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഒരൊറ്റ വിധിയ്ക്ക് കേരള രാഷ്ട്രീയത്തിൽ  ചെലുത്താനായി. 2016 -ന് ശേഷം കേരളത്തിൽ ഒരു പ്രാദേശിക ഹർത്താൽ പോലും ഇല്ലാത്ത 3 മാസം പൂര്‍ത്തിയാകുന്നത് ആദ്യമായാണ്. ഈ വര്‍ഷം ഇതുവരെ പ്രാദേശിക ഹര്‍ത്താല്‍ അടക്കം ഉണ്ടായത് 5 ഹർത്താലുകൾ മാത്രം.  ഇതില്‍ ജനുവരിയില്‍ 3 ഹര്‍ത്താല്‍ നടന്നപ്പോള്‍ ഫെബ്രുവരിയിലും മാര്‍ച്ചിലും ഒരോ വീതം ഹര്‍ത്താല്‍ മാത്രമാണ് ഉണ്ടായത്. അവസാനമായി ഹർത്താൽ നടന്നത് മാർച്ച് 3 -നാണ് കൊല്ലത്തെ ചിതറ പഞ്ചായത്തിൽ സിപിഎം പ്രവർത്തകനെ കുത്തിക്കൊന്നതിന്‍റെ പേരിലുള്ള പ്രാദേശിക ഹർത്താൽ.

ആറ് മാസത്തില്‍ 5 ഹര്‍ത്താല്‍ എന്നത് വലിയ മാറ്റമാണ് എന്നാണ് മുന്‍വര്‍ഷ കണക്കുകള്‍ പറയുന്നത്. 2017-ൽ ആദ്യ 6 മാസങ്ങളിൽ കേരളത്തിൽ നടന്നത് 73 ഹർത്താലുകളാണ്.  2018 -ൽ ആദ്യ 6 മാസങ്ങളിൽ കേരളത്തിൽ നടന്നത് 53 ഹർത്താലുകളാണ്. ഇതുവച്ച് നോക്കുമ്പോള്‍ ഹര്‍ത്താലുകളുടെ കുറവ് വലിയ മാറ്റമാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന അഭിപ്രായം. 
  
ഇത് ശുഭോദർക്കമാണോ..?  ആണെന്ന് 'സേ നോ റ്റു ഹർത്താലി'ന്റെ പ്രവർത്തകർ പറയുന്നു. 2010  മുതൽ ഹർത്താൽ ദിനങ്ങളിലെ പൊതുജനദുരിതം കുറയ്ക്കാനായി സമാന്തര യാത്രാ സംവിധാനങ്ങൾ ഒരുക്കിക്കൊണ്ട് തങ്ങളുടേതായ രീതിയിൽ പ്രതിഷേധിച്ചുപോരുന്നുണ്ട് അവർ. കേരളത്തിലെ വ്യവസായികളും വ്യാപാരിവ്യവസായി സംഘടനകളും തങ്ങളുടെ അന്നം മുട്ടിക്കുന്ന ഹർത്താലിന് എതിരാണ്. എന്നാൽ, ഹർത്താൽ/ബന്ദ്   എന്നത് ഇന്ത്യയെപ്പോലെ രാഷ്ട്രീയ സ്വാതന്ത്ര്യമുള്ള ഒരു രാജ്യത്ത് ഒരു ജനാധിപത്യവിശ്വാസിയായ പൗരന് ലഭ്യമായ ചുരുങ്ങിയ പ്രതിഷേധസൂചകങ്ങളിൽ ഒന്നാണെന്നും അതിനെ കൂച്ചുവിലങ്ങിടുന്നത് അരാഷ്ട്രീയത എന്ന അപകടകരമായ അവസ്ഥയിലേക്കാണ് എന്നുമൊക്കെയാണ് 1997 -ൽ ഹൈക്കോടതി നിയമം മൂലം ബന്ദ് നിരോധിച്ചപ്പോൾ അന്നത്തെ സിപിഎം സെക്രട്ടറി ചടയൻ ഗോവിന്ദൻ, ബിജെപി നേതാവ് ഒ രാജഗോപാൽ, കോൺഗ്രസ് വക്താവ് വയലാർ രവി എന്നിവർ കോടതിയെ അറിയിച്ചത്. ഹർത്താൽ ഏറ്റവും കൂടുതൽ ബാധിക്കുന്നത് കേരളത്തിലെ ടൂറിസം മേഖലയെ ആണ്. അന്നന്നത്തെ അന്നത്തിനുള്ള വക അന്നന്ന് പണിയെടുത്തുണ്ടാക്കുന്നവരെയും ഹർത്താലുകൾ പട്ടിണിയിലാക്കുന്നുണ്ട്. 

ലോക്സഭാ തെരഞ്ഞെടുപ്പ് വന്നതും ഹര്‍ത്താലിന്‍റെ കാര്യത്തില്‍ ഹൈക്കോടതി സുപ്രധാന ഇടക്കാല വിധി വന്നതും ഹര്‍ത്താല്‍ കുറയാന്‍ കാരണമായിരിക്കാം എന്ന് നിരീക്ഷിക്കുന്നവരുമുണ്ട്. 7 ദിവസം മുന്നേ നോട്ടീസ് കൊടുക്കാതെ ഹർത്താൽ ആഹ്വാനം ചെയ്യാൻ പാടില്ലെന്ന ഹൈക്കോടതി ഇടക്കാല വിധി വന്നതിന് ശേഷം രണ്ടേ രണ്ട് ഹർത്താലുകൾ മാത്രമാണ് കേരളത്തിൽ നടന്നത്. 

Follow Us:
Download App:
  • android
  • ios