കസ്റ്റഡി പീഡനങ്ങളുടെ പേരിൽ കേരളത്തിൽ ഇന്ന് ആയിരത്തിലധികം പൊലീസുകാർ അന്വേഷണങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന പ്രതി മരിച്ച ശേഷം ഉയർന്ന വിവാദങ്ങൾ ഇതുവരെ അടങ്ങിയിട്ടില്ല. വായ്പാ തട്ടിപ്പ് കേസില്‍ പിടികൂടിയ രാജ്‍കുമാർ സബ് ജയിലിൽ വെച്ച് മരണപ്പെട്ടത് ന്യുമോണിയ ബാധിച്ചിട്ടാണെങ്കിലും, അതിലേക്ക് നയിച്ചത് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കെ അയാൾക്ക് നേരിടേണ്ടിവന്ന പൊലീസ് മർദ്ദനവും തുടർന്ന് ആരോഗ്യനില വഷളായപ്പോൾ ഉണ്ടായ ചികിത്സാനിഷേധവുമായിരുന്നു എന്ന് ആരോപണമുണ്ട്.  നമ്മുടെ നാട്ടിൽ ഇന്നും നിർബാധം തുടർന്നു പോരുന്ന 'കസ്റ്റഡി മർദ്ദനം' എന്ന നഗ്നമായ മനുഷ്യാവകാശലംഘനത്തെപ്പറ്റി ഇനിയും ഗൗരവപൂർണമായ രാഷ്ട്രീയ ചർച്ചകൾ ഉയർന്നുവരേണ്ടിയിരിക്കുന്നു. 

രണ്ടുവർഷം മുമ്പ്,  ഇന്ത്യയുടെ അറ്റോർണി ജനറൽ ആയിരുന്ന മുകുൾ റോഹത്ത്ഗി, ഇന്ത്യയുടെ സെക്യൂരിറ്റി കൗൺസിൽ അംഗത്വത്തിനുവേണ്ടി ഐക്യരാഷ്ട്ര സഭയിൽ സുദീർഘമായ ഒരു  പ്രസംഗം തന്നെ നടത്തിയിരുന്നു. അതിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു, "ഇന്ത്യ, ബുദ്ധന്റെയും, മഹാത്മാ ഗാന്ധിയുടെയും നാടാണ്. ഞങ്ങൾ സമാധാനത്തിന്റെ, അഹിംസയുടെ പതാകാവാഹകരാണ്. ഞങ്ങളുടെ പൗരന്മാരുടെ ആത്മാഭിമാനം ഞങ്ങൾക്ക് പരമപ്രധാനമാണ്. പീഡനം ഭാരതീയ സംസ്കാരത്തിൽ കേട്ടുകേൾവിയില്ലാത്ത ഒരു പ്രക്രിയയാണ്. ഇന്ത്യാമഹാരാജ്യത്തിന്റെ നടത്തിപ്പിൽ ഒരിക്കലും കടന്നുവരാത്ത ഒന്നും. " 

'കസ്റ്റോഡിയൽ ടോർച്ചർ' അഥവാ 'ലോക്കപ്പ് പീഡനം' എന്നത്  നമ്മുടെ നാട്ടിലെ ഭരണവർഗം എന്നും നിഷേധിക്കുക മാത്രം ചെയ്തു പോന്നിട്ടുള്ള ഒരു വസ്തുതയാണ്. ഇന്ത്യയിലെ ബാങ്കുകളെ വെട്ടിച്ച് നാടുവിട്ട വിജയ് മല്യപോലും തിരികെ ഇന്ത്യയിലേക്ക് നാടുകടത്തപ്പെടാതിരിക്കാൻ, യുകെയിലെ കോടതിയോട് പറഞ്ഞ ന്യായം, ഇവിടത്തെ  ജയിലുകളുടെ ശോചനീയാവസ്ഥയും, ലോക്കപ്പുകളിലും ജയിലുകളിലും ഇന്നും തുടർന്നുപോരുന്ന മർദ്ദനങ്ങളുമാണ്.  

ഭരണവർഗം എത്ര നിഷേധിച്ചാലും, ചില സത്യങ്ങളെങ്കിലും വിളിച്ചു പറയാൻ ഇവിടെ മനുഷ്യാവകാശ കമ്മീഷൻ പോലുള്ള സ്ഥാപനങ്ങളും അവ നടത്തുന്ന പഠനങ്ങളും വാർഷിക റിപ്പോർട്ടുകളും ഒക്കെ ഉണ്ട്. 2015-16 -ലെ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ വാർഷിക റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു. "കസ്റ്റഡി മർദ്ദനങ്ങളും, ക്രൂരമായ പീഡനങ്ങളും ഇന്നും രാജ്യത്ത് നിർബാധം തുടരുന്നു. ഇന്നാട്ടിലെ പൗരന്മാരെ സേവിക്കാൻ, രാജ്യത്ത് നിയമം നടപ്പിലാക്കാൻ വിശ്വസിച്ച് ചുമതലപ്പെടുത്തുന്ന സർക്കാരുദ്യോഗസ്ഥർ തങ്ങളുടെ അധികാരങ്ങളെ എങ്ങനെ ദുർവിനിയോഗം ചെയ്യുന്നു എന്നതിന്റെ തെളിവാണ്  അവയുടെ ഞെട്ടിപ്പിക്കുന്ന നേർസാക്ഷ്യങ്ങൾ."

2005 -ലെ മുൻഷി സിങ്ങ് ഗൗതം vs  സ്റ്റേറ്റ് ഓഫ് മധ്യപ്രദേശ് എന്ന കേസിൽ സുപ്രീം കോടതി നടത്തിയ നിരീക്ഷണം ഈ ദുരവസ്ഥയെപ്പറ്റി ന്യായാസനങ്ങൾ എന്ത് ചിന്തിക്കുന്നു എന്നതിന്റെ ഉത്തമോദാഹരണമാണ്.  "മനുഷ്യത്വഹീനമായ മർദ്ദനം, പീഡനം, കസ്റ്റഡി മരണങ്ങൾ എന്നിവ ഇന്നും നിർബാധം തുടരുന്നു. കൂടിവരുന്നു എന്ന് തന്നെ പറയാം. ഇവ,  ഈ രാജ്യത്ത് നിലവിലുള്ള നീതിന്യായ വ്യവസ്ഥയുടെയും ക്രമാസമാധാന പാലന സംവിധാനത്തിന്റെയും  അസ്തിത്വത്തെത്തന്നെ ചോദ്യം ചെയ്യുന്ന ഒന്നാണ്.  എത്രവട്ടം ഈ കോടതി തന്നെ ഇതേപ്പറ്റി ശ്രദ്ധേയമായ വിധികൾ പുറപ്പെടുവിച്ചിരിക്കുന്നു. എന്നിട്ടും, ഒന്നിന് പിറകെ ഒന്നായി, പിന്നെയും പുതിയ കേസുകൾ കടന്നുവരിക തന്നെ ചെയ്തുകൊണ്ടിരിക്കുന്നു.''

കസ്റ്റഡി മർദ്ദനം എന്ന ദുര്യോഗത്തിൽ നിന്നുമുള്ള പരിരക്ഷ എല്ലാ പൗരന്മാർക്കും ഭരണഘടനയുടെ ഇരുപത്തൊന്നാം അനുച്ഛേദത്തിലെ 'ജീവിക്കാനുള്ള അവകാശം' എന്ന സങ്കൽപം കൊണ്ട് അനുവദിക്കപ്പെട്ടിട്ടുള്ള ഒരു മൗലികമായ അവകാശം തന്നെയാണ്. അതിനെയാണ് പട്ടാപ്പകൽ നമ്മുടെ നിയമപാലകർ ഉല്ലംഘിച്ചു പോരുന്നത്. നമ്മുടെ നാട്ടിൽ നടക്കുന്ന ലോക്കപ്പ് പീഡനങ്ങളുടെയും അതുമായി ബന്ധപ്പെട്ട  കേസുകളുടെയും ഒന്നും പഠന സ്വഭാവമുള്ള ഒരു കണക്കും ശേഖരിക്കാൻ മാറിമാറിവന്ന ഗവണ്‍മെന്‍റുകളിൽ ഒന്നിനും ഒരു കാലത്തും താത്പര്യമുണ്ടായിട്ടില്ല. 

പീഡനങ്ങൾ: ചില കണക്കുകളും, വസ്തുതകളും 

കസ്റ്റഡിയിൽ നടത്തപ്പെടുന്ന ടോർച്ചറുകളെപ്പറ്റിയും അതിലൂടെ സംഭവിക്കുന്ന മരണങ്ങളെപ്പറ്റിയും അതുമായി ബന്ധപ്പെട്ട കേസുകളെപ്പറ്റിയും ഒന്നും കാര്യമായ ഒരു വിവരവും സർക്കാരിനില്ല. എല്ലാ കുറ്റകൃത്യങ്ങളുടെയും  കണക്കുവെക്കുന്ന നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ പോലും കസ്റ്റഡി മരണങ്ങളുടെ ഒരു കണക്കും സൂക്ഷിക്കുന്നതായി അറിവില്ല. കസ്റ്റഡി പീഡനങ്ങളിൽ സജീവമായി ഇടപെടുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തുപോരുന്ന ദേശീയ മനുഷ്യാവകാശ കമ്മീഷനും ഈ വിഷയത്തിൽ ആധികാരികമായ ഒരു കണക്ക് സൂക്ഷിക്കാൻ മിനക്കെടുന്നില്ല എന്നത് പരിതാപകരമായ ഒരു അവസ്ഥയാണ്. 

ഒരു കണക്കു പറയാം. ഇത്, കസ്റ്റഡി മരണങ്ങളെപ്പറ്റി പലപ്പോഴായി പാർലമെന്റിൽ ഉന്നയിക്കപ്പെട്ട ചോദ്യങ്ങൾക്ക് കിട്ടിയ മറുപടികളിൽ നിന്നും തപ്പിയെടുത്ത് തട്ടിക്കൂട്ടിയ ഒരു കണക്കാണ്.  2012 മുതൽ 2018  വരെയുള്ള കണക്കുകളാണിത്.  ഇന്ത്യയിൽ ഓരോ വർഷവും പോലീസ് കസ്റ്റഡിയിൽ ഏകദേശം അഞ്ഞൂറോളം പേര് പീഡിപ്പിക്കപ്പെടുന്നുണ്ട്. അതിൽ ഏകദേശം 140  പേരോളം അതിന്റെ പരിക്കുകൾ മൂർച്ഛിച്ച് മരണപ്പെടുന്നുമുണ്ട്. ജുഡീഷ്യൽ കസ്റ്റഡിയിൽ, അതായത് റിമാൻഡിലോ ജയിലിലോ കഴിയവേ ഏകദേശം 1500-നും 1600-നും ഇടയിൽ ആളുകൾ ഓരോ വർഷവും പീഡനങ്ങൾ ഏറ്റുവാങ്ങിയതിന്റെ ഫലമായി മരിക്കുന്നുണ്ട് ഇന്ത്യയിൽ. ഇതിൽ  മദ്യപിച്ചു ബഹളമുണ്ടാക്കിയതിന് കേരളാ പൊലീസ് 2017 -ൽ പിടികൂടിയ അടിച്ചുകൊന്ന ജോൺസണും, കഞ്ചാവ് സൂക്ഷിച്ചതിന് മധ്യപ്രദേശ് പൊലീസ് പിടികൂടി മര്‍ദ്ദിച്ചുകൊന്ന സുഗ്ഗാലാല്‍ വൈഷും, വെളളം കോരിക്കൊടുക്കാഞ്ഞതിന് യുപി പൊലീസ് തല്ലിക്കൊന്ന  നയീം അഹമ്മദും ഒക്കെ ഉണ്ട്. പൊലീസ് ലോക്കപ്പുകളിൽ മാത്രമല്ല നമ്മുടെ നാട്ടിൽ പീഡനങ്ങൾ നടക്കുന്നത്. താരതമ്യേന സുരക്ഷിതം എന്ന് അനുമാനിക്കപ്പെടുന്ന റിമാൻഡ് ജയിലുകളിലും നിർബാധം ഇത് നടക്കുന്നുണ്ട്. 

2017 -ൽ മുംബൈയിലെ ബൈക്കുള വനിതാ ജയിലിൽ നിർഭയ കേസിലേതിന് സമാനമായ രീതിയിൽ പീഡിപ്പിച്ചാണ് മഞ്ജുള ഷെട്ടി എന്ന തടവുകാരിയെ സ്ത്രീ വാർഡൻമാർ ചേർന്ന് കൊലപ്പെടുത്തിയത്. ജയിലിലെ ഭക്ഷണത്തിന്റെ ഗുണനിലവാരക്കുറവിനെപ്പറ്റി മേലധികാരികളോട് പരാതിപ്പെട്ടു എന്ന നിസ്സാരകുറ്റത്തിന് അന്നവർ ശരീരമാസകലം അടിച്ചു ചതച്ചും,  ഗുഹ്യഭാഗങ്ങളിലൂടെ ലാത്തികയറ്റിയുമാണ് മഞ്ജുളയെ കൊന്നുകളഞ്ഞത്. അതുപോലെ,  തമിഴ്‌നാട്ടിൽ ശശികലയ്ക്ക് കിട്ടിക്കൊണ്ടിരുന്ന വിഐപി ട്രീറ്റ്‌മെന്റിനെപ്പറ്റി വിവരങ്ങൾ ലീക്ക് ചെയ്തതിന് ജയിൽപ്പുള്ളികൾ പീഡിപ്പിക്കപ്പെട്ടു എന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്ഥിരീകരിച്ചിരുന്നു. പല ജയിലുകളിലും പീഡനങ്ങൾ നടത്താൻ വേണ്ടി സിസിടിവി ഫ്രീ ഡാർക്ക് ഏരിയകൾ തന്നെയുണ്ട്. ഇടിമുറികൾ എന്നാണ് ഇവ അറിയപ്പെടുന്നത്. ജയിലിലെ പഴയ പുള്ളികൾ പുതുതായി ജയിലിൽ അടയ്ക്കപ്പെടുന്ന പുള്ളികളെ ജയിലർമാരുടെ മൗനാനുവാദത്തോടെ ഇടിച്ചു ചതയ്ക്കുന്നത്  ഇന്ത്യയിലെ എല്ലാ ജയിലുകളിലെയും പതിവാണ്. നമ്മുടെ  കേരളത്തിലെ പല ജയിലുകളിലെയും സെൽ മേസ്ത്രിമാർ രാവിലെ പത്രം വായിക്കുന്നത് തന്നെ അടുത്ത ദിവസം തങ്ങൾക്ക് പഞ്ഞിക്കിടാൻ ആരാണ് വരാൻ പോവുന്നത് എന്ന് അറിയാനുള്ള ആകാംക്ഷപ്പുറത്താണ് എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. 

കസ്റ്റഡി മരണക്കേസുകളോടുള്ള സർക്കാരുകളുടെ ഉദാസീനത 

Convention against Torture or Other Cruel, Inhuman, or Degrading Treatment or Punishment (UNCAT) എന്നൊരു ഐക്യരാഷ്ട്ര സഭ ഉടമ്പടിയുണ്ട് 1997-ലേതായി. അത് മേൽപ്പറഞ്ഞ രീതിയിലുള്ള എല്ലാ പീഡനങ്ങളെയും എതിർത്തുകൊണ്ടുള്ള ഒന്നാണ്. ആ ഉടമ്പടിയിൽ ഒപ്പുവെച്ചിട്ടുള്ള ഇന്ത്യയ്ക്ക് എല്ലാ വിധത്തിലുമുള്ള കസ്റ്റഡി പീഡനങ്ങളെയും തടയാനുള്ള ധാർമികമായ ബാധ്യതയുണ്ട്. എന്നാൽ ആ ദിശയിലുള്ള കാര്യമായ ഒരു പ്രവർത്തനങ്ങളും നടന്നിട്ടില്ല എന്നതാണ് സത്യം. 

2008-ൽ 'പ്രിവൻഷൻ ഓഫ് ടോർച്ചർ ബിൽ' (Prevention of Torture Bill) എന്ന പേരിൽ പാർലമെന്റിൽ ഒരു ബിൽ അവതരിപ്പിക്കപ്പെട്ടിരുന്നു എന്നത് സത്യമാണ്. എന്നാൽ അതിന്റെ ദുർബലമായ ഡ്രാഫ്റ്റിങ് കാരണം അത് അന്ന് പാസ്സാക്കാനാവാതെ സെലക്റ്റ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. പിന്നീട് സെലക്ട് കമ്മിറ്റിയുടെ ഡ്രാഫ്റ്റ് 2010 -ൽ രാജ്യസഭയിൽ ചർച്ചയ്‌ക്കെടുക്കുകയുണ്ടായി. 2017 -ൽ അതേ ബിൽ വീണ്ടും പരിഗണനയ്ക്ക് വന്നു എങ്കിലും ഇതുവരെ അത് പാസ്സായിട്ടില്ല. പകരം ആഭ്യന്തര വകുപ്പ് പറഞ്ഞുകൊണ്ടിരിക്കുന്നത് ഇന്ത്യൻ പീനൽ കോഡിന്റെ 330, 331  വകുപ്പുകളെ പരിഷ്കരിക്കുന്നതിനെപ്പറ്റി മാത്രമാണ്. 

എന്താണ് ടോർച്ചർ, എന്താവണം അതിനുള്ള ശിക്ഷ, എന്തായിരിക്കണം നഷ്ടപരിഹാരം, കേസുകൾ എത്രകാലത്തിനുള്ളിൽ തീർപ്പാക്കണം, മെഡിക്കൽ പരിശോധനയുടെ പ്രസക്തി എത്രത്തോളമുണ്ട് എന്നിങ്ങനെ പലതും ഈ ബില്ലിൽ കൃത്യമായി വിശദീകരിക്കപ്പെടുന്നുണ്ട്‌.  എന്നാൽ ചുവപ്പുനാടയിൽ കുരുങ്ങി ഇന്നും ഈ ബില്ലോ അതിന്റെ അടുത്ത ഘട്ടമായി വരേണ്ട നിയമമോ ഒന്നും വെളിച്ചം കണ്ടിട്ടില്ല. 

എന്തെങ്കിലും പ്രതീക്ഷയ്ക്ക് വകുപ്പുണ്ടോ ? 

കസ്റ്റഡിയിൽ ക്രൂരമായ പീഡനങ്ങൾ നടക്കുന്നുണ്ട് എന്ന വസ്തുത പോലും  ഭരണകൂടങ്ങളെക്കൊണ്ട് സമ്മതിപ്പിക്കാൻ സാധിക്കുന്നില്ല ഇന്നും. യുഎൻ കൺവെൻഷനെ സാധുവാക്കുന്ന  ഒരു നിയമം നിർമ്മിക്കണം എന്ന ആവശ്യവുമായ സുപ്രീം കോടതിയെ സമീപിച്ച  മുൻ നിയമവകുപ്പുമന്ത്രി അശ്വനി കുമാറിനും നിരാശപ്പെടേണ്ടിവന്നു. സർക്കാരുകളുടെ കൈപിടിച്ച് നിയമങ്ങൾ ഉണ്ടാക്കിക്കാനൊന്നും കോടതികൾക്ക് കഴിയില്ല എന്ന് സുപ്രീം കോടതി അന്നു പറഞ്ഞു.  

ഭരണകൂടങ്ങൾ അംഗീകരിച്ചാലും ഇല്ലെങ്കിലും ലോക്കപ്പ് മർദ്ദനങ്ങൾ എന്നത് നമ്മുടെ നാട്ടിലെ പരസ്യമായ ഒരു രഹസ്യമാണ്. ഒരു പരിധിവരെ നമ്മുടെ നാട്ടിൽ പലവിധേനയും അംഗീകാരം വരെ കിട്ടിയിട്ടുള്ള ഒരു പതിവ്. "അവന് രണ്ടിടിയുടെ കുറവുണ്ട്" എന്ന ഒരു ന്യായീകരണത്തിൽ പലപ്പോഴും ആളുകൾ അതിനെ സ്വാഭാവികമായി കണക്കാക്കുന്നു.  ഭീകരവാദികൾക്കും, തട്ടിപ്പുകാർക്കും, ബലാത്സംഗികൾക്കും മറ്റും നേർക്ക് പ്രയോഗിച്ച് പോലീസുകാർ സർവ്വസമ്മതി നേടിയെടുക്കുന്ന 'മൂന്നാം മുറ' എന്ന ഈ ഇരുതല മൂർച്ചയുള്ള വാൾ, ഏത് നേരവും ഒരു നിരപരാധിക്കു നേരെ തിരിയാവുന്ന ഒന്നാണ് എന്ന സത്യം നമ്മൾ തിരിച്ചറിയാതെ പോവുന്നു. 

നമ്മുടെ നാടിനെ ബുദ്ധന്റെയും ഗാന്ധിജിയുടെയും ഒക്കെ നാടായി, അഹിംസയുടെയും, ശാന്തിയുടെയും, സമാധാനത്തിന്റെയും ഒക്കെ ശാദ്വല ഭൂമിയായി പ്രഘോഷിച്ച് അഭിമാനപൂർവം ഇനിയും അവകാശവാദങ്ങൾ ഉന്നയിക്കണം എന്ന് നമുക്കുണ്ടെങ്കിൽ, ലോകത്തിലെ  ഏറ്റവും വലിയ ജനാധിപത്യം എന്നൊക്കെ ഇനിയും മോടി പറയണം എന്നുണ്ടെങ്കിൽ, കസ്റ്റഡിയുടെ ഇരുട്ടിൽ പൊലീസും മറ്റും നടത്തുന്ന ഈ അതിക്രൂരമായ പീഡനങ്ങളുടെയും മർദ്ദനങ്ങളുടെയും നേർക്ക് നമ്മൾ വെച്ചുപുലർത്തുന്ന ഇരട്ടത്താപ്പുകലർന്ന മൗനം നമ്മൾ വെടിയേണ്ടിയിരിക്കുന്നു. ഇതൊക്കെ അവസാനിപ്പിക്കാൻ എന്തെങ്കിലുമൊക്കെ ചെയ്യേണ്ടിയിരിക്കുന്നു. 


വിവരങ്ങള്‍ക്ക് കടപ്പാട്:  ബൽജിത് കൗർ,  ക്വിൽ ഫൗണ്ടേഷൻ. 
                     എക്കണോമിക്ക് ആൻഡ് പൊളിറ്റിക്കൽ വീക്‌ലി .