നമുക്കറിയാം മനുഷ്യരുമായി വളരെ ഇണങ്ങി കഴിയുന്ന ജീവികളാണ് തത്തകൾ. മനുഷ്യശബ്ദം അനുകരിക്കാനും, വീടുകളിൽ തന്നെ കഴിയാനും അവയ്ക്ക് കഴിയും. ന്യൂസിലാന്റിലെ അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ തത്തകളാണ് ആൽപൈൻ തത്തകൾ. ഇന്ന് അവ മനുഷ്യരുടെ ശല്യം സഹിക്കാതെ മലകളിലേക്ക് കുടിയേറിയെന്ന് ഗവേഷകർ പറയുന്നു. കാലാവസ്ഥാ പ്രതിസന്ധിയെ അതിജീവിക്കാൻ അവയുടെ ഈ പൊരുത്തപ്പെടുത്തൽ സഹായിക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു.

ലോകത്തിലെ അറിയപ്പെടുന്ന ഏക ആൽപൈൻ തത്ത വിഭാഗമാണ് കീ. ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ പക്ഷികളെ നേരത്തെ കണ്ടെത്തിയിരുന്നു എന്നാണ്. എന്നാൽ, കാൻ‌ബെറയുടെ സംരക്ഷണ വകുപ്പിന്റെ കണക്കനുസരിച്ച് ഏകദേശം 3,000-7,000 എണ്ണം മാത്രമാണ് ന്യൂസിലാന്റിലെ കാടുകളിൽ ഇന്നുള്ളത്. തത്തകൾ പോലുള്ള ജീവികൾ കാലാവസ്ഥാ പ്രതിസന്ധിക്ക് എളുപ്പത്തിൽ ഇരകളാകാം എന്ന് ഗവേഷകർ പറയുന്നു. ഭൂമി ചൂടാകുമ്പോൾ, അവയുടെ ആവാസ വ്യവസ്ഥ ഇല്ലാതാവുകയും അവ വംശനാശ ഭീഷണിയിലേക്ക് തള്ളിവിടപ്പെടുകയും ചെയ്യുന്നു. അതിജീവിക്കാനുള്ള മത്സരത്തിനിടയിൽ കീ ഇല്ലാതായേക്കാം. ഉദാഹരണത്തിന്, ഇറ്റാലിയൻ ആൽപ്‌സിലെ ഹിമാനികളെക്കുറിച്ച് പഠിച്ച യൂറോപ്പിൽ നിന്നുള്ള ഗവേഷകർ ഹിമാനികൾ ഉരുകിയാൽ അവിടെ കഴിയുന്ന 22 ശതമാനം ജീവികളും ഇല്ലാതാകും എന്ന് കണ്ടെത്തിയിരുന്നു.

അതിനാൽ കീ, മനുഷ്യർ ഉണ്ടാക്കുന്ന തിക്കിൽ നിന്നും തിരക്കിൽ നിന്നും രക്ഷപ്പെടാനായി മറ്റ് പ്രദേശങ്ങളിലേക്ക് പോയതിൽ ശാസ്ത്രജ്ഞർക്ക് സന്തോഷമുണ്ട്. അതിന്റെ കാലാവസ്ഥ വ്യതിയാനങ്ങളോടുള്ള പൊരുത്തപ്പെടുത്തലിന്റെ അടയാളമായിട്ടാണ് അതിനെ അവർ കാണുന്നത്. കാരണം മനുഷ്യരുടെ അടുക്കൽ നിന്ന് രക്ഷപ്പെടാനായി അതിന് മലകളിലേക്ക് പോകാൻ കഴിയുമെങ്കിൽ, ചൂട് കൂടുന്നതിനനുസരിച്ച് മറ്റിടങ്ങളിലേക്ക് കുടിയേറാനും അതിന് കഴിയുമെന്ന് അവർ പറയുന്നു. 

മോളിക്യുലർ ഇക്കോളജി ജേണലിലാണ് ഈ പ്രബന്ധം പ്രസിദ്ധീകരിച്ചത്. ആഗോളതാപനം ആൽപൈൻ പരിതസ്ഥിതിയിൽ വിനാശകരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും അതിലെ ജീവികൾ താഴ്ന്ന പ്രദേശങ്ങളിലേക്ക് പോകേണ്ടി വരുമെന്നും പഠനത്തിൽ പ്രവചിക്കപ്പെടുന്നു. അവിടെ അവർ വേട്ടക്കാർക്ക് ഇരയാവുകയും, ഭക്ഷണത്തിനായി മത്സരിക്കേണ്ടി വരുമെന്നും, ഇത് വംശനാശ ഭീഷണി കൂട്ടുമെന്നും പഠനത്തിൽ പറയുന്നു.  

(​Image: Kea, Nestor notabilis, Arthurs Pass South Island New Zealand/ Getty images)