ഇസ്രയേലുമായി അബ്രഹാം കരാറിൽ ഒപ്പിടാൻ പാകിസ്ഥാന് മേൽ യുഎസ് സമ്മർദ്ദം ചെലുത്തുന്നു. എന്നാൽ, കരാറിൽ ഒപ്പിട്ടാൽ പ്രധാനമന്ത്രിയെയും സൈനിക മേധാവിയെയും വധിക്കുമെന്ന് ലഷ്കർ ഭീകരർ ഭീഷണി മുഴക്കി. സ്വതന്ത്ര പലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നത് വരെ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കില്ലെന്നാണ് പാകിസ്ഥാന്‍റെ ഔദ്യോഗിക നിലപാട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്രയേൽ, യുഎസ് സംയുക്ത ഇറാൻ ആക്രമണം ലോകത്തിന്‍റെ സ്ഥിരതയെ തന്നെ ആഴത്തിൽ ബാധിച്ചിരിക്കുന്നു. പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങൾ ഗൾഫ് രാജ്യങ്ങളിലേക്കും അതു ലോകമെമ്പാടും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. അയൽ രാജ്യങ്ങളിൽ ഇസ്രയേൽ ഇതുവരെ നടത്തിയ അക്രമങ്ങൾ ഇപ്പോൾ യുഎസിന്‍റെ പിന്തുണയോടെ ഗൾഫിലേക്ക് വ്യാപിച്ചു എന്നതാണ് ഈ യുദ്ധത്തിന്‍റെ ഏറ്റവും പ്രത്യക്ഷമായ ഫലം. തങ്ങൾ അക്രമിക്കപ്പെട്ടോടെ സ്വയരക്ഷയ്ക്കും സമ്മർദ്ദത്തിനുമായി ഇറാൻ ഹോർമൂസ് കടലിടുക്ക് അടച്ചു. ഇതോടെ ലോകമെങ്ങും ഇന്ധന പ്രതിസന്ധി രൂക്ഷമായി. ഇതിനിടെ പാക് മധ്യസ്ഥതയിൽ യുഎസ് ഇറാൻ ചർച്ചകളും ആരംഭിച്ചു. എന്നാൽ, പാകിസ്ഥാനോടും ഇസ്രയേലുമായി കരാറുണ്ടാക്കാനാണ് ട്രംപ് ആവശ്യപ്പെട്ടത്. ഇത് പാകിസ്ഥാനെ വലിയ പ്രതിസന്ധിയിലേക്കാണ് എത്തിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

പാകിസ്ഥാനെ കാറിൽ ഒപ്പിടാൻ നിർബന്ധിച്ച് ട്രംപ്

പാകിസ്ഥാൻ ഇസ്രയേലുമായി അബ്രഹാം റെക്കോർഡിൽ ഒപ്പ് വെയ്ക്കണമെന്നാണ് ട്രംപിന്‍റെ ആവശ്യം. യുഎഇ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങൾ ഇതിനകം ഒപ്പ് വച്ച അതേസമയം സൗദി അറേബ്യ, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങൾ ഒപ്പ് വച്ചേക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്ന ഇസ്രയേലിന്‍റെ നേതൃത്വത്തിലുള്ള കരാറാണ് അബ്രഹാം കരാർ. ഈ കരാർ ഇസ്രയേൽ രാജ്യത്തിന് അംഗീകാരം നൽകുന്നതോടൊപ്പം ഇസ്രയേലുമായി വ്യാപാരത്തിനും പ്രേരിപ്പിക്കുന്നു. സുന്നി ഭൂരിപക്ഷ രാജ്യമായിരുന്ന പലസ്തീനെ ഇസ്രയേൽ അക്രമിച്ച് തുടങ്ങിയ കാലം മുതൽ, ഗൾഫ് രാജ്യങ്ങൾ ഇസ്രേലുമായി അത്ര സ്വര ചേർച്ചയിലല്ല. എന്നാൽ, ഈ രാഷ്ട്രീയാവസ്ഥ മാറ്റിയെടുക്കാനും ഗൾഫുമായി വാണിജ്യ ബന്ധം സ്ഥാപിക്കാനും ഇസ്രയേൽ ശ്രമിക്കുകയാണ്. അതിനായി യുഎസിന്‍റെ പിന്തുണയോടെ കൊണ്ടുവന്ന കരാറാണ് അബ്രഹാം കരാർ. പാകിസ്ഥാൻ അബ്രഹാം കരാറിനെ ആദ്യം മുതൽ തന്നെ ഏതിർത്തിരുന്നു. എന്നാൽ, പുതിയ രാഷ്ട്രീയാവസ്ഥയിൽ ട്രംപ്, വീണ്ടും കാരാറിനെ കുറിച്ച് ഓർമ്മപ്പെടുത്തുകയും പാകിസ്ഥാനോട് കാരാറിൽ ചേരാൻ നിർബന്ധിക്കുകയും ചെയ്തു. അതേ സമയം പാകിസ്ഥാൻ ഈ സാധ്യത തള്ളിക്കളഞ്ഞു. ഇതിനിടെയാണ് അബ്രഹാം കരാറിൽ ഒപ്പിടുകയോ ഇസ്രയേലിനെ അംഗീകരിക്കുകയോ ചെയ്താൽ കൊന്നു കളയുമെന്നാണ് ലഷ്കർ ഭീകരൻ സൈഫുള്ള കസൂരിയുടെ ഭീഷണി.

Scroll to load tweet…

ഉയരുന്ന ഭീഷണി

ഇസ്രായേലിനെ അംഗീകരിക്കുന്നതിനോ അബ്രഹാം കരാറിൽ ചേരുകയോ ചെയ്താൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെയും പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറിനെയും കൊന്നുകളയുമെന്നാണ് ലഷ്കർ-ഇ-തൊയ്ബ (എൽഇടി) ഡെപ്യൂട്ടി ചീഫ് സൈഫുള്ള കസൂരിയുടെ പരസ്യമായ ഭീഷണി. ഈദ് അൽ-അദ്ഹ പ്രാർത്ഥനകൾക്ക് ശേഷം വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് കസൂരി, ഇസ്രായേലിനെ അംഗീകരികയോ പിന്തുണയ്ക്കുകയോ ചെയ്യുന്ന ഏതൊരു പാകിസ്ഥാൻ നേതാവിനെയും സൈനിക ഉദ്യോഗസ്ഥനെയും "കൊല്ലുമെന്നും നശിപ്പിക്കുമെന്നും" ഭീഷണിപ്പെടുത്തി. പാകിസ്ഥാന്‍റെ സൈനിക ശേഷി ഇസ്രായേലിന്‍റേതിന് തുല്യമാണെന്ന് പാകിസ്ഥാനും സൗദി അറേബ്യയും തമ്മിലുള്ള പ്രതിരോധ സഹകരണത്തെക്കുറിച്ച് സൂചിപ്പിച്ച് കൊണ്ട് കസൂരി പറഞ്ഞു. പള്ളിയിൽ വിശ്വാസികളോട് സംസാരിക്കുമ്പോഴും കസൂരിയുടെ അംഗരക്ഷകർ തങ്ങളുടെ പൈജാമയുടെ കീശയിൽ തോക്കും പിടിച്ച് നിൽക്കുന്നതും കാണാം. പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫും ഇസ്രായേലിനെ അംഗീകരിക്കാനുള്ള നീക്കത്തെ തള്ളിക്കളഞ്ഞിരുന്നു. 1967 -ലെ അതിർത്തി ചട്ടക്കൂട് പ്രകാരം കിഴക്കൻ ജറുസലേം തലസ്ഥാനമായി ഒരു സ്വതന്ത്ര പലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നതുവരെ പാകിസ്ഥാൻ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കില്ലെന്നായിരുന്നു ഖ്വാജയുടെ പ്രസംഗം. ഇസ്രായേലുമായുള്ള ഏതൊരു കരാറും പാകിസ്ഥാന്‍റെ പ്രത്യയശാസ്ത്ര നിലപാടിന് വിരുദ്ധമാണെന്നും ഖ്വാജ ആസിഫ് കൂട്ടിച്ചേർത്തു.