Asianet News MalayalamAsianet News Malayalam

ക്യൂബയിൽ ജനങ്ങൾ പ്രതിഷേധത്തിൽ, മൂന്നുപതിറ്റാണ്ടിനുള്ളിൽ കണ്ട ഏറ്റവും വലിയ പ്രതിഷേധം?

രൂക്ഷമായ ആരോഗ്യ പ്രതിസന്ധികളിലൂടെയാണ് രാജ്യം ഇപ്പോൾ കടന്ന് പോകുന്നത്. മഹാമാരിയെ വേണ്ടരീതിയിൽ കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് പാളിച്ച പറ്റിയെന്ന് ആളുകൾ വിലയിരുത്തുന്നു. 

protest in Cuba reasons
Author
Cuba, First Published Jul 13, 2021, 2:05 PM IST
  • Facebook
  • Twitter
  • Whatsapp

ക്യൂബയിൽ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ വൻ പ്രതിഷേധം ഇരമ്പുകയാണ്. ഒരുപക്ഷേ, മൂന്ന് പതിറ്റാണ്ടിനിടെ കണ്ട ഏറ്റവും വലിയ പ്രതിഷേധമാണ് ഇതെന്ന് പറയാം. രാജ്യത്തെ കമ്മ്യൂണിസ്റ്റ് ഭരണാധികാരികൾക്കും അതിന്റെ പ്രസിഡന്റിനും നേരെ വളരെ വലിയ ഒരു വെല്ലുവിളിയാണ് ഇതുയർത്തുന്നത്. ജീവിതനിലവാരം മോശമാകുന്നതും, കൊറോണ വൈറസ് അണുബാധകൾ വർദ്ധിക്കുന്നതും, വൈദ്യസഹായം ഉൾപ്പെടെയുള്ള അടിസ്ഥാന സേവനങ്ങളുടെയും ചരക്കുകളുടെയും അഭാവവും പ്രതിഷേധത്തിന് കാരണങ്ങളാണ്. 62 വർഷം പഴക്കമുള്ള കമ്മ്യൂണിസ്റ്റ് ഭരണം അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത ആയിരക്കണക്കിന് ആളുകളാണ് തെരുവുകൾ കീഴടക്കിയത്.  

സാമ്പത്തിക പ്രതിസന്ധി

കഴിഞ്ഞ വർഷം സമ്പദ്‌വ്യവസ്ഥ 11 ശതമാനത്തിലധികം ചുരുങ്ങിയത് ക്യൂബൻ ജനതയെ വളരെയേറെ ബാധിച്ചു. ക്യൂബൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായിരുന്നു ടൂറിസം. എന്നാൽ, കൊറോണ വൈറസ് മഹാമാരി ടൂറിസത്തെ വലിയ രീതിയിൽ ബാധിച്ചു. ഇത് ദ്വീപിന്റെ സാമ്പത്തിക, സാമൂഹിക ജീവിതത്തിൽ ആഴത്തിൽ സ്വാധീനം ചെലുത്തി. ഇത് വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം, ക്ഷാമം, മരുന്ന്, അടിസ്ഥാന ഉൽ‌പ്പന്നങ്ങൾ എന്നിവയുടെ കുറവ് ഇതിനെല്ലാം കാരണമായി. വർഷത്തിന്റെ തുടക്കത്തിൽ, സർക്കാർ സാമ്പത്തിക പരിഷ്കാരങ്ങളുടെ ഒരു പുതിയ പാക്കേജ് നിർദ്ദേശിച്ചു. എന്നാൽ, വേതനം വർദ്ധിപ്പിച്ചപ്പോൾ സാധനങ്ങളുടെ വിലയിലും വർദ്ധനവുണ്ടായി. അടുത്ത കുറച്ച് മാസങ്ങളിൽ വില 500% മുതൽ 900% വരെ ഉയരുമെന്ന് കൊളംബിയയിലെ പവൽ വിഡാലിനെപ്പോലുള്ള സാമ്പത്തിക വിദഗ്ദ്ധർ കണക്കാക്കുന്നു.

കഴിഞ്ഞ വർഷം മുതൽ, ക്യൂബക്കാർക്ക് വിദേശ കറൻസികൾ കൊടുത്ത് ഭക്ഷണവും അടിസ്ഥാന ആവശ്യങ്ങളും വാങ്ങാൻ കഴിയുന്ന കടകൾ സർക്കാർ തുറന്നിരുന്നു. പക്ഷേ, ദേശീയ കറൻസിയായ ക്യൂബൻ പെസോസിൽ പണം ലഭിക്കുന്ന ഭൂരിഭാഗം പ്രദേശവാസികളെയും ഇത് പ്രകോപിപ്പിച്ചു. സാധനങ്ങളുടെ ലഭ്യത കുറവ് മൂലം പകർച്ചവ്യാധി സമയത്ത് പോലും എണ്ണ, സോപ്പ്, ചിക്കൻ തുടങ്ങിയ സാധനങ്ങൾ വാങ്ങാനായി ക്യൂബക്കാർക്ക് നീണ്ട നിരയിൽ കാത്ത് നിൽക്കേണ്ടി വന്നു. ഫാർമസികളിലും ആശുപത്രികളിലും അടിസ്ഥാന മരുന്നുകൾ ദുർലഭമായിത്തീർന്നു. ദ്വീപിൽ പല പകർച്ചവ്യാധികളും പടർന്നുപിടിക്കുന്ന ഈ സാഹചര്യത്തിൽ ചില മെഡിക്കൽ സെന്ററുകളിൽ ആസ്പിരിൻ പോലും ലഭ്യമല്ലെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന വൈദ്യുതി തടസ്സം ദ്വീപിനെ ബാധിക്കുന്ന മറ്റൊരു പ്രശ്‌നമാണ്.

കൊവിഡ് -19

രൂക്ഷമായ ആരോഗ്യ പ്രതിസന്ധികളിലൂടെയാണ് രാജ്യം ഇപ്പോൾ കടന്ന് പോകുന്നത്. മഹാമാരിയെ വേണ്ടരീതിയിൽ കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് പാളിച്ച പറ്റിയെന്ന് ആളുകൾ വിലയിരുത്തുന്നു. 2020 -ൽ കൊവിഡിനെ നിയന്ത്രണത്തിലാക്കിയിരുന്ന ദ്വീപിൽ സമീപ ആഴ്ചകളിൽ കേസുകൾ നല്ല രീതിയിൽ വർദ്ധിച്ചു. ഞായറാഴ്ച, ദ്വീപിൽ 6,750 കേസുകളും 31 മരണങ്ങളുമാണ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തത്. എന്നാൽ, യഥാർത്ഥ കണക്കുകൾ വളരെ ഉയർന്നതായിരിക്കുമെന്ന് പല പ്രതിപക്ഷ ഗ്രൂപ്പുകളും പറയുന്നു.

വരുന്ന ദിവസങ്ങളിൽ കേസുകൾ ഇനിയും വർദ്ധിക്കുമെന്ന് അനുമാനിക്കുന്നു. ഇത് രാജ്യത്തിന്റെ ആരോഗ്യ വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്നു. ആരോഗ്യ കേന്ദ്രങ്ങളെ തകർച്ചയിലേക്ക് തള്ളിവിടുന്നു. പലരും ആവശ്യമായ വൈദ്യസഹായം ലഭിക്കാതെ വീട്ടിൽ വച്ച് തന്നെ മരണപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആശുപ്രതികളെല്ലാം നിറഞ്ഞു കവിഞ്ഞു. 

പലയിടത്തും കിടക്കകളില്ല. മാനുഷിക ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ടുള്ള #SOSCuba എന്ന ഹാഷ്‌ടാഗുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ ദ്വീപിലെ ഈ നിർണായക സാഹചര്യത്തിലേയ്ക്ക് വെളിച്ചം വീശുന്നു. ആയിരക്കണക്കിന് ക്യൂബക്കാരാണ് ആ പോസ്റ്റുകൾ പങ്കിട്ടത്. നിറഞ്ഞുകവിയുന്ന ആശുപത്രികളുടെ നിരവധി വീഡിയോകൾ വൈറലായി. അതേസമയം ദ്വീപിൽ ഇതുവരെ 1.7 ദശലക്ഷം ആളുകൾക്ക് വാക്സിനേഷൻ നൽകിയിട്ടുണ്ട്. മൂന്ന്-ഷോട്ടിൽ പലർക്കും കുറഞ്ഞത് ഒരു ഷോട്ടെങ്കിലും ലഭിച്ചു. ലാറ്റിനമേരിക്കയിൽ സ്വന്തമായി വാക്സിൻ വികസിപ്പിച്ച ആദ്യത്തെ രാജ്യമാണിത്. എന്നിട്ടും പക്ഷേ അവിടെ കേസുകൾ വർധിക്കുന്നത് ആശങ്കയ്ക്ക് കാരണമാകുന്നു.

ഇന്റർനെറ്റ് ആക്സസ്

ഇതിന് മുൻപ് ക്യൂബ കണ്ട ഏറ്റവും വലിയ പ്രതിഷേധം നടക്കുന്നത് 1994 ഓഗസ്റ്റിൽ ഹവാനയിലെ മാലെക്കൻ വാട്ടർഫ്രണ്ടിലായിരുന്നു. അന്ന് പക്ഷേ പല ക്യൂബക്കാർക്കും തലസ്ഥാനത്ത് എന്താണ് സംഭവിച്ചതെന്ന് അറിഞ്ഞിരുന്നില്ല. എന്നാൽ മുപ്പത് വർഷങ്ങൾ പിന്നിടുമ്പോൾ ഇപ്പോൾ സാഹചര്യം വളരെ മാറിയിരിക്കുന്നു. രൗൾ കാസ്ട്രോയുടെ അദ്ധ്യക്ഷതയിൽ ക്യൂബ ഉദാരവൽക്കരണ നടപടികൾ കൈക്കൊണ്ടു. അത് ദ്വീപിൽ കൂടുതൽ ഇന്റർനെറ്റ് കണക്റ്റിവിറ്റിക്ക് കാരണമായി. അതിനുശേഷം, സർക്കാരിനോടുള്ള അതൃപ്തി പ്രകടിപ്പിക്കാൻ ക്യൂബക്കാർ സോഷ്യൽ നെറ്റ്‌വർക്കുകൾ ഉപയോഗിക്കാൻ തുടങ്ങി.

ഇന്ന്, ജനസംഖ്യയുടെ വലിയൊരു ഭാഗം, പ്രധാനമായും ചെറുപ്പക്കാർ, ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം തുടങ്ങിയവയിൽ സജീവമാണ്. ഇത് മറ്റ് രാജ്യങ്ങളിൽ എന്ത് നടക്കുന്നു എന്നതിനെ കുറിച്ച് അവബോധം വളർത്താനും, തന്റെ രാജ്യവുമായി താരതമ്യം ചെയ്യാനും ആളുകളെ പ്രാപ്തരാക്കി. ഈ സോഷ്യൽ നെറ്റ്‌വർക്കുകൾ കലാകാരന്മാർക്കും പത്രപ്രവർത്തകർക്കും ബുദ്ധിജീവികൾക്കും അവരുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾക്കോ, പ്രതിഷേധം രേഖപ്പെടുത്തനതിനോ ഉള്ള വേദികളാക്കി മാറ്റുന്നു. സോഷ്യൽ മീഡിയയിൽ പ്രതിഷേധത്തെക്കുറിച്ച് വായിച്ച ശേഷമാണ് കൂടുതൽ ആളുകൾ ഇതിൽ പങ്കെടുക്കാൻ തുടങ്ങിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഫിഡലോ, റൗളോ ഇല്ല

ക്യൂബൻ രാഷ്ട്രീയം എല്ലായ്പ്പോഴും കാസ്ട്രോയെ കേന്ദ്രീകരിച്ചായിരുന്നു. 1959 മുതൽ ക്യൂബയുടെ ഭരണം ഫിഡൽ കാസ്ട്രോയുടെയും, അദ്ദേഹത്തിന്റെ മരണശേഷം സഹോദരൻ രൗൾ കാസ്‌ട്രോയുടെയും കൈയിലായിരുന്നു. പല പഴയ ക്യൂബക്കാരും പതിറ്റാണ്ടുകളുടെ പ്രയാസങ്ങൾക്കിടയിലും കാസ്ട്രോസിനുമുമ്പിൽ വിശ്വസ്തരായിരുന്നു. ആറു പതിറ്റാണ്ടിനിടെ ഇതാദ്യമായി അവരെ കൂടാതെ പുറത്ത് നിന്നൊരാൾ 11 ദശലക്ഷം ജനങ്ങളുടെ നേതാവായി മാറുന്നത്. മൂന്നുവർഷം മുമ്പാണ് മിഗുവൽ ഡിയാസ്-കാനൽ അധികാരമേറ്റത്. ഇപ്പോൾ അധികാരത്തിലുള്ള 60 -കാരനായ ആ നേതാവിന് കാസ്ട്രോ എന്ന പേരിന്റെ പിൻഫലമില്ല. പല പഴയ ക്യൂബക്കാർക്കും കാസ്ട്രോകളോടുള്ള വ്യക്തിപരമായ വിശ്വസ്തത എന്നാൽ പുതിയ തലമുറയ്ക്ക് ഇപ്പോഴത്തെ നേതാവിനോടില്ല. കാര്യങ്ങൾ കൂടുതൽ വ്യക്തതയോടെ കാണാനും, വിലയിരുത്താനും പുതിയ തലമുറ തയ്യാറാകുന്നു. രാജ്യമെമ്പാടുമുള്ള പ്രതിഷേധങ്ങളിൽ ആളുകൾ നേതാവിന്റെ രാജി ആവശ്യപ്പെടുകയാണ്. ഒരുപക്ഷേ ഇന്നത്തെ സങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യങ്ങൾക്ക് ഇതും ഒരു ഘടകമാകാം.  

ഇങ്ങനെയൊക്കെ ആണെങ്കിലും സർക്കാരിന് പിന്തുണ പ്രഖ്യാപിക്കുന്ന ജനങ്ങളും അവിടെ കുറവല്ല. ക്യൂബയില്‍ സര്‍ക്കാറിനെതിരെ നടന്ന പ്രക്ഷോഭത്തിന് പിന്നില്‍ അമേരിക്കയാണെന്ന് പ്രസിഡന്റ് മിഗ്വേല്‍ ഡിയസ് കനേല്‍ അതേ സമയം ആരോപിച്ചു. ക്യൂബയെ അസ്ഥിരപ്പെടുത്താനുള്ള അമേരിക്കയുടെയും ക്യൂബന്‍ വിപ്ലവ വിരോധികളുടെയും ശ്രമമാണ് രാജ്യത്ത് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുഎസ് സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് പണം വാങ്ങിയ ഗ്രൂപ്പാണ് പ്രതിഷേധം നടത്തുന്നതെന്നും പ്രസിഡന്റ് ആരോപിച്ചിരുന്നു.  

Follow Us:
Download App:
  • android
  • ios