ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും മാരകമായ ആയുധമേതാവും? ഏതായുധമാണ് ലോകത്തിൽ ഏറ്റവുമധികം ആളുകളുടെ ജീവനെടുത്തിട്ടുണ്ടാവുക? പലരും വിചാരിക്കുന്നത് അത് ഹിരോഷിമയിലോ നാഗസാക്കിയിലോ വന്നുവീണ അണുബോംബാണെന്നാവും. ശരിയാണ് ആ രണ്ടുബോംബുകൾ നിലംതൊട്ടതിനു പിന്നാലെ രണ്ടുലക്ഷത്തിലധികം മനുഷ്യജീവൻ ഭൂതലത്തിൽ നിന്ന് തുടച്ചു നീക്കപ്പെട്ടു. എന്നാൽ, ആ ആയുധത്തിനൊരു പരിമിതിയുണ്ടായിരുന്നു. രണ്ടാമതൊരിക്കൽ അതെടുത്ത് പ്രയോഗിക്കാൻ സൈനികമേധാവികൾ അറച്ചു. അതുകൊണ്ടുതന്നെ മരണസംഖ്യ ആദ്യപ്രയോഗത്തിലെ ജീവനാശത്തിൽ ഒതുങ്ങിനിന്നു. എന്നാൽ, യാതൊരു മനശ്ചാഞ്ചല്യവുമില്ലാതെ, വീണ്ടും വീണ്ടുമെടുത്ത് മനുഷ്യന്റെ പ്രാണൻ അപഹരിക്കാൻ വേണ്ടി ലോകമെമ്പാടും പ്രയോഗിക്കപ്പെടുന്ന മറ്റൊരു ആയുധമുണ്ട്. അതാണ് കഴിഞ്ഞ നൂറ്റാണ്ടിൽ അവതരിച്ച് ഇന്നും ഏറെ ജനപ്രിയമായി നിലകൊള്ളുന്ന ഒരു അതിമാരകമായ ആയുധം. ലോകത്തിലെ സംഘർഷഭരിതമായ യുദ്ധഭൂമികളിൽ അത് കൊന്നു തള്ളിയിട്ടുള്ളത് ദശലക്ഷക്കണക്കിനു പേരെയാണ്. അത് ഉത്ഭവിച്ചത് റഷ്യയിലാണ്. അതുകൊണ്ടുതന്നെ പേരും റഷ്യൻ തന്നെ. അവ്ട്ടോമാറ്റ് കലാഷ്നിക്കോവ് 47 അഥവാ എകെ 47 അസാൾട്ട് റൈഫിൾ. അതൊരു ഗ്യാസ് ഓപ്പറേറ്റഡ്, 7.62×39mm ബോർ യന്ത്രത്തോക്കാണ്.

രണ്ടാം ലോകമഹായുദ്ധത്തിൽ ജർമൻ പട്ടാളം യുദ്ധമുഖത്ത് വ്യാപകമായി എടുത്തുപ്രയോഗിച്ച Sturmgewehr 44 (അപരനാമം : MP 44) എന്ന യന്ത്രത്തോക്ക് റഷ്യൻ പട്ടാളത്തിലെ നിരവധിപേരുടെ ജീവനപഹരിച്ചു. അത്ര ഫലപ്രദമായ രീതിയിൽ വെടിയുതിർക്കുന്ന ഒരു മാരകായുധം റഷ്യൻ പട്ടാളം അതിനുമുമ്പ് എതിരിട്ടു പരിചയിച്ചിരുന്നില്ല. MP 44 -ന് ഒരു സബ് മെഷീൻ ഗണ്ണിന്റെ പ്രഹരശേഷിയും, ഒരു അസാൾട്ട് റൈഫിളിന്റെ കൃത്യതയും ഒരേസമയം ലഭ്യമായിരുന്നു. അതുവരെ റഷ്യൻ സൈന്യം ഉപയോഗിച്ചുകൊണ്ടിരുന്നത് പപാഷ(PPSh-41) എന്ന സബ് മെഷീൻ ഗണ്ണും, മോസിൻ-നാഗന്റ് ബോൾട്ട്-ആക്ഷൻ റൈഫിളും മാത്രമായിരുന്നു. ജർമ്മൻ യന്ത്രത്തോക്കിനെ പ്രതിരോധിക്കാൻ വേണ്ടി പുതിയൊരു  അസാൾട്ട് റൈഫിളിന്റെ ഡിസൈൻ പ്രവർത്തനങ്ങൾ റഷ്യ തുടങ്ങുന്നത് 1945-ലാണ്. MP 44 -ൽ നിന്നുതിർന്ന വെടിയേറ്റ് മരണത്തിന്റെ വക്കുവരെ എത്തി തിരിച്ചു നടന്ന മിഖായിൽ കലാഷ്നിക്കോവ് എന്ന റഷ്യൻ ജനറലാണ് ഈ യന്ത്രത്തോക്കിന്റെ ഡിസൈനിനു പിന്നിൽ. പരിശ്രമം തുടങ്ങി, ഒരു വർഷത്തിനുള്ളിൽ തന്നെ പ്രാഥമിക മിലിട്ടറി ട്രയലുകൾക്കായുള്ള ആദ്യസാമ്പിൾ നൽകപ്പെട്ടു. പരീക്ഷണങ്ങൾ വിജയമായതോടെ വ്യവസായികാടിസ്ഥാനത്തിലുള്ള നിർമാണവും ആരംഭിച്ചു.

ഇന്ന് ഈ യന്ത്രത്തോക്ക് ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള പല ഭീകരസംഘടനകളുടെയും, വിമത സേനയുടെയും, എന്തിന് വ്യക്തികളുടെ ആയുധശേഖരങ്ങളുടെ വരെ ഭാഗമാണ്. വിയറ്റ്‌നാം, അഫ്ഗാനിസ്ഥാൻ, കൊളംബിയ, മൊസാംബിക് തുടങ്ങിയ പല രാജ്യങ്ങളിലെയും വിപ്ലവസംഘടനകളുടെ കോടികളിൽ വരെ ഈ തോക്ക് ഒരു ചിഹ്നമായി ഇടം പിടിച്ചിട്ടുണ്ട്. 1946 -ൽ പുറത്തിറങ്ങിയ ആദ്യ പ്രോട്ടോടൈപ്പിനു ശേഷം ഇന്നുവരെ ഏകദേശം പത്തുകോടിയിൽപരം എകെ 47 യന്ത്രത്തോക്കുകൾ വിറ്റഴിക്കപ്പെട്ടിട്ടുണ്ടെന്നാണ് ഏകദേശകണക്ക്.  

എന്താണ് കലാഷ്നിക്കോവ് യന്ത്രത്തോക്കുകളുടെ ജനപ്രീതിക്ക് പിന്നിൽ?

കാരണം ലളിതമാണ്. താരതമ്യേന കുറഞ്ഞ നിർമാണച്ചെലവ്, അതുകൊണ്ടുതന്നെ വിലയും കുറവാണ്. 3000 ഡോളർ കയ്യിലുണ്ടെങ്കിൽ അമേരിക്കയിൽ ഒരു എകെ 47 സ്വന്തമാക്കാം. മറ്റുള്ള അസാൾറ്റ റൈഫിളുകളെക്കാൾ വലിപ്പം കുറവായതിനാൽ കൈകാര്യം ചെയ്യാനും, കൊണ്ടുനടക്കാനും എളുപ്പം. ഭാരവും താരതമ്യേന കുറവാണ് എന്നതും ഇതിനെ പോരാളികൾക്ക് പ്രിയങ്കരമാക്കുന്നു. അമേരിക്കൻ നിർമിത M16 അസാൾട്ട് റൈഫിളുമായി താരതമ്യം ചെയ്‌താൽ എകെ 47 വളരെ കോംപാക്ട് ആണ്. ഇപ്പോൾ പ്രചാരത്തിലുള്ള സ്റ്റാമ്പ്ഡ് സ്റ്റീൽ AKM വേരിയന്റ് മുൻമോഡലുകളെക്കാൾ ഭാരം കുറഞ്ഞതുമാണ്. മാത്രവുമല്ല, അസാൾട്ട് റൈഫിളുകളിൽ ഏറ്റവും കുറഞ്ഞ റീകോയിൽ ഉള്ളതും എകെ 47-നാണ്. 

വെള്ളം, ഈർപ്പം, പൊടി, തണുപ്പ് എന്നിവ ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കുന്ന പല യുദ്ധമുഖങ്ങളിലും അത്തരത്തിലുള്ള വിപരീതസാഹചര്യങ്ങളെ അതിജീവിച്ചുകൊണ്ട് ഒരു മുടക്കവുമില്ലാതെ ഈ യന്ത്രത്തോക്ക് വെടിയുതിർക്കും. താരതമ്യേന കുറഞ്ഞ മെയിന്റനൻസ് മാത്രമേ ഇതിന് ആവശ്യമുള്ളൂ. ഒരൊറ്റ കാർട്രിഡ്ജിൽ നിന്ന് മുപ്പതു റൗണ്ട് വെടിയുതിർക്കാനുള്ള ശേഷി ഈ യന്ത്രത്തോക്കിനുണ്ട്. പ്രത്യേകം ഡിസൈൻ ചെയ്യപ്പെട്ട ഒരു ബയണറ്റും, സ്കബാർഡും എകെ 47 ന്റെ കൂടെ ലഭ്യമാണ്. ഇന്നത്തെ ആധുനിക മോഡലുകളിൽ ടെലസ്കോപ്പുകളും, PSO1 അടക്കമുള്ള ഒപ്റ്റിക്കൽ സ്നൈപ്പർ സൈറ്റിങ് ആക്സസറികളും ഘടിപ്പിക്കാനുള്ള സൗകര്യമുണ്ട്.  

അമേരിക്കയുടെ വിയറ്റ്‌നാം യുദ്ധകാലത്ത്, തങ്ങളുടെ M-16 തോക്കുകൾ വലിച്ചെറിഞ്ഞ്, അവിടത്തെ വിപ്ലവകാരികളുടെ AK 47  തോക്കുകളും കാർട്രിഡ്ജുകളും ഉപയോടിക്കാൻ അമേരിക്കൻ സൈനികർ  ഇഷ്ടപ്പെട്ടിരുന്നു എന്നതാണ് ഈ തോക്കിനെക്കുറിച്ച് പ്രചാരത്തിലുള്ള ഒരു കഥ.

 

ഇറാഖിലെ അമേരിക്കൻ പട്ടാളക്കാരും ഇതേ വഴി പിന്തുടരുന്നതായി പറഞ്ഞു കേട്ടിട്ടുണ്ട്. കുറ്റകൃത്യങ്ങളുടെയും മാഫിയാ കുടിപ്പകകളുടെയും കഥകളിൽ ഈ മാരകായുധത്തിന്റെ പരാമർശമില്ലാതെ മുന്നോട്ടുപോവാൻ സാധിക്കില്ല. ലോകത്തിന്നുവരെ നടന്നിട്ടുള്ള ഒരു വിധം എല്ലാ ഹോസ്റ്റേജ് സാഹചര്യങ്ങളിലും ഭീകരരുടെ കയ്യിലെ ആയുധം എകെ 47 ആയിരുന്നു. 1972 -ൽ രാത്രിയുടെ മറവിൽ മ്യൂണിക്കിലെ ഒളിമ്പിക് വില്ലേജിലേക്ക് നടന്നുകയറിയ പലസ്തീൻ വിപ്ലവകാരികളുടെ കയ്യിലും ഇതേ യന്ത്രത്തോക്കായിരുന്നു. സ്റ്റോക്ടണിലെയും ഡാലസിലെയും കാലിഫോർണിയയിലെയും കൂട്ടവെടിവെപ്പുകളിലെ മുഖ്യപ്രതി ഇതേ ആയുധമാണ്. ഇരുപതുമുതൽ നാൽപതു വരെയാണ് ഈ തോക്കിന്റെ ശരാശരി ആയുസ്സ്. ഈ യന്ത്രത്തോക്കിന് പ്രസിദ്ധി അതേ പേരിൽ നിരവധി ഉത്പന്നങ്ങൾ വേറെയും വരാൻ കാരണമായി. അതിൽപ്പെട്ട ഒന്നാണ് കലാഷ്നിക്കോവ് വോഡ്ക.

ആരാണ് ലെഫ്റ്റനന്റ് മിഖായിൽ കലാഷ്നിക്കോവ്?

മരണം ഒരിക്കലും മിഖായിലിൽ നിന്ന് ഏറെ ദൂരെയായിരുന്നില്ല. തെക്കൻ സൈബീരിയയിലെ പാവപ്പെട്ട ഒരു കർഷകന്റെ പത്തൊമ്പതു മക്കളിൽ ഒരാളായി പിറന്നുവീണ കാലം തൊട്ടുതന്നെ അത് അയാളുടെ സന്തതസഹചാരിയായിരുന്നു. പത്തൊമ്പതുപേർ ജനിച്ചെങ്കിലും ബാലാരിഷ്ടതകൾ പിന്നിട്ടത് എട്ടുപേർ മാത്രമായിരുന്നു. എന്നും രോഗപീഡകളാൽ കലുഷിതമായിരുന്നു മിഖായിലിന്റെ ബാല്യം. അകാലത്തിൽ മരണപ്പെട്ട തന്റെ സഹോദരർക്കൊപ്പം കുഴിമാടത്തിലെത്തുന്നതിന് തൊട്ടടുത്തുവരെ ചെന്ന് പലപ്പോഴും മിഖായിൽ തിരിച്ചുവന്നിട്ടുണ്ട് ചെറുപ്പത്തിൽ. 

മുതിർന്നപ്പോൾ റഷ്യൻ സൈന്യത്തിൽ ചേർന്ന മിഖായിൽ നേരെ വലിച്ചെറിയപ്പെട്ടത് രണ്ടാം ലോകമഹായുദ്ധത്തിന്റെ രണഭൂമിയിലേക്കാണ്. റെഡ് സ്റ്റാർ ആർമിയുടെ ടാങ്ക് റെജിമെന്റിലായിരുന്നു ആദ്യനിയമനം. ഒരു ലക്ഷത്തിലധികം റഷ്യൻ സൈനികർ കൊല്ലപ്പെട്ട 1941 -ലെ ബ്ര്യാൻസ്ക്ക് യുദ്ധം. ആ യുദ്ധത്തിൽ നല്ലൊരു ആയുധമില്ലാത്തതിന്റെ പേരിലാണ് തന്റെ സഹപ്രവർത്തകരിൽ പലരും വധിക്കപ്പെട്ടത് എന്ന തിരിച്ചറിവാണ് ഇങ്ങനെ ഒരു ആയുധമുണ്ടാക്കാൻ വേണ്ടി കലാഷ്നിക്കോവിനെ പ്രേരിപ്പിച്ചത്.  

ഈ ആയുധം വികസിപ്പിച്ചെടുത്ത ലെഫ്റ്റനന്റ് മിഖായിൽ കലാഷ്നിക്കോവിനെ റഷ്യൻ സൈന്യം വിഖ്യാതമായ സ്റ്റാലിൻ പുരസ്കാരം, റെഡ്സ്റ്റാർ, ഓർഡർ ഓഫ് ലെനിൻ എന്നീ ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്. റഷ്യൻ ജനതയുടെ ക്രിയേറ്റിവ് ജീനിയസിന്റെ മുഖമുദ്രയാണ് എകെ 47 അസാൾട്ട് റൈഫിൾ എന്നാണ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പറഞ്ഞിട്ടുള്ളത്. തന്റെ ജീവിതകാലത്ത് പലപ്പോഴും, ഇങ്ങനെ ഒരു മാരകായുധം പടച്ചുവിട്ടതിന്റെ പേരിൽ പഴി കേൾക്കേണ്ടി വന്നിട്ടുണ്ട് ലെഫ്റ്റനന്റ് കലാഷ്നിക്കോവിന്. അങ്ങനെ തന്നെ കുറ്റപ്പെടുത്തിയവരോടൊക്കെ മിഖായിൽ ഒന്നേ പറഞ്ഞുള്ളൂ, "ഞാനിത് നിർമിച്ചത് ഡിഫൻസിന് വേണ്ടിയാണ്, ഒഫെൻസിന് വേണ്ടിയല്ല.!"

 

2007-ൽ ഒരു റിപ്പോർട്ടർ അദ്ദേഹത്തോട് ചോദിച്ചു, "മിഖായിൽ അങ്ങേക്ക് എങ്ങനെ സ്വസ്ഥമായുറങ്ങാൻ കഴിയുന്നു..?" അദ്ദേഹം പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു, "അതിനെന്താ, എനിക്ക് ഗാഢമായിത്തന്നെ ഉറങ്ങാൻ പറ്റുന്നുണ്ട്. ഒരു കുറ്റബോധവും എന്നെ ഏശുന്നില്ല. കാരണം, നിർമിച്ച ഞാനല്ല, ഇന്നാട്ടിലെ രാഷ്ട്രീയക്കാരാണ് അതിനെ ക്രിമിനലുകളുടെ കയ്യിൽ പിടിപ്പിച്ചത്..."

അന്നങ്ങനെയൊക്കെ പറഞ്ഞിരുന്നു എങ്കിലും, ജീവിതത്തിന്റെ അവസാന വർഷങ്ങളിൽ ഒരു മാനസാന്തരമുണ്ടാകുന്നുണ്ട് മിഖായിലിന്. റഷ്യൻ ഓർത്തഡോക്സ് ചർച്ചിനെഴുതിയ കത്തിൽ അദ്ദേഹം ഇങ്ങനെ കുറിക്കുന്നുണ്ട്,  "എന്റെ ഉള്ളിലെ വേദന അസഹ്യമാണ് പിതാവേ. എന്നോടുതന്നെ ചോദിക്കാതിരിക്കാൻ എനിക്കാവുന്നില്ല, ഞാനുണ്ടാക്കിയ ഒരു ആയുധം ലോകമെമ്പാടും നിരവധി നിരപരാധികളുടെ ജീവനെടുക്കുമ്പോൾ, അതിന് ഒരുപരിധിവരെ ഞാനും ഉത്തരവാദിയാകുന്നില്ലേ..? ആ ചോദ്യമെന്നെ വല്ലാതെ അലട്ടുന്നച്ചോ..."

അവശേഷിക്കുന്ന ചോദ്യം ലളിതമാണ്. ആരാണ് കുറ്റക്കാർ? തോക്ക് നിർമ്മിച്ച കലാഷ്നിക്കോവോ അതോ അത് അക്രമങ്ങൾക്ക് സപ്ലൈ ചെയ്ത റഷ്യയിലെ രാഷ്ട്രീയ നേതൃത്വമോ? കൊലയാളി ആരാണ്? തോക്കുകളോ, അതോ അത് തോളിലേന്തി കാഞ്ചി വലിക്കുന്നവരോ? 2013 നവംബർ 10 -ന് തന്റെ തൊണ്ണൂറ്റിനാലാമത്തെ വയസിൽ മിഖായിൽ കലാഷ്നിക്കോവ് എന്ന സ്രഷ്ടാവ് ആന്തരിച്ചുവെങ്കിലും, അദ്ദേഹത്തിന്റെ ഈ സംഹാരായുധം ഇന്നും നിർബാധം ഗർജ്ജിച്ചുകൊണ്ടിരിക്കുന്നു. ഓരോ ഗർജ്ജനവും  മരണത്തിന്റെ കാഹളം മുഴക്കുന്നു.

കലാഷ്നിക്കോവ് എന്ന മനുഷ്യൻ സാഹചര്യങ്ങളുടെ സമ്മർദ്ദം ഒന്നുകൊണ്ടുമാത്രം റഷ്യൻ പട്ടാളത്തിൽ ചേർന്ന് പോരാടിയവനാണ്. ആ സൈബീരിയൻ കർഷകന്റെ രോഗപീഡിതനും ദുർബലശരീരനുമായ മകന് ഒരു കവിയാകണം എന്നായിരുന്നു മോഹം. തന്റെ സ്വപ്നങ്ങളെ പിന്തുടരാൻ ലോകം മിഖായിൽ കലാഷ്നിക്കോവിനെ അനുവദിച്ചിരുന്നെങ്കിൽ, ഒരു പക്ഷേ ഇന്ന് ലോകത്തിന്റെ ഗതി തന്നെ മറ്റൊന്നായിരുന്നേനെ..!