1992 -ൽ ബാബ്‌റി മസ്ജിദ് തകർത്ത കേസിൽ ലഖ്‌നൗ സ്‌പെഷ്യൽ സിബിഐ കോടതി ജഡ്ജി എസ്‌കെ യാദവ് എല്ലാ കുറ്റാരോപിതരെയും കുറ്റവിമുക്തരാക്കിക്കൊണ്ട് വിധി പ്രസ്താവിച്ചിരിക്കുകയാണ്. എൽകെ അദ്വാനി, ഉമാഭാരതി, കല്യാൺ സിംഗ്, മുരളി മനോഹർ ജോഷി, സാധ്വി ഋതംബര, സാക്ഷി മഹാരാജ്, വിനയ് കട്ടിയാർ, ചമ്പത് രാജ്, മഹന്ത് നിത്യ ഗോപാൽ ദാസ്, രാം വിലാസ് വേദാന്തി, ധർമദാസ്‌, ഡോ. സതീഷ് പ്രധാൻ തുടങ്ങിയവരായിരുന്നു കേസിലെ മുഖ്യ പ്രതികൾ. പ്രതികൾ ഗൂഢാലോചന നടത്തിയാണ് ബാബ്‌റി മസ്ജിദ് തകർത്തത് എന്നതിന് തെളിവില്ല എന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. മാത്രവുമല്ല, പ്രതികള്‍ക്കെതിരായ തെളിവുകൾ ശക്തമല്ല എന്നും രണ്ടായിരം പേജോളം വരുന്ന വിധിന്യായത്തിൽ കോടതി നിരീക്ഷിച്ചു.  

അയോധ്യയുമായി ബന്ധപ്പെട്ടുകൊണ്ട് ഇന്ത്യൻ കോടതികളിൽ ഇന്നോളം നടന്നിട്ടുള്ള വ്യവഹാരങ്ങളുടെയും വിധികളുടെയും നാൾവഴികൾ ഇങ്ങനെ.

 1528 -ൽ മുഗൾ ചക്രവർത്തിയായിരുന്ന ബാബറാണ് അയോധ്യയിലെ ബാബറി മസ്ജിദ് എന്ന് പിൽക്കാലത്ത് അറിയപ്പെട്ട പള്ളി നിർമ്മിക്കുന്നത്. ബാബറുടെ കമാൻഡർ മിർ ബാഖിക്കായിരുന്നു നിർമ്മാണത്തിന്റെ ചുമതല.  

1885 -ൽ ആദ്യത്തെ കോടതി വ്യവഹാരമുണ്ടാകുന്നു. മഹന്ത് രഘുബീർ ദാസ് എന്നൊരാളാണ് ആദ്യമായി കേസുമായി കോടതിക്ക് മുന്നിലെത്തുന്നത്. എന്താ വിഷയം? ബാബറി മസ്ജിദിന്റെ തൊട്ടപ്പുറത്ത് നിൽക്കുന്ന 'റാം ചബൂത്ത്റാ' എന്ന കൽമണ്ഡപത്തെ ഒരു അമ്പലമാക്കിയെടുക്കാൻ അനുമതി തേടിയാണ് മഹന്ത് ഫൈസാബാദ് ജില്ലാ കോടതി സമക്ഷമെത്തുന്നത്. ഭൂമിക്കുമേൽ തനിക്ക് അവകാശമുണ്ടെന്ന് വാദിച്ചാണ് അദ്ദേഹം ചെല്ലുന്നത്.

1853 -നും 1855 -നുമിടയിൽ നടന്ന ഹിന്ദു മുസ്‌ലിം ലഹളകൾക്കൊടുവിൽ ഹിന്ദുക്കൾ അവരുടെ ആരാധനയ്ക്കായി കെട്ടിയെടുത്തതാണ് ആ കൽമണ്ഡപം. പ്രദേശത്തെ ഹനുമാന്റെ അമ്പലം ഒരു പള്ളിപൊളിച്ച് അതിന്മേൽ കെട്ടിയതാണ് എന്ന മുസ്ലിങ്ങളുടെ വാദമാണ് അന്ന് കലാപത്തിൽ ചെന്നവസാനിച്ചത്. അന്നത്തെ കോടതി റിക്കാർഡുകൾ പ്രകാരം, 'റാം ജന്മഭൂമി' എന്നപേരിൽ അന്ന് അവകാശവാദങ്ങൾ വന്നിരുന്നത് 'റാം ചബൂത്ത്റാ' എന്ന ഈ കൽമണ്ഡപം ഇരിക്കുന്ന ഭാഗത്തിനുവേണ്ടിയാണ്. ബാബരി മസ്ജിദ് സ്ഥിതിചെയ്യുന്നത് ഭാഗത്തിനുവേണ്ടി അല്ലായിരുന്നു.

1886-ൽ ഫൈസാബാദ് കോടതി മഹന്തിന്റെ വാദങ്ങൾ തള്ളി. അമ്പലം നിർമിക്കാനുള്ള അനുമതി ജില്ലാ കോടതിയിൽ നിന്നോ മേൽക്കോടതിയിൽ നിന്നോ കിട്ടിയില്ല. എന്നാൽ വിധിവന്ന ശേഷം വീണ്ടും കലാപങ്ങളുണ്ടായി ആ ഭൂമിയിൽ. ഹിന്ദു-മുസ്ലിം സംഘങ്ങൾ തമ്മിൽ നിരന്തരം സംഘർഷങ്ങൾ തുടർന്നു. അക്കൂട്ടത്തിൽ ഒന്നായിരുന്നു നിർമോഹി അഖാഡ എന്ന സംഘടന. 1400-കൾ മുതൽ അയോധ്യയിലെ ജന്മഭൂമിയിൽ ശ്രീരാമനെ ആരാധിച്ചുപോരുന്നവർ എന്ന അവകാശവാദവുമായി വന്ന ഹിന്ദുമതവിശ്വാസികളിലെ ഒരു അവാന്തരവിഭാഗമാണ് നിർമോഹികൾ.

1934-ൽ ഒരു പശുവിന്റെ വധവുമായി ബന്ധപ്പെട്ട് അയോധ്യയിൽ വീണ്ടും കലാപങ്ങളുണ്ടാകുന്നു. അന്ന് ഹിന്ദുക്കൾ ഭാഗത്തുനിന്നുണ്ടായ സംഘടിതമായ ആക്രമണത്തിൽ ബാബറി മസ്ജിദിന്റെ ഒരു ഭാഗത്തിന് കേടുപറ്റുന്നു. ഒടുവിൽ പ്രശ്നം ഒത്തുതീർന്നപ്പോൾ ഹിന്ദുക്കൾ തങ്ങളുടെ കലാപത്തിലുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കാനുള്ള പണം നൽകുകയുണ്ടായി എങ്കിലും, നിർമോഹികൾ തർക്കഭൂമിയിന്മേൽ തങ്ങൾക്കാണ് അവകാശമെന്ന് പറഞ്ഞുതുടങ്ങുന്നത് ഈ വർഷം മുതൽക്കാണ്.

1949-ൽ  അടുത്ത പ്രധാന സംഭവവികാസമുണ്ടാകുന്നു. ഡിസംബർ 22-23 രാത്രിയിൽ പള്ളിക്കുള്ളിൽ ശ്രീരാമൻ, സീത, ലക്ഷ്മണൻ എന്നിവരുടെ മൂർത്തികൾ കൊണ്ട് പ്രതിഷ്ഠിക്കപ്പെടുന്നു. അധികാരികൾ ബന്ധപ്പെട്ട് ഉടനടി അത് നീക്കാൻ ആവശ്യപ്പെട്ടെങ്കിലും, സാമുദായിക സംഘർഷമുണ്ടാകും എന്ന കാരണം ചൂണ്ടിക്കാട്ടി അത് നടപ്പാക്കപ്പെടുന്നില്ല. 1949 ഡിസംബർ 29-ന് ഫൈസാബാദ് ജില്ലാകോടതി പ്രശ്നത്തിന് ഒരു പരിഹാരമുണ്ടാകും വരെ തർക്കഭൂമിയുടെ ഉടമസ്ഥത ഏറ്റെടുത്തു. തീരുമാനമാകും വരെ അവിടെ ഒന്നും പാടില്ല എന്ന് വിധിച്ചു.

1950 -ൽ അടുത്ത നീക്കം. ജനുവരിയിൽ ഗോപാൽ സിങ്ങ് വിശാരദ് എന്ന അഖിൽ ഭാരതീയ ഹിന്ദു മഹാസഭാ നേതാവിന്റെ ഭാഗത്തുനിന്നാണുണ്ടായത്. ഗോപാൽ സിങ്ങിന് ഭൂമിയുടെ ഉടമസ്ഥാവകാശമൊന്നും വേണ്ടായിരുന്നു. പകരം, അവിടെ ആരാധനയ്ക്കുള്ള അനുമതി തേടിയാണ് അദ്ദേഹം കോടതിയെ സമീപിക്കുന്നത്. പ്രതിഷ്ഠിക്കപ്പെട്ട മൂർത്തികൾ നീക്കം ചെയ്യുന്നതിനെതിരെ ഒരു ഇൻജംക്ഷനും. അധികം താമസിയാതെ ഇതേ ആവശ്യവുമായി രാമചന്ദ്ര ദാസ് പരമഹംസ എന്നൊരാളും കോടതിയെ സമീപിക്കുന്നു. 

1959-ൽ നിർമോഹി അഖാഡയുടെ അവകാശവാദം 

ഇതാണ് ഈ വിഷയത്തിലെ ആദ്യത്തെ ഔപചാരികമായ ടൈറ്റിൽ സ്യൂട്ട്. തർക്കഭൂമിയെ റിസീവർ ഭരണത്തിൽ വിട്ട 1949ലെ ഫൈസാബാദ് ജില്ലാ കോടതിയുടെ വിധിയെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു പ്രസ്തുത കേസ്. തങ്ങളുടെ പൂജാരിയും(മഹന്ത്) അമ്പലം നടത്തിപ്പുചുമതലക്കാരും ചേർന്നുകൊണ്ട് നൂറ്റാണ്ടുകളായി ജന്മഭൂമിയായ അയോധ്യയിൽ ശ്രീരാമനെ ആരാധിച്ചുപോരുകയായിരുന്നു എന്നും അതിന് ഭംഗം വരുത്തിയ ഫൈസാബാദ് വിധി റദ്ദാക്കണമെന്നുമായിരുന്നു നിർമോഹി അഖാഡയുടെ ആവശ്യം. അതിന് അവർ രണ്ടു കാരണങ്ങളാണ് പറഞ്ഞത്. ഒന്ന്, നൂറ്റാണ്ടുകൾക്കു മുമ്പ് തർക്കഭൂമിയിലുണ്ടായിരുന്ന, ആരാധന നടന്നിരുന്ന ഒരു ശ്രീരാമക്ഷേത്രം തകർത്താണ് ബാബറി മസ്ജിടുണ്ടാക്കിയത്. റാൻഡ്, 1934 മുതൽക്ക് ബാബറി മസ്ജിദിൽ മുസ്ലീങ്ങൾ പ്രാർത്ഥനകളൊന്നും തന്നെ നടത്തുന്നുണ്ടായിരുന്നില്ല. എന്നാൽ, ഹിന്ദുക്കൾ, നിർമോഹികളുടെ കാർമ്മികത്വത്തിൽ അത് ചെയ്യുന്നുണ്ടായിരുന്നു.

1961-ൽ  സുന്നി വഖഫ് ബോർഡിന്റെ എൻട്രി

അയോദ്ധ്യാ നിവാസികളായ മുസ്ലിങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട്, വിശാരദിന്റേയും നിർമോഹികളുടെയും അവകാശവാദങ്ങളെ ചോദ്യം ചെയ്തുകൊണ്ട്, ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡ് കോടതിയിൽ അന്യായം ഫയൽ ചെയ്യുന്നത് 1961 -ലാണ്. അവരുടെ വാദങ്ങൾക്ക് പ്രധാനമായും രണ്ട് ലീഗൽ അടിത്തറയാണ് ഉണ്ടായിരുന്നത്. ഒന്ന്, ഭൂമിയുടെ ഉടമകൾ മുസ്ലിങ്ങളാണ്. അത് മുഗളരുടെ കാലത്ത് വഖഫ് ഭൂമിയായി അനുവദിക്കപ്പെട്ടതാണ്. ഉള്ളിൽ വിഗ്രഹങ്ങൾ കൊണ്ടുവെക്കപ്പെട്ട 1949 വരെയും അവിടെ മുസ്ലീങ്ങൾ പ്രാർത്ഥിച്ചിരുന്നു. രണ്ട്, 1886-ൽ കോടതി മഹന്തിന്റെ അവകാശവാദങ്ങൾ തള്ളിയതാണ്. ഇതായിരിക്കണം ടൈറ്റിൽ സ്യൂട്ടിനെ നിർണയിക്കുന്നത്.

പിന്നീട് കുറേക്കാലം ഒന്നും നടന്നില്ല. 1986 -ൽ ഒരു ഹിന്ദു അഡ്വക്കേറ്റ് ഉമേഷ് ചന്ദ്ര പാണ്ഡെ തർക്കഭൂമിയുടെ ഗേറ്റുകൾ തുറക്കണമെന്നും ഹിന്ദുക്കളെ അകത്തേക്ക് വിടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ കോടതിയിൽ ഒരു അപേക്ഷ സമർപ്പിക്കുന്നു. ഈ അപേക്ഷയിന്മേൽ അനുകൂലവിധി വരുന്നു. 1986 ഫെബ്രുവരി 1-ന് ഗേറ്റുകൾ തുറക്കപ്പെടുന്നു.

ഈ വിധിയിന്മേൽ സ്റ്റേ ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിങ്ങൾ അലഹബാദ് ഹൈക്കോടതിയെ സമീപിക്കുന്നു. കോടതി വീണ്ടും സ്റ്റാറ്റസ് ക്വോ നടപ്പിൽ വരുത്തുന്നു.

1989 -ൽ 'റാം ലല്ലാ വിരാജ്‌മാൻ' കേസിൽ കക്ഷിചേരുന്നു

1989 ജൂലൈ ഒന്നാം തീയതി റാം ലല്ലാ വിരാജ്‌മാൻ അഥവാ ബാലരൂപിയായ ശ്രീരാമനും ശ്രീരാമജന്മഭൂമിയും കേസിൽ കക്ഷിചേർന്ന് പുതിയ ടൈറ്റിൽ സ്യൂട്ട് ഫയൽ ചെയ്യുന്നു. ഈ രണ്ടു കക്ഷികൾക്കിൻ വേണ്ടി കേസ് കൊടുക്കുന്നത് അവരുടെ ആത്മമിത്രം എന്നവകാശപ്പെട്ടുകൊണ്ട് വിശ്വഹിന്ദുപരിഷത്തുകാരനായ റിട്ട. ജസ്റ്റിസ് ദേവകി നന്ദൻ അഗർവാല ആണ്. മൂർത്തികളെ കക്ഷി ചേർക്കാൻ ഇന്ത്യൻ നിയമത്തിൽ വകുപ്പുണ്ടായിരുന്നു.

മൂർത്തിയുടെ വാദങ്ങൾ പ്രധാനമായും രണ്ടെണ്ണമായിരുന്നു. ഒന്ന്, ഭഗവാൻ വിഷ്ണുവിന്റെ അവതാരമായ ശ്രീരാമന്റെ ജന്മഭൂമിയാണ് അയോദ്ധ്യ. അതിന്റെ അവകാശം മൂർത്തിയായ തനിക്കും, പിന്നെ ശ്രീരാമജന്മഭൂമി എന്ന സങ്കല്പത്തിനും മാത്രമാണ്. അതുകൊണ്ടുതന്നെ മുഗളന്മാർ പ്രസ്തുത ഭൂമി വഖഫ് ആയി നൽകിയതിന് നിയമസാധുതയില്ല.

1989 മുതൽ അലഹബാദ് ഹൈക്കോടതി വിധി വരെ

1989 ഓഗസ്റ്റ് 14-ന് അലഹബാദ് ഹൈക്കോടതി അന്നേവരെ ഫയൽ ചെയ്യപ്പെട്ട അന്യായങ്ങളെയെല്ലാം ചേർത്തുവെച്ച് ഒറ്റക്കേസാക്കി പരിഗണിച്ചു. രാഷ്ട്രീയത്തിൽ സജീവ ചർച്ചാവിഷയമായിരിക്കെയും, കോടതിയിലെ വാദങ്ങൾ ഇഴഞ്ഞുമാത്രം നീങ്ങി.

കോടതിവിധി വരും വരെ സ്റ്റാറ്റസ് ക്വോ നിലനിർത്തണം എന്ന കോടതി വിധിയുടെ ലംഘനമായിരുന്നു 1992 ഡിസംബർ 6-ന്  നടന്ന ബാബറി മസ്ജിദ് തകർക്കൽ. ഈ നടപടി വിവിധപാർട്ടികൾ കോടതിയിൽ ഫയൽ ചെയ്ത അന്യായങ്ങളിലെ ആവശ്യങ്ങളിന്മേൽ കാര്യമായ മാറ്റങ്ങളുണ്ടാക്കി. വിഎച്ച്പിയുമായി ബന്ധമുള്ള റാം ജന്മഭൂമി ന്യാസ് എന്ന സംഘടന തർക്കഭൂമിക്കു ചുറ്റുമുള്ള മർമ്മപ്രധാനമായ പല പ്ലോട്ടുകളും സ്വന്തമാക്കാൻ തുടങ്ങി. അതോടെ കേന്ദ്രം പ്രശ്നത്തിൽ ഇടപെട്ട്, തർക്ക ഭൂമിയായ 2.77 ഏക്കറും അതിനുചുറ്റുമുള്ള 67  ഏക്കർ സ്ഥലവും ഏറ്റെടുത്തു.

1994 -ലെ ഇസ്മായിൽ ഫാറൂഖി കേസിൽ ഈ ഏറ്റെടുക്കൽ ചോദ്യം ചെയ്യപ്പെട്ടു. എന്നാൽ കോടതി ഗവണ്മെന്റിന്റെ പക്ഷത്ത് നിന്നു. 2003-ലെ അസ്‌ലം ഭുരെ കേസിലെ വിധി വീണ്ടും വിഷയത്തിൽ സ്റ്റാറ്റസ് ക്വോ നിലനിർത്താൻ ഉത്തരവിട്ടു. തീരുമാനമാകും വരെ ഒരു നിർമാണവും പാടില്ലെന്ന് വിലക്കി.

2010 - ലെ അലഹബാദ് ഹൈക്കോടതി വിധി

1993 മുതൽ 2002വരെ ഇടവിട്ടിടവിട്ട് നടന്ന ഹിയറിംഗുകൾക്ക് ശേഷം കോടതി ആർക്കിയോളജിക്കൽ സർവേയോട് പ്രദേശത്ത് പുരാവസ്തു ഖനനം നടത്തി പഠനറിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. 2003-ൽ എഎസ്ഐ സമർപ്പിച്ച റിപ്പോർട്ടിൽ ഭൂമിക്കടിയിൽ നിന്ന് ഏതോ ഒരു പുരാതനകെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തിരുന്നു.

 2010 സെപ്റ്റംബർ 30-ന്  വന്ന വിധി അലഹബാദ് ഹൈക്കോടതിയുടെ ഭൂരിപക്ഷ വിധി ( 2:1 )_ മൂന്നു കക്ഷികളെയും നിരാശപ്പെടുത്തുന്നതായിരുന്നു. ഏറെക്കുറെ റാം ലല്ലാ വിരാജ്മാനും നിർമോഹി അഖാഡയും ഉന്നയിച്ച അവകാശവാദങ്ങൾക്ക് ബലം പകരുന്ന ഒരു വിധിയായിരുന്നു വന്നത്. കോടതി വിധിയെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പഠനറിപ്പോർട്ട് കാര്യമായി സ്വാധീനിച്ചിട്ടുണ്ട് എന്നുവേണം കരുതാൻ. ഭൂമിയുടെ കേന്ദ്രഭാഗം, അതായത് ബാബറി മസ്ജിദ് നിന്നിരുന്ന ഭാഗവും, പിന്നെ സീതാ രസോയി എന്നറിയപ്പെട്ട ഭാഗവും, റാം ലല്ലാ വിരാജമാന്റെ പ്രതിനിധി ത്രിലോകി നാഥ് പാണ്ഡെ എന്ന സംഘപരിവാർനിർമോഹി ഖദാക്കും നേതാവിനും, റാം ചത്ത്ബറാ നിന്നിരുന്ന ഭാഗം നിർമോഹി അഖാഡക്കും അനുവദിച്ചു നൽകിയിരുന്നു വിധിയിൽ. ശേഷിച്ച, ഭൂമിയുടെ മൂന്നിലൊരു ഭാഗമാണ് സുന്നി വഖഫ് ബോർഡിന് അനുവദിച്ചുനൽകിയത്.

വിധിവന്നപ്പോൾ മൂന്നുപാർട്ടികളും ഒരുപോലെ അസംതൃപ്തരായിരുന്നു. മൂവരും അപ്പീലുമായി സുപ്രീംകോടതിയിൽ പോയി. തർക്കഭൂമിയുടെ ഒരു സെന്റുപോലും ആർക്കും ഭാഗിച്ചു നൽകാൻ അവർ മൂന്നുകക്ഷികളും തയ്യാറല്ലായിരുന്നു.

അലഹബാദ് ഹൈക്കോടതി വിധിക്കു ശേഷം സുപ്രീംകോടതിയിൽ  
 
നിരവധി വർഷങ്ങൾ ഇഴഞ്ഞു നീങ്ങിയ ശേഷം 2017-ൽ ജസ്റ്റിസ് ദീപക് ശർമയാണ് ഈ കേസ് ഗൗരവപൂർവം പരിഗണിക്കാൻ തീരുമാനിച്ചത്. പല രേഖകളും മൂലഭാഷകളിൽ ആയിരുന്നു. അതിനെയൊക്കെ വിവർത്തനം ചെയ്തുകിട്ടാനുള്ള കാലതാമസമാണ് കോടതിൽ കേസ് ഇഴപ്പിച്ചത്. ആദ്യം മൂന്നംഗ ബെഞ്ചാണ് വാദം കേട്ടത്. മുസ്‌ലിം പാർട്ടികൾ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വേണമെന്ന് ആവശ്യം ഉന്നയിച്ചു. അന്ന് സുപ്രീം കോടതി ബെഞ്ച് അഞ്ചംഗമാക്കാനുള്ള അപേക്ഷ തള്ളി. 2019  ജനുവരിയിലെ രഞ്ജൻ ഗോഗോയ് ആണ് അഞ്ചംഗബെഞ്ചുണ്ടാക്കുന്നതും, വാദങ്ങൾ നിരന്തരം കേൾക്കാൻ തീരുമാനിക്കുന്നതും. അതിനിടെ ഒരു മധ്യസ്ഥശ്രമം നടന്നെങ്കിലും അത് പാളിയതോടെ വീണ്ടും വാദവിവാദങ്ങളിലേക്ക് കേസ് നീണ്ടു.

 വാദങ്ങൾ നയിച്ചത് സീനിയർ അഭിഭാഷകർ 

രാജീവ് ധവാൻ ആയിരുന്നു സുന്നി വഖഫ് ബോർഡിന്റെ അഭിഭാഷകൻ. അവർ തങ്ങൾക്ക് ബ്രിട്ടീഷുകാരുടെ കാലത്ത് അനുവദിച്ചു കിട്ടിയ വഖഫ് ഭൂമിയാണ് ഇതെന്ന് വാദിക്കാൻ ശ്രമിച്ചു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് ആധികാരികമല്ലെന്നു തർക്കിച്ചു.ബലം പ്രയോഗിച്ചാണ് മുസ്ലീങ്ങളെ അവിടെ നിന്ന്അകറ്റിയതെന്നും ധവാൻ വാദിച്ചു. സുശീൽ കുമാർ ജെയിൻ എന്ന സീനിയർ അഭിഭാഷകനാണ് നിർമോഹി അഖാഡയെ പ്രതിനിധീകരിച്ചത്. റാം ലല്ലാ വിരാജ്മാനുവേണ്ടി സീനിയർ മോസ്റ്റ് അഭിഭാഷകരിൽ ഒരാളായ കെ പരാശരൻ, സി എസ് വൈദ്യനാഥൻ, ശ്യാം ദിവാൻ എന്നിവരാണ് ഹാജരായത്. പുരാതനകാലം തൊട്ടുതന്നെ അവിടെ ഒരു അമ്പലമുണ്ടായിരുന്നു എന്ന് വാദിക്കാൻ അവർ ആശ്രയിച്ചത് ആർക്കിയോളജിക്കൽ സർവേ റിപ്പോർട്ടടക്കമുള്ള പഠനരേഖകളെയാണ്.

 2019 നവംബർ : അയോദ്ധ്യ കേസിലെ അന്തിമ വിധി സുപ്രീം കോടതിയിൽ 

തർക്കഭൂമിയുടെ ഉടമസ്ഥാവകാശം കേന്ദ്രസർക്കാരിനാണ് എന്നായിരുന്നു അയോദ്ധ്യ തർക്കത്തിൽ സുപ്രീം കോടതിയുടെ അന്തിമവിധി. ക്ഷേത്രനിർമ്മാണത്തിനും നടത്തിപ്പിനുമായി ഈ ഭൂമി ട്രസ്റ്റിന് കൈമാറുമ്പോൾ മുസ്ലീങ്ങൾക്ക് അയോധ്യയിൽ തന്നെ ഏറ്റവും അനുയോജ്യമായതും സുപ്രധാനവുമായ ഭാ​ഗത്ത് ഭൂമി ലഭിക്കും. ഈ നടപടികളുടെ മേൽനോട്ടം കേന്ദ്രസർക്കാരോ യുപി സർക്കാരോ വഹിക്കണം എന്നും കോടതി വിധിച്ചു. തര്‍ക്കഭൂമിയുടെ അവകാശം നേടാനായി വിഎച്ച്പി പിന്തുണയുള്ള രാംലല്ലയും, സന്ന്യാസിമാരുടെ സംഘടനയായ നിർമോഹി അഖാഡയും, സുന്നി വഖഫ് ബോര്‍ഡും ,ഷിയാ വഖഫ് ബോര്‍ഡുമെല്ലാം വാദിച്ചെങ്കിലും ഇവരുടെ ആരുടേയും വാദം കോടതി അംഗീകരിച്ചില്ല. തര്‍ക്കഭൂമിയുടെ അവകാശം തെളിയിക്കാനുള്ള ഒരു രേഖയും ഒരു കക്ഷിക്കും ഹാജരാക്കാന്‍ സാധിച്ചില്ലെന്ന് കോടതി അന്തിമവിധിയിൽ ചൂണ്ടിക്കാട്ടുന്നു. 300 - 400 വര്‍ഷങ്ങള്‍ മുന്‍പ് അയോധ്യ സന്ദര്‍ശിച്ച വിദേശസഞ്ചാരികള്‍ അവിടെ ക്ഷേത്രം നിലനിന്നിരുന്നതായി രേഖപ്പെടുത്തിയിരുന്നുവെന്ന രാംലല്ലയുടെ അഭിഭാഷകന്‍റെ വാദം കോടതി മുഖവിലയ്ക്കെടുത്തില്ല.

അയോധ്യയാണ് ഹിന്ദു ദൈവമായ രാമന്‍റെ ജന്മഭൂമിയെന്ന വിശ്വാസത്തെ അംഗീകരിക്കുന്നുവെന്നും എന്നാല്‍ അതിനെ അടിസ്ഥാനമാക്കി തര്‍ക്കഭൂമി കേസില്‍ വിധി പറയാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ബാബ്റി മസ്ജിദ് കാലങ്ങളായി മുസ്ലീം ആരാധനാലയമായിരുന്നുവെന്ന വാദത്തേയും കോടതി അംഗീകരിക്കുന്നില്ല. 1857 മുതല്‍ തര്‍ക്കഭൂമിയുടെ അകത്ത് മുസ്ലീങ്ങള്‍ ആരാധന നടത്തിയതായി സ്ഥിരീകരിക്കുന്ന കോടതി എന്നാല്‍ അതിനും മുന്‍പും ശേഷവും പ്രദേശത്ത് ഹിന്ദുമതവിശ്വാസികള്‍ ആരാധനയും പ്രാര്‍ത്ഥനയും നടത്തി വന്നിരുന്നതായി ചരിത്രവസ്തുതകള്‍ ചൂണ്ടിക്കാട്ടി വിലയിരുത്തുന്നു. 

ഈ രീതിയില്‍ അയോധ്യയിലെ തർക്കഭൂമിയിൽ ഒരു സംഘടനയ്ക്കും അവകാശമില്ല എന്ന് വിധിച്ച കോടതി എന്നാൽ നൂറ്റാണ്ടുകളായി അവിടെ ഹിന്ദുക്കൾ ആരാധന നടത്തിയിരുന്നുവെന്ന വസ്തുത അം​ഗീകരിച്ചു. ഈ സാഹചര്യത്തിലാണ് അവിടെ കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ ഒരു ട്രസ്റ്റ് രൂപീകരിച്ച്  ഉപാധികളോടെ ക്ഷേത്രം നിർമ്മിക്കാൻ കോടതി അനുവാദം നൽകിയത്. 1993-ലെ അയോധ്യ ആക്ട് പ്രകാരം മുസ്ലീങ്ങൾക്ക് അയോധ്യയിൽ തന്നെ ഏറ്റവും അനുയോജ്യമായ അഞ്ചേക്കർ ഭൂമി കണ്ടെത്തി നൽകി പുതിയ പള്ളി നിർമ്മിക്കാൻ വേണ്ട സാഹചര്യമൊരുക്കണമെന്നും കോടതി നിർദേശിച്ചു.

ഒടുവിൽ ബാബ്‌റി മസ്ജിദ് തകർത്ത കേസിലും വിധി വന്നപ്പോൾ 

സ്വാതന്ത്ര്യാനന്തര ഇന്ത്യയെ പിടിച്ചു കുലുക്കിയ ഒരു വലിയ സംഭവമായിരുന്നു 1992 ഡിസംബർ 6 -നു നടന്ന ബാബ്‌റി മസ്ജിദ് തകർക്കൽ. അന്ന് ബിജെപിയും വിശ്വഹിന്ദുപരിഷത്തും ചേർന്ന് സംഘടിപ്പിച്ച, ഒന്നരലക്ഷത്തോളം കാർസേവകർ പങ്കെടുത്ത റാലി അക്രമാസക്തമാവുകയും അവർ ബാബ്‌റി മസ്ജിദ് തകർക്കുന്നതിലേക്ക് നീങ്ങുകയുമാണ് അന്നുണ്ടായത്. അയോദ്ധ്യ ശ്രീരാമ ജന്മഭൂമി ബാബ്‌റി മസ്ജിദ് വിഷയത്തിൽനടന്ന നിരവധി തർക്കങ്ങളുടെയും രാജ്യത്തെ പല കോടതികളിലായി നടന്ന നിരവധി വ്യവഹാരങ്ങളുടെയും തുടർച്ചയായിട്ടാണ് ബാബ്‌റി മസ്ജിദ് തകർക്കപ്പെട്ട സംഭവം ഉണ്ടാകുന്നത്. അന്നുതൊട്ടിന്നുവരെ നടന്ന കോടതി വ്യവഹാരം ഒടുവിൽ വിധിപ്രസ്താവത്തിലേക്ക് എത്തിയപ്പോഴാണ്, കുറ്റാരോപിതരെ എല്ലാം തന്നെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള വിധി വന്നിരിക്കുന്നത്.