Asianet News MalayalamAsianet News Malayalam

നിരുപാധികം മാപ്പുപറയാൻ നമ്മളെ അനുവദിക്കാത്ത വികാരമെന്താണ്..?

ഒന്ന് മാപ്പുപറഞ്ഞു എന്നുവെച്ച് ആരും ആരുടെ മുന്നിലും ചെറുതാവുന്നില്ല. 'മർത്യന്ന് കൈപ്പിഴ ജന്മസിദ്ധം' എന്നാണ് പ്രമാണം. തെറ്റുകൾ പറ്റാത്തവരായി ആരുമില്ല. പറ്റുന്ന തെറ്റുകൾ തിരിച്ചറിയാനും, അവ ഏറ്റുപറഞ്ഞു ക്ഷമാപണം നടത്താനും, ഒരിക്കലും അതേ തെറ്റുകൾ ആവർത്തിക്കാതെ തലയുയർത്തിപ്പിടിച്ചുകൊണ്ടു മുന്നോട്ടു പോവാനും ശ്രമിക്കുമ്പോഴാണ് നമ്മളൊക്കെ മനുഷ്യരാവുന്നത്. ന്യായീകരിക്കാൻ ഒരുപാട് വാക്കുകൾ ചെലവുണ്ട്. ഒന്ന് മാപ്പുപറയാൻ വേണ്ടി വരുന്നത് വെറും രണ്ടേ രണ്ടക്ഷരങ്ങൾ മാത്രമാണ്

Why don't people apologize that easily..?
Author
Trivandrum, First Published Apr 5, 2019, 2:31 PM IST

എൽഡിഎഫ് ചെയർമാൻ എ വിജയരാഘവൻ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥിയായ രമ്യ ഹരിദാസിനെ ലക്ഷ്യമിട്ടുകൊണ്ട് ഈയിടെ നടത്തിയ ചില അശ്‌ളീല ചുവയുള്ള പരാമർശങ്ങൾ വിവാദമായിരുന്നല്ലോ. സിപിഎം സംസ്ഥാന സെക്രട്ടറിയും പാർട്ടിയിലെ അറിയപ്പെടുന്ന പല നേതാക്കളും തങ്ങളുടെ സഖാവിനെ സംരക്ഷിച്ചുകൊണ്ട് പ്രസ്താവനകൾ ഇറക്കിയെങ്കിലും, സിപിഎം സെക്രട്ടേറിയറ്റും, സീതാറാം യെച്ചൂരിയും മറ്റും അതിനെ ശക്തമായി അപലപിച്ചു. കൺവീനറുടെ ഭാഗത്തുനിന്നുണ്ടായ ഒരു ജാഗ്രതക്കുറവാണ് ആ പരാമർശം എന്നുതന്നെ അവർ കൃത്യമായി പറഞ്ഞു. സാധാരണയിൽ നിന്നും വ്യത്യസ്തമായി അണികൾക്കിടയിലും നേതാവിന്റെ ഈ പരാമർശം അമർഷമുണ്ടാക്കി.

കവലപ്രസംഗങ്ങളിൽ സദസ്സ് ഇളകിമറിയുമ്പോൾ പല നേതാക്കളും തികച്ചും സ്ത്രീ വിരുദ്ധവും, മനുഷ്യത്വ വിരുദ്ധവുമായ ചില പരാമർശങ്ങൾ നടത്തിയെന്ന് വന്നേക്കാം

ഇത്രയൊക്കെ നടന്നിട്ടും, നേതാവിന്റെ ഭാഗത്തുനിന്നുമാത്രം വിവാദം ഉണ്ടായപ്പോൾ തന്നെ വരേണ്ടിയിരുന്ന ഒരു പ്രസ്താവന മാത്രം  വന്നില്ല. തന്റെ ഭാഗത്തുനിന്നും വന്നുപോയ തെറ്റ് അദ്ദേഹം ഏറ്റുപറഞ്ഞില്ല. അതിന് മാപ്പും പറഞ്ഞില്ല. പകരം, താൻ അങ്ങനെയൊന്നും പറയുന്ന ആളല്ല. തന്റെ പത്നിയും രാഷ്ട്രീയപ്രവർത്തകയാണ്. താൻ സ്ത്രീകളെ ബഹുമാനിക്കുന്നയാളാണ് എന്നൊക്കെയുള്ള ജാമ്യങ്ങൾ എടുക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. 

പൊതുമണ്ഡലത്തിൽ നിത്യജീവിതം നയിക്കുന്നവർ പറയുന്ന ഓരോ വാക്കും അളന്നു തൂക്കി വേണം പറയാൻ. മൈക്ക് കയ്യിൽ കിട്ടുമ്പോൾ, കവലപ്രസംഗങ്ങളിൽ സദസ്സ് ഇളകിമറിയുമ്പോൾ പല നേതാക്കളും തികച്ചും സ്ത്രീ വിരുദ്ധവും, മനുഷ്യത്വ വിരുദ്ധവുമായ ചില പരാമർശങ്ങൾ നടത്തിയെന്ന് വന്നേക്കാം.   തെറ്റായി വല്ലതും പറഞ്ഞിട്ടുണ്ടെങ്കിൽ അങ്ങ് മാപ്പു പറയുന്നതുതന്നെയാണ് നല്ലത്. പക്ഷേ, പലരും എന്തോ അങ്ങനെ ചെയ്യാൻ വല്ലാതെ മടിക്കുന്നു. പല പ്രശ്നങ്ങളും ഒരു ക്ഷമാപണത്തിലൂടെ വളരെ എളുപ്പം പരിഹരിക്കപ്പെടും എന്നിരിക്കെ ഒന്നു മാപ്പുപറയുന്നതിൽ നിന്നും ആളുകളെ പിന്തിരിപ്പിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാവും..?

Why don't people apologize that easily..?

മാപ്പുപറച്ചിലിന്റെ സാദ്ധ്യതകൾ 

മാപ്പ്  വളരെ ലളിതമായ ഒരു വാക് പ്രയോഗമാണ്. സാങ്കല്പികമായ ഒരു സാഹചര്യത്തിന്റെ രണ്ടു സാദ്ധ്യതകൾ നമുക്ക് പരിശോധിക്കാം 

A.

ഒരു പൊതുസദസ്സിൽ വെച്ച്  വിജയൻ ദാസനെപ്പറ്റി വളരെ മോശപ്പെട്ട കാര്യങ്ങൾ പറയുന്നു. അത് ദാസന്റെ മനസ്സു വിഷമിപ്പിക്കുന്നു. വിജയൻ മാപ്പുപറയണം എന്ന് ദാസൻ  ആവശ്യപ്പെടുന്നു. വിജയൻ മാപ്പു പറയുന്നു. ദാസൻ  വിജയനോട് ക്ഷമിക്കുന്നു. 

B.

ഒരു പൊതുസദസ്സിൽ വെച്ച്  വിജയൻ ദാസനെപ്പറ്റി വളരെ മോശപ്പെട്ട കാര്യങ്ങൾ പറയുന്നു. അത് ദാസന്റെ മനസ്സു വിഷമിപ്പിക്കുന്നു. വിജയൻ മാപ്പുപറയണം എന്ന് ദാസൻ  ആവശ്യപ്പെടുന്നു. വിജയൻ മാപ്പു പറയാൻ വിസമ്മതിക്കുന്നു. ദാസന് ദേഷ്യം ഇരട്ടിക്കുന്നു. അവൻ കിട്ടിയ അവസരങ്ങളിലെല്ലാം വിജയനെ ദുഷിച്ച് സംസാരിക്കുന്നു. തന്റെ ദേഷ്യം പ്രകടിപ്പിക്കുന്നു. എന്നിട്ടും ദാസന്റെ ക്ഷോഭം അടങ്ങുന്നില്ലെങ്കിൽ അവന് നിയമത്തിന്റെ വഴിക്കു നീങ്ങി വിജയന് ശിക്ഷ വാങ്ങിക്കൊടുക്കാം. പറഞ്ഞതിന്റെ വിശദാംശങ്ങളും വിജയന്റെ മുൻകാല ചരിത്രത്തിലെ കളങ്കങ്ങളെപ്പറ്റിയുള്ള രഹസ്യങ്ങളും എല്ലാം തന്നെ പൊതുമണ്ഡലത്തിൽ വെളിപ്പെടുത്തി വിജയന്റെ പ്രതിച്ഛായ തകർക്കാം. 

വിജയനെ സംബന്ധിച്ചിടത്തോളം, ഒന്നാലോചിച്ചാൽ മാപ്പു പറഞ്ഞാലുള്ള മാനനഷ്ടം , പറയാതിരുന്നാലുള്ള അസൗകര്യങ്ങളെക്കാൾ തുലോം  തുച്ഛമാണ്. ദാസനാണെങ്കിൽ  നിയമത്തിന്റെ വഴിക്ക് നീങ്ങി വിജയന് ശിക്ഷ വാങ്ങിക്കൊടുക്കുന്നതാണ്, തന്നെപ്പറ്റി വിജയൻ പറഞ്ഞുണ്ടാക്കിയ അപവാദങ്ങൾ കൊണ്ടുണ്ടായ മനസ്താപത്തിന് പരിഹാരമുണ്ടാക്കാൻ സഹായിക്കുക. നല്ലൊരു ശിക്ഷ വാങ്ങിക്കൊടുക്കാൻ, വേണമെങ്കിൽ കുറച്ചുകാലം തുറുങ്കിലടയ്ക്കാൻ വരെ ഇപ്പോൾ പറ്റുമെന്നിരിക്കെ, ഒരു പ്രത്യേക ക്രമത്തിൽ അടുക്കിയ ചില വാക്കുകൾ വിജയൻ 'മാപ്പെ'ന്ന പേരിൽ ഉച്ചരിച്ചു എന്നതിന്റെ പേരിൽ എന്തിനത് വേണ്ടെന്നു വെക്കണം..? 

മാപ്പുപറയുന്നത് മാനക്കേടാണ്. ജാള്യതയാണ്. ' ഒരു കാരണവശാലും ഞാൻ മാപ്പു പറയില്ല ' എന്നങ്ങ് പറയുമ്പോൾ ഒരു പവറൊക്കെ ഉണ്ട്. 

വിജയന് മാപ്പുപറയാൻ മനസ്സുവരാത്തതിന്റെ കാരണവും  വളരെ ലളിതമാണ്. മാപ്പുപറയുന്നത് മാനക്കേടാണ്. ജാള്യതയാണ്. ' ഒരു കാരണവശാലും ഞാൻ മാപ്പു പറയില്ല ' എന്നങ്ങ് പറയുമ്പോൾ ഒരു പവറൊക്കെ ഉണ്ട്.  ദാസനുമേൽ മനഃശാസ്ത്രപരമായ ഒരു മേൽക്കൈ നിലനിർത്താൻ ഈ പ്രതികരണം കൊണ്ടാവും. മാപ്പുപറഞ്ഞാൽ പ്രശ്നം അവിടെ തീരുമെന്നറിയാമെങ്കിലും, മാപ്പു പറയാതെ, 'വരുന്നത് വരുന്നേടത്തു വെച്ച്' കാണാമെന്ന് മനസ്സിലുറപ്പിച്ച്, 'താൻ തെറ്റൊന്നും പറഞ്ഞില്ല' എന്ന് തന്നെ ആവർത്തിച്ച്, നിലപാടെടുത്തുകളയും വിജയൻ. 

വ്യാജമായ ഖേദപ്രകടനങ്ങൾ 

വേണമെങ്കിൽ വ്യാജമായ ഒരു ഖേദപ്രകടനത്തിലൂടെയും വിജയന് തടിയൂരാവുന്നതാണ്. രാഷ്ട്രീയക്കാർ ഇടയ്ക്കിടെ ഇത്തരം 'ഖേദപ്രകടനങ്ങൾ' നടത്താറുണ്ട്. വളരെ മോശപ്പെട്ടരീതിയിൽ സ്ത്രീകളെപ്പറ്റി പരാമർശങ്ങൾ നടത്തിയ ശേഷം മാപ്പുപറയാൻ നിർബന്ധിതരാവുന്ന ചിലരുടെ  ക്ഷമാപണം ഇങ്ങനെയായിരിക്കും. " എന്റെ വാക്കുകളെ സന്ദർഭത്തിൽ നിന്നും അടർത്തി ദുർവ്യാഖ്യാനം ചെയ്തതാണ്. ഞാൻ ഒരിക്കലും അങ്ങനെയൊന്നും പറയുന്ന ആളല്ല. എന്റെ വീട്ടിലും സ്ത്രീകളുണ്ട്. ഞാൻ സ്ത്രീകളോട് വളരെ ബഹുമാനത്തോടെ മാത്രം ഇടപെടുന്നയാളാണ്. ഞാൻ ഒരിക്കലും യാതൊരു തരത്തിലും അവരെ  അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. എങ്കിലും, അവർക്ക് എന്റെ വാക്കുകൾ ഏതെങ്കിലും തരത്തിൽ മനോവിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ഞാൻ നിർവ്യാജം ഖേദിക്കുന്നു.. "  അവർ മാപ്പുപറയുകയാവും എങ്കിലും , ശരീര ഭാഷയിലോ വാക്കുകളുടെ ടോണിലോ ഒരു പശ്ചാത്താപഛായയും തൊട്ടുതെറിച്ചിട്ടുണ്ടാവില്ല. ഒട്ടും ആത്മാർത്ഥതയില്ലാത്ത ഒരു സാങ്കേതിക ക്ഷമാപണാഭ്യാസം ആയിരിക്കും അത്.  

അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ തെറ്റിന് മാപ്പു പറയുന്നത്, ക്ഷമാപണം നടത്തുന്നത്  ഒട്ടും സുഖകരമായ ഒരേർപ്പാടല്ല. മാപ്പു പറയുമ്പോൾ നമുക്ക് മനസ്സിൽ വിഷമമുണ്ടാവും. മാപ്പുപറയാൻ വിസമ്മതിക്കുമ്പോൾ ആത്മാഭിമാനം ഉയർന്നുതന്നെ നിൽക്കുന്നു. ആത്മാർത്ഥമായ മാപ്പു പറച്ചിലുകൾ അഭിനയിച്ചു ഫലിപ്പിക്കുക പ്രയാസമാണ്.  കുറ്റം ചെയ്തിട്ടുണ്ട് എന്ന് ബോധ്യപ്പെടുന്ന നിമിഷം ചെയ്യേണ്ടുന്നത് മനസ്സറിഞ്ഞുകൊണ്ടുതന്നെ ക്ഷമ ചോദിക്കുകയാണ്. അതിന് ഒരൊറ്റ രീതിയേ ഉള്ളൂ. " എനിക്ക് ഒരു തെറ്റുപറ്റിപ്പോയി. നിങ്ങൾക്ക് വിഷമം നേരിട്ടതിൽ ഞാൻ പശ്ചാത്തപിക്കുന്നു. ഇനി ഒരിക്കലും ഇങ്ങനെ സംഭവിക്കില്ല.. " ഇത് ഒരു പൂർണ്ണമായ മാപ്പപേക്ഷയാവും. എന്നാൽ , ക്ഷമാപണങ്ങളിലെ ആത്മാർത്ഥതക്കുറവ്  കണ്ടുനിൽക്കുന്നവർക്ക്  പെട്ടെന്ന് മനസ്സിലാവും. ഒരാളുടെ മുഖത്ത് വളരെ സ്വാഭാവികമായി മുഖത്ത് വിടരുന്ന പുഞ്ചിരിയും, ചെലുത്തിയുള്ള ചിരിയും നമുക്ക് ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാവുന്നതുപോലെ.  

Why don't people apologize that easily..?

'ഡ്യൂഷെൻ സ്മൈൽ (L), കൃത്രിമച്ചിരി (R)'

നമ്മുടെ മുഖത്ത് സ്വാഭാവികമായി വിടരുന്ന പുഞ്ചിരിക്ക് 'ഡ്യൂഷെൻ സ്മൈൽ ' എന്നാണ് പറയുക. അത് രണ്ടു പേശികളുടെ ചലനം കൊണ്ട് സാധ്യമാവുന്ന ഒന്നാണ്. നമ്മൾ സൈഗോമാറ്റിക് മേജർ പേശി ചലിപ്പിക്കുമ്പോൾ നമ്മുടെ വായുടെ അരികുകൾ ഉയരുന്നു. അതോടൊപ്പം സ്വാഭാവികമായി ഓർബിക്കുലാറിസ് ഒക്യുലി പേശി ചലിക്കുമ്പോൾ നമ്മുടെ കവിൾത്തടങ്ങൾ കൺതടങ്ങൾക്കു നേരെ ഉയരുന്നു. ഇത് സ്വാഭാവികമായി വിടരുന്ന പുഞ്ചിരിയുടെ കാര്യം.  കൃത്രിമമായി നമ്മൾ ചിരിക്കുമ്പോൾ, അതായത് ഒരു ക്യാമറയ്ക്കു നേരെ നിൽക്കുമ്പോൾ , 'സേ ചീസ്' എന്ന മട്ടിൽ നമ്മൾ  ചിരിക്കുമല്ലോ, അപ്പോൾ ചലിക്കുന്നത് സൈഗോമാറ്റിക് മേജർ പേശികൾ മാത്രമാണ്. ഓർബിക്കുലാറിസ് പേശികളെ നമുക്ക് കരുതിക്കൂട്ടി ചലിപ്പിക്കാനാവില്ല. ഈ രണ്ടുതരത്തിലുള്ള പുഞ്ചിരികളും നിയന്ത്രിക്കപ്പെടുന്നത് തലച്ചോറിലെ രണ്ടു വ്യത്യസ്ത കേന്ദ്രങ്ങളിൽ നിന്നാണ്. ഈ ഒരു പേശീചലനത്തിന്റെ അഭാവമാണ് കൃത്രിമമായ പുഞ്ചിരിയെ ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ  നമ്മളെ സഹായിക്കുന്നത്. 

നമ്മൾ മനസ്സിൽ തട്ടിയല്ലാതെ മാപ്പു പറയുമ്പോഴും അത് മാപ്പപേക്ഷയായി സ്വീകരിക്കപ്പെടുന്നുണ്ട്. പക്ഷേ, മാപ്പു പറയുന്നത് കുറ്റസമ്മതം നടത്തുന്നതിന് തുല്യമായി പരിഗണിക്കപ്പെടുന്നതുകൊണ്ട്, 'കുറ്റം ചെയ്തിട്ടുണ്ട്' എന്ന് നിസ്സംശയം തെളിഞ്ഞിട്ടുള്ള അവസരങ്ങളിൽപോലും, ആളുകൾ പലപ്പോഴും മാപ്പു പറയില്ല. നമ്മുടെ വായിൽ നിന്നും പുറപ്പെടുന്ന ആ രണ്ടക്ഷരങ്ങൾക്ക് തുടർന്ന് നമ്മളെ കൊണ്ട് നിർത്താൻ പോവുന്ന വിചാരണകളിൽ നിന്നും, ശിക്ഷകളിൽ നിന്നും, തുറുങ്കിൽ നിന്നും, ശാരീരികമായ ആക്രമണങ്ങളിൽ നിന്നുമൊക്കെ ഒരൊറ്റ നിമിഷം കൊണ്ട് രക്ഷിക്കാനുള്ള കെല്പുണ്ടെങ്കിലും, പറയില്ല ആളുകൾ 'മാപ്പ്' എന്നൊരു വാക്കുമാത്രം ആരോടും..

ക്ഷമാപണം സംസ്കാരത്തിന്റെ ഭാഗം 

ഇക്കാര്യത്തിൽ നമുക്ക് മാതൃകയാക്കാവുന്ന ഒരു സംസ്കാരമാണ് ജപ്പാന്റേത്‌. ക്ഷമാപണം അവിടെ കേവലം ഒരു മാപ്പുപറച്ചിൽ മാത്രമല്ല. അത് അവിടെ വിനയത്തിന്റെ പ്രക്ഷേപണമാണ്.  ഒരു മാപ്പപേക്ഷയിൽ നിർബന്ധമായും വന്നിരിക്കേണ്ട വാചകങ്ങളുടെ ഉച്ചാരണമല്ല ലക്‌ഷ്യം. സംഭവിച്ചു പോയ അനിഷ്ടത്തിൽ തങ്ങൾക്കുള്ള പശ്ചാത്താപമാണ് അവർ ക്ഷമ ചോദിക്കുന്നതിലൂടെ വെളിപ്പെടുത്തുന്നത്.  അത് ജപ്പാനിലെ സംസ്കാരത്തിന്റെ ആകർഷകമായ ഒരംശമാണ്. 

Why don't people apologize that easily..?

നിങ്ങൾ അവർക്കൊരു മെയിലയച്ചു നോക്കൂ. അയച്ചിട്ട് ഒരേയൊരു ദിവസമേ ആയിട്ടുണ്ടാവൂ എങ്കിലും അവരുടെ മറുപടി തുടങ്ങുന്നത്. " Sorry for the late reply " എന്നായിരിക്കും. അതൊരു മാപ്പുപറച്ചിലായിട്ടല്ല ഉദ്ദേശിക്കുന്നത്. അവിടത്തെ ആളുകളുടെ എളിമയുടെ വിനയശീലത്തിന്റെ പ്രകടനമാണത്. ജപ്പാനിലെ പല വലിയ കമ്പനികളും അവർക്കു പറ്റുന്ന തീരെ ചെറിയ തെറ്റുകൾക്കുപോലും വളരെ വലിയ ക്ഷമാപണങ്ങൾ നടത്തിക്കളയും. ഈയടുത്ത് പാർലമെന്റിൽ മൂന്നുമിനിറ്റ് നേരം വൈകിവന്നതിന് ഒരു മന്ത്രിക്ക് മൊത്തം സഭയോടുതന്നെ ക്ഷമാപണം നടത്തേണ്ടി വന്നു. 

പറഞ്ഞു വരുന്നത്, ഒന്ന് മാപ്പുപറഞ്ഞു എന്നുവെച്ച് ആരും ആരുടെ മുന്നിലും ചെറുതാവുന്നില്ല. 'മർത്യന്ന് കൈപ്പിഴ ജന്മസിദ്ധം' എന്നാണ് പ്രമാണം. തെറ്റുകൾ പറ്റാത്തവരായി ആരുമില്ല. പറ്റുന്ന തെറ്റുകൾ തിരിച്ചറിയാനും, അവ ഏറ്റുപറഞ്ഞു ക്ഷമാപണം നടത്താനും, ഒരിക്കലും അതേ തെറ്റുകൾ ആവർത്തിക്കാതെ തലയുയർത്തിപ്പിടിച്ചുകൊണ്ടു മുന്നോട്ടു പോവാനും ശ്രമിക്കുമ്പോഴാണ് നമ്മളൊക്കെ മനുഷ്യരാവുന്നത്. ന്യായീകരിക്കാൻ ഒരുപാട് വാക്കുകൾ ചെലവുണ്ട്. ഒന്ന് മാപ്പുപറയാൻ വേണ്ടി വരുന്നത് വെറും രണ്ടേ രണ്ടക്ഷരങ്ങൾ മാത്രമാണ്..!

Follow Us:
Download App:
  • android
  • ios