ശ്രീലങ്കയിൽ തെരഞ്ഞെടുപ്പ് ഫലം വന്നുകഴിഞ്ഞു. ജയം വീണ്ടുമൊരിക്കൽ കൂടി രാജപാക്‌സെ കുടുംബത്തെ തുണച്ചിരിക്കുകയാണ്. കുടുംബത്തിൽ ജ്യേഷ്ഠൻ മഹിന്ദയാണ് രാഷ്ട്രീയക്കാരൻ. എന്നാൽ, അധികാരം കുടുംബം വിട്ടുപോകേണ്ടല്ലോ എന്നുകരുതിയാവാം, രാഷ്ട്രീയവുമായി കാര്യമായ ബന്ധമൊന്നുമില്ലാത്ത, അടുത്തിടെ വരെ ശ്രീലങ്ക ഫ്രീഡം പാർട്ടിയുടെ പ്രാഥമികാംഗത്വം പോലുമില്ലാതിരുന്ന ഗോട്ടബായയെയാണ് SLFP ഇത്തവണ പ്രസിഡണ്ട് സ്ഥാനാർത്ഥിയാക്കിയത്. 

എന്തായാലും, ആകെ കലുഷിതമായ രാഷ്ട്രീയ, സാമ്പത്തിക സാഹചര്യങ്ങളിൽ ഗോട്ടബായയെപ്പോലെ ശക്തനായ ഒരാൾ തന്നെ ഭരിക്കട്ടെ എന്ന് പൊതുജനം വിധിയെഴുതി. അധികാരം വീണ്ടും രാജപാക്‌സെ കുടുംബത്തെ തേടിയെത്തി. എന്നാൽ, ഈ തെരഞ്ഞെടുപ്പ് ഫലത്തെ ശ്രീലങ്കയെപ്പോലെ തന്നെ ആകാംക്ഷയോടെ കാത്തിരുന്ന പലരും ദില്ലിയിലെ സൗത്ത് ബ്ലോക്കിലുമുണ്ടായിരുന്നു. കാരണം, ശ്രീലങ്കൻ രാഷ്ട്രീയത്തിൽ അഞ്ചുവർഷം മുമ്പ് നടന്ന പല വിധിയെഴുത്തുകളിലും നിർണായകമായ പങ്ക് ദില്ലിക്കുണ്ടായിരുന്നു. അതിന്റെ തുടർച്ച ഇനി എന്താകും? അന്നത്തെ തിക്താനുഭവങ്ങളുടെ ഓർമയിൽ രാജപാക്‌സെ കുടുംബം ഇന്ത്യയുമായി നല്ലൊരു നയതന്ത്രബന്ധം നിലനിർത്തില്ലേ? അങ്ങനെ ചോദ്യങ്ങൾ പലതുണ്ട്.

അഞ്ചുവർഷം മുമ്പ് സംഭവിച്ചത്...

അന്ന് ഗോട്ടബായ ശ്രീലങ്കൻ സർക്കാരിന്റെ സ്ഥിരം ഡിഫൻസ് സെക്രട്ടറി. ദില്ലിയിലേക്ക് സന്ദർശനത്തിനെത്തിയ ഗോട്ടബായയെ നേരിൽ കണ്ട് നാഷണൽ സെക്യൂരിറ്റി അഡ്വൈസർ ആയിരുന്ന അജിത് ഡോവൽ ഒരു കാര്യത്തിൽ ഇന്ത്യയ്ക്കുള്ള അതൃപ്തി കൃത്യമായി രേഖപ്പെടുത്തി. ചൈനീസ് യുദ്ധക്കപ്പലുകൾ കൊളംബോ ഹാർബറിൽ നങ്കൂരമിടാൻ അനുവദിച്ചുകൊണ്ടുള്ള ശ്രീലങ്കൻ സർക്കാരിന്റെ തീരുമാനമായിരുന്നു ഇന്ത്യക്ക് അതൃപ്തി സമ്മാനിച്ചത്.

 

ഗോട്ടബായക്ക് ഡോവലിന്റെ ഈ താക്കീതുകലർന്ന സ്വരം ഒട്ടും രുചിച്ചില്ല. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ഹിതത്തിന് നേർവിപരീതമായ പ്രവൃത്തിയാണ് അന്ന് ശ്രീലങ്കൻ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. ഒരാഴ്ച കഴിഞ്ഞപ്പോൾ, പിഎൽആ നേവിയുടെ ചാങ്‌സെങ്ങ്-2 എന്ന മുങ്ങിക്കപ്പലും, ചാങ് സിങ് ദാവോ എന്ന യുദ്ധക്കപ്പലും കൊളംബോ പോർട്ടിൽ അഞ്ചുദിവസത്തേക്കുള്ള സന്ദർശനത്തിന് എത്തിച്ചേർന്നു. 

അതൊരു പതിവ് ഡോക്കിങ്ങ് മാത്രമായിരുന്നു എന്നൊക്കെ വിശദീകരണങ്ങൾ കൊളംബോയിൽ നിന്നുണ്ടായി എങ്കിലും, അത് രാജപാക്‌സെ-മോദി സർക്കാരുകളെ തമ്മിൽ മുഷിപ്പിച്ചു. കൊളംബോയിലെ ഇന്ത്യൻ സ്ഥാനപതി, രാജപാക്‌സെയെ തോൽപ്പിക്കാൻ വേണ്ടി പ്രതിപക്ഷനേതാക്കൾക്കൊപ്പം ഗൂഢാലോചന നടത്തി എന്നൊരു ആരോപണം വരുന്ന അവസ്ഥവരെ താമസിയാതെ സംജാതമായി. ഇന്ത്യ തങ്ങളുടെ അംബാസഡറെ തിരിച്ചുവിളിച്ചു. തെരഞ്ഞെടുപ്പ് നടന്നപ്പോൾ രജപാക്സെ കുടുംബം തോറ്റു. പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട മൈത്രിപാല സിരിസേനയെ ദില്ലി പരവതാനിവിരിച്ചു സ്വീകരിക്കുകയും ചെയ്തു.

അഞ്ചുകൊല്ലം മുമ്പത്തെ രാജപാക്‌സെ കുടുംബമല്ല ഇന്നുള്ളത്. ഒരുപാട് വിഷയങ്ങളിൽ അവരുടെ നിലപാടുകൾ മാറിയിട്ടുണ്ട്. 2018-ൽ മഹിന്ദ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ നടത്തിയ ദില്ലി സന്ദർശനത്തിനിടെ, "പഴയ തെറ്റിദ്ധാരണകളൊക്കെ മറന്ന്, ഒന്നിച്ചു മുന്നോട്ടുപോവേണ്ട"തിന്റെ പ്രാധാന്യത്തെപ്പറ്റിയാണ് സംസാരിച്ചത്. ഇന്ന് പ്രസിഡണ്ട് സ്ഥാനത്തുള്ളത് ഗോട്ടബായ രാജപാക്‌സെ ആണ്. മോദി സർക്കാരിന് നിർണ്ണായകമായ പല വിഷയങ്ങളിലും ശ്രീലങ്ക എന്ത് നിലപാടെടുക്കും എന്ന കാര്യത്തിൽ കാര്യമായ ആശങ്കകളുണ്ട്.

മുമ്പുണ്ടായിട്ടുള്ള നീരസങ്ങൾ 

സഹോദരൻ മഹിന്ദ, ദില്ലിയുമായി ഇടക്കാലത്ത് ഉണ്ടായിവന്ന പ്രശ്നങ്ങളൊക്കെ സമാധാനപരമായി പരിഹരിച്ച്, ഇനി തോളോടുതോൾ ചേർന്ന് മുന്നേറാം എന്ന തീരുമാനമാണ് കൈക്കൊണ്ടത്. എന്നാൽ, ഇത് മഹിന്ദയല്ല, സഹോദരൻ ഗോട്ടബായ ആണ്. സൈനികപശ്ചാത്തലമുള്ള ഗോട്ടബായ കൂടുതൽ കർക്കശബുദ്ധിയാണ്. അദ്ദേഹം ഇന്നുവരെ തന്റെ പഴയ നിലപാടിൽ നിന്ന് പിൻവലിഞ്ഞുകൊണ്ടുള്ള ഒരു പ്രസ്താവനകളും നടത്തിയിട്ടില്ല. ചൈനയുമായുള്ള ശത്രുത കാരണം ശ്രീലങ്കയിൽ തങ്ങളുടെ സർക്കാരിനെ അധികാരത്തിൽ വരുന്നതിൽ നിന്ന് തടഞ്ഞത് ഇന്ത്യൻ ഗൂഢാലോചനയാണ് എന്ന് ഗോട്ടബായ പരസ്യമായിത്തന്നെ പറഞ്ഞിട്ടുണ്ട്.

ചൈന എന്ന കീറാമുട്ടി

വിദേശരാജ്യങ്ങളുമായുള്ള നയതന്ത്രബന്ധങ്ങളിൽ ഒരു ന്യൂട്രൽ ആയ നിലപാടാണ് ശ്രീലങ്കയ്ക്കുണ്ടാവുക എന്നും സംഘർഷങ്ങളിൽ ആരുടേയും ഭാഗം ചേരില്ല എന്നും കഴിഞ്ഞ മാസം നടന്ന ഒരു റാലിയിൽ ഗോട്ടബായ പറഞ്ഞിരുന്നു. എന്നാലും രാജപാക്‌സെ കുടുംബത്തിന്റെ  ചൈനയോടുള്ള ചായ്‌വ് വളരെ വ്യക്തമാണ്. അമേരിക്കയുമായി, LTTEയെ ഇല്ലായ്മ ചെയ്ത കാലത്ത് നടന്ന മനുഷ്യാവകാശലംഘനങ്ങളുടെ പേരിൽ അത്ര നല്ല രസത്തിലല്ല ശ്രീലങ്ക. 

 

മാത്രവുമല്ല, സാമ്പത്തികമായി തകർച്ച നേരിടുന്ന ശ്രീലങ്കയിലേക്ക് വന്നെത്തുന്ന നിക്ഷേപങ്ങളിൽ പലതും ചൈനയിൽ നിന്നാണ്. ചൈനാ വിരോധിയായ സിരിസേന വിചാരിച്ചിട്ടുപോലും ചൈനീസ് സ്വാധീനത്തെ ചെറുത്തുനിൽക്കാൻ സാധിച്ചിട്ടില്ല. അപ്പോൾ പിന്നെ തുടക്കം മുതലേ പ്രോ-ചൈനീസ് ആയ രാജപാക്‌സെ കുടുംബം അധികാരത്തിൽ തിരിച്ചെത്തുന്നത് കാര്യങ്ങൾ കൂടുതൽ ചൈനക്ക് അനുകൂലമാകാനും, ഇന്തോ ശ്രീലങ്കൻ ബന്ധങ്ങൾ ആടിയുലയാനുമാണ് സാധ്യത കാണുന്നത്.

ന്യൂനപക്ഷങ്ങളോടുള്ള സർക്കാരിന്റെ സമീപനം

ശ്രീലങ്കയിൽ അവശേഷിച്ചിട്ടുള്ള തമിഴ് വംശജരോട് ഗോട്ടബായ എന്ത് നയമാണ് സ്വീകരിക്കുക എന്നത് വളരെ പ്രാധാന്യമുള്ള ഒന്നാണ്. കാരണം, ശ്രീലങ്കൻ തമിഴ് വംശജർക്ക് തമിഴ്നാടുമായി വളരെ അടുത്ത ബന്ധമാണുള്ളത്. രാജപാക്‌സെ പലപ്പോഴും തമിഴ് വംശജരെ LTTE -യുടെ പേരും പറഞ്ഞു കൊണ്ട് വളരെ കാർക്കശ്യത്തോടെയാണ് നേരിട്ടിട്ടുള്ളത്. അത് തമിഴ് വംശജർ അദ്ദേഹത്തിന്റെ പാർട്ടിക്ക് വോട്ടുചെയ്യാതിരിക്കുന്നത് കാരണമായിട്ടുണ്ട്. അതുകൊണ്ടുതന്നെ, അധികാരത്തിൽ തിരിച്ചെത്തിക്കഴിഞ്ഞ സ്ഥിതിക്ക്, തനിക്ക് വോട്ടുചെയ്യാതിരുന്ന തമിഴ് ജനതയോട് അദ്ദേഹത്തിന്റെ നിലപാടെന്താകും എന്നത് എളുപ്പത്തിൽ പ്രവചിക്കാവുന്ന ഒന്നാകും. 

മഹിന്ദ-ഗോട്ടബായ-മോദി-ഷാ 

എന്നാൽ, മഹിന്ദ രാജപാക്‌സെ എന്ന രാഷ്ട്രീയചാണക്യൻ പാർട്ടിയിൽ ഇന്നും സജീവമായി ഉള്ളതാണ് ഇന്ത്യക്ക് ഏറെ പ്രതീക്ഷ. ഗോട്ടബായയുടെ സൈനികബുദ്ധിക്ക് കടിഞ്ഞാണിടാൻ മഹിന്ദയുടെ രാഷ്ട്രീയധിഷണയ്ക്ക് സാധിച്ചാൽ, ചിലപ്പോൾ പുതിയ ശ്രീലങ്കൻ സർക്കാർ ശ്രമിക്കുക, ഇന്ത്യയെ വിശ്വാസത്തിലെടുത്തുകൊണ്ട് വടക്കൻ, കിഴക്കൻ പ്രവിശ്യകളിൽ ന്യൂനപക്ഷവുമായി നിലനിൽക്കുന്ന സംഘർഷാവസ്ഥക്ക് അയവുവരുത്താനും, പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാക്കാനുമാകും. 

നരേന്ദ്ര മോദിയും ഗോട്ടബായ രാജപാക്‌സെയും തമ്മിൽ നല്ലൊരു സൗഹൃദം ഉരുത്തിരിഞ്ഞു വരാൻവേണ്ട സാഹചര്യമൊരുക്കാൻ വേണ്ടി ഇരു രാജ്യങ്ങളുടെയും നയതന്ത്ര പ്രതിനിധികൾ കഴിഞ്ഞ കുറെ മാസങ്ങളായി കൊണ്ടുപിടിച്ച പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. അതിന്റെ സൂചനയാണ്, വിജയം സുനിശ്ചിതമായ പാടേ, മറ്റാരെങ്കിലുമൊക്കെ അയക്കുന്നതിന് മുമ്പുതന്നെ  നരേന്ദ്ര മോദി ഗോട്ടബായക്ക് അയച്ച അഭിനന്ദന സന്ദേശം, അതിനുള്ള ഗോട്ടബായയുടെ തത്സമയ മറുപടിയും. ഇത് ഒരു നല്ല തുടക്കകുമെന്നും, ദില്ലിയും കൊളംബോയും തമ്മിൽ സുദൃഢവും സന്തോഷകരവുമായ ഒരു നയതന്ത്ര സൗഹൃദം തന്നെ ഉരുത്തിരിഞ്ഞു വരും എന്നുമുള്ള ശുഭാപ്തിവിശ്വാസത്തിലാണ് ഇരുരാജ്യങ്ങളുടെയും ഡിപ്ലോമാറ്റുകൾ ഇപ്പോൾ.