Asianet News MalayalamAsianet News Malayalam

'യുവാക്കൾ രാഷ്ട്രീയത്തെ കൂടുതൽ ശുഭപ്രതീക്ഷയോടെ കാണണം' : കനയ്യാ കുമാർ

 എല്ലാം തന്നെ രാഷ്ട്രീയത്തിലൂടെ മാത്രം തീരുമാനിക്കപ്പെടുന്നത് ഇക്കാലത്താണ്, രാഷ്ട്രീയത്തിൽ യുവാക്കളുടെ റോൾ കൂടുതൽ പ്രാധാന്യം നേടുന്നത്. നിങ്ങൾക്ക് യൗവ്വനം നഷ്ടപ്പെട്ടിട്ടില്ലെന്ന് നിങ്ങൾ അവകാശപ്പെടുന്നുണ്ടെങ്കിലും നിങ്ങളുടെ ജീവിതത്തെ നിർവ്വചിക്കുന്ന രാഷ്ട്രീയം നിങ്ങൾ തന്നെയാവണം തീരുമാനിക്കുന്നത്. 

Youth should approach Politics positively, Kanhaiya Kumar
Author
Trivandrum, First Published Apr 12, 2019, 1:34 PM IST

2019  ഫെബ്രുവരി 23-ന് കനയ്യാ കുമാർ തിരുവനന്തപുരത്ത് ഫെസ്റ്റിവൽ ഓൺ ഡെമോക്രസി എന്ന പരിപാടിയിലെ സ്റ്റുഡന്റസ് പാർലമെന്റ് എന്ന പരിപാടിയിൽ വിദ്യാർത്ഥികളോട് നടത്തിയ പ്രഭാഷണത്തിലെ പ്രസക്ത ഭാഗങ്ങൾ

" ഈയടുത്ത് ബോളിവുഡിലെ അതിപ്രശസ്തനായ ഒരു താരം പറഞ്ഞു, " ഞാൻ വളരെ തിരക്കുപിടിച്ച ഷെഡ്യൂളുകളിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ്. മാത്രവുമല്ല, ഞാനൊരു 'എ-പൊളിറ്റിക്കൽ'(apolitical- അരാഷ്ട്രീയ വാദി) ആയ ആളാണ്. എനിക്ക് മനസ്സിലാവുന്നില്ല..!  ഒരാൾക്കെങ്ങനെയാണ് നമ്മുടെ സമൂഹത്തിൽ അരാഷ്ട്രീയവാദിയായി തുടരാൻ കഴിയുന്നത്..? ഈ ഗൂഢാലോചന എന്തെന്ന് നിങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്.. ആധുനിക സമൂഹത്തിന്റെ ഭാഗമായിക്കൊണ്ട് കഴിഞ്ഞു കൂടുന്ന ഒരു പൗരന് രാഷ്ട്രീയത്തിൽ താത്പര്യമുണ്ടോ ഇല്ലയോ, അയാളുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും രാഷ്ട്രീയം വഴി മാത്രമേ ഇന്ന് തീരുമാനിക്കപ്പെടുകയുള്ളൂ. അയാളുടെ മൗലികാവകാശങ്ങൾ അയാൾക്ക് കിട്ടുമോ ഇല്ലയോ, തൊഴിലില്ലാത്ത ആളാണെങ്കിൽ തൊഴിലില്ലായ്മാ വേതനം അയാൾക്ക് കിട്ടുമോ ഇല്ലയോ, സ്ത്രീകൾക്ക് ഉന്നത പഠനത്തിനുള്ള സൗകര്യങ്ങളും അനുമതിയും ലഭിക്കുമോ ഇല്ലയോ, സ്ത്രീകൾക്ക് അവർക്കിഷ്ടമുള്ള അമ്പലങ്ങളിൽ വിലക്ക് കൂടാതെ ചെന്ന് പ്രാർത്ഥന നടത്താനുള്ള അനുമതി കിട്ടുമോ ഇല്ലയോ, ആർക്കൊക്കെ നിർബന്ധമായും പോളിയോ ഡ്രോപ്‌സ് കിട്ടും, എത്രയായിരിക്കും മിനിമം വേതനം, നാട്ടിലെ റോഡുകൾക്ക് എത്ര വീതിയുണ്ടാവും എന്നിങ്ങനെ നാടിൻറെ പുരോഗതിയെ നേരിട്ട് ബാധിക്കുന്ന എല്ലാ കാര്യങ്ങളും ഇന്നത്തെ കാലത്ത് തീരുമാനിക്കപ്പെടുന്നത് രാഷ്ട്രീയത്തിലൂടെ മാത്രമാണ്. 

 

എല്ലാം... എല്ലാം തന്നെ രാഷ്ട്രീയത്തിലൂടെ മാത്രം തീരുമാനിക്കപ്പെടുന്നത് ഇക്കാലത്താണ്, രാഷ്ട്രീയത്തിൽ യുവാക്കളുടെ റോൾ കൂടുതൽ പ്രാധാന്യം നേടുന്നത്. നിങ്ങൾക്ക് യൗവ്വനം നഷ്ടപ്പെട്ടിട്ടില്ലെന്ന് നിങ്ങൾ അവകാശപ്പെടുന്നുണ്ടെങ്കിലും നിങ്ങളുടെ ജീവിതത്തെ നിർവ്വചിക്കുന്ന രാഷ്ട്രീയം നിങ്ങൾ തന്നെയാവണം തീരുമാനിക്കുന്നത്. 

അപ്പോൾ നമ്മൾ ആലോചിക്കേണ്ടുന്ന മറ്റൊരു കാര്യം, ഇന്നത്തെ യുവതയെ രാഷ്ട്രീയത്തിൽ നിന്നും അകറ്റുന്നത് എന്താണ്..? ഒന്നാലോചിച്ചു നോക്കൂ.. ഈ രാജ്യത്ത് ഏറ്റവും സുന്ദരമായ, ഏറ്റവും ആകർഷകമായ ജോലി നമ്മുടെ പ്രധാനമന്ത്രിയുടേതല്ലേ..? എന്തുകൊണ്ടെന്നോ..? പറയാം.. നിങ്ങൾ മിനക്കെട്ട് കുത്തിയിരുന്ന്, ഉറക്കമിളച്ചു പഠിച്ച്, സിവിൽ സർവീസ് പരീക്ഷ പാസായി എന്ന് കരുതുക.. നിങ്ങൾക്ക് എത്തിപ്പിടിക്കാൻ പറ്റുന്ന ഏറ്റവും നല്ല പൊസിഷൻ ഏതാണ്..? പരമാവധി നിങ്ങൾ പ്രധാനമന്ത്രിയുടെ പി എ ആവും. നിങ്ങൾ പേടിച്ചൊരു എഞ്ചിനീയറായി, പേരെടുത്തെന്നു കരുതുക, നിങ്ങളെ തേടിയെത്താവുന്ന ഏറ്റവും സ്വാധീനമുള്ള  സ്ഥാനമെന്താണ് ഈ രാജ്യത്ത്..? നിങ്ങൾ ഏറിവന്നാൽ പ്രധാനമന്ത്രിയുടെ ട്വിറ്റർ ഹാൻഡിൽ കൈകാര്യം ചെയ്‌തേക്കും. അറിയപ്പെടുന്ന ഒരു ബിസിനസ്സുകാരനായ എന്ന് വെക്കുക. നിങ്ങൾക്ക് പരമാവധി എന്താണ് ചെയ്യാൻ കഴിയുക...?  നിങ്ങൾ പ്രധാനമന്ത്രിയുടെ തോളിൽ കയ്യിട്ടു നിന്നെന്നുവരും ഏറിയാൽ. രാഷ്ട്രീയത്തിൽ ഇത്രയും നല്ല കരിയർ സാധ്യത ഒരെണ്ണം മുന്നിലുള്ളപ്പോൾ, അച്ഛനമ്മമാർ കുഞ്ഞുങ്ങളെ രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിൽ നിന്നും ഇത്രകണ്ട്  നിരുത്സാഹപ്പെടുത്തുന്നത് എന്തുകൊണ്ടാവും..? ഇക്കാര്യം നമ്മൾ വളരെ കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. 

ഇക്കാര്യം ഞാൻ ഉദാഹരണ സഹിതം വിശദീകരിക്കാം. ക്രിക്കറ്റിന്റെ കാര്യം തന്നെ നോക്കൂ.. നിങ്ങളിൽ പലരും ക്രിക്കറ്റിനെ വളരെ താത്പര്യത്തോടെ പിൻ പറ്റുന്നവരാവും. അല്ലെങ്കിലും ഇന്നത്തെക്കാലത്ത് ക്രിക്കറ്റിനെ പിന്തുടരുന്നത് വളരെ നല്ലതാണ്. കാരണം നമ്മുടെ രാഷ്ട്രീയം പോലും പലപ്പോഴും തീരുമാനിക്കപ്പെടുന്നത് ക്രിക്കറ്റിന്റെ വഴിക്കാണ്. ക്രിക്കറ്റ് ഭ്രാന്തന്മാരായ നമ്മളിൽ പലരും ചെറുപ്പത്തിൽ  വീടിന്റെ പരിസരങ്ങളിലെങ്കിലും ചെന്ന് ക്രിക്കറ്റ് കളിച്ചിട്ടുള്ളവരുമാവും. അന്നൊന്നും നമ്മൾ ബാറ്റു കയ്യിലെടുത്തിരുന്നത് സച്ചിൻ ടെണ്ടുൽക്കറാവും എന്ന് കരുതിയിട്ടല്ലല്ലോ..! എന്നാലും ഇന്നും ക്രിക്കറ്റിന്റെ കാര്യം വരുമ്പോൾ നമ്മളാരും എന്താണ് പറയാത്തത്, ഞാൻ 'എ-ക്രിക്കറ്റ്' ആണെന്ന്..? എ-പൊളിറ്റിക്കൽ എന്ന് പറയുന്നപോലെ..? നിങ്ങൾ ക്രിക്കറ്റ് കാണാറുണ്ട്.. വല്ലപ്പോഴും തരാം കിട്ടിയാൽ കളിക്കാറുണ്ട്.. നിങ്ങൾക്കെല്ലാവർക്കും വളരെ നന്നായി അറിയാം ക്രിക്കറ്റിൽ ഒരു കരിയർ കെട്ടിപ്പടുക്കുക എന്നത് എല്ലാവരെക്കൊണ്ടും സാധിക്കുന്ന ഒരു കാര്യമല്ല. എന്നിട്ടും നിങ്ങൾക്ക് ക്രിക്കറ്റിനെപ്പറ്റി പറയുമ്പോൾ യാതൊരു നെഗറ്റീവ് ചിന്തയും മനസ്സിൽ വരുന്നില്ല. എന്നാൽ രാഷ്ട്രീയത്തിന്റെ കാര്യത്തിൽ മാത്രം നയമതല്ല..! അതെന്തുകൊണ്ടാണ്..? 

ഭരണകൂടങ്ങളുടെ ഉത്ഭവത്തെക്കുറിച്ചുള്ള മിത്തുകളിൽ നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ ഈ രാഷ്ട്രീയ പ്രക്രിയയയ്ക്ക്  ഇത്തരത്തിലാണ് ഭംഗം വന്നിട്ടുള്ളതെന്നു കൂടി നിങ്ങളറിയണം.   ഉദാഹരണത്തിന്, നിങ്ങൾ ഒരു ബസ്സിൽ യാത്രചെയ്യുന്നു എന്ന് വെക്കുക. നിങ്ങളുടെ കണ്മുന്നിൽ ഒരു പയ്യൻ ഒരു പെൺകുട്ടിയെ ശല്യം ചെയ്യുന്നു. നിങ്ങൾ കേറി ഇടപെട്ടാൽ ആദ്യം വരുന്ന ചോദ്യമിതാവും.. ' നീയാരാടാ ചോദിക്കാൻ, ഇവിടത്തെ നേതാവോ..? " നിങ്ങളുടെ അമ്മ നിങ്ങളോടിപ്പം യാത്ര ചെയ്തുകൊണ്ടിരിക്കുന്നുണ്ടെങ്കിൽ ചിലപ്പോൾ അവർ നിങ്ങളുടെ കൈക്കുപിടിച്ച് തടുക്കും. എന്നിട്ട് നിങ്ങളുടെ കാതിൽ മറ്റാരും കേൾക്കാതെ പതുക്കെ പറയും, " മിണ്ടാതിരി.. നിനക്ക് എന്തിന്റെ ഏനക്കേടാ..? നിന്റെ പെങ്ങളൊന്നും അല്ലല്ലോ അത്..? " സമൂഹത്തിന്റെ ഇരട്ടത്താപ്പ് നിങ്ങൾ മനസ്സിലാക്കണം.  രാവിലെ സ്‌കൂളിൽ ചെന്നാൽ ആദ്യം തന്നെ അസംബ്ലിയാണ്. അതിൽ ഒരു പ്രതിജ്ഞയെടുപ്പിക്കും നിങ്ങളെ. " നമ്മളെല്ലാവരും ഭാരതീയരാണ്.. എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണ്.." എന്നൊക്കെയുണ്ടതിൽ. അങ്ങനെ നിത്യവും നമ്മളെ സ്‌കൂളിൽ പറഞ്ഞു പഠിപ്പിച്ച വകയിൽ നമ്മുടെ സഹോദരിയായ ഒരു പാവം പെൺകുട്ടിയെ, ഒരു പൂവാലൻ ശല്യം ചെയ്യാൻ നോക്കിയാൽ, നമ്മുടെ അമ്മതന്നെ  പിന്നിൽ നിന്നും ഷർട്ടിൽ പിടിച്ചു വലിച്ചുകൊണ്ട് നമ്മളോട് പറയും, " നീയാരാ ചോദിക്കാൻ.. ഇവിടത്തെ നേതാവോ..? "  എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു എന്ന് മനസ്സിലാവുന്നില്ല.  

ഇത് മനസ്സിലാക്കാൻ അരല്പം കൂടി ആലോചിക്കണം. നമ്മൾ ഇന്ന് ജീവിക്കുന്ന ഈ രാഷ്ട്രീയ സംവിധാനത്തെ 'ജനാധിപത്യം' എന്ന പേരിലാണ് ലോകമറിയുന്നത്.  ഇവിടെ വളരെ രസകരമായ ഒരു കാര്യം നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്.. എന്റെ മുന്നിലിരിക്കുന്ന നിങ്ങളൊക്കെ വിദ്യാർത്ഥികളാണ്. നാളെ നിങ്ങൾ പഠിത്തം പൂർത്തിയാക്കി ഒരു തൊഴിലിനായുള്ള അന്വേഷണത്തിലാവും. നിങ്ങൾ സ്വന്തം ബയോഡാറ്റ ഒരെണ്ണം ഉണ്ടാക്കും ഉറപ്പായും. ആ ബയോഡാറ്റയിലൂടെ ഒന്ന് കണ്ണോടിച്ചാൽ തോന്നും നിങ്ങൾ പോസിറ്റിവിറ്റിയിൽ മുങ്ങിക്കുളിച്ചു വന്നിരിക്കുകയാണെന്ന്. വ്യക്തിപരമായി നിങ്ങൾ എങ്ങനെയും ആയിക്കൊള്ളട്ടെ, നിങ്ങളുടെ ബയോഡാറ്റയിൽ സൗമ്യതയും, മധുരിമയും നിറഞ്ഞു കവിഞ്ഞിരിക്കും. വായിക്കുന്നവന് ചിലപ്പോൾ ഡയബറ്റീസ് വരെ വരും. നിങ്ങളുടെ ബയോഡാറ്റയിൽ ചിലപ്പോൾ ഒരു കോളമുണ്ടാവും. അല്ലെങ്കിൽ ചിലപ്പോൾ നിങ്ങളോട് ഇന്റർവ്യൂവിൽ ചോദിക്കും. " നിങ്ങളിൽ എന്തെങ്കിലും ഒരു നെഗറ്റിവിറ്റി ഉണ്ടെങ്കിൽ അതെന്താവും..? " ഇങ്ങനെ നെഗറ്റിവിറ്റിയെപ്പറ്റി ചോദിക്കുന്ന കോളത്തിൽ പോവും ആളുകൾ പോസിറ്റീവായ കാര്യങ്ങൾ മാത്രമേ എഴുതൂ. ഇന്ത്യൻ സമൂഹത്തിന്റെ ഇരട്ടത്താപ്പ് തുടങ്ങുന്നത് ഇവിടെ നിന്നാണ്. ഞാൻ ഇന്ത്യയെ പഴിക്കുകയൊന്നുമല്ല. ഞാൻ എന്റെ സമൂഹത്തിനു നേരെ ചോദ്യങ്ങൾ ചോദിക്കുന്നതിന് ഒരൊറ്റ ഉദ്ദേശ്യം മാത്രമേയുള്ളൂ.. ഒരു ജനാധിപത്യത്തിന്റെ ജീവവായു എന്നത് അതിനുനേരെ ഉയരുന്ന ഇത്തരത്തിലുള്ള വിമർശനങ്ങളും ചോദ്യങ്ങളും തന്നെയാണ്. 

നമ്മൾ അവകാശപ്പെടുന്നൊരു കാര്യമുണ്ട്.. അതിൽ സത്യവുമുണ്ട്. നമ്മൾ ലോകത്തിലെ നവരാഷ്ട്രങ്ങളിലൊന്നാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമാണ്. നമ്മുടെ തെരഞ്ഞടുപ്പ് പ്രക്രിയ വളരെ അപകടകരമാണ്. ' First past the Post' എന്നാണ് ഈ സിസ്റ്റത്തെപ്പറ്റി പറയുക.  ഈ സിസ്റ്റത്തിൽ ഭൂരിപക്ഷം കിട്ടുന്ന പാർട്ടിയുടെ ഗവണ്മെന്റ് അല്ല ഉണ്ടാവുന്നത്. ന്യൂനപക്ഷമാണ് ഗവണ്മെന്റുണ്ടാക്കുന്നത്. ഉദാഹരണത്തിന് കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ ഫലം തന്നെ നോക്കൂ. NDAക്ക് കിട്ടിയത് 31  ശതമാനം വോട്ടുകളാണ്. അതായത് 69  ശതമാനം വോട്ടുകളും NDA ക്കെതിരായിരുന്നു എന്നർത്ഥം. പക്ഷേ, ആരാണ് നമ്മുടെ പ്രധാനമന്ത്രി.. ? 

ജനാധിപത്യത്തെ തെരഞ്ഞെടുപ്പെന്ന് പ്രക്രിയയ്ക്ക് അപ്പുറത്തേക്ക് മനസ്സിലാക്കാൻ ആരും പരിശ്രമിക്കുന്നില്ല. തെരഞ്ഞെടുപ്പടുത്താലുടൻ, തെരഞ്ഞെടുപ്പ് കമ്മീഷൻ കോടിക്കണക്കിനു രൂപയുടെ ബജറ്റിൽ നാട്ടിലെ സമസ്ത മാധ്യമങ്ങളിലൂടെയും ജനങ്ങളെ വോട്ടു ചെയ്യാൻ പ്രേരിപ്പിച്ചുകൊണ്ടുള്ള ക്യാംപെയ്നുകൾ നടത്താൻ  തുടങ്ങും. അഞ്ചുകൊല്ലത്തിൽ ഒരിക്കൽ നിങ്ങൾ വോട്ട് എന്തായാലും കുത്തണം.. പിന്നെ വരുന്ന അഞ്ചുകൊല്ലത്തേക്ക് രാഷ്ട്രീയബോധം നിങ്ങൾക്കുണ്ടായാലും ഇല്ലെങ്കിലും തരക്കേടില്ല, അയ്യഞ്ചു കൊല്ലം കൂടുമ്പോൾ ബൂത്തിലേക്ക് മുടങ്ങാതൊരിയ്ക്കൽ ചെന്നേ ഒക്കൂ.. കയ്യിൽ മഷി പതിപ്പിച്ചേ പറ്റൂ.. വോട്ടു ചെയ്തേ പറ്റൂ.. എന്നാണ് നിങ്ങളെ ഉദ്ബോധിപ്പിക്കുന്നത് ആ പരസ്യങ്ങൾ. 

നമ്മൾ ആർക്കെങ്കിലും വോട്ടു ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ ആധാരമെന്താണ്.. ?  അവരുടെ പ്രവർത്തനങ്ങളെ എന്നെങ്കിലും പൊതുമണ്ഡലത്തിൽ വിശകലനം ചെയ്യാറുണ്ടോ..? അവർക്ക് അധികാരം കിട്ടിയിട്ടുണ്ടെങ്കിൽ അവർ എന്തൊക്കെ വികസനം കൊണ്ടുവന്നു എന്ന് നിങ്ങൾ അറിയുന്നുണ്ടോ..? 

ഈ യുവജനാധിപത്യത്തിലെ ഏതെങ്കിലും പാർട്ടികൾ നമ്മുടെ യുവാക്കൾക്കായി, മുഖ്യ പ്രകടന പത്രികയ്‌ക്കൊപ്പം ഒരു 'യൂത്ത് മാനിഫെസ്റ്റോ' കൂടി പുറത്തിറക്കുന്നത് കണ്ടിട്ടുണ്ടോ..? എന്തുകൊണ്ടില്ല..? അത് വളരെ രസകരമായ കാര്യമാണ്. ഉദാഹരണത്തിന് ഒരിക്കൽ കൂടി ക്രിക്കറ്റിലേക്ക് വരാം. സച്ചിൻ ടെണ്ടുൽക്കർ വളരെ മികച്ച ഒരു ക്രിക്കറ്റ് കളിക്കാരനായിരുന്നു എന്ന് നമ്മൾക്കറിയാം. പക്ഷേ, അദ്ദേഹത്തിന്റെ കാലം കഴിഞ്ഞു പോയല്ലോ. റിട്ടയർ ചെയ്തല്ലോ.. അദ്ദേഹത്തിന് പകരം ആരാണ് വന്നിരിക്കുന്നത്..? വിരാട് കോലിയോ..? വിരാട് കോലിയുടെ കൊച്ചഛനല്ലലോ സച്ചിൻ ടെണ്ടുൽക്കർ..? മാമനും അല്ല.  അളിയനും അല്ല. ക്രിക്കറ്റിൽ അഴിമതിയില്ല എന്നല്ല പറഞ്ഞു വന്നത്. കുറെയൊക്കെ വിട്ടുവീഴ്ചകൾ അവിടെയും നടക്കുന്നുണ്ട്. പക്ഷേ, ആരൊക്കെ തടഞ്ഞാലും നിങ്ങൾ നല്ലൊരു കളിക്കാരനാണെങ്കിൽ നിങ്ങൾക്ക് എങ്ങനെയെങ്കിലും ക്രിക്കറ്റിലേക്ക് എൻട്രി കിട്ടും. കിട്ടിയിരിക്കും. സിനിമയിൽ നോക്കൂ.. അഭിഷേക് ബച്ചനെ അമിതാബ് ബച്ചൻ നിർബന്ധിച്ച് സിനിമയിൽ അഭിനയിപ്പിച്ചു. എന്നിട്ടെന്തായി..? അമിതാബിന്റെ ഏഴയലത്ത് വന്നോ മോൻ അഭിഷേക്... ? സിനിമയിൽ ഗോഡ് ഫാദർമാർ ആരുമില്ലാതിരുന്നിട്ടും അഭിഷേകിനെക്കാൾ എത്രയോ ഇരട്ടി നല്ല നടനായി അറിയപ്പെട്ടത്, ഏതാണ്ട് അതേ സമയത്ത് സിനിമയിൽ വരാൻ ശ്രമം തുടങ്ങി, വൈകിയെങ്കിലും നല്ല റോളുകൾ കിട്ടിത്തുടങ്ങി, ഇതാ ഇപ്പോൾ സ്വന്തം അഭിനയ ശേഷി കൊണ്ട് മാത്രം സൂപ്പർ സ്റ്റാർ പദവിയിൽ എത്തി നില്കുന്ന നവാസുദ്ദീൻ സിദ്ദിഖി അല്ലേ..?  നവാസുദ്ദീന്റെ അച്ഛൻ നടനായിരുന്നില്ല. ഒരു ബിഗ് ബിയും ആയിരുന്നില്ല അയാളുടെ അച്ഛൻ. ഞാൻ പറഞ്ഞു വന്നത് മറ്റൊന്നുമല്ല.. രാഷ്ട്രീയത്തിൽ ഇങ്ങനെ ഒരു കാര്യം നമുക്കാർക്കെങ്കിലും ചിന്തിക്കാനെങ്കിലും പറ്റുമോ..? പുതിയൊരാളെ രാഷ്ട്രീയാധികാര സ്ഥാനങ്ങളിലേക്ക് അടുപ്പിക്കുമെന്ന്..? അവർക്ക് എൻട്രി കൊടുക്കും എന്ന്..? 

രാഷ്ട്രീയത്തിന്റെ സിസ്റ്റം തന്നെ മാറിപ്പോയി.. ആകെ.. നിങ്ങൾ അതിൽ വെറും വോട്ടർ മാത്രമാണ്. പോളിസി മേക്കർ അല്ല..! ആവാൻ ഒരിക്കലും കഴിയില്ല. ഇതിനു പിന്നിലെ വലിയ ഗൂഢാലോചനകൾ  നിങ്ങൾ തിരിച്ചറിയണം. ' പങ്കാളിത്ത'ത്തിൽ അധിഷ്ഠിതമായ ജനാധിപത്യത്തെ, വെറും 'പ്രക്രിയാധിഷ്ഠിത' ജനാധിപത്യമാണ് അധഃപതിപ്പിക്കാനുള്ള ഗൂഢശ്രമങ്ങളാണ് ഇവിടെ നടക്കുന്നത്.  അവർ ഉദ്ദേശിക്കുന്ന ജനാധിപത്യത്തിൽ നമ്മൾ വോട്ടു ചെയ്യുക മാത്രമേ പാടുള്ളൂ.. സർക്കാരിനോട് മറുത്തൊന്നും ചോദിക്കരുത്. ഭരിക്കുന്ന പാർട്ടി റാലികൾ നടത്തുമ്പോൾ നമ്മൾ അതിൽ പങ്കെടുക്കാൻ വേണ്ടി അണിനിരക്കണം. പക്ഷേ, പോളിസികൾ തീരുമാനിക്കുന്നിടത്ത് നമുക്ക് യാതൊരു റോളുമില്ല.  നേതാവിന് വേണ്ടി എന്നും സിന്ദാബാദ് മുഴക്കാൻ നമ്മൾ ബാധ്യസ്ഥരാണ്, പക്ഷേ, നമുക്കൊരിക്കലും പാർലമെന്റിന്റെ  ഉള്ളിൽ ചെന്നുകേറാൻ കഴിയില്ല.  ഇതാണ്.. ഇതുതന്നെയാണ് വർത്തമാനകാലത്തിന്റെ യഥാർത്ഥ രാഷ്ട്രീയ പ്രതിസന്ധി. 

യുവത്വം എന്നുവെച്ചാൽ എന്താണ്..? നിങ്ങൾക്കു ചുറ്റും നടക്കുന്ന കാര്യങ്ങൾ നിങ്ങളിൽ സ്വാധീനം ചെലുത്തണം. നിങ്ങളിൽ അവ സ്വാധീനം ചെലുത്തിതുടങ്ങുമ്പോൾ നിങ്ങൾ ആ സ്വാധീനങ്ങളെക്കുറിച്ച് നിങ്ങൾക്ക് ചുറ്റുമുള്ളവരോട് സമാനഹൃദയരോട്  ചർച്ച ചെയ്യണം.  അതിനെയാണ് ജനസമ്പർക്കം എന്ന് പറയുന്നത്. ജനാധിപത്യം എന്ന ആശയത്തിന്റെ അടിസ്ഥാന ശിലയാണത്, 'ജനസമ്പർക്കം'. സമാനഹൃദയരായ ആളുകളെ നമ്മൾ കണ്ടുമുട്ടുമ്പോൾ അവരോട് തോളോട് തോൾ ചേർന്ന് നമുക്ക് പ്രവർത്തിക്കാനാവണം. 'സത്യം' എന്ന ലേബലിൽ നമുക്കുമുന്നിൽ അവതരിപ്പിക്കപ്പെടുന്ന കാര്യങ്ങളെ ഒന്നില്ലാതെ ചോദ്യം ചെയ്യാൻ നമുക്കാവണം.  കാരണം അറിവെന്ന വാക്കിന്റെ നിർവചനം തന്നെ ' പുതിയത് പഠിക്കുകയും പഠിച്ചുവെച്ചിരുന്ന പലതും പറന്നു കളയുകയും ചെയ്യുന്ന പ്രക്രിയ ' ( The process  of  'learning'  and  'unlearning' ) എന്നാണ്. പുതിയത് പഠിക്കുകയും, പഠിച്ചതിൽ പലതും അഴിച്ചുകളയുകയും ചെയ്യന്ന ഈ  അറിവ് നേടൽ പ്രക്രിയ നമ്മളെ പഠിപ്പിക്കുന്ന ഒരു സത്യം,  ഇന്ത്യ, ഭാരതം, ഹിന്ദുസ്ഥാൻ - ദില്ലിയിൽ മാത്രം കേന്ദ്രീകൃതമായ ഒരു സ്വത്വമല്ല.. അത് ഈ തിരുവനന്തപുരത്തും അധിവസിക്കുന്ന ഒന്നാണ്.. അങ്ങ് നോർത്ത് ഈസ്റ്റിലും അതുണ്ട്.. പടിഞ്ഞാറും അതുണ്ട്.. വടക്ക് കാശ്മീരിലും, തെക്കു കന്യാകുമാരിയിലെ അതുണ്ട്.. ഈ വൈവിധ്യത്തെ ഹനിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങൾ അനവധി അണിയറയിൽ നടന്നുകൊണ്ടിരിക്കുകയാണ്. 

നമ്മുടെ യുവാക്കൾ രാഷ്ട്രീയത്തിലേക്ക് മടികൂടാതെ കടന്നു വരണം. അത് സ്ഥാനമാനങ്ങൾ മോഹിച്ചാവരുത്. വോട്ടുമാത്രം ചെയ്യാൻ വിധിക്കപ്പെട്ടവർക്ക് രാഷ്ട്രീയ പ്രക്രിയയിൽ അഭിപ്രായങ്ങൾ അറിയിക്കാൻ കൂടി അവസരം നേടിക്കൊടുക്കാൻ വേണ്ടി. രാഷ്ട്രീയത്തിൽ താത്പര്യമുള്ള യുവതലമുറക്ക് അതിനുള്ള അവസരങ്ങൾ തുറന്നു കിട്ടാൻ വേണ്ടിയാവണം അത്. അതിനുള്ള ഒരു അന്തരീക്ഷം നമ്മൾ ഇവിടെ  ഉണ്ടാക്കിയെടുക്കണം. 

 

അതിന് ഇന്നത്തെക്കാലത്ത് നിങ്ങൾ യുവാക്കളുടെ കയ്യിൽ അതിശക്തമായ ഒരു ടൂളുണ്ട്.. മൊബൈൽ ഫോൺ. അതിൽ സമൂഹ മാധ്യമങ്ങളിലൂടെ നിങ്ങൾ  നുണപ്രചാരണങ്ങളെ തുറന്നെതിർക്കണം. സത്യങ്ങളെ തുറന്നുകാട്ടണം.  ഉറക്കെ വിളിച്ചു പറയണം. സത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടങ്ങൾക്കിടയിൽ പോലീസിന്റെ കസ്റ്റഡിയിൽ അകപ്പെടേണ്ടി വന്നാൽ, ലോക്കപ്പിൽ കിടക്കേണ്ടി വന്നാൽ,  ജയിലിൽ പോവേണ്ടി വന്നാൽ  ഭയപ്പെടരുത്. അങ്ങനെയൊരു സാധ്യത ഇവിടെ നിലനിൽക്കുന്ന സാഹചര്യമാണിന്ന്.. അതിനെ നിങ്ങൾ തന്നെ മാറ്റിയെടുക്കണം. ഇന്നത്തെ പരിതാപകരമായ സാഹചര്യത്തിൽ ശബ്ദമുയർത്തുന്ന നിങ്ങൾക്കുനേരെ വെടിയുണ്ടകൾ പോലും പുറപ്പെട്ടുവന്നേക്കാം. നിങ്ങൾ കൊല്ലപ്പെട്ടെന്നും വരാം.  നിങ്ങളോർക്കുക, ഭഗത് സിങ്ങ് തന്റെ കോളേജ് ദിനങ്ങളിൽ ഇതൊക്കെ ഓർത്തു പേടിച്ചിരുന്നിരുന്നു എങ്കിൽ. ബ്രിട്ടീഷുകാർക്കെതിരെ ശബ്ദിച്ചാൽ ജയിലിൽ പോവേണ്ടി വരും, അവർ തൂക്കിലിടും എന്ന് ഭയന്ന് ഒന്നും ചെയ്യാതെ നല്ല കുട്ടിയായി പഠിത്തം തുടർന്നിരുന്നുവെങ്കിൽ അദ്ദേഹത്തിന് വിപ്ലവം നയിക്കാനാവുമായിരുന്നില്ല. 

ഞങ്ങൾ നിങ്ങളോട് വിപ്ലവം നയിക്കണമെന്നുപോലും പറയുന്നില്ല. നിങ്ങൾക്ക് ഭരണഘടന അനുവദിച്ചു തന്നിട്ടുള്ള മൗലികാവകാശങ്ങളെപ്പറ്റി നിങ്ങൾ ബോധവാന്മാരാവണം എന്ന് മാത്രമേ ഞങ്ങൾ പറയുന്നുള്ളൂ. ഭരണഘടനയെ നിങ്ങൾ ജീവനോടെ നിലനിർത്തണം. ഭരണഘടനയുടെ ചട്ടക്കൂടിനുള്ളിൽ ഇനിയും ജനാധിപത്യത്തെ ശക്തിപ്പെടുത്തണം എന്നുമാത്രമേ പറയുള്ളൂ. ഈ സ്റ്റുഡന്റ് പാർലമെന്റിൽ നിങ്ങളോട് സംസാരിക്കാൻ അവസരം തന്ന ഇതിന്റെ സംഘാടകരോടും ഇത്രയും നേരം എന്റെ വാക്കുകൾ ക്ഷമയോടെ കേട്ടിരുന്ന നിങ്ങൾ ഓരോരുത്തരോടും നന്ദി രേഖപ്പെടുത്തിക്കൊണ്ട് എന്റെ വാക്കുകൾ ചുരുക്കുന്നു, നന്ദി ..  ഇൻക്വിലാബ് സിന്ദാബാദ്..!

Follow Us:
Download App:
  • android
  • ios