Asianet News MalayalamAsianet News Malayalam

കൊവിഡ് 19; മാനസികാരോഗ്യം നിലനിര്‍ത്താം, വിവിധ പദ്ധതികളിലൂടെയൊരു അവലോകനം...

ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിച്ചുവരുന്ന പകല്‍വീടും അതോടൊപ്പം സ്‌കൂള്‍ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമും മാത്രമല്ല, ധാരാളം മറ്റ് പദ്ധതികളും ഇതിനോടനുബന്ധിച്ച് നടന്നുവരുന്നു. ഇതിന് പുറമേ പ്രാദേശികതലത്തിലോ അല്ലെങ്കില്‍ പഞ്ചായത്ത് തലത്തിലോ രൂപം കൊടുത്ത മാനസികാരോഗ്യവുമായി ബന്ധപ്പെട്ട മറ്റു ലഘുപദ്ധതികള്‍ അഥവാ പ്രോജക്ടുകളും ഇത്തരത്തില്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു

projects which helps people to sustain their mental health during pandemic
Author
Trivandrum, First Published Nov 9, 2020, 10:41 PM IST

കേരത്തിന്റെ സാമൂഹ്യാവസ്ഥ മറ്റ് സംസ്ഥാനങ്ങളുമായി തട്ടിച്ചുനോക്കിയാല്‍ വ്യത്യസ്തമാണ്. ഇതര സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളുമായി തട്ടിച്ചുനോക്കിയാല്‍ ഈ വ്യത്യാസം കൂടുതല്‍ പ്രകടമാണ്. നഗരവത്കരണത്തിലും കേരളം മുന്നിലാണ്. ഇതിന് പുറകില്‍ അടിസ്ഥാനപരമായി പല കാരണങ്ങളും എടുത്തുകാണിക്കാന്‍ കഴിയും. ഇത്തരമൊരു സാഹചര്യത്തിലും കേരളത്തില്‍ മാനസിക രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് വരുന്നതായി കണ്ടുവരുന്നു. ആത്മഹത്യാനിരക്കും കേരളത്തില്‍ കൂടുതലാണ്.

ഈ ഒരു പ്രത്യേക സാഹചര്യം മുന്‍നിര്‍ത്തി ജനങ്ങളുടെ മാനസികാരോഗ്യം സംരക്ഷിക്കാനും അതോടൊപ്പം ആത്മഹത്യാനിരക്ക് കുറയ്ക്കുന്നതിനും മികച്ച പരിപാടികളാണ് സംസ്ഥാനത്തുടനീളം നടപ്പാക്കിവരുന്നത്. ഇതിന് പുറമേ പ്രാദേശികതലത്തിലും ധാരാളം കര്‍മ്മപരിപാടികള്‍ നടപ്പിലാക്കിവരുന്നു. പൊലീസ്, എക്‌സൈസ് ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളും ഇതിനായി വിവിധ പരിപാടികള്‍ ആവിഷ്‌കരിച്ചുവരുന്നു.

ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഓരോ പ്രോജക്ടും വളരെ പ്രാധാന്യമര്‍ഹിക്കുന്നവയാണ്. 'പകല്‍വീട്' പദ്ധതിക്കും സ്‌കൂള്‍ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിനും ഇതില്‍ വളരെ ഉയര്‍ന്ന സ്ഥാനമാണുള്ളത്.

ജില്ലാ മാനസികാരോഗ്യ പരിപാടി

ജനങ്ങളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിന് ദേശീയ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി 1999ല്‍ കേരളത്തില്‍ ജില്ലാ മാനസികാരോഗ്യ പരിപാടികള്‍ ആരംഭിക്കുകയുണ്ടായി. തുടക്കത്തില്‍ അഞ്ച് ജില്ലകളില്‍ മാത്രമാണ് ഇതിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായി നടന്നിരുന്നത്. തുടര്‍ന്ന് മറ്റ് ജില്ലകളിലേക്കും പദ്ധതി വ്യാപിച്ചു. ഇപ്പോള്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഈ പരിപാടി സജീവമായി നടന്നുവരുന്നു. പ്രാഥമികാരോഗ്യ തലത്തില്‍ മാനസികാരോഗ്യ ചികിത്സ ലഭ്യമാക്കുകയാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി മനോരോഗ വിദഗ്ധര്‍ തെരെഞ്ഞെടുക്കപ്പെട്ട പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ എന്നിവിടങ്ങളില്‍ പോവുകയും രോഗികള്‍ക്ക് ചികിത്സയും മരുന്നും സൗജന്യമായി ലഭ്യമാക്കുകയും ചെയ്യുന്നു. സാധാരണക്കാരായ മാനസിക രോഗികള്‍ക്കു ഈ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വലിയൊരനുഗ്രഹമാണ്. ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ കഴിഞ്ഞുവെന്നത് അഭിമാനാര്‍ഹമായ ഒരു വസ്തുതയാണ്.

പകല്‍വീടുകള്‍

മനോരോഗ ചികിത്സയില്‍ ആയിരിക്കുകയും അതോടൊപ്പം മുഖ്യധാരാ സമൂഹത്തില്‍ നിന്നും അകന്നുകഴിയുകയും ചെയ്യുന്ന വ്യക്തികളെ കണ്ടെത്തുകയും പുനരധിവാസത്തിനും സംരക്ഷണത്തിനുമായി പകല്‍വീടുകള്‍ ജില്ല മാനസികാരോഗ്യ പരിപാടിയുടെ കീഴില്‍ ആരംഭിക്കുകയുണ്ടായി. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, കൊല്ലം, മലപ്പുറം, എറണാകുളം ജില്ലകളില്‍ 3 വീതം കേന്ദ്രങ്ങളും മറ്റ് ജില്ലകളില്‍ 2 വീതവും മൊത്തത്തില്‍ 34 പകല്‍വീടുകള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.

ഇത്തരം പകല്‍വീടുകളില്‍ മാനസിക രോഗികള്‍ക്കായി തൊഴില്‍ പരിശീലനം, ഭക്ഷണം, മാനസികാരോഗ്യ ചികിത്സ, മനശാസ്ത്ര ചികിത്സകള്‍ എന്നിവ ലഭ്യമാക്കുന്നു. ഇതിന് വേണ്ട ജീവനക്കാര്‍ മറ്റ് വിദഗ്ധര്‍ എന്നിവരെ ഓരോ കേന്ദ്രങ്ങളിലും ഉറപ്പാക്കുന്നു. തുടര്‍ചികിത്സകള്‍ക്കായുള്ള സൗകര്യം ഉറപ്പാക്കുന്നു. കൃത്യമായ ഇടവേളകളില്‍ മാനസികാരോഗ്യ വിദഗ്ധര്‍ പ്രസ്തുത സ്ഥാപനങ്ങളെ സന്ദര്‍ശിക്കുകയും രോഗികളെ പരിശോധിച്ച് അവര്‍ക്കുവേണ്ട തുടര്‍ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നു. 

ഇതുവഴി സ്ഥിരമായി കഴിക്കുന്ന മരുന്നുകളില്‍ രോഗസ്ഥിതിക്കനുസരിച്ച് വ്യത്യാസം വരുത്താനോ അല്ലെങ്കില്‍ പുതിയ മരുന്നുകള്‍ ആരംഭിക്കാനോ ഉള്ള സൗകര്യം ലഭിക്കുന്നു. രോഗികള്‍ക്കും ബന്ധുക്കള്‍ അല്ലെങ്കില്‍ അവരെ പരിചരിക്കുന്നവര്‍ക്കും ഇത് വലിയൊരാശ്വാസമാണ്. രോഗികളുടെ മാനസിക- ശാരീരിക ഉല്ലാസത്തിന് വേണ്ട എല്ലാ സാഹചര്യങ്ങളും അതോടൊപ്പം ഓരോ പകല്‍വീടുകളിലും ഒരുക്കുന്നുവെന്ന പ്രത്യേകതയും ഉണ്ട്. ഇത്തരത്തില്‍ വീക്ഷിച്ചാല്‍ മാനസികരോഗികളുടെ പുനരധിവാസ പ്രക്രിയ വളരെ ഫലപ്രദമായും കാര്യക്ഷമമായും ഇവിടെ നടത്തപ്പെടുന്നുവെന്ന് പറയാവുന്നതാണ്. ഇതിനുവേണ്ട സാങ്കേതിക സഹായം ആരോഗ്യവകുപ്പില്‍ നിന്നും ലഭിച്ചുവരുന്നു. കേരളത്തിലെ സവിശേഷമായ ഈ സാമൂഹികാവസ്ഥയില്‍ ജില്ലാ മാനസികാരോഗ്യ പദ്ധതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന പകല്‍വീടുകള്‍ക്കുള്ള സ്ഥാനം വളരെ ഉയര്‍ന്നതാണ്.

സ്‌കൂള്‍ മെന്‍റൽ ഹെല്‍ത്ത് പ്രോഗ്രാം

കുട്ടികളിലെ വൈകാരിക പെരുമാറ്റ പ്രശ്‌നങ്ങള്‍, പഠന വൈകല്യങ്ങള്‍, ലഹരി വസ്തുക്കളുടെ ഉപയോഗം, ആത്മഹാത്യാപ്രവണത എന്നിവ പരിഹരിക്കുന്നതിനായി എല്ലാ ജില്ലകളിലും സ്‌കൂള്‍ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി നടത്തിവരുന്നു. കുട്ടികളില്‍ കൂടി വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗവും മാനസിക പ്രശ്നങ്ങളും തടയുന്നതിനും ആത്മഹത്യയിലേക്ക് എത്തുന്ന സാഹചര്യം തടയാനും അതിനായി കൃത്യസമയത്ത് തന്നെ ഇടപെടലുകള്‍ നടത്തുന്നതിനും ഈ പദ്ധതിയിലൂടെ സാധിക്കുന്നു. കുട്ടികളില്‍ കണ്ടുവരുന്ന മാനസിക പ്രശ്‌നങ്ങള്‍ തുടക്കത്തിലെ കണ്ടെത്തുന്നതിനും അവയ്ക്ക് സ്‌കൂള്‍ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം വഴി പ്രശ്ന പരിഹാരം നല്‍കാനും സാധിക്കുന്നുവെന്ന മേന്മ ഈ പദ്ധതിക്കുണ്ട്. ആവശ്യമെങ്കില്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ പരിശീലനങ്ങള്‍ സ്‌കൂള്‍ തലത്തില്‍ സംഘടിപ്പിച്ചു വരുന്നു. ഇതുവഴി സ്‌കൂളിലെ അധ്യാപകര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും പ്രത്യേകം പരിശീലനം ലഭിക്കുന്നു. കൂടാതെ ഗുരുതരമായ സ്വഭാവ വൈകല്യങ്ങളോ മറ്റു മാനസികാരോഗ്യ പ്രശ്‌നങ്ങളോ കണ്ടാല്‍ വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിലേക്കായി രക്ഷാകര്‍ത്താക്കളുടെ പിന്തുണയോട് കൂടി വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പാക്കുന്നു. സ്‌കൂള്‍ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമുമായി ബന്ധപ്പെട്ട് അനുബന്ധ വിഭാഗങ്ങളായ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും എക്‌സൈസ് -പൊലീസ് ഉള്‍പ്പെടെയുള്ള അനുബന്ധ വകുപ്പുകളും പ്രവര്‍ത്തിച്ചുവരുന്നു.

ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ കീഴില്‍ കൊവിഡ് ബാധിതര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും കൗണ്‍സിലിംഗ് ലഭ്യമാക്കുന്നു...

കൊവിഡ് പശ്ചാത്തലത്തില്‍ ജനങ്ങളില്‍ ഒട്ടനവധി പ്രശ്‌നങ്ങള്‍ കണ്ടുവരുന്നു. അപമാനം, ഉറക്കം ഹനിക്കപ്പെടല്‍, വിഷാദം, അമിതമായ ഉത്കണ്ഠ, മാനസിക പിരിമുറുക്കം, അനുബന്ധമായ മറ്റ് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ കണ്ടെത്തി അവ പരിഹരിക്കുന്നതിനാവശ്യമായ ശ്രമങ്ങള്‍ക്കാണ് ജില്ല മാനസികാരോഗ്യ പദ്ധതിക്ക് കീഴില്‍ കൊവിഡ് 19 മാനസിക സാമൂഹിക പിന്തുണ ക്ലിനിക്കുകള്‍ അഥവാ covid 19 PSS ക്ലിനിക്കുകള്‍ സംസ്ഥാനതലത്തില്‍ ആരംഭിച്ചത്. 

ഇതുവഴി ജനങ്ങള്‍ക്ക് മാനസിക പ്രയാസങ്ങളോ ബുദ്ധിമുട്ടുകളോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ പിഎസ്എസ് ക്ലിനിക്കുകളുമായി ഫോണ്‍ വഴി ബന്ധപ്പെടാവുന്നതാണ്. ലഹരി വിമുക്തിയുമായി ബന്ധപ്പെട്ടുണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ക്കും ഈ സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണ്. മനോരോഗ വിദഗ്ധര്‍, കൗണ്‍സിലര്‍മാര്‍, സൈക്കോ സോഷ്യല്‍ വര്‍ക്കേഴ്‌സ് എന്നിവര്‍ അടങ്ങുന്ന വിദഗ്ദ്ധ സംഘമാണ് ഓരോ പ്രശ്‌നങ്ങളെയും അഭിസംബോധന ചെയ്യുന്നത്. മാത്രമല്ല വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി കൂടിച്ചേര്‍ന്നുകൊണ്ട് വിവിധ സാമൂഹിക പ്രശ്‌നങ്ങളെയും അഭിസംബോധന ചെയ്യുന്നുണ്ട്. കൂടാതെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാത്രമായും ഇപ്പോള്‍ സേവനങ്ങള്‍ നല്‍കാനായി പ്രത്യേകം വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരത്തില്‍ ഡി എം എച്ച് പി യുടെ നേതൃത്വത്തില്‍ വളരെ സജീവമായ ഇടപെടലാണ് കൊവിഡ് 19 പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട് നടത്തിക്കൊണ്ടിരിക്കുന്നത്.

ഉപസംഹാരം

ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിച്ചുവരുന്ന പകല്‍വീടും അതോടൊപ്പം സ്‌കൂള്‍ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമും മാത്രമല്ല, ധാരാളം മറ്റ് പദ്ധതികളും ഇതിനോടനുബന്ധിച്ച് നടന്നുവരുന്നു. ഇതിന് പുറമേ പ്രാദേശികതലത്തിലോ അല്ലെങ്കില്‍ പഞ്ചായത്ത് തലത്തിലോ രൂപം കൊടുത്ത മാനസികാരോഗ്യവുമായി ബന്ധപ്പെട്ട മറ്റു ലഘുപദ്ധതികള്‍ അഥവാ പ്രോജക്ടുകളും ഇത്തരത്തില്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇതിന് പുറമെ കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള 'പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് സിണ്ട്രോം' പരിഹരിക്കുന്നതിന് വേണ്ട കൗണ്‍സിലിംഗ് സേവനവും ചികിത്സയും ഡി എം എച്ച് പിയോട് അനുബന്ധിച്ച് നടന്നുവരുന്നു. ഇപ്രകാരം കേരളത്തിലെ ജനങ്ങളില്‍ മാനസികാരോഗ്യം നിലനിറുത്തുന്നതിനാവശ്യമായ വിവിധ പരിപാടികള്‍ വിവിധ ഘട്ടങ്ങളില്‍ ആസൂത്രണം ചെയ്യുകയും അത് ഫലപ്രദമായി നടപ്പിലാക്കിയിട്ടുമുണ്ടെന്ന് വീക്ഷിക്കാന്‍ സാധിക്കും.

Also Read:- കൊവിഡ് കാലത്ത് കിടപ്പ് രോഗികളുടെ പരിചരണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

Follow Us:
Download App:
  • android
  • ios