കൊവിഡ് കാലം വ്യക്തികള്‍ എല്ലാം അവരവരിലേക്ക് ചുരുങ്ങിയ കാലം കൂടിയാണ്. മാത്രമല്ല നമ്മുടെ ആഹാരശീലങ്ങളെയും സാമൂഹ്യശീലങ്ങളെയും അപ്പാടെ ഒരു പരിധി വരെയെങ്കിലും മാറ്റിമറിക്കുകയും ചെയ്തു. പുതിയ കാലഘട്ടത്തിനൊത്ത് ജീവിക്കാന്‍ നമ്മള്‍ ആരംഭിച്ചു. പുതിയ ശീലങ്ങള്‍ നമ്മുടെ ഇടയില്‍ പ്രചാരം നേടുകയും ചെയ്തു. എങ്കിലും കൊവിഡ് കാലത്തെ ചില പുതിയ ശീലങ്ങള്‍ നമുക്ക് ഒന്നുകൂടി ഓര്‍ത്തെടുത്ത് മനസിലുറപ്പിക്കുകയും അവ പ്രാവര്‍ത്തികമാക്കുകയും ചെയ്യാം. 

ഭക്ഷണം

സമീകൃതാഹാരം ശീലമാക്കാം. വീടുകളില്‍ ലഭ്യമായ പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവ പരമാവധി പ്രയോജനപ്പെടുത്താം.

വ്യായാമം

വ്യായാമം ചെയ്യുന്നതില്‍ ഉപേക്ഷ വേണ്ട. കഴിയുന്നതും വീടിന്റെ പരിസരങ്ങളില്‍ വച്ചുതന്നെ വ്യായാമം ചെയ്യാം. മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും തന്നെ ഇല്ലാത്തവര്‍ക്ക് വ്യായാമം ചെയ്യാവുന്നതാണ്. എന്നാല്‍ കൂട്ടം കൂടിയുള്ള വ്യായാമങ്ങള്‍ ഒഴിവാക്കാം.

ഉറക്കം

കുട്ടികള്‍ക്ക് 8 മുതല്‍ 9 മണിക്കൂറും, മുതിര്‍ന്നവര്‍ക്ക് 7 മുതല്‍ 8 മണിക്കൂറും ഉറങ്ങുക എന്നത് പരമപ്രധാനമാണ്. എല്ലാ ദിവസവും കൃത്യസമയത്ത് ഉറങ്ങാന്‍ പോവുക.

ചികിത്സ തുടരാം

ജീവിതശൈലീ രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവര്‍ ഒരു കാരണവശാലും അത് മുടക്കരുത്. പതിവ് ചികിത്സകള്‍ സര്‍ക്കാര്‍ ഓണ്‍ലൈന്‍ ടെലിമെഡിസിന്‍ പ്ലാറ്റ്‌ഫോമായ ഇ-സഞ്ജീവനി വഴിയും നടത്താം.

നല്ല ശീലങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കാം...

സോപ്പുപയോഗിച്ചുള്ള കൈ കഴുകല്‍, മാസ്‌ക്, സാമൂഹിക അകലം പാലിക്കല്‍ എന്നിവ ജീവിതത്തിന്റെ ഭാഗമാക്കാം. പൊതുസ്ഥലങ്ങളില്‍ തുപ്പാതിരിക്കാം. ശരിയായ ചുമ ശീലങ്ങള്‍ പിന്തുടരാം. രോഗം മറ്റുള്ളവരിലേക്ക് പകര്‍ത്താതിരിക്കാം. ഒരു പുതിയ ജീവിതത്തിനു തുടക്കം കുറിക്കാം.

യാത്രകളും സൗഹൃദങ്ങളും...

അത്യാവശ്യമല്ലാത്ത യാത്രകള്‍ എല്ലാം തന്നെ ഒഴിവാക്കാം. അകലങ്ങളില്‍ ഇരുന്ന് കൂട്ടുകൂടാം. റിവേഴ്‌സ് ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് മാനസിക പിന്തുണ നല്‍കാം. കഷ്ടപ്പെടുന്നവര്‍ക്കും പ്രയാസങ്ങളില്‍ കഴിയുന്നവര്‍ക്കും ഒരു കൈത്താങ്ങ് ആകാം. ശരിയായ ജീവിതചര്യകള്‍ പാലിക്കുക എന്നത് ഓരോരുത്തരുടെയും കടമയാണ്.

Also Read:- കൊവിഡ് കാലത്തെ ആഘോഷങ്ങള്‍ പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കണം...