Asianet News MalayalamAsianet News Malayalam

സച്ചിനെ ഓപ്പണറാക്കിയ ചരിത്ര തീരുമാനത്തിന് പിന്നില്‍; വെളിപ്പെടുത്തലുമായി അസ്ഹറുദ്ദീന്‍

കിവീസ് ബൌളർമാരെ തല്ലിമെതിക്കാന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ കരിയറിലാദ്യമായി ഓപ്പണറായി ഇറക്കിയത് 1994ല്‍ ഇതേ ദിവസമാണ്. 

Mohammad Azharuddin reveals reason promoting Tendulkar as opener
Author
Hyderabad, First Published Mar 27, 2020, 8:04 PM IST

ഹൈദരാബാദ്: ഓക്ലന്‍ഡില്‍ 1994ല്‍ ഇതേ ദിവസമാണ് ക്രിക്കറ്റ് ചരിത്രത്തിലെ ആ സുന്ദരകാഴ്‍ച പിറവിയെടുത്തത്. കിവീസ് ബൌളർമാരെ തല്ലിമെതിക്കാന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ കരിയറിലാദ്യമായി ഓപ്പണറായി ഇറക്കി. പിന്നീട് നടന്നത് എല്ലാം ചരിത്രം. 

എന്തായിരുന്നു അന്ന് സച്ചിനെ ഓപ്പണറായി ഇറക്കാനുള്ള കാരണം. 'അഞ്ച്, ആറ് നമ്പറുകളില്‍ നന്നായി ബാറ്റ് ചെയ്തിട്ടും സച്ചിന് വമ്പന്‍ സ്കോറുകള്‍ പിറക്കുന്നില്ല എന്നെനിക്ക് ബോധ്യമായി. ടീം മാനേജർ അജിത് വാഡേക്കറുമായി ഇക്കാര്യം ചർച്ച ചെയ്തു. സ്ഥിരം ഓപ്പണർ നവ്ജ്യോത് സിദ്ധുവിന് സുഖമല്ലാതായതോടെ സച്ചിനെ ഓപ്പണറായി ഇറക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു'. 

'ഓപ്പണറായി ഇറങ്ങണമെന്ന് സച്ചിനും ആഗ്രഹിച്ചിരുന്നു. എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്‍മാരില്‍ ഒരാളായി സച്ചിനെ പിന്നീട് കാണാനായതില്‍ അഭിമാനമുണ്ട്. സച്ചിന്‍ പ്രതിഭാശാലിയാണെന്ന് എനിക്കറിയാമായിരുന്നു. പ്രതിഭ പ്രകടിപ്പിക്കാനുള്ള ആ അവസരം മാത്രമായിരുന്നു സച്ചിന് ആവശ്യം. സച്ചിന്‍റെ നേട്ടങ്ങളുടെ ക്രഡിറ്റ് എനിക്കെടുക്കാനാവില്ല. അതിന് ആർക്കും കഴിയില്ല' എന്നും മുഹമ്മദ് അസ്ഹറുദ്ദീന്‍ സ്പോർട്സ് സ്റ്റാറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

ആദ്യമായി ഓപ്പണറായി ഇറങ്ങിയതിനെ കുറിച്ച് 'പ്ലേയിംഗ് ഇറ്റ് മൈ വേ' എന്ന ആത്മകഥയില്‍ സച്ചിന്‍ വെളിപ്പെടുത്തിയിരുന്നു. ഞാന്‍ അസറിനും അജിത് വാദേക്കറിനും അടുത്തെത്തി ടോപ് ഓഡറില്‍ ഇറങ്ങാന്‍ ഒരു അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടു. പരാജയപ്പെട്ടാല്‍ ഒരിക്കലും ഈ ആവശ്യം വീണ്ടും ഉന്നയിക്കില്ലെന്നും വാഡേക്കറിനോട് സച്ചിന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഓക്ലന്‍ഡ് ഏകദിനത്തിലെ ഓപ്പണിംഗ് റോള്‍ ആവേശമാക്കിയ സച്ചിന്‍ 42 പന്തില്‍ 15 ഫോറും രണ്ട് സിക്സും സഹിതം 82 റണ്‍സെടുത്തു. 

Follow Us:
Download App:
  • android
  • ios