Asianet News MalayalamAsianet News Malayalam

'ഫെറ്റിഷിസ്റ്റ്' യുവാവ് ഓട്ടോയാത്രക്കിടെ യുവതിയുടെ മുടി മോഷ്ടിച്ചു; മാതാപിതാക്കളെ വിളിച്ചുവരുത്തി പൊലീസ് മുന്നറിയിപ്പ് നല്‍കി

അഭിഭാഷക ഓഫിസില്‍ ക്ലര്‍ക്കായി ജോലി ചെയ്യുന്ന യുവാവിന് സ്ത്രീകളുടെ മുടിയോട് അഭിനിവേശമുള്ളതായി പൊലീസ് പറഞ്ഞു.

man cut off woman hair while auto journey in chennai
Author
Chennai, First Published Jan 17, 2020, 10:10 AM IST

ചെന്നൈ: ഓട്ടോ യാത്രക്കിടെ യുവതിയുടെ മുടി മോഷ്ടിച്ച യുവാവിനെ പൊലീസ് പൊക്കി. ചെന്നൈയിലാണ് സംഭവം. യുവതി പരാതി നല്‍കാന്‍ വിസ്സമ്മതിച്ചതിനെ തുടര്‍ന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി യുവാവിനെ വിട്ടയച്ചു. ഞായറാഴ്ചയാണ് സംഭവം. യുവതി ഷെയര്‍ ഓട്ടോയില്‍ യാത്ര ചെയ്യുകയായിരുന്നു. എന്‍എസ്കെ നഗര്‍ ജങ്ഷനിലെത്തിയപ്പോള്‍ തന്‍റെ മുടിയുടെ പകുതിയോളം ആരോ മുറിച്ചെടുത്തതായി മനസ്സിലായി. ഒച്ചവെച്ച് ഓട്ടോ നിര്‍ത്തിച്ചു. കൂടെയുണ്ടായിരുന്ന എല്ലാവരെയും പരിശോധിച്ചപ്പോള്‍ യുവാവിന്‍റെ പോക്കറ്റില്‍ നിന്ന് മുടി ലഭിച്ചു.

ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാള്‍ യാത്രക്കാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. അഭിഭാഷക ഓഫിസില്‍ ക്ലര്‍ക്കായി ജോലി ചെയ്യുന്ന യുവാവിന് സ്ത്രീകളുടെ മുടിയോട് അഭിനിവേശമുള്ളതായും ഫെറ്റിഷിസ്റ്റാണെന്നും (ജീവനില്ലാത്ത വസ്തുക്കളോടും സ്ത്രീകളുമായി ബന്ധപ്പെട്ട ജീവനില്ലാത്ത വസ്തുക്കളോടുമുള്ള ലൈംഗികാസക്തി) പൊലീസ് പറഞ്ഞു. മന്ത്രവാദത്തിന് വേണ്ടിയാണ് മുടി മുറിച്ചതെന്നാണ് ആദ്യം കരുതിയത്.

എന്നാല്‍, ചോദ്യം ചെയ്യലില്‍ ഇയാള്‍ യുവതിയുടെ മുടിയോട് ആകര്‍ഷണം തോന്നിയെന്നും അതിനാലാണ് മുറിച്ചെടുത്തതെന്നും പൊലീസിനോട് പറ‌ഞ്ഞു. പെണ്‍കുട്ടിയോടും കുടുംബത്തോടും പൊലീസ് സംസാരിച്ചെങ്കിലും ഇയാള്‍ക്കെതിരെ പരാതി നല്‍കാന്‍ ഇവര്‍ തയ്യാറായില്ല. അതേസമയം, യുവാവിന്‍റെ മാതാപിതാക്കളെ വിളിച്ചു വരുത്തിയാണ് പൊലീസ് യുവാവിന് മുന്നറിയിപ്പ് നല്‍കിയത്. 

Follow Us:
Download App:
  • android
  • ios