Asianet News MalayalamAsianet News Malayalam

ഉത്രയുടെ കൊലപാതകം: തെളിവെടുപ്പിനിടെ പൊട്ടിക്കരഞ്ഞ് സൂരജ്; പാമ്പിനെ കൊണ്ടുവന്ന പാത്രം കണ്ടെത്തി

ഉത്രയുടെ മുറിയും പരിസരവും പരിശോധിച്ച പൊലീസ് പാമ്പിനെ കൊണ്ടുവന്ന പാത്രം കണ്ടെത്തി. സമീപത്തെ ആളൊഴിഞ്ഞ വീട്ടിന്റെ പരിസരത്ത് നിന്നാണ് പാമ്പിനെ കൊണ്ട് വന്ന ജാർ കണ്ടെടുത്തത്.

uthra murder evidence collection with husband in uthras house
Author
Kollam, First Published May 25, 2020, 7:33 AM IST

കൊല്ലം: അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഒന്നാം പ്രതി സൂരജിനെ ഉത്രയുടെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക്ക് പാത്രം കണ്ടെടുത്തു. സ്ഥലത്ത് ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി. ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

ആള്‍ക്കൂട്ടത്തെ ഒഴിവാക്കുന്നതിനായി ആരെയും അറിയിക്കാതെയാണ് ഉത്രയുടെ ഭര്‍ത്താവ് സൂരജിനെ തെളിവെടുപ്പിനായി എത്തിച്ചത്. തെളിവെടുപ്പിനിടെ വൈകാരിക രംഗങ്ങളാണ് ഉത്രയുടെ വീട്ടില്‍ ഉണ്ടായത്. മകളെ കൊന്നയാളെ വീട്ടില്‍ കയറ്റില്ലെന്ന് പറഞ്ഞ് ഉത്രയുടെ അമ്മ അലമുറയിട്ട് കരഞ്ഞു. തെളിവെടുപ്പിനിടെ സൂരജും പൊട്ടി കരഞ്ഞു. 

എന്തിനാണ് ഞങ്ങളുടെ മകളെ കൊന്നതെന്ന് ഉത്രയുടെ അച്ഛനും അമ്മയും കരഞ്ഞ് കൊണ്ട് സൂരജിനോട് ചോദിച്ചു. ഞാന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് കരഞ്ഞ് കൊണ്ട് സൂരജും പറഞ്ഞു. ഉത്രയുടെ മുറിയും പരിസരവും പരിശോധിച്ച പൊലീസ് പാമ്പിനെ കൊണ്ടുവന്ന പാത്രം കണ്ടെത്തി. സമീപത്തെ ആളൊഴിഞ്ഞ വീട്ടിന്റെ പരിസരത്ത് നിന്നാണ് പാമ്പിനെ കൊണ്ട് വന്ന ജാർ കണ്ടെത്തിയത്.

Also Read: 'സൂരജിന്‍റെ കുടുംബം ക്രിമിനൽ സ്വഭാവമുള്ളവര്‍'; ചെറുമകനെ വിട്ടുകിട്ടണമെന്ന് ഉത്രയുടെ അച്ഛന്‍

സൂരജിന്‍റെ കുടുംബവും സംശയത്തിന്‍റെ നിഴലില്‍

ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൂരജിന്‍റെ പത്തനംതിട്ട പറക്കോട്ടെ കുടുംബവും സംശയത്തിന്‍റെ നിഴലിലാണ്. ആദ്യം പാമ്പ് കടിയേറ്റപ്പോൾ ആശുപത്രിയിലെത്തിക്കാൻ വൈകിയത് അടക്കം ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച് കുടുംബം രംഗത്തെത്തി. കുടുംബത്തിന് പങ്കുണ്ടെന്ന ആരോപണങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിച്ചേക്കും.

പറക്കോട് സ്വദേശിയായ ഭർത്താവ് സൂരജിന്‍റെ വീട്ടിൽ വച്ചാണ് ഉത്രയെ ആദ്യം കൊല്ലാൻ ശ്രമം നടത്തിയത്. മാർച്ച് 2 ന് രാത്രി എട്ട് മണിക്കാണ് ഉത്രക്ക് ആദ്യം പാമ്പുകടിയേൽക്കുന്നത്. കുഞ്ഞിന്‍റെ ശരീരം ശുചിയാക്കാൻ മുറ്റത്തിറങ്ങിയപ്പോഴാണ് കടിയേറ്റതെന്നാണ് സൂരജിന്‍റെ വീട്ടുകാരുടെ വാദം. നേരത്തെ മുറിയിൽ വച്ചാണ് പാമ്പ് കടിയേറ്റതെന്നാണ് പറഞ്ഞിരുന്നത്. അണലി കടിച്ചുവെന്നാണ് ആശുപത്രിയിൽ പറഞ്ഞത്. എട്ട് മണിക്ക് പാമ്പ് കടിയേറ്റിട്ടും പുലർച്ചെ 1 മണിക്ക് ശേഷമാണ് ആശുപത്രിയിലെത്തിച്ചത്. 

അണലി കടിച്ചാൽ വേദനയുണ്ടാകുമെന്നിരിക്കെ വേദന ഇല്ലായിരുന്നുവെന്ന് വീട്ടുകാർ ആവർത്തിക്കുന്നതിലും ദുരൂഹത നിലനിൽക്കുന്നു. പാമ്പ് കടിയേറ്റെന്ന് വ്യക്തമായിട്ടും വീട്ടിൽ വാഹന സൗകര്യം ഉണ്ടായിട്ടും എന്ത് കൊണ്ട് ആശുപത്രിയിലെത്തിക്കാൻ വൈകി എന്നതിനും തൃപ്തികരമായ ഉത്തരമില്ല. പറമ്പിൽ പാമ്പുകളുണ്ടെന്നും പാമ്പിനെ പിടിക്കാൻ ആൾ വീട്ടിൽ വന്നിട്ടുണ്ടെന്നും വീട്ടുകാർ പറയുന്നുണ്ട്. അണലിയെകൊണ്ട് കടിപ്പിച്ചതിന് ശേഷം ചികിത്സ വൈകിച്ചിട്ടും അത്ഭുതകരമായി ഉത്ര ജീവിതത്തിലേക്ക് തിരിച്ച് വന്നു. 

അടൂരിലെയും തിരുവല്ലയിലെയും ആശുപത്രികളിലാണ് ഉത്രയെ ചികിത്സിച്ചത്. ഉത്രയും സൂരജും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്ന് ആവർത്തിക്കുമ്പോഴും ഭർത്താവിന്‍റെ പെങ്ങളുൾപ്പെടെയുള്ളവർക്കെതിരെ ഉത്രയുടെ മാതാപിതാക്കൾ പരാതിയിൽ പറയുന്നുണ്ട്. അതും സംശയങ്ങൾ ബലപ്പെടുത്തുന്നു. ഫെബ്രുവരി 29 ന് വീടിന്‍റെ മുകളിലെ മുറിക്ക് സമീപം പാമ്പുണ്ടായിരുന്നെന്നും സൂരജ് കൈകൊണ്ട് എടുത്ത് മാറ്റിയതായും ഉത്ര വീട്ടുകാരെ അറിയിച്ചിരുന്നു. ഉത്ര പറഞ്ഞ കാര്യങ്ങൾ മുൻനിർത്തിയാണ് കൊലപാതകമെന്ന നിഗമനത്തിലേക്ക് ഉത്രയുടെ വീട്ടുകാർ എത്തിച്ചേർന്നത്. 

സൂരജ് കുറ്റക്കാരനാണെങ്കിൽ ശിക്ഷ അനുഭവിക്കട്ടെ എന്ന് പ്രതികരിച്ച സൂരജിന്‍റെ മാതാപിതാക്കൾ ചിലകാര്യങ്ങൾ പിന്നീട് പറയാമെന്നും വ്യക്തമാക്തിയിരുന്നു. ബാങ്ക് ജീവനക്കാരനായിരുന്ന സൂരജിന് നിരവധി സുഹൃത്തുക്കളും ഉണ്ട്. സ്ത്രീധനമായി ലഭിച്ച സ്വർണ്ണവും പണവും സ്വന്തമാക്കാനും മറ്റൊരു ജീവിതത്തിനും വേണ്ടിയാണ് ഭാര്യയെ സൂരജ് കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന് മൊഴിനൽകിയത്. 

ഗാർഹിക പീഢനം ഉത്ര നേരിട്ടിരുന്നോ, കുടുംബാംഗങ്ങൾക്കും കൊലപാതകത്തിൽ പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളും ക്രൈംബ്രാഞ്ച് പരിശോധിക്കും. സൂരജിനെ തെളിവെടുപ്പിന് പറക്കോട്ടെ വീട്ടിലും പാമ്പിനെ കൈമാറിയ എനാത്തും വരും ദിസങ്ങളിലെത്തിക്കും. സൂരജിന്‍റെയും ഉത്രയുടെയും കുഞ്ഞ് ഇവരുടെ പറക്കോട്ടെ വീട്ടിലാണുള്ളത്.

Follow Us:
Download App:
  • android
  • ios