Asianet News MalayalamAsianet News Malayalam

ട്വിറ്ററില്‍ 'ബിരിയാണിത്തല്ല്; മുന്നിലെത്തിയത് ആരാണെന്നോ?

 കേരളം വിട്ട് പുറത്തുപോയാല്‍, പിന്നെ നമ്മള്‍ മലയാളികള്‍ ഒറ്റക്കെട്ടാണ്. 'കേരളത്തിലെ ചിക്കന്‍ കറി ഇങ്ങനെയല്ല', 'കേരളത്തിലെ ദോശയും ചമ്മന്തിയും ഇതുപോലല്ല...' എന്നൊക്കെ ഒറ്റക്കെട്ടായി നിന്ന് മറ്റുള്ളവരോട് വാദിക്കും. ഇങ്ങനെയുണ്ടാകുന്ന വാഗ്വാദത്തില്‍ ഒരു സുപ്രധാന വിഷയമാണ് 'ബിരിയാണി'
 

prominent personalities are in war on twitter for favourite biriyani
Author
Trivandrum, First Published Feb 6, 2020, 9:07 PM IST

ഓരോ നാടിനും അതിന്റേതായ തനത് രുചികളുണ്ട്. ആരൊക്കെ എതിര്‍ത്തുപറഞ്ഞാലും, നിഷേധിച്ചാലും നമ്മള്‍ ശീലിച്ചുവന്ന രുചികളെ നമ്മള്‍ തള്ളിപ്പറയാറില്ല, അല്ലേ? കേരളത്തിലാണെങ്കില്‍ ഭാഷയിലെ വ്യത്യസ്തതകള്‍ പോലെ തന്നെ, രുചികളിലും നിറഞ്ഞ വൈവിധ്യമാണുള്ളത്. അതുകൊണ്ട് തന്നെ ഇടയ്ക്കിടെ സുഹൃത്തുക്കളുമായി ഭക്ഷണകാര്യങ്ങള്‍ പറഞ്ഞ് വഴക്ക് കൂടാത്തവരും ഇവിടെ കുറവായിരിക്കും. 

എന്നാല്‍ കേരളം വിട്ട് പുറത്തുപോയാല്‍, പിന്നെ നമ്മള്‍ മലയാളികള്‍ ഒറ്റക്കെട്ടാണ്. 'കേരളത്തിലെ ചിക്കന്‍ കറി ഇങ്ങനെയല്ല', 'കേരളത്തിലെ ദോശയും ചമ്മന്തിയും ഇതുപോലല്ല...' എന്നൊക്കെ ഒറ്റക്കെട്ടായി നിന്ന് മറ്റുള്ളവരോട് വാദിക്കും. 

ഇങ്ങനെയുണ്ടാകുന്ന വാഗ്വാദത്തില്‍ ഒരു സുപ്രധാന വിഷയമാണ് 'ബിരിയാണി'. ബിരിയാണിയെച്ചൊല്ലി ജീവിതത്തിലൊരു വട്ടമെങ്കിലും വഴക്ക് കൂടാത്ത മലയാളികളുണ്ടോ? പക്ഷേ ഇക്കുറി ട്വിറ്ററില്‍ 'ബിരിയാണിത്തല്ല്' ഉണ്ടാക്കുന്ന പ്രമുഖരില്‍ മലയാളികളെ കാണാനില്ലെന്നതാണ് വാസ്തവം. 

 

 

ജേണലിസ്റ്റായ രോഹിണി സിംഗ്, ജേണലിസ്റ്റും അവതാരകനുമായ വീര്‍ സിങ്വി, നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്, തെലങ്കാന രാഷ്ട്ര സമിതി വര്‍ക്കിംഗ് പ്രസിഡന്റ് കെ ടി രാമറാവു, സോഫ്റ്റ്‌നെറ്റ് സിഇഒ ശൈലേഷ് റെഡ്ഡി എന്നിങ്ങനെയുള്ള പ്രമുഖ വ്യക്തിത്വങ്ങളാണ് ബിരിയാണിയെച്ചൊല്ലി ട്വിറ്ററില്‍ തര്‍ക്കിച്ചുകൊണ്ടിരിക്കുന്നത്. 

മിക്കവാറും പേരും അവനവന്റെ നാട്ടിലെ ബിരിയാണിയെ പ്രകീര്‍ത്തിച്ചപ്പോള്‍ വീര്‍ സിങ്വിയും അമിതാഭ് കാന്തും നിഷ്പക്ഷമായ നിലപാടാണ് എടുത്തത്. ഇരുവരും കേരള ബിരിയാണിയെ ആണ് ഏറ്റവും മികച്ച ബിരിയാണിയായി തെരഞ്ഞെടുത്തത്. 

 

 

'രണ്ട് മാസത്തിലൊരിക്കല്‍ എനിക്കൊരു ഹൈദരാബാദി ബിരിയാണി കഴിക്കാനാകും. മാസത്തിലൊരിക്കല്‍ ആവധി ബിരിയാണി കഴിക്കാം, ആഴ്ചയിലൊരിക്കല്‍ ഒരു കല്‍ക്കട്ട ബിരിയാണി ആവാം. പക്ഷേ കേരള ബിരിയാണിയെങ്കിലുണ്ടല്ലോ എനിക്കെന്നും കഴിക്കാം...'- വീര്‍ സാങ്വി കുറിച്ചു. 

'ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബിരിയാണി ഏതെന്ന് ചോദിച്ചാല്‍ ഞാന്‍ പറയും അത്, തലശ്ശേരിയിലെ പാരിസ് റെസ്റ്റോറന്റിലെ ഫിഷ് ബിരിയാണിയാണ്. ചെറുമണി അരി കൊണ്ടുള്ള ചോറാണ് അതില്‍. വെളുത്ത അയക്കൂറയോ കിംഗ്ഫിഷോ ആയിരിക്കും മീന്‍. കിടിലം രേസ്റ്റുള്ള ഈ ബിരിയാണി മറ്റേത് ബിരിയാണിയെക്കാളും മൈലുകള്‍ മുന്നിലാണ്...'- അമിതാഭ് കാന്ത് കുറിച്ചു. 

 

 

പ്രശസ്തമായ ഹൈദരാബാദി ബിരിയാണിക്കും ആരാധകരുണ്ടെങ്കില്‍ പോലും കേരള ബിരിയാണി തന്നെയാണ് നിലവില്‍ മുന്നിട്ടുനില്‍ക്കുന്നത്. മലയാളികളല്ലാത്തവര്‍ കൂടി പ്രകീര്‍ത്തിക്കുന്നു എന്നത് കൊണ്ടാണ് കേരള ബിരിയാണിക്ക് അല്‍പം 'സ്‌കോര്‍' അധികം നല്‍കേണ്ടിവരുന്നത്. എന്തായാലും ഇനി 'ബിരിയാണിത്തല്ലി'ല്‍ പങ്കെടുക്കാന്‍ ആരൊക്കെ വരുമെന്നും അവര്‍ ഏത് ബിരിയാണിക്ക് വേണ്ടി വാദിക്കുമെന്നുമെല്ലാം കണ്ടുതന്നെ അറിയണം.

Follow Us:
Download App:
  • android
  • ios