ടി20 ലോകകപ്പിലെ ഇന്ത്യയുടെ കിരീടനേട്ടത്തെ ഷൊയ്ബ് അക്തറിനെ പോലുള്ളവർ പരിഹസിക്കുമ്പോൾ, മുഹമ്മദ് വസീം, ജാവേദ് മിയാൻദാദ് തുടങ്ങിയ മുൻ പാക് താരങ്ങൾ ഇന്ത്യയുടെ കഴിവിനെ അംഗീകരിച്ച് പ്രശംസിച്ചു. 

കറാച്ചി: ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയെങ്കിലും മുന്‍ പാകിസ്ഥാന്‍ താരങ്ങളായ ഷൊയ്ബ് അക്തര്‍, മുഹമ്മദ് ആമിര്‍ എന്നിവര്‍ പരിഹാസം തുടരുകയാണ്. എന്നാല്‍ പാകിസ്ഥാനില്‍ നിന്നുള്ള ചിലരെങ്കിലും ഇന്ത്യയെ വിജയത്തെ അംഗീകരിക്കുന്നുണ്ട്. ഇന്ത്യയുടെ വിജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുന്നതിന് പകരം കുറ്റങ്ങള്‍ കണ്ടെത്തുന്നത് അവസാനിപ്പിക്കണമെന്ന് മുന്‍ താരം മുഹമ്മദ് വസീം തുറന്നടിച്ചു. ഇതിഹാസ താരം ജാവേദ് മിയാന്‍ദാദും ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തെ പ്രശംസിച്ചു.

വസീം പറയുന്നത് ഇങ്ങനെയാണ്... ''ഇന്ത്യയോട് തോല്‍ക്കുമ്പോഴോ അവര്‍ വലിയ ടൂര്‍ണമെന്റുകളില്‍ തിളങ്ങുമ്പോഴോ കുറ്റങ്ങള്‍ കണ്ടെത്താനും ഗൂഢാലോചന സിദ്ധാന്തങ്ങള്‍ മെനയാനുമാണ് നമ്മള്‍ ശ്രമിക്കാറുള്ളത്. അത് അവസാനിപ്പിക്കണം. അവര്‍ മികച്ച ടീമാണെന്ന് അംഗീകരിക്കുകയും നമ്മുടെ തെറ്റുകളില്‍ നിന്ന് പഠിച്ച് മുന്നേറുകയും വേണം.'' വസീം പറഞ്ഞു. മാര്‍ച്ച് 8 ഞായറാഴ്ച അഹമ്മദാബാദില്‍ നടന്ന ഏകപക്ഷീയമായ ഫൈനലില്‍ ന്യൂസിലന്‍ഡിനെ 96 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ കിരീടം നിലനിര്‍ത്തിയത്. ടൂര്‍ണമെന്റിലുടനീളം ഇന്ത്യ ആധിപത്യം പുലര്‍ത്തിയപ്പോള്‍, പാകിസ്ഥാന്‍ സൂപ്പര്‍ 8 ഘട്ടത്തില്‍ പുറത്തായി. 2024-ലെ ഗ്രൂപ്പ് ഘട്ട പുറത്താകലിന് ശേഷമുള്ള പാകിസ്ഥാന്റെ രണ്ടാമത്തെ വലിയ പരാജയമാണിത്.

ഇന്ത്യയുടെ വിജയത്തിന് പിന്നിലെ കൃത്യമായ പ്ലാനിംഗിനെയും ഘടനയെയും ഇതിഹാസ താരം ജാവേദ് മിയാന്‍ദാദ് പ്രശംസിച്ചു. ഇന്ത്യയിലെ ശക്തമായ ആഭ്യന്തര ക്രിക്കറ്റ് സംവിധാനമാണ് മികച്ച പ്രതിഭകളെ വാര്‍ത്തെടുക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്‍ ക്യാപ്റ്റന്‍ റാഷിദ് ലത്തീഫും ഇന്ത്യയുടെ വിജയത്തെ പ്രശംസിച്ചു. സമ്മര്‍ദ്ദഘട്ടങ്ങളില്‍ കളിച്ചു ശീലിച്ചതാണ് ഇന്ത്യന്‍ താരങ്ങളുടെ കരുത്തെന്നും തുടര്‍ച്ചയായി ഫൈനലുകളില്‍ എത്തുന്നതാണ് ഇതിന് സഹായിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാന്‍ താരങ്ങള്‍ക്ക് കനത്ത പിഴ

ലോകകപ്പിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഓരോ താരത്തിനും 50 ലക്ഷം പാകിസ്താന്‍ രൂപ പിഴ ചുമത്തിയത് കായികലോകത്തെ ഞെട്ടിച്ചിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയോട് തോറ്റപ്പോള്‍ തന്നെ പിസിബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വി ഈ ശിക്ഷാ നടപടി തീരുമാനിച്ചിരുന്നു. ശ്രീലങ്കയ്‌ക്കെതിരെ ജയിച്ചെങ്കിലും നെറ്റ് റണ്‍റേറ്റില്‍ പിന്നിലായതാണ് പാകിസ്ഥാന്‍ പുറത്താകാന്‍ കാരണമായത്. തുടര്‍ച്ചയായ നാലാമത്തെ ഐസിസി ടൂര്‍ണമെന്റിലാണ് പാകിസ്ഥാന്‍ സെമി കാണാതെ പുറത്താകുന്നത്.

വിമര്‍ശനവുമായി ഷാഹിദ് അഫ്രീദി

പിസിബിയുടെ ഈ നടപടിയെ മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി വിമര്‍ശിച്ചു. പിഴ ചുമത്തുന്നത് ഇടുങ്ങിയ ചിന്താഗതിയാണെന്നും, മോശം പ്രകടനം നടത്തുന്നവരെ ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചയക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഏഴ് പരിശീലകരെയും മൂന്ന് ക്യാപ്റ്റന്മാരെയും മാറ്റിയ പാകിസ്ഥാന്‍ ക്രിക്കറ്റിലെ അസ്ഥിരതയാണ് ഈ തകര്‍ച്ചയ്ക്ക് കാരണമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

YouTube video player