Asianet News MalayalamAsianet News Malayalam

എന്‍ആര്‍സിക്ക് പകരം കോണ്‍ഗ്രസിന്‍റെ എന്‍ആര്‍യു; രജിസ്റ്റര്‍ ചെയ്ത് ലക്ഷങ്ങള്‍

രാഹുല്‍ ഗാന്ധി ജയ്പൂരില്‍ സംഘടിപ്പിച്ച യുവജന്‍ ആക്രോശ് റാലിയിലാണ് എന്‍ആര്‍യു പ്രഖ്യാപിച്ചത്. ഏകദേശം അഞ്ച് ലക്ഷം യുവാക്കളാണ് തൊഴിലില്ലാത്തവരുടെ രജിസ്റ്ററിലേക്ക് പേര് ചേര്‍ത്തത്

Congress to launch National Register of Unemployment
Author
Jaipur, First Published Jan 31, 2020, 6:18 PM IST

ജയ്പൂര്‍: കേന്ദ്ര സര്‍ക്കാരിന്‍റെ പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ പ്രതിഷേധം കനക്കുമ്പോള്‍ എന്‍ ആര്‍യുവിനായി (ദേശീയ തൊഴിലില്ലായ്മ രജിസ്റ്റര്‍) ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി ജയ്പൂരില്‍ സംഘടിപ്പിച്ച യുവജന്‍ ആക്രോശ് റാലിയിലാണ് എന്‍ആര്‍യു പ്രഖ്യാപിച്ചത്.

ഏകദേശം അഞ്ച് ലക്ഷം യുവാക്കളാണ് തൊഴിലില്ലാത്തവരുടെ രജിസ്റ്ററിലേക്ക് പേര് ചേര്‍ത്തത്. 58,000 പേരോളം രാജസ്ഥാനില്‍ നിന്നാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാജ്യത്തെ തൊഴിലില്ലാത്തവരുടെ ഔദ്യോഗിക കണക്കെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് എന്‍ആര്‍യു കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്.

തൊഴിലില്ലാത്തവരാണെങ്കില്‍ 8151994411 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് മിസ് കോള്‍ നല്‍കിയാല്‍ മതിയാകും. രാഹുല്‍ ഗാന്ധി നേതൃത്വം കൊടുത്ത യുവജന്‍ ആക്രോശ് റാലിയില്‍ 'ഡിഗ്രിയുണ്ട്, ജോലിയില്ല', എനിക്ക് ജോലി എവിടെ?, 'ജോലിയാണ് വേണ്ടത്, വാഗ്ദാനങ്ങളല്ല' തുടങ്ങിയ മുദ്രാവാക്യങ്ങളാണ് മുഴങ്ങിയത്.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, സച്ചിന്‍ പൈലറ്റ് എന്നിവരും രാഹുലിന് ഒപ്പമുണ്ടായിരുന്നു. തൊഴില്‍രഹിതരായ യുവാക്കളുടെ കണക്കെടുത്ത ശേഷം അത് പ്രധാനമന്ത്രിക്ക് അയച്ച് നല്‍കാനാണ് തീരുമാനം. അതേസമയം, രാജസ്ഥാനിലെ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പോലെ സംസ്ഥാനത്തെ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതില്‍ കോണ്‍ഗ്രസ് ശ്രദ്ധിക്കണമെന്ന് ബിജെപി വക്താവ് മുകേഷ് പരീക് പറഞ്ഞു. 
 

Follow Us:
Download App:
  • android
  • ios