Asianet News MalayalamAsianet News Malayalam

രമ്യ ഹരിദാസിന് കാറിനായി പിരിച്ചത് ആറ് ലക്ഷം രൂപ; തിരിച്ച് കൊടുക്കുമെന്ന് യൂത്ത് കോൺഗ്രസ്

ബിനീഷ് കോടിയേരിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കാനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്

We will give back money collected to buy Car for MP Ramya Haridas says Youth Congress committee
Author
Alathur, First Published Jul 22, 2019, 6:36 PM IST

ആലത്തൂർ: ലോക്സഭാംഗം രമ്യ ഹരിദാസിന് കാറ് വാങ്ങാൻ ഇതുവരെ പിരിച്ചെടുത്തത് 6.13 ലക്ഷം രൂപയാണെന്ന് പിരിവിന് നേതൃത്വം നൽകിയ യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം കമ്മിറ്റി. കാർ വേണ്ടെന്ന് എംപി അറിയിച്ച സാഹചര്യത്തിൽ കാർ വാങ്ങേണ്ടതില്ലെന്നും പാർലമെന്റ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.

കാർ വാങ്ങി നൽകാനുള്ള ശ്രമങ്ങൾ ഉപേക്ഷിച്ചതായി വ്യക്തമാക്കിയ നേതാക്കൾ, പിരിച്ചെടുത്ത പണം തിരികെ നൽകുമെന്നും പ്രസ്താവനയിൽ പറഞ്ഞു. ഇതിന് പുറമെ അപവാദ പ്രചാരണം നടത്തിയതിന് ബിനീഷ് കോടിയേരിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കാനും പാർലമെന്റ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

കാര്‍ വാങ്ങുന്നതിനായി യൂത്ത് കോണ്‍ഗ്രസ് രസീത് അടിച്ച് പണപ്പിരിവ് നടത്തിയത് വിവാദങ്ങള്‍ക്ക് കാരണമായതോടെയാണ് ഈ  വാഗ്ദാനം നിരസിച്ച് ആലത്തൂര്‍ എംപി രമ്യ ഹരിദാസ് ഇന്നലെ രംഗത്ത് വന്നത്. കെപിസിസി പ്രസിഡന്‍റിന്‍റെ വാക്കുകൾ അനുസരിക്കുന്നുവെന്നും പൊതുജീവിതം സുതാര്യമാകണമെന്നാണ് ആഗ്രഹമെന്നും അറിയിച്ച അവർ, ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു.

എന്നെ ഞാനാക്കിയ എന്‍റെ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ഒരഭിപ്രായം പറഞ്ഞാൽ അതാണ് എന്‍റെ അവസാന ശ്വാസമെന്നും രമ്യ ഫേസ്ബുക്കില്‍ കുറിച്ചു.

നേരത്തെ, ഒരു യൂത്ത് കോണ്‍ഗ്രസുകാരി എന്ന നിലയില്‍ ജീവിതത്തില്‍ ഏറെ അഭിമാനകരമായ നിമിഷമാണിത് എന്നാണ് കാര്‍ വാങ്ങുന്നതിനുള്ള യൂത്ത് കോണ്‍ഗ്രസിന്‍റെ തീരുമാനത്തെ കുറിച്ച് രമ്യ പ്രതികരിച്ചത്. ഇത് ആലത്തൂരുകാര്‍ക്ക് വേണ്ടിയുള്ള വാഹനമാണ്. ആലത്തൂരുകാരിലേക്ക് എത്രയും വേഗം ഓടിയെത്തുക എന്നതാണ് തന്‍റെ ചുമതലയെന്നും അവർ പറഞ്ഞിരുന്നു.

എംപിയെ സഹായിക്കുക എന്നതിലുപരി അങ്ങനെ ഒരു ആവശ്യത്തിന് ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കുന്നു എന്നതില്‍ അഭിമാനിക്കുന്നു. ആലത്തൂരിലെ സാധാരണക്കാര്‍ അവര്‍ക്ക് വേണ്ടി തെരഞ്ഞെടുത്ത ആലത്തൂരിലെ ഒരു സാധാരണക്കാരിയാണ് താനെന്നും രമ്യ പറഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios