Asianet News MalayalamAsianet News Malayalam

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

Deshantharam othupalli basheer
Author
Thiruvananthapuram, First Published Sep 15, 2017, 6:35 PM IST

 

Deshantharam othupalli basheerസൗദി അറേബ്യ, യു.എ.ഇ, യമെന്‍ എന്നീ രാജ്യങ്ങളോട് അതിര്‍ത്തി പങ്കിടുന്ന രാജ്യം. ഒമാനെക്കുറിച്ച് ഒറ്റ വാചകത്തില്‍ അങ്ങനെ പറയാം. ഒരു പ്രവാസിയുടെ കണ്ണിലൂടെ നോക്കിയാല്‍ കാര്യക്ഷമമായ ഭരണം, നന്മ നിറഞ്ഞ ആളുകള്‍, മാന്യമായ ചിലവില്‍ മികച്ച ജീവിതസൗകര്യങ്ങള്‍. ഒരു സഞ്ചാരിയുടെ കണ്ണിലൂടെ നോക്കിയാല്‍ എത്ര കണ്ടാലും മതിവരാത്ത മനോഹരമായ തീരങ്ങള്‍, എത്ര കയറിയാലും പിന്നെയും മാടിവിളിക്കുന്ന മലനിരകള്‍, എത്ര മനസ്സിലാക്കിയാലും നിഗൂഢതകള്‍ ഒളിഞ്ഞിരിക്കുന്ന മണല്‍ക്കാടുകള്‍, എത്ര പോയാലും എങ്ങും എത്താത്ത വഴികള്‍, നിര്‍മ്മാണ ചാതുര്യം വിളിച്ചോതുന്ന കോട്ടകള്‍, കൊട്ടാരങ്ങള്‍, നോക്കെത്താ ദൂരം വരെ പരന്നുകിടക്കുന്ന ഈത്തപ്പനത്തോട്ടങ്ങള്‍, പൊന്നുവിളയുന്ന കൃഷിയിടങ്ങള്‍, അനന്തമായ വാദികള്‍, കൂടുകൂട്ടി മുട്ടയിടാന്‍ തീരത്തണയുന്ന കൂറ്റന്‍ കടലാമകള്‍, അങ്ങനെയങ്ങനെ. വര്‍ണ്ണനകള്‍ക്കുമപ്പുറമാണ് ഒമാന്റെ ഖിസ്സകള്‍.

ഈ പെരുന്നാളിന് പതിവിന് വിപരീതമായി നാട്ടുകാരും കുടുംബ മിത്രങ്ങളുമായവരുടെ കൂടെയായിരുന്നു യാത്ര. ഏകദേശ മുപ്പത് വര്‍ഷമായി ഒമാന്റെ ചൂടും ചൂരും തണുപ്പും തലോടലും അറിഞ്ഞ അബ്ദുസലാം അയ്യറാലി , അനുജന്‍ അബ്ദുനാസര്‍, കോളേജ് കാലത്ത് കൂടെ ഉണ്ടായിരുന്ന സീനിയര്‍ സുഹൃത്ത് ഉനൈസ് കരുവാരകുണ്ടിന്റെ ഭാര്യ പിതാവ് മുഹമ്മദ് തുവ്വൂര്‍ എന്നിവരായിരുന്നു.

റൂമില്‍ നിന്നും ഭക്ഷണം കഴിച്ച് ടൂറെന്നും പറഞ്ഞ് ഇറങ്ങി പുറപ്പെട്ടത് ഒമാനിലെ ഏതൊ ഒരു ഉള്‍ഗ്രാമത്തിലെ പൂത്തുലഞ്ഞു നില്‍ക്കുന്ന മുന്തിരി തോട്ടം കാണാനായിരുന്നു. 

പറഞ്ഞ് കേട്ടതനുസരിച്ചുള്ള വഴിയിലൂടെ പാതി പിന്നിട്ട് വഴിമുട്ടിയപ്പോള്‍ ആണ് റോഡരിക്കിലെ  കോഫിഷോപ്പില്‍ അന്വേഷിച്ചത്. ആ കടക്കാരന്റെ അറിവില്‍ നിന്നാണ് മുന്തിരി തോട്ടം വക്കാനിലാണെന്ന് പിടികിട്ടിയത്.

അതെ വക്കാന്‍!

പത്ര മാധ്യമങ്ങളും ദൃശ്യ മാധ്യമങ്ങളും ലോകത്തിന് പരിചയപ്പെടുത്തിത്തന്ന വക്കാന്‍. ഉച്ചയ്ക്ക് 12 മണിക്ക് സൂര്യന്‍ ഉദിക്കുകയും മൂന്ന് മണിക്കൂര്‍ മാത്രം ജ്വലിച്ച് നിന്ന് മൂന്ന് മണിക്ക് സൂര്യാസ്തമയവും നടക്കുന്ന അല്‍ഭുത പ്രതിഭാസമുള്ള ലോകത്തിലെ ഏക ഗ്രാമം.

ഒരു പാട് തലയെടുപ്പുള്ള, കണ്ടാല്‍ ഭയപ്പെടുത്തുന്ന മലനിരകള്‍ താണ്ടിവേണം വക്കാനിലെത്തിപ്പെടാന്‍. മലനിരകള്‍ ഇടിച്ച് നിരത്തി നിര്‍മ്മിച്ച റോഡാണെന്ന് പറഞ്ഞറിയിക്കണം. ഏറ്റവും സുഖസുന്ദരമായ യാത്ര സൗകര്യങ്ങളുള്ള നിരത്തുകള്‍.

പ്രധാന വഴിയില്‍ നിന്നും  കുറച്ചുദൂരം മലകയറിയാല്‍ ഗ്രാമത്തിന്റെ പ്രവേശന കവാടത്തിലെത്താം. വക്കാന്‍ എന്ന ലക്ഷ്യസ്ഥാനത്ത് എത്താന്‍ ഞങ്ങള്‍ സഞ്ചരിക്കുന്ന 'നിസാന്‍ മാക്‌സിമ' മതിയാവാതെ വരും. അതിനാല്‍ മറ്റൊരു വണ്ടി തേടി. ഞങ്ങളുടെ വണ്ടിക്ക് പിന്നാലെ ഫോര്‍വീല്‍ ഡ്രൈവ് വാഹനവുമായി വന്ന സ്വദേശി പൗരനുമായി കരാറായി.

ഫോര്‍വീല്‍ ഉണ്ടായാല്‍ മാത്രം പോരാ വക്കാന്‍ ഉയരത്തിലെത്താന്‍. ദീര്‍ഘനാളത്തെ ഓഫ്‌റോഡ് റൈസിംഗ് എക്‌സ്പീരിയന്‍സും വക്കാനോളം ഉയരത്തിലുള്ള ആത്മവിശ്വാസവും മനോധൈര്യവും വേണം. അത്ര സാഹാസികമാണ് യാത്ര. കയറിക്കഴിഞ്ഞാല്‍ ലക്ഷ്യസഥാനത്ത് എത്താതെ തിരിച്ച് താഴെ ഇറക്കാന്‍ നിര്‍വാഹമില്ല,. അത്രയേ റോഡ് വീതിയുള്ളൂ. ഒരു വാഹനത്തിന് മാത്രം കഷ്ടിച്ച് പോവാന്‍ പറ്റുന്ന ഇടുങ്ങിയ വഴികള്‍. ചിലയിടങ്ങളില്‍ മാത്രം എതിരെ വരുന്ന വാഹനത്തിന് വഴിയൊരുക്കാന്‍ പറ്റിയ ഇടങ്ങള്‍. ഒരു വശം റോഡ് വെട്ടിയ പാറകളും മറുവശത്ത് ബാരിക്കേഡില്ലത്ത അറ്റം കാണാത്ത താഴ്ച്ചകളും. എതിരെ വരുന്ന വാഹനത്തിന് റിവേഴ്‌സ് എടുത്ത് ഒതുക്കുമ്പോള്‍ ശരിക്കും ശ്രദ്ധിക്കണം.  ഒന്നു പിഴച്ചാല്‍ ഒന്നടങ്കം താഴെ എത്തും. സഹയാത്രികരുടെ ഭയത്തിന്റെ ഹൃദയതാളം കാരണം എന്റെ ദൈവ വിളി അവരൊന്ന് കേട്ടു കാണില്ല. 

സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 2000 മീറ്റര്‍ ഉയരത്തില്‍, പടിഞ്ഞാറേ ഹാജ്ജര്‍ മലനിരകളിലാണ് വക്കാന്‍ എന്ന കുഞ്ഞു മലയോരഗ്രാമം സ്ഥിതി ചെയ്യുന്നത്. കവാടത്തിലെ വ്യൂ പോയിന്റില്‍ നിന്ന് താഴേക്ക് നോക്കിയാല്‍ നീണ്ട് പരന്ന് ഉണങ്ങി വരണ്ട് അന്തമില്ലാതെ കിടക്കുന്ന വാദി മിസ്തല്‍ കാണാം.

കല്ലുകള്‍ പാകിയ ചവിട്ടുപടികള്‍ ചവിട്ടി വേണം  മുകളിലേക്ക് കയറാന്‍. ഗ്രാമത്തിലെ പഴയ വീടുകളുടെ ഇടയിലൂടെയാണ് സഞ്ചാരികളുടെ ചുറ്റിക്കറക്കം. ഇരുവശങ്ങളിലും മാതളനാരകങ്ങള്‍ പൂത്ത് കായ്ച്ച് നില്‍ക്കുന്നു. നല്ല ചുവന്നുതുടുത്ത അനാര്‍ പഴങ്ങള്‍. അവ പറിക്കരുതെന്ന് നാലോളം ഭാഷകളിലായി വെണ്ടയ്ക്ക അക്ഷരത്തില്‍ എഴുതി വെച്ചിരിക്കുന്നു. അടുത്തടുത്തായി ഒരുപാട് ചെറിയ വീടുകള്‍. കടും പച്ചയിലും തവിട്ടിലും കാണപ്പെട്ട പഴയ ഇരുമ്പുവാതിലുകള്‍ അടഞ്ഞുകിടന്നിരുന്നു. മുറ്റങ്ങളില്‍ വിവിധതരത്തിലുള്ള പൂച്ചെടികള്‍. എത്ര ശാന്തസുന്ദരമായ അന്തരീക്ഷം. ശബ്ദമൊന്നും കേള്‍ക്കുന്നില്ലെങ്കിലും വീടുകളില്‍ ആളുകളുണ്ട് എന്ന് വ്യക്തമാണ്. താഴെ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ എണ്ണം കണ്ടാലറിയാം, ബഹളമുണ്ടാക്കാതെ നടക്കണം എന്ന് പ്രത്യേകം എഴുതി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പ്രദേശവാസികളുടെ ജീവിതത്തിന് തടസമുണ്ടാക്കുന്ന ഒരു പ്രവൃത്തിയും അനുവദിക്കില്ല. ഒഴിഞ്ഞ പല സ്ഥലങ്ങളിലും കൂവ വിളിക്കരുതെന്ന് പ്രത്യേകം എഴുതി വെച്ചിരിക്കുന്നു. മുകളിലേക്ക് കയറും തോറും ഇരുട്ടും നിശ്ശബ്ദതയും തണുപ്പും ഇടി വെട്ടും കൂടി വരുന്നു. 

ഏറ്റവും മുകളിലെത്തി. ഞങ്ങള്‍ക്ക് മുന്നിലിപ്പോള്‍ മനോഹരമായ ഛായാചിത്രം പോലെ വക്കാന്‍. നിറം മങ്ങിയ ആ മലഞ്ചെരുവില്‍ പച്ചപ്പിന്റെ വിവിധ േഷഡുകള്‍. ഈത്തപ്പനകളും മാതളനാരകങ്ങളും ഓറഞ്ച് മരങ്ങളും ആപ്രിക്കോട്ടും പേരറിയാത്ത പഴങ്ങളുള്ള മരങ്ങളും പല തരത്തിലുള്ള കുറ്റിച്ചെടികളും. വരണ്ടുണങ്ങിയ മലകള്‍ക്ക് നടുവിലുള്ള ആ അനുഗ്രഹീത ഭൂവില്‍ മുന്തിരിവള്ളികള്‍ വരെ തളിര്‍ത്തു കുലച്ചു നില്‍ക്കുന്നു.  മുകളില്‍ നിന്ന് ഒലിച്ചിറങ്ങുന്ന തണുത്ത  നീര്‍ച്ചാലുകള്‍ താഴെ കൃഷിയിടങ്ങളിലേക്കും കുടിവെള്ളത്തിനും പല കൈവഴികളായി തിരിച്ച് വിട്ടിരിക്കുന്നു. ആ നീര്‍ച്ചാലില്‍ നിന്ന് അംഗശുദ്ധി വരുത്തി വക്കാന്റെ മുകളിലെ ഗ്രാമീണ ചുവയുള്ള നിസ്‌ക്കാര പള്ളിയില്‍ നിന്ന് നിസ്‌ക്കാരവും കഴിഞ്ഞ് താഴെ എത്തിയപ്പോള്‍ കയറി വന്നതിനേക്കാള്‍ ഭയപ്പാടോടെ തിരിച്ചിറക്കാന്‍ ഫോര്‍വീല്‍ ഡ്രൈവര്‍ അമീര്‍ റെഡി!

ഇനി ഇറക്കം. അതേ അപകടസാദ്ധ്യതകളിലൂടെ തിരിച്ചിറക്കം. ജീവന്‍ കൈയിലെടുത്തുള്ള യാത്ര. തിരിഞ്ഞു നോക്കുമ്പോള്‍, വക്കാന്‍ നിശ്ശബ്ദമായി നോക്കിനില്‍ക്കുന്നു.

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!
 

Follow Us:
Download App:
  • android
  • ios