Asianet News MalayalamAsianet News Malayalam

കാരമസോവ് സഹോദരന്‍മാര്‍  എന്നോട് ചെയ്തത്

  • എന്റെ പുസ്തകം
  • അക്ബര്‍ എഴുതുന്നു
My Book Akbar Fydor Dostoevsky brothers karamazov
Author
First Published Jul 5, 2018, 10:48 PM IST

ഏവര്‍ക്കുമുണ്ടാവും ഒരു പുസ്തകം. ആഴത്തില്‍ ഇളക്കി മറിച്ച വായനാനുഭവം. മറക്കാനാവാത്ത ഒരു പുസ്തകാനുഭവം. പ്രിയപ്പെട്ട ആ പുസ്തകത്തെ കുറിച്ച് എഴുതൂ. വിശദമായ കുറിപ്പുകള്‍ ഫോട്ടോ സഹിതം  webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പുസ്തകം' എന്നെഴുതാന്‍ മറക്കരുത്.

My Book Akbar Fydor Dostoevsky brothers karamazov

പണ്ട് മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തില്‍ വായിച്ചു തീര്‍ത്ത ഒരു പുസ്തകമുണ്ട്. ആ പുസ്തകത്തിന്റെ വായനാക്കാലമോര്‍ക്കുമ്പോള്‍ തന്നെ, സ്വയം പീഡിതമായ നേരങ്ങള്‍ എന്നു പറയേണ്ടി വരും. പുസ്തകം വായിച്ചു തള്ളുക എന്ന ശീലം ഒരിക്കലുമില്ല. പുസ്തകത്തോടൊപ്പം നടക്കുക എന്നതായിരുന്നു രീതി. അതിലുള്ള ഇടങ്ങള്‍, കഥാപാത്രങ്ങള്‍, എല്ലാം കൂടെയുണ്ടെന്ന വിചാരത്തില്‍.. ചിലപ്പോള്‍ ഞെട്ടിത്തെറിച്ച്, അത്ഭുതപ്പെട്ട്, അല്ലെങ്കില്‍ പ്രണയിച്ച്, വഴക്കുകൂടി, അങ്ങെനെയങ്ങനെ....

നാഷണല്‍ ബുക്‌സ്റ്റാള്‍ പ്രസിദ്ധീകരിച്ച എന്‍ കെ ദാമോദരന്‍ വിവര്‍ത്തനം നിര്‍വ്വഹിച്ച ദസ്തയേവ്സ്‌കിയുടെ 'കാരമസോവ് സഹോദരന്മാര്‍' എന്ന തടിച്ച പുസ്തകം എങ്ങനെയാണ് പ്രിയപ്പെട്ടതാകുന്നത്? പുസ്തകത്തിന്റെ വലിപ്പത്തോടൊപ്പം, തീരെ കുഞ്ഞു അക്ഷരങ്ങളില്‍ അച്ചടിച്ച വിവര്‍ത്തനം, അതുവരെ വായിച്ചതു പിന്നീട് വായിച്ചതുമായ പല പുസ്തകങ്ങളെയും ഇല്ലാതാക്കി എന്നുപറയാം. അതുവരെയുണ്ടായിരുന്ന, മാനസികമായി മനുഷ്യരെ അടയാളപ്പെടുത്തുന്ന രീതി ഈ പുസ്തകം തകിടം മറിച്ചു. വല്ലപ്പോഴും കവിതയെഴുതുമായിരുന്ന എന്നെ കവിത എഴുതാത്തവനാക്കി. കള്ളനും കൊലപാതകിയും ക്രൂരനുും സ്നേഹപ്പട്ടികയില്‍ ഇടം പിടിച്ചു. നന്മ ചെയ്യുന്നവയേക്കാള്‍ നികൃഷ്ടരായ ആളുകളോട് ഇഷ്ടം കൂടി. അത്രയ്ക്ക് ഉള്ളുലച്ച നാളുകള്‍.

വായിച്ചു തുടങ്ങുമ്പോള്‍ പേടിയുണ്ടായിരുന്നു. ഇത്രയും വലിയ പുസ്തകം വായിച്ചു തീരുമോയെന്ന്. അതുവരെ ദസ്തയേവ്സ്‌കിയെ അറിഞ്ഞരീതിയില്‍ നിന്ന് ഈ പുസ്തകം മാറ്റിക്കളഞ്ഞു. 'ഒരു സങ്കീര്‍ത്തനം പോലെ' എന്ന നോവലൊക്കെ എത്ര വികൃതമായ കാല്‍പ്പനികതയിലൂടെയാണ് ദസ്തയേവ്സ്‌കിയെ അവതരിപ്പിച്ചിരിക്കുന്നത്. മനുഷ്യരെ എങ്ങനെ പഠിക്കാം എന്ന് ഈ കൃതി ഇന്നും പറഞ്ഞുകൊണ്ടിരിക്കുന്നു.

വലിയൊരു ജീവിത പ്രപഞ്ചമാണ് കാരമസോവ് സഹോദരന്മാരുടെ പ്രത്യേകത. കാമം , ക്രൗര്യം, വൈരാഗ്യം, സ്നേഹം, പ്രണയം, ദുരൂഹത തുടങ്ങി ലോകത്തെ സര്‍വ്വ ജീവിതങ്ങളുടെയും ഒരു ഫോട്ടോ കോപ്പിയാണ് ഈ കൃതി. ദസ്തയേവ്സ്‌കിയുടെ അവസാനത്തെ നോവലാണ് കരമസോവ് സഹോദരന്മാര്‍ (Brothers Karamazov)  രണ്ടു വര്‍ഷമെടുത്ത്  1880 നവംബര്‍ മാസം പൂര്‍ത്തിയാക്കിയ ഈ കൃതിയില്‍ മതം, സ്വതന്ത്രേച്ഛ, സാന്മാര്‍ഗ്ഗികത എന്നിവയുടെ ധാര്‍മ്മികസമസ്യകള്‍ എന്നിവ ചര്‍ച്ചചെയ്യപ്പെടുന്നു. ആധുനികവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരുന്ന റഷ്യ പശ്ചാത്തലമായി നടക്കുന്ന വിശ്വാസം, സന്ദേഹം, യുക്തി എന്നിവയുടെ ഒരു ആത്മീയമായ അന്വേഷണം. ഇത് സൃഷ്ടിക്കുന്ന ഉദ്വേഗം എടുത്തു പറയേണ്ടതാണ്. സിഗ്മണ്ട് ഫ്രോയിഡ്, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എന്നിവരെ ആഴത്തില്‍ സ്വാധീനിച്ച ഈ രചനയില്‍ ക്രൂരനും ലുബധനും കോമാളിയുമായ ഫയദോര്‍ കാരമസോവിന്റെ കൊലപാതകത്തിന്റെ ദുരൂഹതയാണ് പശ്ചാത്തലം. കാരമസോവും വ്യത്യസ്തസ്വഭാവികളായ നാല് ആണ്‍ മക്കളും ചേര്‍ന്ന ശിഥിലകുടുംബത്തിന്റെ കഥ മനുഷ്യ മനശ്ശാസ്ത്രത്തിന്റെ ദുര്‍ഗ്രഹമായ തലം അനാവരണം ചെയ്യുന്നു. ഫയോദോറിന്റെ നാലു മക്കളില്‍ മൂന്നു പേര്‍ അയാളുടെ ക്രൂരതയാല്‍ മരിച്ചുപോയ രണ്ടു ഭാര്യമാരില്‍ പിറന്നവരാണ്. പിതാവ് ഉപേക്ഷിച്ച  മക്കള്‍ പലയിടങ്ങളിലായി വളര്‍ന്നു.ദിമിത്രി, എവാന്‍, അലോഷ്യ എന്നീ പുത്രമാരും വേറൊരു സ്ത്രീയില്‍ ജനിച്ച ഫയദോര്‍ പാവ്ലോവിച്ചും  അടങ്ങുന്നതാണ് ഇവരുടെ കുടുംബം.

മനുഷ്യരെ എങ്ങനെ പഠിക്കാം എന്ന് ഈ കൃതി ഇന്നും പറഞ്ഞുകൊണ്ടിരിക്കുന്നു.

കാരമസോവുകള്‍, സമൂഹത്തിലെ ഓരോ വ്യക്തിയിലുമുള്ള നന്മ തിന്മകളുടെ പരിച്ഛേദമാണെന്നു പറയാം. മനുഷ്യാവസ്ഥയുടെ സകല ഭാവങ്ങളിലൂടെയും സഞ്ചരിക്കുന്നുണ്ട് ഈ മഹത് കൃതി. വിഭിന്ന സ്വഭാവക്കാരായ കഥാപാത്രങ്ങളിലൂടെ മുന്നോട്ടു വെയ്ക്കുന്ന കഥാഘടന ആശയങ്ങളുടെ അസ്തിത്വവും നിലപാടുകളുടെ ദൃഢതയും കൊണ്ട് വിസ്മയപ്പെടുത്തുന്നു. ചില ഭാഗങ്ങള്‍ വായിച്ചു ബാക്കി വായിക്കാതെ ഭ്രാന്ത് പിടിച്ചു നടന്നിട്ടുണ്ട്. നെഞ്ചില്‍ ഒരു മലയെ എടുത്തു വച്ച കനം. ശരിക്കും സ്വയം പീഡനപരമാണ് (masochsim) നോവല്‍. നാലു മക്കളുടെ വ്യത്യസ്ഥമായ ജീവിതവും അതോടൊപ്പം അവര്‍ ഇടപെടുന്ന സ്ഥലങ്ങളും കഥയില്‍ വരുന്നു. അച്ഛനായ കാരമസാവിന്റെ കൊലപാതകം അന്വേഷണം ആരംഭിക്കുന്നതോടെ നോവലിന് ഒരു കുറ്റാന്വേഷണ കഥയുടെ ഭാവം കൈവരുന്നു. ആരാണ് അയാളെ കൊന്നത് എന്ന് പിടികിട്ടാതെ നെഞ്ചു കൊളുത്തി വലിച്ച് ഉറങ്ങാതിരുന്ന രാത്രികള്‍ എത്ര?

അമര്‍ഷവും നിസ്സഹായതയുംവെറുപ്പും കലര്‍ന്ന പശ്ചാത്തലത്തിലാണ് ഇതിലെ സ്ത്രീകഥാപാത്രങ്ങള്‍ സഞ്ചരിക്കുന്നത്.പ്രണയത്തോടൊപ്പം അപരജീവിതത്തെ സ്വീകരിക്കുന്ന സ്ത്രീ വലിയൊരു ചോദ്യമാണ്. തീവ്ര പ്രണയത്തില്‍ നിന്ന് അതീവ വിദ്വേഷത്തിലേക്ക് മാറുന്ന അവസ്ഥ. ലിസറ്റേവ, ലിസ, മര്‍ഫ, അഭിസാരികകള്‍ എന്നിവരാണ് സ്ത്രീ കഥാപാത്രങ്ങള്‍. സ്ത്രീ മാനസികാവസ്ഥയെ ഇത്രയ്ക്ക് പഠിച്ച എഴുത്തുകാരന്‍ വേറെയുണ്ടാവുമോ എന്നത് സംശയമാണ്.

കുടുംബത്തിന്റെ ശിഥിലാവസ്ഥയും അക്കാലത്തെ റഷ്യന്‍ സമൂഹ്യാവസ്ഥയും നോവലിന്റെ പശ്ചാത്തലമാകുന്നു. വ്യക്തിപരമായി പറഞ്ഞാല്‍ വായിച്ചിരിക്കേണ്ട ഒരേയൊരു പുസ്തകം ഇതാണെന്ന് ഞാന്‍ പറയും. കാരണം ഒരു പുസ്തകം വായിച്ച് കൈവന്ന മാനസിക മാറ്റം തന്നെ. വെറുപ്പിനും ഇഷ്ടത്തിനുമിടയിലെ സ്നേഹത്തിന്റെ പൊള്ളല്‍ അനുഭവിക്കാന്‍, ആത്മപീഢയുടെ കുരിശുമരണം നടത്താന്‍ തീര്‍ച്ചയായും വായിച്ചിരിക്കണം. അഹന്ത, വെറുപ്പ് തുടങ്ങിയ ഉള്ളിന്റെ ഹിമ അവസ്ഥയെ ഉരുക്കികളയാന്‍ നാലു സഹോദര്‍ന്മാരുടെ ജീവിതം എന്നെ പഠിപ്പിച്ചു. 

അതുകൊണ്ടു തന്നെ ഇപ്പോഴും എഴുതുക എന്നത് അത്ഭുതമായി കരുതുകയും ചെയ്യും. ഉള്ളു കുതിര്‍ന്നാല്‍ മാത്രം പേനയെടുക്കുക എന്ന് ദസ്തവ്സ്‌കി ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുന്നു... ലോകം എത്ര വിചിത്രമെന്നും!


(അക്ബര്‍. കവി. മാധ്യമപ്രവര്‍ത്തകന്‍. നേര്യമംഗലത്ത് ജനിച്ചു. ബാംസുരി എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ കേരളവിഷന്‍ വാര്‍ത്താവിഭാഗത്തില്‍).
...............................................................

അവരുടെ പുസ്തകങ്ങള്‍:

അനില്‍ വേങ്കോട്: നിപയുടെയും ഫാഷിസത്തിന്റെയും കാലത്ത് പ്ലേഗ് വായിക്കുമ്പോള്‍

അബ്ബാസ് ഒ എം: രവി ബസ്സിറങ്ങിയ കൂമന്‍ കാവ് ഇപ്പോള്‍ ഇവിടെയാണ്

രൂപേഷ് കുമാര്‍: പുസ്തകമാകാതെ ഒഴുകിയ ചോരകള്‍!

അബിന്‍ ജോസഫ്: ഒരു നിഗൂഢവായനക്കാരന്റെ രഹസ്യരാത്രികള്‍

വി എം ദേവദാസ് : ടെസ്റ്റ് ക്രിക്കറ്റ് പോലൊരു നോവല്‍

സോണിയാ റഫീക്ക്: മനുഷ്യാ, നീ ജീനാവുന്നു!

ജെ. ബിന്ദുരാജ്: വിട്ടുപിരിയാത്തൊരു പുസ്തകം

ഫിറോസ് തിരുവത്ര: ഭൂപടം ഒരു കടലാസല്ല; അനേകം മനുഷ്യരുടെ ചോരയാണ്!

വിനീത പ്രഭാകര്‍: പേജ് മറിയുന്തോറും  നാമൊരത്ഭുതം പ്രതീക്ഷിക്കും!

 മാനസി പി.കെ: ശരീരത്തെ  ഭയക്കാത്ത പുസ്തകങ്ങള്‍​

നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്: എന്റെ പ്രണയത്തിലും ജീവിതത്തിലും ജിബ്രാന്റെ ഇടപെടലുകള്‍

മുജീബ് റഹ്മാന്‍ കിനാലൂര്‍ : മണപ്പാട് കുഞ്ഞഹമ്മദ് ഹാജി: കേരളം മറന്ന നവോത്ഥാന നായകന്‍​

 യാസ്മിന്‍ എന്‍.കെ: വേണുവിന്റെ യാത്രകള്‍!​

കെ. എ ഷാജി: അത് വായിച്ചാണ് ഞാന്‍  അച്ചനാവാന്‍ പോയത്!
 

Follow Us:
Download App:
  • android
  • ios