Asianet News MalayalamAsianet News Malayalam

'ചോറ് വെന്തോ എന്നെങ്ങനെ അറിയും?'

My teacher Athira Mukund
Author
Thiruvananthapuram, First Published Nov 13, 2017, 2:48 PM IST

ചില അധ്യാപകരുണ്ട്. ആഴത്തില്‍ നമ്മെ സ്വാധീനിച്ചവര്‍. ജീവിതത്തെ മാറ്റിയെഴുതിയവര്‍. അത്തരം ഒരു അധ്യാപകന്‍, അധ്യാപിക നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടെങ്കില്‍ അവരെക്കുറിച്ച് എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ 'പാഠം രണ്ട്' എന്ന് എഴുതാന്‍ മറക്കരുത്. 

My teacher Athira Mukund

പുത്തന്‍ കുരിശിലെ മാര്‍ അത്തനേഷ്യസ് മെമ്മോറിയല്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ ആയിരുന്നു പഠനം. ഇഷ്ടവിഷയങ്ങള്‍ മലയാളവും ഇംഗ്ലീഷും. പല ക്ലാസ്സുകളിലും എന്നെ മലയാളം പഠിപ്പിച്ചത് മുകുന്ദന്‍ സര്‍ ആയിരുന്നു. ജോലി തീര്‍ക്കുവാന്‍ പാഠങ്ങള്‍ വായിച്ചു വിടുന്ന ചില അദ്ധ്യാപകരെപ്പോലെ ആയിരുന്നില്ല അദ്ദേഹം. ഭംഗിയായി കവിതകള്‍ ചൊല്ലി കഥകള്‍ പറഞ്ഞ്, പാഠങ്ങള്‍ക്ക് പുറമേ ഒരുപാട് അറിവുകളും രസങ്ങളും പങ്കുവച്ച്, ഓരോ ക്ലാസും ഓരോ അനുഭവങ്ങള്‍ ആക്കിയിരുന്ന അദ്ധ്യാപകന്‍. 

സിലബസ് അനുസരിച്ച് അര്‍ദ്ധവ്യാകരണങ്ങള്‍ ഒന്നും പഠിക്കെണ്ടിയിരുന്നില്ല. എങ്കിലും അതൊക്കെ അറിഞ്ഞിരിക്കേണം എന്ന് അദ്ദേഹത്തിനു നിര്‍ബന്ധമായിരുന്നു. ഉപമ, ഉല്‍പ്രേക്ഷകളുടെ ചൊല്ലിന്റെ മുറിഭാഗങ്ങള്‍ ഇന്നും നാവിന്‍ തുമ്പില്‍ നില്‍ക്കുന്നത് അതുകൊണ്ടായിരിക്കാം. കോതമ്പുമണികളിലെ 'പേരറിയാത്തൊരു പെണ്‍കിടാവും', കുമാരനാശാന്റെ 'നളിനിയും', ബഷീറിന്റെ 'പാത്തുമ്മയുടെ ആടും' ഒക്കെ ഇന്നും മനസ്സിലെവിടെയൊക്കെയോ നിന്ന് ചിരിക്കുന്നതിനും കാരണം മറ്റൊന്നുമല്ല.

ഏഴിലോ മറ്റോ പഠിക്കുന്ന സമയം. ഏതോ പാഠഭാഗങ്ങള്‍ പറഞ്ഞു പോകുന്നതിന് ഇടയ്ക്കായിരുന്നു ശരവേഗത്തില്‍ മുകുന്ദന്‍ സര്‍ ആ ചോദ്യം എനിക്കു നേരെ തൊടുത്തത്. 'മലയാള മാസത്തിലെ ഇരുപത്തേഴു നക്ഷത്രങ്ങള്‍ ഏതൊക്കെ?'

'അറിഞ്ഞുകൂടാ'- എന്ന മറുപടിയുമായി ഞാന്‍ എഴുന്നേറ്റുനിന്നു. 

'പാഠ്യേതര വിഷയമാണെങ്കിലും ഇതൊക്കെ അറിഞ്ഞിരിക്കേണ്ടേ ആതിരേ' എന്ന അദ്ദേഹത്തിന്റെ ചോദ്യം ഏഴാം ക്ലാസ്സുകാരിയുടെ മൂഢാഭിമാനത്തെ വ്രണപ്പെടുത്തിയിരിക്കണം. അതിനാലാവാം അന്ന് തന്നെ വീട്ടില്‍ ചെന്ന് കലണ്ടര്‍ എടുത്തു ആ നക്ഷത്രനാമങ്ങള്‍ ഞാന്‍ ഹൃദിസ്ഥമാക്കിയത്. ഇന്നും ഏതുറക്കത്തിനിടയില്‍ ചോദിച്ചാലും അശ്വതി മുതല്‍ രേവതി വരെ എന്റെ നാവിന്‍തുമ്പില്‍ ഉണ്ട്.

കല്യാണാലോചന നടക്കുന്ന വേളയില്‍ നാള്‍ചേര്‍ച്ചകളുടെ പെട്ടന്നൊരു ഊഹത്തിനായി അമ്മ നാളുകള്‍ ക്രമത്തിലേതൊക്കെ എന്ന് ചോദിക്കുമ്പോഴാണ് എന്റെ ഈ നക്ഷത്ര അറിവുകള്‍ ഉപയോഗയോഗ്യമായത് എന്നത് വാല്‍ക്കഷണം.  

മറ്റൊരു ക്ലാസ്സില്‍ മുകുന്ദന്‍ സാറിന്റെ  ചോദ്യം പാചകസംബന്ധമായിരുന്നു. ക്ലാസിലെ മുഴുവന്‍ കുട്ടികളോടും ആയി അദ്ദേഹം ചോദിച്ചു 'ചോറ് വയ്ക്കുന്ന നേരം അരി ശരിക്കും വെന്തോ ഇല്ലയോ എന്ന് എങ്ങനെ അറിയും?' 

സമയത്തിനു മാത്രം ഊണുമേശയില്‍ കൈകഴുകി ചെന്നിരിക്കുന്ന അവസ്ഥ തന്നെയായിരുന്നു ഏകദേശം എല്ലാ കുട്ടികള്‍ക്കും. എന്നാലും തോറ്റ് കൊടുക്കുവാന്‍ മനസ്സില്ലെന്നു പ്രഖ്യാപിച്ചു ചില ബുദ്ധിജീവികള്‍ ഉത്തരങ്ങള്‍ നിരത്തി. ചോറ് വിണ്ടു കീറുമെന്നും, വെള്ളം പതഞ്ഞൊഴുകും എന്നു തുടങ്ങി പല മറുപടികളും ക്ലാസ്സില്‍ നിരന്നു. ഒടുവില്‍ അദ്ദേഹം ഞങ്ങളോട് പറഞ്ഞു. 'ആ ചോറ് കയ്യിലെടുത്തു ഒന്ന് ഉടച്ചു നോക്കിയാല്‍ മതി കുട്ടികളെ, ചോറ് വെന്തോ ഇല്ലേ എന്നറിയാന്‍' എന്ന്. 'അയ്യേ ഇതായിരുന്നോ ഉത്തരം' എന്ന ഭാവത്തില്‍ പരസ്പരം നോക്കിയിരുന്ന ഞങ്ങളോട് അദ്ദേഹം പറഞ്ഞു. 'ഇതുപോലാണ് ജീവിതത്തില്‍ നിങ്ങളിനി നേരിടുവാന്‍ പോകുന്ന പ്രശ്‌നങ്ങളും. വളരെ സങ്കീര്‍ണ്ണമായി ചിന്തിച്ചു തലപുകഞ്ഞു നിങ്ങള്‍ ഒരു പരിഹാരമാര്‍ഗത്തിനായി ചിലപ്പോള്‍ അലയും. എന്നാല്‍ പലപ്പോഴും പ്രശ്‌നത്തിനുള്ള ഉത്തരം വളരെ ലളിതമായിരിക്കും. പരിഹാരം നിങ്ങളുടെ ഉള്ളില്‍ തന്നെയുണ്ടാകും. ശാന്തമായി, സൗമ്യമായി ആ പരിഹാരത്തെ കണ്ടെത്തിയാല്‍ തീരാവുന്നതേ ഉണ്ടാകൂ പ്രശ്‌നങ്ങള്‍'.

എഞ്ചിനീയറിങ്ങിന് പഠിക്കുന്ന കാലം. ഏതോ ഒരു പരീക്ഷയുടെ തലേന്നാള്‍ ഹോസ്റ്റല്‍ മുറിയില്‍ പുസ്തകങ്ങളുമായ് മല്ലിട്ടുകൊണ്ടിരിക്കുന്ന നേരമായിരുന്നു പഴേ ഒരു സ്‌കൂള്‍ സഹപാഠിയുടെ സന്ദേശം എത്തിയത്. മുകുന്ദന്‍ സര്‍ എന്ന ആ വെളിച്ചം അണഞ്ഞു. പാമ്പുകടിയേറ്റായിരുന്നു മരണം. 

ആ വാര്‍ത്ത ഒരു ഞെട്ടലോടു കൂടി മാത്രമാണ് ഞാന്‍ കേട്ടത്. ഒരുപാട് അടുപ്പം ഉള്ള ആരോ നഷ്ടമായെന്ന പോലെ എന്റെ ഹൃദയവും മിഴികളും നിറഞ്ഞു. കേവലം മധ്യവയസ്സ് മാത്രം എത്തിനിന്ന ആ ഗുരുനക്ഷത്രം അകാലത്തില്‍ പൊലിഞ്ഞു പോയത് പിന്നീടുള്ള അനേകം വിദ്യര്‍ത്ഥികള്‍ക്ക് ഒരു തീരാനഷ്ടം തന്നെയായിരുന്നിരിക്കും.

'പാഠം രണ്ട്' ഇതുവരെ
താജുന തല്‍സം: നിറകണ്ണുകളോടെ ഞാന്‍ പറഞ്ഞുപോയി, 'ഉസ്താദ് മരിച്ചുപോവട്ടെ'

ഐ കെ ടി.ഇസ്മായില്‍ തൂണേരി: ഈശ്വരന്‍ മാഷ്

മുഖ്താര്‍ ഉദരംപൊയില്‍: പണ്ടുപണ്ടൊരു കുരുത്തംകെട്ട  കുട്ടി; നന്മയുള്ള മാഷ്

 ശ്രുതി രാജേഷ്:  കനകലത ടീച്ചറിനോട്  പറയാതെ പോയ കാര്യങ്ങള്‍

മഞ്ജുഷ വൈശാഖ്: 'കോപ്പിയടിച്ചത് ഞാനാണ്'

മോളി ജബീന: ജിന്നിന് എഴുതിയ കത്തുകള്‍

ജോസഫ് എബ്രഹാം: ഫയല്‍വാന്റെ മെയ്ക്കരുത്തോടെ  താഹക്കുട്ടി സാറിന്റെ നടത്തം

അഞ്ജലി അരുണ്‍: സെലിന്‍ ടീച്ചര്‍ പഠിപ്പിച്ച ജീവിതപാഠങ്ങള്‍!

ശ്രീനിവാസന്‍ തൂണേരി: എന്നെ കണ്ടതും മാഷ്  പഴ്‌സ് പുറത്തെടുത്തു!

നജീബ് മൂടാടി: ചൂരല്‍ മാത്രമായിരുന്നില്ല, വേലായുധന്‍ മാഷ്!

നസീഫ് അബ്ദുല്ല: കേട്ടതൊന്നുമായിരുന്നില്ല, മാഷ്!

സജിത്ത് സി വി പട്ടുവം: പിന്നൊരിക്കലും ടീച്ചറിനെ ഞാന്‍ കണ്ടിട്ടില്ല!

 

 

Follow Us:
Download App:
  • android
  • ios