Asianet News MalayalamAsianet News Malayalam

ഹിമാലയത്തിലേക്ക് ഒരിക്കല്‍  ആ ബുള്ളറ്റ് പറക്കും!

  • സ്ത്രീകള്‍ രാത്രികള്‍
  • ഷെമി മരുതില്‍ എഴുതുന്നു
Women Nights Shemi Maruthil

രാത്രി ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ ഭയക്കുന്നൊരു നാട്ടില്‍ ഒരു സ്ത്രീ എങ്ങനെയാവും രാത്രി ജീവിതം അറിയുക? രാത്രിയുടെ മനോഹരിതയും നിലാനേരങ്ങളും വായിച്ചും സ്വപ്‌നം കണ്ടും മാത്രമറിയുന്നവരുടെ രാത്രിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ എന്തൊക്കെയാവും? രാത്രി എന്ന അനുഭവം എന്തായിരിക്കും? നിങ്ങള്‍ക്കും ആ സ്വപ്‌നവും അനുഭവവും പങ്കുവെക്കാം. കുറിപ്പുകള്‍ webteam@asianetnews.in എന്ന വിലാസത്തില്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം അയക്കൂ. സബ്ജക്ട് ലൈനില്‍ സ്ത്രീകള്‍, രാത്രികള്‍ എന്നെഴുതാന്‍ മറക്കരുത്.

Women Nights Shemi Maruthil
രാത്രിയുടെ സൗന്ദര്യം ഇന്നും പലയിടത്തും സ്ത്രീകള്‍ക്ക് കിട്ടാക്കനി തന്നെയാണ്. സ്വപ്നങ്ങളെ കുറിച്ച് സംസാരിക്കുന്ന ഏതൊരു പെണ്‍കുട്ടിക്കും പറയാനുണ്ടാകും രാത്രി ആരെയും പേടിക്കാതെ ഏതെങ്കിലും ഒരു സ്ഥലത്തു പോകാനുള്ള മോഹം. അത്  ബീച്ചിലോ, പാര്‍ക്കിലോ, തട്ടുകടയിലോ വെറുതെ കൂട്ടുകാരികളുടെ കൂടെ ഫൂട്ട്പാത്തിലൂടെ നടക്കുന്നതോ ആവാം. 

ഏതു ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആണെന്ന് ഓര്‍മയില്ല. ഒത്തിരി ഒത്തിരി ഒത്തിരി സ്വപ്നങ്ങള്‍ എന്ന പാട്ട് കേട്ടു തുടങ്ങിയത്. ആ കാലത്ത്  തുടങ്ങിയ കൊതിയാണ് രാത്രിയോട്. ഒറ്റക്ക് സംസാരിക്കുമ്പോഴും കണ്ണാടിയോട് കിന്നാരം പറയുമ്പോഴും വെറുതെ ചിരിക്കുമ്പോഴും ചിലരെങ്കിലും കരുതും നമ്മുടെ മനസ്സില്‍ ആരോ ഉണ്ടെന്ന്. പ്രണയത്തെക്കാള്‍ സൗന്ദര്യമുള്ള കാഴ്ചകളെ സ്വപ്നം കാണുന്നവരുണ്ടെന്ന് പലര്‍ക്കും ഉള്‍കൊള്ളാന്‍ കഴിയില്ല. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പറഞ്ഞിട്ടുള്ള വാക്ക് സ്വപ്നം എന്നായതു കൊണ്ടാവാം എന്റെ സ്വപ്നങ്ങളെ പലരും അവരുടെ കാഴ്ചപ്പാട് അനുസരിച്ച് വിവരിക്കാറുണ്ട്.

രാത്രിയോടുള്ള അടങ്ങാത്ത ഇഷ്ടം മൂത്തു തുടങ്ങിയപ്പോഴാണ് ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നവും ലക്ഷ്യവുമൊക്കെ തീരുമാനിക്കുന്നത്. എന്നെങ്കിലുമൊരിക്കല്‍ ശസ്ത്രക്രിയ ചെയ്തു ആണ്‍കുട്ടിയാവും.  എന്നിട്ട് ഇപ്പൊ പകലിനെ കാണുന്ന പോലെ ആരെയും പേടിക്കാതെ രാത്രിയെ കാണണം, നനഞ്ഞ മണല്‍ത്തരിയില്‍ ഫുട്‌ബോള്‍ കളിക്കണം, കടപ്പുറത്തു മലര്‍ന്നു കിടക്കണം, പുലിയും സിംഹവും ഇറങ്ങുന്ന കാട്ടു പാതയിലൂടെ ബുള്ളറ്റോടിച്ചു പോണം, തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിക്കണം, അങ്ങനങ്ങനെ ഒരുപാട് ... 

എന്നെങ്കിലുമൊരിക്കല്‍ ശസ്ത്രക്രിയ ചെയ്തു ആണ്‍കുട്ടിയാവും.

എന്നാല്‍ റിയാലിറ്റി നേരെ തിരിച്ചും. 

പെണ്ണാണ്, അടങ്ങി ഒതുങ്ങി ജീവിക്കണം, സ്ട്രീറ്റ് ലൈറ്റ് ഇടുന്നതിന് മുമ്പേ വീട്ടില്‍ കേറണം, കണ്ട മരത്തിലൊന്നും വലിഞ്ഞു കയറരുത്, റോഡില്‍ വെച്ച് കൂടെ പഠിക്കുന്ന ആണ്‍കുട്ടിയെ കണ്ടാല്‍  ചിരിച്ചു സംസാരിക്കരുത്, ഡയറി പോലും എഴുതരുത്, എഴുതുന്നവരൊന്നും ശരിയല്ല അങ്ങനെ ഒത്തിരി . 

എങ്കിലും കൂടെ ഉള്ളവരുടെ അവസ്ഥ കാണുമ്പോള്‍  തന്റെ അവസ്ഥ തമ്മില്‍ ഭേദമായിരുന്നു. എന്നാല്‍ എല്ലാം തകിടം മറിച്ചു പെട്ടെന്നൊരു ദിവസം കെട്ടിച്ചു വിട്ടതോടെ അതു വരെ സ്വപ്നം മാത്രമായിരുന്ന രാത്രി എന്നത് സ്വപ്നങ്ങള്‍ക്കും അന്യമായി. 

ആഗ്രഹിച്ചത് എത്തിപ്പിടിക്കാന്‍ മേല്‍പറഞ്ഞ ശസ്ത്രക്രിയയൊന്നും ചെയ്ത് എടങ്ങേറിലാവുകയും വേണ്ട. 

ഇന്ന് മറ്റൊരു  നാട്ടിലെത്തുകയും സമൂഹമാധ്യമങ്ങളിലൂടെയും നേരിട്ടും അനേകം സ്ത്രീകളുടെ ജീവിതം കണ്ടറിയുകയും ചെയ്തപ്പോഴാണ് എന്റെ പെണ്മ സ്വപ്നങ്ങള്‍ക്കൊരു തടസ്സമല്ലെന്നു ബോധ്യമായത്.  

ആഗ്രഹിച്ചത് എത്തിപ്പിടിക്കാന്‍ മേല്‍പറഞ്ഞ ശസ്ത്രക്രിയയൊന്നും ചെയ്ത് എടങ്ങേറിലാവുകയും വേണ്ട. 

ചുറ്റുമുള്ളവരുടെ ചിന്തകള്‍ മാറ്റാന്‍  നമുക്കാവില്ല. നടക്കും എന്ന് നമ്മളും പടച്ചോനും തീരുമാനിച്ചാല്‍ ഒറ്റക്ക് ബുള്ളറ്റോടിച്ചു ഹിമാലയത്തില്‍ പോയി വരണമെന്ന എന്റെ വല്യ സ്വപ്നവും ഒരു ശസ്ത്രക്രിയ ഇല്ലാതെയും മീശ വെക്കാതെയും സാധിക്കും. 

എങ്കിലും പുരുഷന്മാരെ, രാത്രി ഒരു അശ്ലീലമാണോ? ആഗ്രഹങ്ങളുള്ള പെണ്ണെന്നു വെച്ചാല്‍ അത് പുരുഷനെ ആഗ്രഹിക്കുന്ന പെണ്ണെന്നല്ല, അതിനേക്കാള്‍ എന്തോരം നല്ല കാഴ്ചകളുണ്ട് ഈ ലോകത്ത്. 

മനുഷ്യരുടെ കണ്ണു മൂടിക്കെട്ടുവാണേല്‍ പൂക്കള്‍ക്ക് എന്തിനാ ദൈവം സൗന്ദര്യം കൊടുത്തത്. 

Follow Us:
Download App:
  • android
  • ios