കൊല്ലം: പുനലൂരില്‍ പ്രവാസിയായിരുന്ന വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു. എ.ഐ.വൈ.എഫയുടെ പ്രാദേശിക നേതാവ് ഇമേഷിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. 

ആദ്യം അസ്വഭാവിക മരണത്തിനായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പിന്നീട് വിശദമായി അന്വേഷണം കഴിഞ്ഞ ശേഷം ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു. 

ദീര്‍ഘകാലം പ്രവാസജീവിതം നയിച്ച സുഗതനും മക്കളും ആറു മാസം മുന്‍പാണ് നാട്ടില്‍ തിരിച്ചെത്തിയത്. സ്വന്തമായൊരു വര്‍ക്ക്‌ഷോപ്പ് തുടങ്ങാനായിരുന്നു ഇവരുടെ പദ്ധതി. ഇതനുസരിച്ച് പത്തനാപുരത്ത് സ്ഥലം വാടകയ്‌ക്കെടുത്ത് വര്‍ക്ക്‌ഷോപ്പിന്റെ നിര്‍മ്മാണം ആരംഭിച്ചു. എന്നാല്‍ ഉദ്ഘാടനത്തിന് തൊട്ടുമുന്‍പ് വയല്‍നികത്തിയ സ്ഥലത്താണ് വര്‍ക്ക്‌ഷോപ്പ് സ്ഥിതി ചെയ്യുന്നതെന്ന ആരോപണവുമായി എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ രംഗത്തു വന്നു. വര്‍ക്ക്‌ഷോപ്പിന് മുന്‍പില്‍ ഇവര്‍ കൊടികുത്തി പ്രതിഷേധം ആരംഭിച്ചു. 

ഇതോടെ തന്റെ ബിസിനസ് സംരഭം തകര്‍ന്ന വേദനയില്‍ സുഗതന്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. പണം നല്‍കി പ്രശ്‌നം ഒത്തുതീര്‍പ്പാക്കാം എന്ന് പറഞ്ഞു പിതാവിനെ എ.ഐ.വൈ.എഫ് നേതാക്കള്‍ സമീപിച്ചതായി സുഗതന്റെ മകന്‍ പിന്നീട് വെളിപ്പെടുത്തുകയും ചെയ്തു.