ദില്ലി: 2016 ജനുവരി മുതൽ രണ്ടുവര്‍ഷത്തോളം നീണ്ട നിയമപോരാട്ടങ്ങളും വിവാദങ്ങളുമാണ് ഹാദിയ കേസ്. കേസിലെ നാൾവഴിയിലേക്ക്

2016 ജനുവരി 6ന് അഖില എന്ന ഹാദിയയെ തട്ടിക്കൊണ്ടുപോയി എന്ന് ആരോപിച്ച് അച്ഛൻ അശോകൻ പെരിന്തൽമണ്ണ പൊലീസിൽ നൽകിയ പരാതിയോടെയാണ് വിവാദങ്ങളുടെ തുടക്കം. 

സേലത്ത് ശിവരാജ് ഹോമിയോപതി മെഡിക്കൽ കോളേജിൽ ബിരുദത്തിന് പഠിക്കുകയായിരുന്നു അന്ന് അഖില. അഖില എന്ന ഹാദിയയുടെ സഹപാഠിയായിരുന്ന ജസീനയുടെ അച്ഛൻ അബൂബക്കറിനെ ഈ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഹാദിയെ കണ്ടെത്താൻ പൊലീസിന് ആയില്ല. 2016 ജനുവരി 19ന് ഹാദിയയുടെ അച്ഛൻ അശോകൻ ഹൈക്കോടതിയിൽ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയൽ ചെയ്തു. 

കോടതി നിര്‍ദ്ദേശപ്രകാരം ജനുവരി 25ന് കോടതിയിൽ ഹാദിയ നേരിട്ട് ഹാജരായി തന്നെ ആരും തടവിൽ വെച്ചിട്ടില്ലെന്ന് വ്യക്തമാക്കി. ഇക്കാര്യത്തിലെ പൊലീസ് റിപ്പോര‍്ട്ടുകൂടി പരിഗണിച്ച് കോടതി ഹാദിയയെ സ്വന്തം ഇഷ്ടപ്രകാരം പോകാൻ അനുവദിച്ച് കേസ് തീര്‍പ്പാക്കി. 2016 മാര്‍ച്ച് മാസത്തിൽ സത്യസരണിയിൽ നിന്ന് അഖില എന്ന ഹാദിയ മതപഠനം പൂര്‍ത്തിയാക്കി. 

ഓഗസ്റ്റ് 16ന് ഇതിനിടെ അശോകൻ രണ്ടാമത്തെ ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതിയിൽ നൽകി. കേസിൽ ആഗസ്റ്റ് 22നും സെപ്റ്റംബര്‍ ഒന്നിനും അഞ്ചിനും 27നും ഹാദിയ കോടതിയിൽ ഹാജരായി. സെപ്റ്റംബര്‍ 27ന് സത്യസരണി ഭാരവാഹിയായ സൈനബക്കൊപ്പം പോകാൻ കോടതി ഹാദിയയെ അനുവദിച്ചു. ഡിസംബര്‍ 19ന് കോട്ടക്കലിലെ പുത്തൂര്‍ മഹലിൽ വെച്ച് ഷെഫിൻ ജഹാനും ഹാദിയയയും വിവാഹതിരായി. 

ഡിസംബര്‍ 21ന് വിവാഹത്തെ കുറിച്ച് അന്വേഷിക്കാൻ കോടതി പൊലീസിനോട് നിര്‍ദ്ദേശിച്ചു. 2017 മെയ് 24 ഷെഫിൻ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം റദ്ദാക്കിയ കോടതി ഹാദിയയെ മാതാപിതാക്കൾക്കൊപ്പം വിട്ടുകൊണ്ട് വിധി പറഞ്ഞു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഷെഫിൻ ജഹാൻ സുപ്രീംകോടതിയെ സമീപിച്ചു. ഹാദിയയുടെ മതംമാറ്റം ഉൾപ്പടെയുള്ള വിഷയങ്ങൾ റിട്ട. സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ എൻ.ഐ.എ അന്വേഷിക്കാൻ ഓഗസ്റ്റ് 17ന് സുപ്രീംകോടതി ഉത്തരവിട്ടു. 

അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ കോടതി നിയോഗിച്ച റിട്ട. ജസ്റ്റിസ് ആര്‍.വി.രവീന്ദ്രൻ ഓഗസ്റ്റ് 18ന് പിന്മാറി . കേസിൽ എൻ.ഐ.എ അന്വേഷണവും വിവാഹവും രണ്ടായി തന്നെ പരിഗണിക്കുമെന്ന് വ്യക്തമാക്കിയ കോടതി ഹാദിയയുടെ ഭാഗം നേരിട്ട് കേൾക്കാനായി ഒക്ടോബര്‍ 27ന് വൈകീട്ട് 3 മണിക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ടു. കോടതിയിൽ ഹാജരാകാൻ ഹാദിയയും കുടുംബാംഗങ്ങളും ശനിയാഴ്ച ദില്ലിയിലെത്തി.