തിരുവനന്തപുരം: സഹോദരന്റെ മരണത്തിനു പിന്നിലെ വസ്തുതകൾ പുറത്ത്‌ കൊണ്ട്‌ വരണമെന്നാവശ്യപെട്ട്‌ സെക്രട്ടേറിയേറ്റിനു മുന്നിൽ സമരം നടത്തുന്ന ശ്രീജിത്തിനു പിന്തുണയുമായി എത്തിയ പ്രതിപക്ഷ നേതാവിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. ഇന്ന് ഉച്ചതിരിഞ്ഞാണ് സെക്രട്ടറിയേറ്റിന് മുന്നിലെ ശ്രീജിത്തിന്‍റെ സമര സ്ഥലത്തേക്ക് ചെന്നിത്തല എത്തിയത്.

ചെന്നിത്തല ആഭ്യന്തരമന്ത്രി ആയിരുന്ന കാലഘട്ടത്തിലാണു ശ്രീജിത്തിന്‍റെ സഹോദരൻ പോലീസ്‌ കസ്റ്റഡിയിൽ കൊല്ലപെട്ടത്‌ എന്നതാണ് ശ്രീജിത്തിന്‍റെ സമരസ്ഥലത്തുണ്ടായിരുന്നവരെ പ്രകോപിപ്പിച്ചത്. നീതി ആവശ്യപെട്ട്‌ അന്ന് ശ്രീജിത്ത്‌ ആഭ്യന്തരമന്ത്രിയായിരുന്ന ചെന്നിത്തലയെ പലവട്ടം സമീപിച്ചിരുന്നുവെന്ന് ശ്രീജിത്ത് തന്നെ മുന്‍പ് പറഞ്ഞിരുന്നു.

എന്നാല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ വീഡിയോ വൈറലായതോടെ ശ്രീജിത്തിന്റെ സമരം സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയും കൂടുതൽ ആളുകൾ പിന്തുണയുമായി രംഗത്ത്‌ എത്തുകയും ചെയ്തതോടെയാണു പ്രതിപക്ഷ നേതാവ്‌ ജനശ്രദ്ധയ്ക്ക്‌ വേണ്ടി പന്തൽ സന്ദർശിച്ചത്.

അപ്പോള്‍ ശ്രീജിത്തിന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത്‌ ചെന്നിത്തലയുടെ പഴയ നിലപാട്‌ ഓർമ്മിപ്പിച്ച്‌ ഇരട്ടത്താപ്പ്‌ തുറക്ക്‌ കാട്ടി.ഇതോടെ താൻ ആരാണു?ആവശ്യമില്ലാതെ സംസാരിക്കരുത്‌ എന്ന ഭീഷണിയും പ്രതിപക്ഷ നേതാവ്‌ ഉയർത്തി.അതിനും സുഹൃത്ത്‌ കൃത്യമായ മറുപടി നൽകിയതോടെ ചെന്നിത്തല പന്തലിൽ നിന്ന് മടങ്ങി.

ഇതിന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്