മെല്‍ബണ്‍: സെഞ്ചുറിയോ അര്‍ധസെഞ്ചുറിയോ നേടിയാല്‍ രവീന്ദ്ര ജഡേജ ബാറ്റുകൊണ്ട് നടത്താറുള്ള വാള്‍പയറ്റ് പ്രശസ്തമാണ്. എന്നാല്‍ രജപുത്ര ശൈലിയില്‍ ജഡേജ നടത്തുന്ന വാള്‍പയറ്റ് അനുകരിക്കാന്‍ ശ്രമിച്ച ഗ്ലെന്‍ മാക്സ്‌വെല്‍ അമ്പേ പരാജയപ്പെട്ടു. ശരീരം മുഴുവന്‍ ബാറ്റ്സ്മാന്റെ ചലനങ്ങള്‍ നിരീക്ഷിക്കാനുള്ള സെന്‍സറുകള്‍ ഘടിപ്പിച്ചശേഷം വിവിധതരം ഷോട്ടുകള്‍ പരീക്ഷിച്ച മാക്സ്‌വെല്ലിനോട് ലോക ക്രിക്കറ്റിലോ പ്രമുഖ ബാറ്റസ്മാന്‍മാരെ അനുകരിക്കാന്‍ പറഞ്ഞപ്പോഴാണ് ജഡേജയുടെ വാള്‍പ്പയറ്റും അനുകരിച്ചത്. ക്രിക്കറ്റ് ഓസ്ട്രേലിയയാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്തിന്റെ വ്യത്യസ്ത ബാറ്റിംഗ് ശൈലിയെ മാക്സ്‌വെല്‍ വീഡിയോയില്‍ കണക്കിന് കളിയാക്കുന്നുമുണ്ട്. ബ്രയാന്‍ ലാറ, വീരേന്ദര്‍ സെവാഗ് എന്നിവരുടെ ഷോട്ടുകളും മാക്സ്‌വെല്‍ അതേപടി അനുകരിച്ചു. 35-ാളം ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ ഉപയോഗിച്ചാണ് മാക്സ്‌വെല്ലിന്റെ ഓരോ ചലനങ്ങളും പകര്‍ത്തിയിരിക്കുന്നത്. ആഷസ് പരമ്പരയ്ക്ക് മുന്നോടിയായി ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നേതൃത്വത്തില്‍ പുതിയ ഗെയിം ഡെവലപ് ചെയ്യുന്നതിനായാണ് ഓരോ ഷോട്ടുകളും സൂഷ്മതയോടെ പകര്‍ത്തിയത്.