Asianet News MalayalamAsianet News Malayalam

ഇഞ്ചി വീട്ടിനുള്ളില്‍ തന്നെ വളര്‍ത്തി വിളവെടുക്കാം

മണ്ണ് ഈര്‍പ്പമുള്ളതായിരിക്കണം. പക്ഷേ വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്. മണ്ണിന്റെ മുകള്‍ഭാഗം വരണ്ട പോലെ കാണപ്പെട്ടാല്‍ സ്‌പ്രേ ബോട്ടില്‍ ഉപയോഗിച്ച് വെള്ളം സ്‌പ്രേ ചെയ്തുകൊടുക്കാം. 

grow ginger indoor
Author
Thiruvananthapuram, First Published Jan 1, 2021, 4:23 PM IST

അടുക്കളയിലെ ഏറ്റവും ഉപകാരിയായ സുഗന്ധദ്രവ്യമായ ഇഞ്ചി ഉണക്കിയും പൊടിരൂപത്തിലും അച്ചാറിട്ടുമെല്ലാം നമുക്ക് ഉപയോഗിക്കാവുന്നതാണ്. സാധാരണ വീട്ടുപറമ്പില്‍ കൃഷി ചെയ്യുന്ന ഇഞ്ചി നമുക്ക് പാത്രങ്ങളിലാക്കി വീട്ടിനുള്ളിലും വളര്‍ത്തി ആവശ്യത്തിന് വിളവെടുക്കാം. നേരിട്ടല്ലാതെ ലഭിക്കുന്ന സൂര്യപ്രകാശവും അല്‍പം ചൂടും ആര്‍ദ്രതയുമുള്ള അന്തരീക്ഷവും നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ വീട്ടിനുള്ളിലും വളര്‍ത്താം.

12 ഇഞ്ചില്‍ക്കൂടുതല്‍ വലുപ്പമുള്ള പാത്രമാണ് വളര്‍ത്താനാവശ്യം. കൃഷി ചെയ്യാനായി തെരഞ്ഞെടുക്കുന്ന ഇഞ്ചി നല്ല നീരുള്ളതും ഗുണനിലവാരമുള്ളതുമായിരിക്കണം. അഴുകിയതോ ചീഞ്ഞതോ പോലുള്ളവ ഉപയോഗിക്കരുത്. രണ്ടിഞ്ച് വലുപ്പവും നീളവുമുള്ള തരത്തില്‍ വളര്‍ന്ന ഇഞ്ചികളാണ് നല്ലത്. പോട്ടിങ്ങ് മിശ്രിതമായി നല്ല നീര്‍വാര്‍ച്ചയുള്ളതും പോഷകഗുണമുള്ളതുമായ മണ്ണ് നിറയ്ക്കണം. ജൈവകമ്പോസ്‌റ്റോ മണ്ണിരക്കമ്പോസ്‌റ്റോ ചേര്‍ത്താല്‍ നല്ല വളര്‍ച്ചയുണ്ടാകും. വേരുകള്‍ മുളപൊട്ടുന്നതുപോലെ കാണപ്പെടുന്ന ഭാഗങ്ങള്‍ മണ്ണിന് മുകളില്‍ വരത്തക്കവിധത്തില്‍ ഇഞ്ചിവിത്തുകള്‍ നടാം. ഇതിന് മുകളില്‍ വളരെ നേര്‍ത്ത രീതിയില്‍ മണ്ണിട്ട് മൂടിയാല്‍ മതി. ഈ പാത്രം ദിവസവും കുറഞ്ഞത് അഞ്ചുമണിക്കൂറെങ്കിലും നേരിട്ടല്ലാതെയുള്ള സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തേക്ക് മാറ്റിവെക്കണം. ഇഞ്ചി സാധാരണയായി വളരുന്നത് മഴയുള്ളതും പകുതി തണലുള്ളതുമായ സ്ഥലങ്ങളിലാണ്. വളരെ ക്ഷമയോടെ ഏകദേശം മൂന്ന് മുതല്‍ എട്ടു മാസം വരെ കാത്തിരുന്നാല്‍ മാത്രമേ മുളപൊട്ടി വളര്‍ന്ന് തണ്ടുകള്‍ പ്രത്യക്ഷപ്പെടുകയുള്ളു. ചെറിയൊരു ഗ്രീന്‍ഹൗസ് പോലുള്ള സംവിധാനത്തിലാണ് വളര്‍ത്തുന്നതെങ്കില്‍ പെട്ടെന്ന് മുളച്ച് പൊന്താനുള്ള സാഹചര്യമുണ്ടാക്കാം. അല്ലെങ്കില്‍ വിത്ത് മുളപ്പിക്കാനുപയോഗിക്കുന്ന ട്രേയിലും വളര്‍ത്താം. മുള പൊട്ടി വന്നാല്‍ വലിയ പാത്രത്തിലേക്ക് മാറ്റി നടാം.

കുറച്ച് കല്ലുകള്‍ നിരത്തിയ ട്രേയില്‍ വെള്ളമൊഴിച്ച് ഇഞ്ചിത്തൈകള്‍ വളരുന്ന പാത്രത്തിന്റെ താഴെ വെച്ചാല്‍ വെള്ളം ബാഷ്പീകരിക്കുന്നതിനനുസരിച്ച് ചെടിക്ക് വേണ്ട അന്തരീക്ഷ ആര്‍ദ്രത നിലനിര്‍ത്താന്‍ കഴിയും. ഇങ്ങനെ ചെയ്താല്‍ പാത്രത്തിന്റെ അടിഭാഗം നേരിട്ട് വെള്ളത്തില്‍ കുതിര്‍ന്നിരിക്കാത്തതുകാരണം വേര്ചീയല്‍ ബാധിക്കാതെ സംരക്ഷിക്കാനും കഴിയും. വേനല്‍ക്കാലത്ത് ചെടി വളര്‍ത്തിയ പാത്രം പുറത്തേക്ക് മാറ്റി അല്‍പം സൂര്യപ്രകാശവും വായുവും നല്‍കാം.

grow ginger indoor

മണ്ണ് ഈര്‍പ്പമുള്ളതായിരിക്കണം. പക്ഷേ വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്. മണ്ണിന്റെ മുകള്‍ഭാഗം വരണ്ട പോലെ കാണപ്പെട്ടാല്‍ സ്‌പ്രേ ബോട്ടില്‍ ഉപയോഗിച്ച് വെള്ളം സ്‌പ്രേ ചെയ്തുകൊടുക്കാം. കമ്പോസ്റ്റ് ചേര്‍ത്ത് കൊടുത്താല്‍ കൂടുതല്‍ ആരോഗ്യമുള്ള തണ്ടുകളും നീളമുള്ള ഇലകളും ഉണ്ടാകും. ജൈവരീതിയിലുള്ള ദ്രാവകവളങ്ങള്‍ നല്‍കുന്നതാണ് നല്ലത്.

വേരിലെ മുഴകള്‍ പോലുള്ള ഭാഗം എട്ട് മാസങ്ങള്‍ കൊണ്ടും പൂര്‍ണവളര്‍ച്ചയെത്താറില്ലെങ്കിലും ഏകദേശം നാല് മാസമാകുമ്പോള്‍ വേരുകളില്‍ നിന്ന് ചെറിയ ഇഞ്ചിക്കഷണങ്ങള്‍ വിളവെടുക്കാവുന്നതാണ്. വിളവെടുക്കാനായി  പാത്രത്തിന്റെ മുകളില്‍ നിന്ന് മണ്ണ് അല്‍പം ഇളക്കിനോക്കി വേരില്‍ നിന്ന് ആവശ്യമുള്ളത് മാത്രം മുറിച്ചെടുത്ത ശേഷം ബാക്കി മണ്ണില്‍ത്തന്നെ കുഴിച്ചിടണം. വീണ്ടും വിളവെടുക്കുന്നതിന് മുമ്പ് ഏതാനും ആഴ്ചകള്‍ മണ്ണില്‍ വളരാന്‍ അനുവദിക്കണം. വലിയ രീതിയില്‍ വിളവെടുക്കുകയാണെങ്കില്‍ ഒരു ചെടി മുഴുവനായും പറിച്ചെടുത്ത് വേരുകളില്‍ നിന്ന് പൂര്‍ണമായും മുറിച്ചെടുക്കണം. ഇലകള്‍ ഉണങ്ങാന്‍ തുടങ്ങുമ്പോഴാണ് വിളവെടുപ്പ് നടത്തുന്നത്. 


Follow Us:
Download App:
  • android
  • ios