രണ്ടു അമ്മമാര്‍, അവരുടെ മക്കള്‍

By ധനുഷ പ്രശോഭ്First Published Sep 27, 2017, 11:56 PM IST
Highlights

അമ്മ ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളെക്കുറിച്ച സംവാദം തുടരുന്നു

ഒരു സ്ത്രീ പൂര്‍ണതയില്‍ എത്തുന്നത് അവള്‍ അമ്മ ആകുമ്പോഴാണ്. മകളായും സഹോദരിയായും ഭാര്യയായും മരുമകളായും തന്റെ ജീവിതത്തിലെ ഓരോ പദവിയിലൂടെയും സഞ്ചരിച്ച് അവള്‍ അമ്മയിലെത്തുന്നു.

ഒന്നര വയസുള്ള ഒരു മോനുണ്ടെനിക്ക്. ജീവിതത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് അവനെ ആദ്യമായി കണ്ടപ്പോഴാണ്. ഗര്‍ഭകാലവും പ്രസവകാലവും എല്ലാം ഓരോ അനുഭവങ്ങളായിരുന്നു. ഉള്ളില്‍ തുടിക്കുന്ന അവന്റെ ഹൃദയമിടിപ്പ് ആദ്യമായി കേട്ട നിമിഷം ഇന്നും ഓര്‍മയിലുണ്ട്.

മോന്റെ ഓരോ വളര്‍ച്ചയും ഞാന്‍ നേരിട്ട് കാണുന്നു, അറിയുന്നു. അവന്‍ ആദ്യമായ് ചിരിച്ചതും കമിഴ്ന്നതും മുട്ടുകുത്തിയതും പിച്ചവെച്ചതും എല്ലാം നേരിട്ട് കണ്ടപ്പോള്‍ ഉള്ള സന്തോഷം അത് വര്‍ണ്ണിക്കാനാവില്ല. ആദ്യമായി അവന്‍ അമ്മ എന്നു വിളിച്ച ദിവസം സന്തോഷത്താല്‍ എന്റെ കണ്ണ് നിറഞ്ഞിരുന്നു . 

ജോലിക്ക് പോയി തുടങ്ങാതെ അവന്റെ കൂടെ നില്‍ക്കുന്നത് കൊണ്ടു മാത്രമാണ് എനിക്കീ സമയങ്ങള്‍ എല്ലാം ആസ്വദിക്കാന്‍ കഴിഞ്ഞത്. തന്റെ കുഞ്ഞിന്റെ ഓരോ വളര്‍ച്ചയിലും കൂടെ നില്‍ക്കണം എന്ന് ആഗ്രഹിച്ച് ജോലിയ്ക്ക് ശ്രമിക്കാതെയും ജോലിക്ക് പോവാതെയും ഉള്ള ഒരു അമ്മയുടെ ഒരു വശം മാത്രമാണിത്.

ഒരു പാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായി തന്റെ മൂന്ന് മാസം പ്രായമുള്ള മകളേയും എട്ടു വയസുകാരന്‍ മകനേയും ചേര്‍ത്ത് പിടിച്ച് ഉറങ്ങിയ രാത്രി, പിറ്റേ ദിവസം ആ അമ്മയെ സ്വാഗതം ചെയ്തത്  അപ്രതീക്ഷിതമായി വന്ന മരണമെന്ന അതിഥി തന്റെ നല്ലപാതിയെ തന്നില്‍ നിന്ന് കവര്‍ന്നെടുത്ത വാര്‍ത്തയുമായിട്ടാണ് . പറക്കമുറ്റാത്ത ആ രണ്ട് മക്കളേ നെഞ്ചോട് ചേര്‍ത്ത് കരയാന്‍ പോലുമാവാതെ തരിച്ചിരുന്ന ആ അമ്മയ്ക്ക് തന്റെ മകള്‍ക്ക് ആറു മാസം തികയും മുമ്പേ അദ്ധ്യാപനം എന്ന തന്റെ ജോലിയിലേയ്ക്ക് തിരികെ പോകേണ്ടി വന്നത് പണത്തിനോടുള്ള ആര്‍ത്തി കൊണ്ടല്ല, മറിച്ച് തന്റെ മക്കളെ വളര്‍ത്താന്‍ ഇനി താനേ ഉള്ളൂ എന്ന തിരിച്ചറിവാണ് . 

ആ അമ്മയ്ക്ക് ഒരിക്കല്‍ പോലും തന്റെ ഇളയ മകളുടെ വളര്‍ച്ച കണ്ട് ആസ്വദിച്ച് ചിരിക്കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല.  കാരണം ആ അമ്മ തന്റെ മക്കള്‍ക്ക് വേണ്ടി ജീവിക്കുകയായിരുന്നു. 

ഒത്തിരി സംസാരിക്കാത്ത വിഷാദം തുളുമ്പുന്ന കണ്ണുകളുള്ള അമ്മയ്ക്ക് അടുക്കളയിലെ പാത്രങ്ങളോടും പാടത്തെ നെല്ലിനോടും ഉള്ള യുദ്ധത്തിനു ശേഷം വേണ്ടി വന്നിരുന്നു സ്‌കൂളിലേക്ക് ഉള്ള യാത്ര.  തിരിച്ച് വൈകിട്ട് വീണ്ടും അവര്‍ അടുക്കള എന്ന സാമ്രാജ്യത്തിലേയക്കും പണി കളിലേക്കും തിരിയും 

ഒരു പക്ഷേ ആ ബാല്യത്തിലും കൗമാരത്തിലും ആ മോള്‍ തനിച്ചായെന്ന തോന്നലിലായിരിക്കാം അത്. പക്ഷേ ആ അമ്മ പറയാതെ പ്രകടിപ്പിക്കാതെ, ഇരുന്നിട്ടുണ്ടെങ്കില്‍ അത് അവരുടെ സാഹചര്യം ആയിരുന്നു. അത് തിരിച്ചറിയാന്‍ ആ മകളും വെകിയിരിക്കും. 

പറയാതെ പറഞ്ഞ് ആ അമ്മ അവരെ വളര്‍ത്തി. കുഞ്ഞിലേ സ്വന്തം കാര്യങ്ങള്‍ നോക്കി നടത്താന്‍ അവളെ പ്രാപ്തയാക്കി. 

പ്രതീക്ഷിക്കാതെ ജീവിതത്തില്‍ നേരിടേണ്ടി വരുന്ന ചില വെല്ലുവിളികളേയും തിരിച്ചടികളേയും എങ്ങനെ നേരിടാം എന്ന് അമ്മ എന്നെ പഠിപ്പിച്ചു തന്നു . 

പണ്ട് അമ്മ ചൊല്ലി തന്നിരുന്ന വരികളുണ്ടായിരുന്നു:
 
'കുഞ്ഞേ തുള്ളാന്‍ സമയമില്ലിപ്പോള്‍...

എന്നുമെന്റെ ചിറകിന്റെ കീഴില്‍ നിന്നു 
നിന്റെ വയറു നിറക്കാം എന്നു തോന്നുന്ന 
തോന്നലു വേണ്ട 
നിന്റെ ജീവിതം നിന്‍ കാര്യമാത്രം
നേരമായി നിനക്കു ജീവിക്കാന്‍ നേരമിന്നു തിരക്കു കൂട്ടുന്നു'

എത്ര അര്‍ത്ഥവത്താണീ വരികള്‍.

എന്റെ മോനു മൂന്ന്മാസം ഉള്ളപ്പോള്‍ തിരിച്ച് ഭര്‍ത്താവിന്റെ അടുത്തേക്ക് റിയാദിലേക്കു വന്നു. വരുന്നതിനു മുമ്പ് പേടി ആയിരുന്നു, ചെറിയ മോനേയും കൂട്ടി ഹസ്ബന്റ് ജോലിയ്ക്ക് പോയാല്‍ തനിച്ചാവുമല്ലോ എന്നോര്‍ത്ത്. പക്ഷേ അന്ന് അമ്മ പറഞ്ഞത് ഇപ്പോഴും ഓര്‍മ്മയുണ്ട്. കുഞ്ഞിന്റെ ഈ പ്രായത്തില്‍ അമ്മയും അച്ഛനും ഒപ്പം വേണം.  അവരുടെ ഈ സമയത്തെ കളികള്‍ വളര്‍ച്ചയുടെ ഘട്ടങ്ങള്‍, അതൊക്കെ ഇപ്പോഴെ കിട്ടൂ. ഇപ്പോഴെ ആസ്വദിക്കാന്‍ കഴിയൂ. ആ വാക്കുകളില്‍ ഉണ്ടായിരുന്നു, അമ്മയ്ക്ക് നഷ്ടപ്പെട്ട ആ നാളുകള്‍, ആ നഷ്ടബോധം. 

ഇത് മറ്റൊരമ്മ.

കുഞ്ഞുങ്ങള്‍ ഒരു സമയം വരെ അവരുടെ അച്ഛനമ്മമാരുടെ സ്‌നേഹവും സംരക്ഷണവും സാമീപ്യവും അറിഞ്ഞു തന്നെ വളരണം. വില പിടിച്ച സമ്മാനങ്ങളേക്കാളും അവര്‍ക്കു വേണ്ടത് നമുടെ സ്‌നേഹവും സമയവും സാമിപ്യവും തന്നെ ആണ. ജോലിയില്‍ നിന്ന് കുറച്ച് വിട്ടു നില്‍ക്കാന്‍ കഴിയുന്നവര്‍ അങ്ങനെ ചെയ്ത് അവരോടൊപ്പം നില്‍ക്കുക. മക്കള്‍ക്കു കൊടുക്കാവുന്ന ഏറ്റവും വലിയ ഗിഫ്റ്റ് ആയിരിക്കും.  അത് കരിയറില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കുമ്പോള്‍ കിട്ടുന്നതിലും സന്തോഷം തീര്‍ച്ചയായും നിങ്ങള്‍ക്ക് ലഭിക്കും. മക്കള്‍ കുറച്ച് വലുതായാല്‍ തിരിച്ച് ജോലിയില്‍ പ്രവേശിക്കുകയും ആകാം.

അതെ സമയം എന്റെ അമ്മയെ പോലെ ഉള്ള അമ്മമാരെ ഒത്തിരി സ്‌നേഹത്തോടെ നെഞ്ചോടു ചേര്‍ക്കുന്നു. ആ കഷ്ടപ്പാടു തന്നെയാണ് ഞങ്ങളെ ഞങ്ങളാക്കിയത്. അവരുടെ മനസ്സിലും ഉണ്ട് തന്റെ കുഞ്ഞിനെ വീട്ടിലാക്കി ജോലിക്ക് പോകുന്ന സങ്കടം. ജോലി കഴിഞ്ഞ് വീട്ടിലെത്തി തന്റെ കുഞ്ഞിനെ മാറോടണക്കാന്‍ കൊതിക്കുന്ന മാതൃഹൃദയം.

സ്വാതി ശശിധരന്‍: 'അമ്മ ജീവിത'ത്തിന്റെ വില ഇപ്പോള്‍ എനിക്കറിയാം, അതിനു നല്‍കേണ്ട വിലയും!

ആയിശ സന: ഇങ്ങനെയുമുണ്ട് അമ്മമാര്‍; ആശ്രയമറ്റ വിങ്ങലുകള്‍!

ശ്രുതി രാജേഷ്സ്വപ്നങ്ങള്‍ പൂട്ടിവെക്കാനുള്ള  ചങ്ങലയല്ല അമ്മജീവിതം

എം അബ്ദുല്‍ റഷീദ്: അമ്മമാരേ, ഈ ഉത്തരവാദിത്ത  ചര്‍ച്ചയില്‍ അച്ഛന്‍ എവിടെയാണ്?

റാഷിദ് സുല്‍ത്താന്‍: അമ്മമാരുടെ ഇരട്ടത്താപ്പുകള്‍

ദീപ നാരായണന്‍​: അടഞ്ഞുപോവേണ്ടതല്ല അമ്മജീവിതം

അഞ്ജു ആന്റണി: ചിറകു മുളയ്ക്കുംവരെ മക്കളെ  ചിറകിനടിയില്‍ കാത്തുവയ്ക്കണം​

അനശ്വര കൊരട്ടി സ്വരൂപം: ഒറ്റയ്ക്ക് പറക്കാന്‍ വിട്ടൊരമ്മ!

ബിലു പത്മിനി നാരായണന്‍​: അമ്മയാവാന്‍ അകത്തമ്മയാവണ്ട

നിഷാ സൈനു: അമ്മയ്ക്ക് പകരമാകുമോ മറ്റാരെങ്കിലും?​

കൊച്ചു ത്രേസ്യ: കുടുംബവും ഒരു ടീം വര്‍ക്ക്!

click me!