കൊവിഡ് 19 വൈറസ് പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി മുന്‍നിര ഇന്ത്യന്‍ വാഹനനിര്‍മാതാക്കളായ ഫോഴ്‌സ് മോട്ടോഴ്‌സിന്റെയും കൈത്താങ്ങ്. 25 കോടി രൂപയുടെ ധനസഹായമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഫോഴ്‌സ് മോട്ടോഴ്‌സിന്റെയും ജയഹിന്ദ് ഇന്‍ഡസ്ട്രീസിന്റെയും മാതൃസ്ഥാപനമായ അഭയ് ഫിരോഡിയ ഗ്രൂപ്പാണ് 25 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചത്. 

ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും മൊബൈല്‍ ക്ലിനിക്ക് സംവിധാനം ഒരുക്കാനും ബ്ലെഡ് ബാങ്ക് കരുത്തുറ്റതാക്കാനുമുള്ള ലക്ഷ്യത്തിലാണ് ധനസാഹായം നല്‍കുന്നതെന്ന് ചെയര്‍മാന്‍ ഡോ. അഭയ് ഫിരോഡിയ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനം നടത്തുന്ന എന്‍ജിഒ, മെഡിക്കല്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഈ പണം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ട്രാവലര്‍, ഗൂര്‍ഖ തുടങ്ങിയ വാഹന മോഡലുകളുടെ നിര്‍മ്മാതാക്കളാണ് ഫോഴ്‍സ് മോട്ടോഴ്‍സ്.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വലിയ പിന്തുണയാണ് രാജ്യത്തെ വിവിധ വാഹനനിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 500 കോടി രൂപയുടെ ധനസഹായമാണ് ടാറ്റ ട്രസ്റ്റിന്‍റെ വാഗ്‍ദാനം. ബജാജ് ഓട്ടോ 100 കോടി, ടിവിഎസ് മോട്ടോഴ്‌സ് 30 കോടി തുടങ്ങിയ സാഹായങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.  ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി കൊറിയയില്‍ നിന്ന് കൊറോണ ടെസ്റ്റിങ്ങ് കിറ്റുകള്‍ എത്തിക്കും. 

മറ്റ് ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര, മാരുതി എന്നിവര്‍ വെന്റിലേറ്റര്‍ നിര്‍മാണം തുടങ്ങിയിട്ടുണ്ട്. ഇതിനുപുറമെ മഹീന്ദ്ര ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ഫെയ്‌സ് ഷീല്‍ഡ് നിര്‍മിക്കുമെന്നും അറിയിച്ചിട്ടുണ്ട്.