Asianet News MalayalamAsianet News Malayalam

ഇ ട്രോണ്‍ പ്രീ ബുക്കിംഗ് തുടങ്ങി ഔഡി

ജൂലൈ 22ന് വാഹനത്തിന്‍റെ ഇന്ത്യന്‍ ലോഞ്ച് നടക്കുമെന്നാണ് കഴിഞ്ഞദിവസം പുറത്തു വന്ന റിപ്പോര്‍ട്ട്. ഇപ്പോഴിതാ ഔഡി ഇ ട്രോണ്‍, ഔഡി ഇ ട്രോണ്‍ സ്‌പോര്‍ട്ട്ബാക്ക് എന്നീ പെര്‍ഫോമന്‍സ് ഇലക്ട്രിക് എസ്‌യുവികളുടെ പ്രീ ബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ചതായി കാര്‍ ദേഖോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

Audi Starts Accepting Bookings For The e tron In India
Author
Mumbai, First Published Jul 2, 2021, 9:19 PM IST

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡിയുടെ ആദ്യത്തെ ഇലക്ട്രോണിക് വാഹനമാണ് ഇ ട്രോണ്‍. രണ്ട് വര്‍ഷം മുമ്പ് വിപണിയിലെത്തിയ ഈ വാഹനം ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നതായി ഏറെക്കാലമായി കേട്ടുതുടങ്ങിയിട്ട്. ജൂലൈ 22ന് വാഹനത്തിന്‍റെ ഇന്ത്യന്‍ ലോഞ്ച് നടക്കുമെന്നാണ് കഴിഞ്ഞദിവസം പുറത്തു വന്ന റിപ്പോര്‍ട്ട്. ഇപ്പോഴിതാ ഔഡി ഇ ട്രോണ്‍, ഔഡി ഇ ട്രോണ്‍ സ്‌പോര്‍ട്ട്ബാക്ക് എന്നീ പെര്‍ഫോമന്‍സ് ഇലക്ട്രിക് എസ്‌യുവികളുടെ പ്രീ ബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ചതായി കാര്‍ ദേഖോ റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് ലക്ഷം രൂപയാണ് ബുക്കിംഗ് തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 

മുന്തിയ വകഭേദമായ ഇ ട്രോണ്‍ 55 ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 436 കിലോമീറ്റര്‍ ഓടും. 446 കിലോമീറ്ററാണ് സ്‌പോര്‍ട്ബാക്കിന്റെ റേഞ്ച്.. ആക്‌സിലുകള്‍ക്ക് ഇടയില്‍ ഘടിപ്പിച്ച 95 കിലോവാട്ട് അവര്‍, ലിക്വിഡ് കൂള്‍ഡ്, ലിതിയം അയോണ്‍ ബാറ്ററിയാണ് ഇ ട്രോണിന്റെ ഹൃദയം. ഓരോ ആക്‌സിലിലുമായി രണ്ട് വൈദ്യുത മോട്ടോറാണ് ഓള്‍ വീല്‍ ഡ്രൈവ് ലേ ഔട്ടുള്ള കാറിലുള്ളത്. 265 കിലോവാട്ട് കരുത്തും 561 എന്‍ എം ടോര്‍ക്കുമാണ് ഈ മോട്ടോറുകള്‍ സൃഷ്ടിക്കുക.

6.6 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാം. ബുസ്റ്റ് മോഡില്‍ ഈ വേഗത്തിലെത്താന്‍ 5.7 സെക്കന്‍ഡ് മതി.  ഇ ട്രോണിന്റെ പരമാവധി വേഗം മണിക്കൂറില്‍ 200 കിലോമീറ്ററാണ്. കാറിലെ ബൂസ്റ്റ് ഫങ്ക്ഷന്‍ പ്രവര്‍ത്തനക്ഷമമാക്കിയാല്‍ പരമാവധി കരുത്ത് 300 കിലോവാട്ടായും ടോര്‍ക്ക് 664 എന്‍ എമ്മായും ഉയരും. ഇതോടെ വെറും 5.7 സെക്കന്‍ഡില്‍ കാര്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കും. ഫോക്സ്വാഗണ്‍ വിഷന്‍ ഇ-കണ്‍സെപ്റ്റിന് സമാനമായി ഇ-ട്രോണിനും കണ്ണാടികളില്ല. ചുറ്റുമുളളതെല്ലാം ക്യാമറകള്‍ അകത്തളത്തിലെ സ്‌ക്രീനില്‍ ദൃശ്യമാക്കും.  അഞ്ച് പേര്‍ക്ക് ഇരിക്കാന്‍ സാധിക്കുന്ന സീറ്റിംഗ് കപ്പാസിറ്റിയും 660 ലിറ്റര്‍ ലഗ്ഗേജ് കപ്പാസിറ്റിയും കമ്പനി നല്‍കിയിട്ടുണ്ട്.

ഔഡി കാറുകളുടെ മുഖമുദ്രയായ സിംഗിള്‍-പീസ് ഗ്രില്‍, മാട്രിക്‌സ്-എല്‍ഇഡി ഹെഡ്‌ലാംപുകള്‍, വാഹനത്തിന്റെ അത്രയും തന്നെ വീതിയുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, വ്യത്സ്യമായ ഡിസൈനിലുള്ള അലോയ് വീലുകള്‍ എന്നിവയാണ് ഓഡി ഇ-ട്രോണിന്റെ സവിശേഷതകള്‍. കൂടുതല്‍ സ്പോര്‍ട്ടി ലുക്കിനായി ബമ്പറുകള്‍ക്ക് ഡ്യുവല്‍ ടോണ്‍ ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്.

പനോരമിക് ഗ്ലാസ് സണ്‍റൂഫ്, ഇലക്ട്രിക് സ്റ്റിയറിംഗ് വീല്‍ അഡ്ജസ്റ്റ്‌മെന്റ്, 360 ഡിഗ്രി ക്യാമറ, പ്രീമിയം ഗ്രേഡ് വാല്‍ക്കോണ ഹൈഡ്, ഒരു കംഫര്‍ട്ട് റിമോട്ട് പ്രീ കണ്ടന്‍സിംഗ് സിസ്റ്റം, ക്യാമറ അടിസ്ഥാനമാക്കിയുള്ള ട്രാഫിക് സൈന്‍ റെക്കഗിനിഷന്‍ എന്നിവ ഇ-ട്രോണില്‍ ലഭ്യമാണ്. സ്ലോപ്പിംഗ് റൂഫ്-ലൈന്‍, 20.5 ഇഞ്ച് സ്പോക്ക് അലോയ് വീല്‍, എയര്‍ കൂളിംഗിനായി ഫ്‌ലാപ്പുകളുള്ള ഷാര്‍പ്പ് ഒക്ടാകണ്‍ ആകൃതിയിലുള്ള ഫ്രണ്ട് ഗ്രില്‍, ഔഡിയുടെ മാട്രിക്‌സ് സാങ്കേതികവിദ്യയുള്ള എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ബൂട്ടിലുടനീളം ഒരു എല്‍ഇഡി ബാര്‍ എന്നിവ മറ്റു സവിശേഷതകളാണ്.

ഔഡിയുടെ A6, A8L, Q8 വാഹനങ്ങള്‍ക്ക് സമാനമായ ഇന്റീരിയര്‍ ആണ്. 10.1-ഇഞ്ച് എംഎംഐ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേ എന്നിവയാണ് ഇന്റീരിയറിലെ എടുത്തുപറയേണ്ട ആകര്‍ഷണങ്ങള്‍. ബ്ലാക്ക്, ബ്ലാക്ക്/ബ്രൗണ്‍, ബ്ലാക്ക്/ബീജ് എന്നിങ്ങനെ 3 ഇന്റീരിയര്‍ കളര്‍ ഓപ്ഷനുകളില്‍ ഇ-ട്രോണ്‍ വാങ്ങാം. ആന്‍ഡ്രോയിഡ് ഓട്ടോ & ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി, നാല് സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, സ്റ്റിയറിംഗ് വീലിനായി ഇലക്ട്രിക് അഡ്ജസ്റ്റ്‌മെന്റ്, പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, പവര്‍ഡ് ടെയില്‍ഗേറ്റ് എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍.

2018 ല്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ഔഡി ഗ്ലോബല്‍ സമ്മിറ്റിലാണ് ഈ വാഹനം ആദ്യമായി അരങ്ങിലെത്തിയത്.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios