രണ്ട് ബസുകള്‍ തമ്മില്‍ നേര്‍ക്കു നേരെ കൂട്ടിയിടിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍

ദിനംപ്രതി നിരത്തുകളില്‍ നിരവധി ജീവനുകളാണ് പൊലിയുന്നത്. ഗുരുതരമായി പരിക്കേറ്റ് ജീവതകാലം മുഴുവന്‍ നരകിക്കാന്‍ വിധിക്കപ്പെടുന്നവരും നിരവധി. അമിതവേഗവും അശ്രദ്ധയുമൊക്കെയാണ് ഇത്തരം ദുരന്തങ്ങളില്‍ ഭൂരിഭാഗത്തിനും കാരണമാകുന്നത്.

അത്തരമൊരു അപകടത്തിന്‍റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. രണ്ട് ബസുകള്‍ തമ്മില്‍ നേര്‍ക്കു നേരെ കൂട്ടിയിടിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍. തിരക്കേറിയ റോഡിലൂടെ പോകുന്ന ബസിനുള്ളില്‍ നിന്നുള്ള വിവിധ ആംഗിളുകളിലുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. അമിതവേഗത്തില്‍ അശ്രദ്ധമായി ഒരു സ്‍കൂള്‍ ബസിനെ മറി കടന്നു വന്ന ബസ് മറ്റൊരു ബസില്‍ ഇടിച്ചു നില്‍ക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ചില്ലുകള്‍ ഉള്‍പ്പെടെയുള്ള ചിതറിത്തെറിക്കുന്നതും വീഡിയോയില്‍ കാണാം. 

അപകടത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റോ എന്ന് വ്യക്തമല്ല. വാഹനങ്ങള്‍ക്ക് വേഗം കുറയ്ക്കാന്‍ സാധിച്ചതു മൂലം വന്‍ ദുരന്തം ഒഴിവായെന്നാണ് വീഡിയോ നല്‍കുന്ന സൂചന. തമിഴ്‍ നാട്ടില്‍ എവിടെയാണ് ഈ അപകടം നടന്നതെന്ന് വ്യക്തമല്ല.