ചൈനയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ BYD, 2026 ഓഗസ്റ്റിൽ പാകിസ്ഥാനിൽ അസംബിൾ ചെയ്ത ആദ്യ കാർ പുറത്തിറക്കും.
ചൈനയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ബിവൈഡി ഇപ്പോൾ പാകിസ്ഥാനിൽ സാന്നിധ്യം വിപുലീകരിക്കാൻ പോകുന്നു. 2026 ഓഗസ്റ്റിൽ പാകിസ്ഥാനിൽ അസംബിൾ ചെയ്ത ആദ്യ കാർ പുറത്തിറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. പാകിസ്ഥാനിൽ ഇലക്ട്രിക് വാഹനങ്ങൾക്കും പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹനങ്ങൾക്കും വർദ്ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്താണ് ബിവൈഡിയുടെ ഈ നീക്കം.
കറാച്ചിക്ക് സമീപം പുതിയ പ്ലാന്റ് നിർമ്മാണത്തിലിരിക്കുകയാണെന്ന് ബിവൈഡി പാകിസ്ഥാനിലെ സെയിൽസ് ആൻഡ് സ്ട്രാറ്റജി വൈസ് പ്രസിഡന്റ് ഡാനിഷ് ഖാലിഖ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. ബിവൈഡിയും പാകിസ്ഥാൻ യൂട്ടിലിറ്റി ഹബ് പവറിന്റെ അനുബന്ധ സ്ഥാപനമായ മെഗാ മോട്ടോർ കമ്പനിയും തമ്മിലുള്ള പങ്കാളിത്തത്തിലാണ് ഈ പ്ലാന്‍റ് വരുന്നത്. പ്ലാന്‍റിന് തുടക്കത്തിൽ ഇരട്ട ഷിഫ്റ്റിൽ പ്രതിവർഷം 25,000 യൂണിറ്റ് ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ടാകുമെന്ന് ഡാനിഷ് ഖാലിഖ് പറഞ്ഞു. അതേസമയം ഈ പ്ലാന്റ് എപ്പോൾ പൂർണ്ണ ശേഷി കൈവരിക്കുമെന്നോ അവിടെ വൻതോതിലുള്ള ഉത്പാദനം എപ്പോൾ ആരംഭിക്കുമെന്നോ അദ്ദേഹം വിശദീകരിച്ചില്ല. തുടക്കത്തിൽ, ഇറക്കുമതി ചെയ്ത ഭാഗങ്ങളിൽ നിന്നാണ് വാഹനങ്ങൾ കൂട്ടിച്ചേർക്കുക. എന്നാൽ ക്രമേണ ചില പ്രാദേശിക വൈദ്യുതേതര ഭാഗങ്ങളും നിർമ്മിക്കും എന്നാണ് റിപ്പോർട്ടുകൾ.
തുടക്കത്തിൽ ഈ വാഹനങ്ങൾ പാകിസ്ഥാനിൽ മാത്രമേ വിൽക്കൂ. എന്നാൽ ഭാവിയിൽ ചില വാഹനങ്ങൾ വലതുവശത്ത് ഡ്രൈവ് ചെയ്യുന്ന സംവിധാനമുള്ള രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യാൻ കഴിയും എന്നും റിപ്പോർട്ടുകൾ പറയുന്നു. കമ്പനിയുടെ ആദ്യത്തെ പ്ലഗ്-ഇൻ ഹൈബ്രിഡ് പിക്കപ്പ് ട്രക്ക് ഷാർക്ക് 6 ഉടൻ തന്നെ പാകിസ്ഥാനിൽ ലോഞ്ച് ചെയ്യും. എംജി, ഹവൽ തുടങ്ങിയ മറ്റ് ചൈനീസ് കമ്പനികൾ ഇതിനകം തന്നെ പാക്കിസ്ഥാനിലെ ഇവി സെഗ്‌മെന്റിൽ എത്തിയിട്ടുണ്ട്.
പാകിസ്ഥാനിൽ ഇലക്ട്രിക് വാഹനങ്ങൾക്കും പ്ലഗ്-ഇൻ ഹൈബ്രിഡ് കാറുകൾക്കുമുള്ള ആവശ്യം നാല് മടങ്ങ് വരെ വർദ്ധിക്കുമെന്ന് ബിവൈഡി പ്രതീക്ഷിക്കുന്നു. നിലവിൽ പാകിസഥാനിലെ ഇലക്ട്രിക് വാഹന വിപണിയിൽ 30 മുതൽ 35 ശതമാനം വരെ വിഹിതമാണ് ബിവൈഡി ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഹബ്കോ ഫയലിംഗ് അനുസരിച്ച്, 2025 മാർച്ച് പാദത്തിൽ ബിവൈഡി പാകിസ്ഥാൻ ഏകദേശം 444 ദശലക്ഷം രൂപ (1.56 ദശലക്ഷം ഡോളർ) ലാഭം നേടി എന്നാണ് റിപ്പോർട്ടുകൾ.
